ബാബരി കേസ് വിധി: വി.വി.ഐ.പികള്‍ക്ക് വിനയാകുമോ?

അനീസ് മുഹമ്മദ്‌

19 April, 2017

+ -
image

വൈകിയാണെങ്കിലും ബാബരി കേസിലെ കുറ്റക്കാരായ വി.വി.ഐ.പികളുടെ മുഖത്ത് ഇരുട്ട് പരത്തി ഒടുവില്‍ കോടതി വിധി വന്നിരിക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനാ കുറ്റത്തില്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. മോദി ഭരണ കാലത്ത് ഇങ്ങെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും മതേതര ഇന്ത്യയുടെ നീതിപീഠം ഫാസിസ്റ്റ് വല്‍കരിക്കപ്പെട്ടിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യയുടെ ഇന്നത്തെ സാഹചര്യംവെച്ച് കോടതി പറയുന്ന പോലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നിടത്തേക്ക് കാര്യങ്ങള്‍ എത്താന്‍ സാധ്യതയില്ലെങ്കിലും, ന്യൂനപക്ഷ അവകാശങ്ങളത്രയും ധ്വംസിച്ച് അതിന്മേല്‍ രഥമുരുട്ടിയ ഫാസിസ്റ്റ് മേലാളന്മാന്‍ക്കേറ്റ കനത്ത തിരിച്ചടിയാണിത്. വിധിയുടെ ഭാവി കണ്ടറിയേണ്ടത് തന്നെയാണ്.

കേസില്‍ അദ്വാനി അടക്കമുള്ള 13 പേരെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഇപ്പോള്‍ സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലിലാണ് ഈ ഉത്തരവ്. 

ഈ സമയം പുറത്തുവന്ന വിധി ജോഷിയുടെയും ഉമാ ഭാരതിയുടെയും രാഷ്ട്രീയ ജീവിതത്തില്‍ ശക്തമായ പ്രതിസന്ധി സൃഷ്ടിച്ചേക്കും. രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന അദ്വാനിയെയും ഇത് പ്രതികൂലമായി ബാധിക്കും. അതേസമയം, അദ്വാനിയെ രാഷ്ട്രപതിയാവുന്നതില്‍നിന്നും തടയാന്‍ മോദി ഒപ്പിച്ച വേലയാണ് ഇപ്പോള്‍ ഈ വിധി പുറത്തുവന്നതെന്നും വിലയിരുത്തുന്നവരുണ്ട്. കേന്ദ്രമന്ത്രിയായ ഉമാ ഭാരതിക്കെതിരെ രാജി ആവശ്യം ഇപ്പോള്‍തന്നെ ശക്തമായിരിക്കുന്നു. 2004 ല്‍ ഹൂബ്ലി കലാപവുമായി ബന്ധപ്പെട്ടുവന്ന അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് യു.പി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. 

1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് കര്‍സേവകരെ ആവേശ പ്രസംഗങ്ങളിലൂടെ പ്രേരിപ്പിച്ചുവെന്നതാണ് ബി.ജെ.പി നേതാക്കന്മാര്‍ക്കെതിരെ ചുമത്തിയ ഒരു കേസ്. പള്ളി തകര്‍ക്കാന്‍ ഗൂഢാലോച നടത്തിയെന്നതാണ് മറ്റൊരു കേസ്.  അദ്വാനിയടക്കമുള്ളവര്‍ മുതിര്‍ന്ന ബി.ജെ.പി പള്ളി തകര്‍ക്കപ്പെട്ടതിന്റെ തലേ ദിവസം വിനയ് കട്യാറിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

അദ്വാനിക്കും മറ്റു 20 പേര്‍ക്കുമെതിരെ 153എ (വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക), 153 ബി (ദുരാരോപണം, രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കല്‍), 505 (സമൂഹത്തിന്റെ സാമാധാനം കെടുത്തുന്ന രീതിയില്‍ തെറ്റായ പ്രസ്താവന, കിംവദന്തി പരത്തല്‍) എന്നീ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. കൂടാതെ 102 ബി (കുറ്റകരമായ ഗൂഢാലോചന) യും ചേര്‍ത്തിട്ടുണ്ട്. 

സുപ്രീംകോടതിയുടെ ഈയൊരു വിധിക്ക് മോദിക്കാലത്ത് വിവിധ മാനങ്ങളുണ്ടെങ്കിലും തുടര്‍ന്ന് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്. ബാബരി പ്രശ്‌നം പുറത്ത് പറഞ്ഞുതീര്‍ക്കണമെന്ന് ഒരു ഭാഗത്ത് അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിധി. മോദിപ്രഭാവത്തില്‍ അപ്രസക്തരായ അദ്വാനിയും ജോഷിയും രാഷ്ട്രപതിപദവി സ്വപ്‌നം കണ്ടിരിക്കുേേമ്പാഴാണ് ഇങ്ങനെയൊരു വിധി വന്നത് എന്നതും ധാരാളം ചിന്തകള്‍ക്ക് വഴി നല്‍കുന്നു.