ഗോരക്ഷക് ഇപ്പോഴും മനുഷ്യക്കൊല നിര്‍ത്തിയിട്ടില്ല!

നഈം സിദ്ദീഖി

13 November, 2017

+ -
image

മോദിയും അമിത്ഷായും സര്‍വ്വ പ്രകോപന പ്രസ്താവനകളും നിര്‍ത്തി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഒഴിഞ്ഞിരുന്ന് പ്രവര്‍ത്തിക്കുമ്പോഴും ഗോരക്ഷക് പാവം മനുഷ്യരുടെ ജീവനുകള്‍കൊണ്ട് കളിതുടരുകയാണ്. 

കഴിഞ്ഞ ദിവസം രാജസ്ഥാന്‍-ഹരിയാന ബോര്‍ഡറില്‍ കാലികളെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന രണ്ട് മുസ്‌ലിം സുഹൃത്തുക്കള്‍ ഗോരക്ഷകരുടെ കരങ്ങളാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. അതില്‍ ഉമ്മര്‍ എന്ന പേരുള്ള ഒരാള്‍ അവിടെവെച്ചുതന്നെ മരിക്കുകയും മറ്റൊരാള്‍ സാരമായ പരിക്കുകള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരിക്കയാണ്. അപകടം കൂടുതല്‍ മാരകമാണെന്നാണ് വാര്‍ത്തകള്‍. 

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഫഹാരി ഗ്രാമത്തിലാണ് സംഭവം. ഉമ്മര്‍ ഖാനും താഹിര്‍ ഖാനും കാലികളെ കൊണ്ടുപോകുമ്പോള്‍ ജനക്കൂട്ടം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

വെടിയേറ്റുകൊണ്ടാണ് ഉമര്‍ ഖാന്‍ മരിച്ചത്. പോലീസ് സംഭവത്തെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

സംഭവം മേവാത്ത് ജനതയെ രോഷാകുലരാക്കിയിട്ടുണ്ട്. സംഭവം മുന്‍ തീരുമാനിച്ചുറച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്നതാണെന്നും അപ്പോള്‍ പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്നും മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു. പക്ഷെ, പോലീസുകാര്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. 

കഴിഞ്ഞ ഏപ്രില്‍ മാസം പഹ്‌ലു ഖാന്‍ വധിക്കപ്പെട്ടതിനു ഏകദേശം അടുത്തുതന്നെയാണ് ഇപ്പോള്‍ ഉമര്‍ ഖാനും ഗോരക്ഷകരാല്‍ വധിക്കപ്പെട്ടിരിക്കുന്നത്. 55 കാരനായ അദ്ദേഹം അന്ന് വധിക്കപ്പെട്ടത് ദേശീയ തലത്തില്‍തന്നെ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

ഗോരക്ഷകരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോദി പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും അതിന് യാതൊരു ഫലവുമില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ചുരുങ്ങിയത് 26 ഓളം ഗോ സംബന്ധിത ആക്രമണങ്ങളാണ് ഈയടുത്തായി മാത്രം രാജ്യത്ത് ഉണ്ടായിട്ടുള്ളത്. സംഘ്പരിവാര്‍ പിന്തുണയുടെ ഹുങ്കില്‍ പശുവിന്റെ പേരില്‍ പരസ്യമായ കൊലകള്‍ ഇപ്പോഴും അരങ്ങേറുന്നത് ഏറെ ഖേദകരമാണ്.