ജറൂസലമില്‍ യു.എസ് എംബസി തുറക്കുമ്പോള്‍

ഡോ. ഖുര്‍റതുല്‍ ഐന്‍

14 May, 2018

+ -
image

ഒരു ജാരജന്മം പോലെ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ എന്ന ജൂത രാഷ്ട്രം പിറന്നതിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ അമേരിക്ക ജറൂസലമില്‍ എംബസി തുറക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. ഫലസ്തീന്റെ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പുകളും പ്രതിഷേധങ്ങളും നിലനില്‍ക്കുമ്പോഴും അത് പരിഗണിക്കാതെയാണ് അമേരിക്ക ഈ ധിക്കാരത്തിന് തയ്യാറായിരിക്കുന്നത്. 

താന്‍ പ്രസിഡണ്ടായി വന്നാല്‍ ഇസ്രയേലിലെ യു.എസ് എംബസി ജറൂസലമിലേക്കു മാറ്റുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെത്തന്നെ പ്രഖ്യാപിച്ചിരുന്നു. കുറച്ചു മാസങ്ങളായി അമേരിക്ക ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതിനുള്ള ഉള്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. 

2018 മെയ് 14 ന് ഇസ്രയേല്‍ രൂപീകൃതമായ അതേ ദിവസം തങ്ങളുടെ പുതിയ ഉദ്യമത്തിന് തെരഞ്ഞെടുത്തിരിക്കയാണ്. 

നേരത്തെ അമേരിക്കയുടെ ഈ പ്രഖ്യാപനത്തെ തള്ളി യു.എന്‍ പൊതു സഭ രംഗത്ത് വന്നിരുന്നു. ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള നീക്കത്തെ 128 രാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനെ പോലുള്ളവര്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു. 

ഈ എതിര്‍പ്പുകളെല്ലാം നിലനില്‍ക്കെയാണ് മെയ് 14 ന് ജറൂസലമില്‍ യു.എസ് എംബസി തുറക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. 40 ഓളം അമേരിക്കന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന വലിയ ചടങ്ങാണ് ഇതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. വീഡിയോ കോണ്‍ഫ്രന്‍സിങ്ങ് വഴി ട്രംപും വേദിയെ അഭിസംബോധന ചെയ്യും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 നാണ് ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത്. മുന്‍ പ്രസിഡണ്ടുമാരുടെ കീഴ് വഴക്കം മറികടന്നാണ് ട്രംപ് ഈ തീരുമാനമെടുത്തിരുന്നത്. യു.എസ് എംബസി ഉടന്‍ ജറൂസലമിലേക്ക് മാറ്റുമെന്നും അന്ന് ട്രംപ് അറിയിച്ചിരുന്നു. 

ഇതിനെതിരെ യുറോപ്യന്‍ യൂണിയനും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി സഊദി അടക്കമുള്ള അമേരിക്കയുടെ സഖ്യകക്ഷികളും ശക്തമായി രംഗത്തെത്തിയിരുന്നു. 

ജറൂസലം തങ്ങളുടെ തലസ്ഥാനമാണെന്നാണ് ഇസ്രയേല്‍ അവകാശവാദം. എന്നാല്‍, കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ഫലസ്തീന്‍ കരുതുന്നത്. 

ഏതായാലും, ജറൂസലമിലേക്ക് എംബസി മാറ്റിയ അമേരിക്കന്‍ നടപടിക്കെതിരെ ഫലസ്തീനില്‍ പ്രതിഷേധം ശക്തമായിരിക്കയാണ്. ഈ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പതിനായിരക്കണക്കിന് പോലീസുകാരെയാണ് ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനകം അനവധി ഫലസ്തീനികള്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു.

പിറന്ന നാട്ടില്‍ സ്വച്ഛന്തമായ ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇപ്പോഴും ഫലസ്തീനികള്‍. അമേരിക്കയും സഖ്യകക്ഷികളും ഈ സൈ്വര ജീവിതം തകര്‍ത്തുകൊണ്ടിരിക്കയാണ് എല്ലാ കാലത്തും.