സമരക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ചില അവകാശങ്ങളുണ്ട്‌

ഫാത്തിമ ശബാന ചെറുമുക്ക്‌

19 February, 2018

+ -
image

രാവിലെ എഴുന്നേറ്റ് നേരെ ഓടുന്നത് പത്രത്തിനായിരിക്കും...കയ്യിൽ കിട്ടി വായിക്കുമ്പോൾ മുന്നിലെ പേജിൽ തന്നെ കാണുന്ന സമര വാർത്തയോ ഹർത്താൽ വാർത്തയോ കാണുമ്പോൾ ഒരു നെടുവീർപ്പും കണ്ണു നീരുമായിരിക്കും.. നിങ്ങൾ വിചാരിച്ച പോലെ അത് സങ്കടത്തിന്റെയല്ല, മറിച്ചു സന്തോഷത്തിന്റെയാണ്.. യഥാർഥത്തിൽ ഈ സമരങ്ങൊളൊക്കെ തന്നെയും വിദ്യാർഥികളെ സംബന്ധിച്ച് ആഘോഷത്തിന്റെ നാളുകളാണ്..പക്ഷെ വഴി മുട്ടുന്നത് ഒരുപാട് പാവങ്ങളാണ്.. ksrtcയെ മാത്രം ആശ്രയിക്കേണ്ട അവസ്‌ഥ.

കത്തുന്ന വെയിലിൽ ദൂരേക്ക് നോക്കി ബസ്സ് വരുന്നുണ്ടോ എന്ന് ചോദിക്കുന്ന  മനസ്സിന്റെ നിസ്സഹായവസ്‌ഥ.

അന്നാന്നത്തെ ജീവിതോപാധിക്കായി അരയും കെട്ടിയിറങ്ങുന്ന ഗൃഹനാഥരാണ് ഇതിൽ ഏറ്റവും കൂടുതൽ വലയുന്നത്.. ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ പിറ്റേന്ന് മുഴുപ്പട്ടിണിയായി മാറുന്ന കുടുംബങ്ങൾ ഇന്നും നമ്മുടെ കേരളത്തിലുണ്ടെന്നതാണ് വസ്‌തുത.. അഞ്ചക്കവും ആറക്കവും ശമ്പളം വാങ്ങുന്നവർക്കിടയിൽ കടല വിറ്റും കട്ടൻ ചായയടിച്ചുമൊക്കെ അരവയർ നിറക്കുന്ന ചില ജീവിതങ്ങളുടെ കാര്യം തന്നെയാണ് ഇങ്ങനെയുള്ള അവസരത്തിൽ കഷ്ടം.

ഇപ്പോഴും ഈ നടക്കുന്ന സമരങ്ങൾക്കെല്ലാം ന്യായീകരണങ്ങൾ ഒരുപാടുണ്ടായേക്കാം.. ഉദാഹരണത്തിന്, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ബസ്സ് സമരം തന്നെയെടുക്കാം... സ്പെയർ പാർട്സുകളുടേയും ഇന്ധനത്തിന്റെയും വില വർദ്ധിച്ചതിനനുസരിച്ച്  ബസ് യാത്രാക്കൂലി കൂട്ടണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.. അത് ന്യായം തന്നെയാണ് .. സമ്മതിക്കാം.. അത് കൊണ്ട് തന്നെയാണ് സർക്കാർ ബസ്സ്‌ യാത്രാ നിരക്കിൽ ഒരു രൂപയുടെ വർദ്ധനവിന് അനുമതി നൽകിയതും.. പക്ഷേ, അത് പോരെന്ന് പറഞ്ഞും വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ വർദ്ധന ആവശ്യപ്പെട്ടും ഇപ്പോൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് തന്നെയാണ്.

ബസ്സ് ജീവനക്കാരിൽ നിന്നും (എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല) വിദ്യാർത്ഥികൾ എത്രത്തോളം ക്രൂരതകൾ ഏറ്റുവാങ്ങുന്നുണ്ടെന്നതറിയാൻ സ്‌കൂൾ സമയങ്ങളിൽ ഒന്ന് ബസ്സിൽ യാത്ര ചെയ്താൽ മതി... പ്രത്യേകിച്ചും പെൺകുട്ടികളാണ് അവരാൽ ഇരയാക്കപ്പെടുന്നവരിലധികവും...

വിദ്യാർത്ഥികൾ സീറ്റിലിരിക്കാൻ പാടില്ല, സ്റ്റാന്റിൽ നിർത്തിയിട്ടിരിക്കുന്ന സമയത്ത് വിദ്യാർത്ഥികൾ ബസ്സിൽ കയറാൻ പാടില്ല തുടങ്ങി കേട്ട് കേൾവി പോലുമില്ലാത്ത, ജീവനക്കാരുടെ അലിഖിത നിയമങ്ങൾക്ക് മുന്നിൽ പതറി നിൽക്കുന്ന വിദ്യാർത്ഥികളാണ് നമുക്ക് മുൻപിലെന്നുമുള്ളത്.. ഇത് പോലുള്ള കാടത്തരങ്ങൾക്ക് ഇരയായി കാലിനും കയ്യിനും പരിക്കേറ്റ് പിടയുന്ന എത്ര വിദ്യാർത്ഥികൾ ഇന്ന് കേരളക്കരയിൽ ഉണ്ടെന്നതറിയാൻ കൂടുതൽ അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടതില്ലെന്നതാണ് വസ്തുത. നേരം കിട്ടുന്നൊരു നേരത്ത് നടന്നാലെത്തുന്ന ഏതെങ്കിലുമൊരു ബസ്റ്റാന്റിൽ കുറച്ചു നേരം പോയി നിന്നാൽ വരിക്ക് നിൽക്കുന്ന അത്തരം കുറേ നിസ്സഹായരെ കാണാം.

ഇങ്ങനെയൊക്കെയാണെങ്കിലും, ചില സത്യങ്ങൾ പറയാതിരിക്കാനുമാകില്ല.. പ്രൈവറ്റ് ബസ്സിൽ ഇങ്ങനെയെങ്കിലും വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുങ്ങുമ്പോൾ, നിജപ്പെടുത്തിയ എണ്ണത്തിൽ പാസുകൾ വിതരണം ചെയ്ത് കെ.എസ്.ആർ.ടി.സി കൈ കഴുകുന്നു എന്നത് കാണാതിരിക്കാനാകില്ല.. നഷ്ടത്തിലായ കെ.സ്.ആർ.ടി.സി യെ (എങ്ങനെ നഷ്ടത്തിലായി എന്നത് മറ്റൊരു  വിഷയം) രക്ഷിക്കാനാണിതെങ്കിൽപിന്നെ പ്രൈവറ്റ് ബസ്സുകാരെ പഴി ചാരിയിട്ട് എന്ത് കാര്യം... വാസ്തവത്തിൽ, മുൻകൂർ പണമടച്ച് രേഖകളുടെ നൂലാമാലകൾ എല്ലാം തീർത്ത് ചുരുങ്ങിയ എണ്ണം പാസ്സിന് കാത്ത് നിൽക്കുന്നതോർത്ത് കെ.എസ്.ആർ.ടി.സിയെ വിദ്യാർത്ഥികൾ കയ്യൊഴിയുന്നതാണ്.. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ പ്രൈവറ്റ് ബസ്സുകാർ അത് നന്നായി മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു..

വളർന്ന് വരുന്ന സമൂഹത്തിന്റെ പ്രതീകങ്ങളായ വിദ്യാർത്ഥികളുടെ യാത്രാ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് യാതൊരു വിധ കടമയും ഇല്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്...

അനാവശ്യമായി തന്നെ ഒരുപാട് പാസുകൾ കെ.എസ്.ആർ.ടി.സി മറ്റുള്ളവർക്ക് അനുവദിച്ച് കൊടുക്കുന്നുണ്ട്.. അതിൽ നിന്നും ഒരു വിഹിതം വിദ്യാർത്ഥികൾക്ക് നൽകിയോ അല്ലെങ്കിൽ അതിന് ബദലായി ഒരു സംവിധാനം കൊണ്ട് വരികയോ ചെയ്താൽ തീരാവുന്ന പ്രശ്നം മാത്രമാണിത്... സമരം ചെയ്താലല്ലാതെ കൺ തുറക്കില്ലെന്ന് അധികാരികൾ വാശി പിടിച്ചാൽ പിന്നെ സമരവും ഹർത്താലുമൊക്കെ പൊതു ജനം സഹിക്കുക എന്നതാണ് ഏക പോംവഴി... സമരങ്ങൾ എപ്പോഴും ഒരു സൂചനയുടെ സിമ്പലാവണം.  നേടും വരെ നടുറോട്ടിൽ തന്നെയെന്ന് നിർബന്ധം പിടിക്കുന്നവർ, വിളിക്കുന്ന മുദ്രാവാക്യത്തിന്റെ ശരിയും ശരിയും ശരിക്കേടും ഒരിട ആലോചിക്കുന്നത് നന്നായിരിക്കും. ഒരു ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന സമയമെങ്കിലും ഇത്തരം ആലോചനകൾക്ക് മാറ്റിവെച്ചാൽ വരുന്ന ബസ്സിന് ഇനിയും നമുക്ക് കാത്തു നിൽക്കാനാവും.