ഫലസ്തീന്‍: എഴുപതിലും ചോരയുണങ്ങാതെ നക്ബ ഓര്‍മകള്‍

മുഹമ്മദ് ശാക്കിര്‍ മണിയറ

15 May, 2018

+ -
image

മുസ്‌ലിം ലോകത്തിന് ദുരന്തങ്ങള്‍ മാത്രം സമ്മാനിച്ച നക്ബ ദുരന്തത്തിന് എഴുപതാണ്ട് തികയുമ്പോള്‍ ഏറെ ചരിത്ര പരമായ ആ മുറിച്ചു കെട്ടലിന്റെ പിന്നാമ്പുറങ്ങള്‍ വായിച്ചറിയേണ്ടതുണ്ട്.. 1948 മെയ് 15 ന് ദൗര്‍ഭാഗ്യകരമെന്നോണം അരങ്ങേറിയ ഇസ്‌റായേല്‍ എന്ന ജൂതരാഷ്ട്രത്തിന്റെ രൂപീകരണമാണ് നക്ബ(ദുരന്തം)യെന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്നും തങ്ങളുടെ സര്‍വ ദുരന്തങ്ങള്‍ക്കും വിനയായ ഇസ്‌റായേല്‍ രൂപീകരണ ദിനം ദുരന്ത ദിനമായി ആചരിക്കുന്നുണ്ട് ഫലസ്തീന്‍ ജനത. 

സത്യം മറനീക്കി പുറത്തു വരുമ്പോള്‍ വ്യക്തമാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ജൂതരാഷ്ട്രം എന്നത് പെട്ടെന്നുള്ള ഒരാശയമായിരുന്നില്ല എന്നും സയണിസ്റ്റുകളുടെ ദീര്‍ഘകാല പ്ലാനിങ്ങുകളുടെ ഫലമായിരുന്നുവെന്നും അപ്പോള്‍ വ്യക്തമാകും. 

1948 ല്‍ ഇത്തരമൊരു രാഷ്ട്രവിഭജനം യു.എന്‍ പ്രഖ്യാപിക്കുമ്പോള്‍ ചരിത്രത്തോടുള്ള ഏറ്റവും വലിയ അനീതിയായിരുന്നു അത്. സാംസ്‌കാരികമായോ ഭൂമിപരമായോ സാമ്പത്തിക പരമായോ ഫലസ്തീനികളുടെ മേല്‍ യാതൊരൂ വിധ അധികാരവുമില്ലാത്ത ജൂതര്‍ക്ക് ഫല്‌സതീനിന്റെ മണ്ണ് കഷ്ണിച്ചു നല്‍കിയതു തന്നെ ഏറ്റവും വലിയ പ്രഹസനമായിരുന്നു. 

അന്നുവരെ കൃഷിചെയ്തും കൊച്ചു ഉപജീവനങ്ങള്‍ നടത്തിയും കഴിഞ്ഞ സ്വന്തം ഭൂമിയുടെ 56 ശതമാനവും തങ്ങളുടെ പകുതി മാത്രം ജനസംഖ്യയുള്ള ജൂതര്‍ക്കു പകുത്തു നല്‍കി, 43 ശതമാനം മാത്രം ഇരട്ട ജനസംഖ്യയുള്ള ഫലസ്തീനികള്‍ക്ക് നല്‍കി ചരിത്രത്തിലെ ഏറ്റവും വലിയ അനീതിക്ക് തിരികൊളുത്തപ്പെടുകയായിരുന്നു. 

സമൃദ്ധമായ പല ഭൂമികളും കൂടി ഇസ്രയേലിനു നല്‍കപ്പെട്ടതോടെ കുടിയിറക്കപ്പെട്ട പല അറബികള്‍ക്കും ജോര്‍ദാനിലും ഈജിപ്തിലും സിറിയയിലുമായി സ്വപ്‌നങ്ങളുടെ തടവുകാരായി കഴിഞ്ഞു കൂടാന്‍ മാത്രമായിരുന്നു വിധി. കൊടിയ അനീതി നിറഞ്ഞ ഈ മുറിച്ചു കെട്ടലില്‍ തുടങ്ങുന്നു മുസ്‌ലിം ലോകത്തിന്റെ, പ്രത്യേകിച്ച് ഫലസ്തീനികളുടെ ദുരന്തം. 

പിന്നീട് പല വികസ്വര രാഷ്ട്രങ്ങളുടെയും ഒത്താശയോടെ ഫലസ്തീനികളെ നിതന്തരം അക്രമിച്ച ഇസ്രയേല്‍ അമേരിക്കന്‍ പിന്തുണയോടെ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവാദത്തിന്റെ മുനയൊടിക്കുന്നതില്‍ സജീവ പങ്കാളികളായി.

ഇന്നും അതിന്റെ തുടര്‍ച്ചയെന്നോണം ഇസ്രയേലിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും ഈ ദിനം തന്നെയാണ് അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ലോകസമാധാനത്തിന് വിള്ളല്‍ വീഴ്ത്തുന്ന ഇത്തരം ഛിദ്രശക്തികള്‍ അരങ്ങു വാഴുന്ന കാലത്തോളം അറബ് ലോകത്തിന്റെ പ്രത്യേകിച്ച് ഫലസ്തീന്‍ ജനതയുടെ സ്വസ്ഥ ജീവിതം ഒരു പ്രഹേളികയായിത്തന്നെ അവശേഷിക്കുന്നതാണ്.