മലപ്പുറം വിജയം നല്‍കുന്ന പാഠങ്ങള്‍

കെ.എം. ശാജി

18 April, 2017

+ -
image

ഇടക്കാല തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിന്റെ വിജയം ഒരു പാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.  സിപിഎമ്മിനും കേരളത്തെ വര്‍ഗീയ വത്കരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ക്കും. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശക്തമായ രാഷ്ട്രീയ നേത്രത്വം ദേശീയ മതേതര കൂട്ടായ്മക്ക് അനിവാര്യമാണെന്ന തിരിച്ചറിവ് കൂടി ഈ വിജയത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

അരയും തലയും മുറുക്കി രംഗത്തിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം ഏറ്റെടുത്തു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  ഇറങ്ങിയപ്പോള്‍  കണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, 'അഹമഹിമികയാ' ഐക്യമുന്നണിയുടെ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചു മുന്നില്‍ ഉണ്ടായിരുന്നു എന്നതാണ്

മലപ്പുറത്തു കാര്‍ക്ക് പോത്തു തിന്നാന്‍ അനുവാദം കൊടുത്ത ബിജെപി യെയും പോത്തു വരട്ടിക്കൊടുത്ത സിപിഎം നെയും ഒരു പോലെ അപഹാസ്യരാകുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം

വര്‍ഗീയ, തീവ്ര, ഫാസിസിസ്‌റ് ആശയങ്ങളെ ചെറുക്കേണ്ടത് ഗാന്ധിജിയുടെ ഇന്ത്യയില്‍ ആയുധങ്ങള്‍ കൊണ്ടല്ലെന്നും ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണെന്നും ഒരിക്കല്‍ കൂടി ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നു

കത്തി കൊണ്ട് ബിജെപി യെ നേരിടുന്ന സിപിഎം ഉം അതിലും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് ജനങ്ങളെ കൊല്ലുന്ന സംഘ് പരിവാറും രാഷ്ട്രീയമായി പരസ്പരം പോറ്റി വളര്‍ത്തുകയാണെന്നു ഇനിയെങ്കിലും മനസ്സിലാക്കണം.

ഉത്തരേന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബിജെപി ജയിച്ചു കയറിയപ്പോള്‍ ജനാധിപത്യ  പ്രതിരോധത്തിന്റെ മാര്‍ഗം കാണിച്ചു കൊടുക്കുകയാണ് മലപ്പുറത്തെ കോണ്‍ഗ്രസ് കാരും ലീഗുകാരും. ഫാസിസത്തെ ഒരിക്കലും ആയുധം കൊണ്ട് നേരിട്ടില്ല എന്നതാണ് മലപ്പുറത്തിന്റെ പ്രത്യേകത.  അത് കൊണ്ട് തന്നെ ബിജെപി ക്ക് ആളെ കൂട്ടാനും കഴിഞ്ഞില്ല.  കണ്ണൂരിലെ ഓരോ തിരഞ്ഞെടുപ്പിലും ബൂത്തുകളില്‍ ബിജെപി ക്ക് വോട്ട് കൂടുന്നു എന്നത് കൂടി പരിഗണിക്കുമ്പോള്‍,  ഇപ്പോള്‍ നടപ്പിലാക്കുന്ന അക്രമ  മാര്‍ഗങ്ങള്‍ സിപിഎം മാറ്റിപ്പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും മലപ്പുറത്തുകാര്‍ തെളിയിക്കുന്നു..

ഡല്‍ഹിയില്‍ ജനാധിപത്യത്തെ തേജോമയമാക്കാനും  മതേതര കൂട്ടായ്മയ്ക്ക് കരുത്തു പകരാനും  കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ചടുല നേതൃത്വ പാടവത്തിനു കഴിയട്ടേ എന്ന് ആശംസിക്കുന്നു.  ഈ വന്‍ വിജയം സമ്മാനിച്ച മലപ്പുറത്തെ വോട്ടര്‍മാരെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും അഭിനന്ദിക്കുന്നു.. (facebook)