സംഘ്പരിവാറിന് ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണ്?!

വിനീത് രാജന്‍

16 April, 2018

+ -
image

സംഘപരിവാറിന് ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് പറഞ്ഞിട്ടുള്ളത് അവരുടെ തന്നെ രാഷ്ട്രീയാചാര്യന്മാരിലൊരാളായ വിനായക് ദാമോദര്‍ സവര്‍ക്കറാണ്. 

'ഇന്ത്യാ ചരിത്രത്തിലെ മഹത്തായ ആറ് കാലഘട്ടങ്ങള്‍' എന്ന പുസ്തകത്തിലാണ് സവര്‍ക്കര്‍ ബലാത്സംഗത്തെ ഹിന്ദു പിന്തുടരേണ്ട അവന്റെ ധര്‍മ്മത്തിലെ സദ്ഗുണങ്ങളില്‍ ഒന്നായി വാഴ്ത്തുന്നത്. സാങ്കല്‍പികമായ ചരിത്ര കഥനങ്ങളാല്‍ ഒരു പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ആഖ്യാനത്തോട് ചേരുന്ന രീതിയിലാണ് ആ പുസ്തകം മുന്നോട്ട് പോവുന്നത്. 

ഹിന്ദുവിന്റെ പ്രതിരോധമെന്നത് അവന്റെ സദ്ഗുണങ്ങളുടെ ചരിത്രം കൂടിയാണെന്ന് പറഞ്ഞ് സവര്‍ക്കര്‍ തുടങ്ങുന്നു. എതിരാളിയെ ഏത് രീതിയിലും കീഴ്‌പ്പെടുത്തുന്നത് പ്രതിരോധവിജയമാണെന്നൂന്നി പറയുന്ന ഈ പുസ്തകത്തിലെ എട്ടാമത്തെ അധ്യായത്തിലാണ് ബലാത്സംഗത്തെ സവര്‍ക്കര്‍ ഒരു രാഷ്ട്രീയ ആയുധമായി പ്രഖ്യാപിക്കുന്നത്. 

'മുസ്ലിം രാജാക്കന്മാരെ ഹിന്ദു ചക്രവര്‍ത്തിമാര്‍ കീഴ്‌പ്പെടുത്തിയിരുന്ന കാലത്ത് അവരുടെ സ്ത്രീകളെ ഹിന്ദുക്കള്‍ ബലാത്സംഗം ചെയ്തിരുന്നില്ലേ?' എന്ന ഒരൊറ്റ ചോദ്യത്തിലൂടെ ഒരു ഹിന്ദുത്വ ഫോളോവറുടെ മറ്റെല്ലാ ചോദ്യങ്ങളെയും അദ്ദേഹം റദ്ദ് ചെയ്യുകയാണിവിടെ. 

വീണ്ടും സംശയിക്കുന്നവനെ നേരിടാന്‍ രാമായണത്തിലെ രാവണ-സീത ഭാഗത്തെ തന്റേതായ വ്യാഖ്യാനത്തോടെ ചമച്ച് 'What? To abduct and rape the womenfolk of the enemy, do you call it irreligious? It is Parodharmah, the greatest duty!' എന്ന ഒരൊറ്റ നിലപാടിലേക്ക് സവര്‍ക്കര്‍ എത്തുകയും, തന്നോടൊപ്പമുള്ളവരെ എത്തിക്കുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് ഹിന്ദുത്വ അജണ്ടയില്‍ ബലാത്സംഗം ഒരു കാമപൂര്‍ത്തീകരണമല്ലെന്നും, അതൊരു വെറുപ്പിന്റെ പരകോടിയാണെന്ന് പറയുന്നതും. 

സംഘപരിവാറിന്റെ ഓരോ കലാപങ്ങളിലും കൂട്ടബലാത്സംഗങ്ങളുടെ വാര്‍ത്തകള്‍ വരുന്നതും മറ്റൊന്നും കൊണ്ടല്ല. അതവരുടെ ധര്‍മ്മമാണ്. അവരത് ചെയ്തുകൊണ്ടേയിരിക്കും. സ്വധര്‍മ്മമനുഷ്ഠിച്ചവനായി അവര്‍ തെരുവുകളിലിറങ്ങും, പതാകകളേന്തും, തെരുവുകള്‍ കത്തിക്കും. കശ്മീരില്‍ നടന്ന ആസിഫയുടെ സംഭവവും ഇതു തന്നെയാണ് വ്യക്തമാക്കുന്നത്.