ഈ ഭരണകൂട ഭീകര മൗനം കളങ്കപ്പെടുത്തുന്നത് രാജ്യത്തിന്റെ യശസ്സിനെയാണ്

സിദ്ധീഖ് നദ്‌വി ചേരൂര്‍

15 April, 2018

+ -
image

ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളില്‍ തന്റെ ധൈഷണിക മികവും ഭരണ പാടവവും ധനകാര്യ വൈദഗ്ധ്യവും തെളിയിച്ച ഡോ. മന്‍മോഹന്‍ സിംഗ്, പൊതുവേ ആവശ്യത്തിനും കാര്യമാത്ര പ്രസക്തമായും മാത്രമേ സംസാരിച്ചിരുന്നുള്ളൂ. എന്നാല്‍ തന്റെ പ്രതികരണം ആവശ്യമാണെന്ന് തോന്നന്നിടത്ത് അദ്ദേഹം വ്യക്തമായും ശക്തമായും തന്റെ നിലപാട് തുറന്നു പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ അന്ന് അദ്ദേഹത്തില്‍ മറ്റൊന്നും ആരോപിക്കാനില്ലാത്തതിനാല്‍ 'മൗനിബാബ'യായി മുദ്ര കുത്തി കളിയാക്കിയിരുന്ന ആളാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. ഇദ്ദേഹമാണെങ്കില്‍ ആകെകൂടി തന്റെ കയ്യിലിരിപ്പ് എങ്ങോട്ടും ചുഴറ്റിയെറിയാവുന്ന നീണ്ട നാവാണ്. നല്ല അഭിനയ സിദ്ധിയോടെ നീട്ടി വലിച്ച് നാക്കിട്ടടിക്കാനുള്ള മിടുക്കില്‍ തന്നെയായിരിക്കണം സംഘ് പരിവാര്‍ മോദിയെ മുന്നില്‍ നിര്‍ത്തി 2014ല്‍ ഒരു പരീക്ഷണ നാടകം കളിച്ചത്. 

ആ നാടകം ക്ലച്ചു പിടിക്കുകയും മോദിയുടെ കയ്യില്‍ ഭരണം വന്നു ചേരുകയും ചെയ്തപ്പോള്‍ അദ്ദേഹം ഉപകാരസ്മരണയുടെ പേരില്‍ ആദ്യം ചെയ്തത് തന്റെ നാവിന് പൂട്ടിട്ട് നിര്‍ത്തി താക്കോല്‍ ആര്‍.എസ്.എസ് തലവനെ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ തുറന്നു വിടുന്ന സമയത്തും സ്ഥലത്തും മാത്രം ചലിക്കുന്ന നാക്കുമായാണ്  നമ്മുടെ പ്രധാനമന്ത്രി നാലാം വര്‍ഷത്തിലും ഭരണം തുടരുന്നത്. 

വലിയ വീര വാദങ്ങളും പൊള്ളയായ പ്രഖ്യാപനങ്ങളും മുഴക്കാന്‍ മാത്രം നാവ് ചലിപ്പിക്കാറുള്ള മോദിക്ക് ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇഷ്ടമല്ല. അപ്പോള്‍ തന്റെ അഭിനയ സിദ്ധിയുടെ തനിനിറം പുറത്തായാലോ! റേഡിയോ പ്രഭാഷണത്തിലൂടെ 'മന്‍കി ബാത്ത്' പുറത്തുവിടുന്ന മോദിയുടെ യഥാര്‍ത്ഥ സിംബലാണ് റേഡിയോ. 

കേള്‍പ്പിക്കുക മാത്രമാണല്ലോ റേഡിയോയുടെ രീതി. ഭരണത്തിലേറി ഇത് വരെ ഒരു വാര്‍ത്താ സമ്മേളനത്തെ നേരിടാന്‍ ധൈര്യം കാണിക്കാത്ത മോദി, തെരഞ്ഞെടുത്ത, തന്റെ റാന്‍ മൂളികള്‍ മാത്രമായ പത്രക്കാരോട് മാത്രമാണ് സംസാരിക്കാറുള്ളത്. മുഖമൂടി അഴിഞ്ഞു വീഴാതിരിക്കാനുള്ള ജാഗ്രത.

അതേ സമയം രാജ്യത്ത് എത്ര ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ ഉടലെടുത്താലും അതിലിടപെടാനോ ശക്തവും നിഷ്പക്ഷവുമായ നിലപാട് വ്യക്തമാക്കാനോ അദ്ദേഹത്തിന് അനുവാദം കിട്ടാറില്ല. സംഘി ആസ്ഥാനത്ത് നിന്ന് പൂട്ട് തുറന്നു കൊടുത്താലല്ലേ നാവ് പുറത്തിറങ്ങൂ.

വിദേശ രാജ്യങ്ങളില്‍ പോയി തന്റെ ഭരണത്തിന്റെ പോരിശയും കേമത്തരവും വിളമ്പുന്നതിലും  മുന്‍ഗാമികളുടെ കുറ്റവും കുറവും എടുത്തുകാട്ടുന്നതിലും വലിയ ആവേശം കാട്ടാറുള്ള മോദി, പാര്‍ലിമെന്റില്‍ സുപ്രധാന ചര്‍ച്ചാ വേളയില്‍ വിഷയത്തില്‍ നിന്ന് മാറി കോണ്‍ഗ്രസ് ഭര ണത്തേയും നേതാക്കളേയും ഭല്‍സിച്ചു  കത്തിക്കയറി വാര്‍ത്താ മാധ്യമങ്ങളുടെ പോലും പരിഹാസം ഏറ്റുവാങ്ങിയ മോദി, ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അന്ത്യഘട്ടത്തില്‍ വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങളിലൂടെ തന്റെ മാനം കാക്കാന്‍ ഹീന ശ്രമം നടത്തിയ മോദി, പല പ്രദേശങ്ങളിലും തന്റെ അനുയായികള്‍ വര്‍ഗീയതയുടെയും ജാതീയതയുടെയും പേരില്‍ സംഹാര താണ്ഡവം ആടുമ്പോള്‍, നിയമം കയ്യിലെടുത്തു കൊലവിളിയുമായി കവാത്തു നടത്തുമ്പോള്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നത് കണ്ടു ഇന്ത്യയുടെ മന:സാക്ഷി പിടയുമ്പോള്‍ ഒരു കേവല പ്രസ്താവന കൊണ്ടെങ്കിലും ആശ്വാസത്തിന്റെ തഴുകലോ നീതിന്യായ സംവിധാനത്തെപ്പറ്റി ആത്മവിശ്വാസമോ നല്‍കാന്‍ കഴിയാത്ത ഒരു പ്രധാനമന്ത്രി ആ പദവിക്ക് നല്‍കുന്ന കളങ്കവും  അപമാനവും ചില്ലറയല്ല.

കാശ്മീരിലെ ആസിഫയും ഉന്നാവോയിലെ പെണ്‍കുട്ടിയും ജുനൈദും അഖ് ലാവും പെഹ്‌ലു ഖാനും തുടങ്ങി ദളിതര്‍ക്കെതിരെ നടന്ന നിരവധി സംഭവങ്ങള്‍ ഉദാഹരണം. നമ്മുടെ പ്രധാനമന്ത്രി മൗനവ്രതത്തിലാണ്. ഏതെങ്കില്‍ തെരഞ്ഞടുപ്പ് പ്രചാരണ വേദികള്‍ ഉയരണം. അവിടെ കയറി നിന്ന് മുതലക്കണ്ണീര്‍ ഒഴുക്കാനും ഊതിവീര്‍പ്പിച്ച ബലൂണുകള്‍ പറത്തി ജനങ്ങളെ കബളിപ്പിക്കാനും മാത്രമാണ് ആ വായ തുറക്കുന്നത്.

ഇന്ത്യയുടെ മക്കളെയെല്ലാം ഒന്നായി കാണാനും ജാതി-മത- ഭാഷാ-ദേശ വ്യത്യാസമില്ലാതെ, നിഷ്പക്ഷമായി നടപടികള്‍ സ്വീകരിക്കാനും കഴിയുന്ന ഹൃദയവിശാലതയും കാലുഷ്യമേശാത്ത ദേശീയബോധവും രാജ്യതന്ത്രജ്ഞതയുമുളള ഒരു ഭരണാധികാരിക്ക് മാത്രം യോജിക്കുന്ന പദവിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പദം. 

സ്വന്തം വ്യക്തിത്വവും മന:സാക്ഷിയും സംഘപരിവാര്‍ അരമനയില്‍ പണയം വെച്ച, ഗുജറാത്തിന്റെ മണ്ണിനെ വര്‍ഗീയ ഭ്രാന്തിന്റെയും ധ്രുവീകരണത്തിന്റെയും പരീക്ഷണശാലയാക്കി ഒഴുക്കിയ, രക്തപ്പുഴകള്‍ നീന്തിക്കടന്നു ഡല്‍ഹിയിലെത്തിയ മോദിയേയും പണത്തിനും പദവിക്കും വേണ്ടി എന്ത് നെറികേടും ക്ഷുദ്ര നീക്കങ്ങളും നടത്താന്‍ കയ്യുറപ്പ് തീര്‍ന്ന ഇഷ്ട തോഴന്‍ അമിത് ഷാ യേയും മുമ്പില്‍ നിര്‍ത്തി ആര്‍.എസ്.എസ് ഒരുക്കിയ രാഷ്ട്രീയ തിരക്കഥയാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അത് കണ്ടാസ്വദിച്ചു കയ്യടിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇവിടത്തെ മാധ്യമ രംഗത്തും ഉദ്യോഗ രംഗത്തും ജുഡീഷ്യറിയിലും പോലും ഇരുപ്പുറപ്പിച്ച നല്ലൊരു വിഭാഗം.

പേടിപ്പിച്ചും പ്രീണിപ്പിച്ചും വരുതിയിലാക്കാവുന്നവരെയെല്ലാം അവര്‍ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. ഫാസിസ്റ്റ് അന്ത:പുരങ്ങളില്‍ നിന്ന് മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട ഒരു വിഭാഗം യുവാക്കള്‍ നാട്ടില്‍ 'ദേശീയ ബോധം' കലശലായി തലക്കു പിടിച്ചു ഓടി നടക്കുയാണ്. എന്ത് രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയാലും ഒരു 'ഭാരത് മാതാ കീ ജയ് ' വിളിയില്‍ അതെല്ലാം കഴുകിപ്പോകുമെന്നാണിവരെ പഠിപ്പിച്ചിരിക്കുന്നത്.

അതേ സമയം എത്ര വലിയ രാഷട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയായാലും ഇവര്‍ ഓതിത്തരുന്ന മുദ്രാവാക്യം മുഴക്കാന്‍ മടിച്ചാല്‍ അവന്‍ ഈ നാട്ടില്‍ ജീവിക്കാന്‍ അയോഗ്യന്‍! അത്തരക്കാരെ യമ പുരിയിലേക്ക് പറഞ്ഞയക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണ് ഈ വില്ലാളിവീരന്‍മാര്‍. അവര്‍ക്ക ബാലികമാരെ മാനഭംഗപ്പെടുത്താം. കശാപ് ചെയ്യാം. കുത്തിക്കീറാം. ഗര്‍ഭിണികളുടെ ഉദരത്തില്‍ ത്രിശൂലം കുത്തിക്കയറ്റാം. അതെല്ലാം കണ്ടും കേട്ടും പയറ്റിയും പദവിയിലെത്തിയ ആളുടെ മൗനത്തിന് അനുവാദമെന്ന് അര്‍ത്ഥം കാണാന്‍ കഴിയാത്തവരെ ഏത് കഴുതയുടെ പേരിട്ടാണ് വിളിക്കുക?