ദൈവാസ്തിക്യവും ഖുര്‍ആനും

സെയ്തുമുഹമ്മദ് നിസാമി

13 June, 2018

+ -
image

ശാസ്ത്രം ദൈവാസ്തിക്യത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതിന്റെ മേല്‍വിലാസവുമായി നടക്കുന്ന വിചാരം കുറഞ്ഞ മനുഷ്യനാണ് അതിനു മുതിരുന്നത്. ദൈവാസ്തിക്യം ഊട്ടി ഉറപ്പിക്കാനാണ് ഈ സത്യവേദം ദൃഷ്ടാന്തങ്ങള്‍ നിരത്തുന്നത്. ഉന്നത പദവികളില്‍ വിഹരിക്കുന്ന പൂര്‍ണ മനുഷ്യരാണ് പ്രവാചകന്‍മാര്‍. അവര്‍ ആരാധ്യപുരുഷന്മാരല്ല. അവര്‍ അവക്രസുന്ദരമായ ആരാധനയുടെ രീതി പഠിപ്പിക്കുന്നവരാണ്. ചേതനവും അചേതനവുമായ വസ്തുക്കളെ ആരാധിക്കുന്ന അധമ രീതിയോടു വ്യക്തമായ വിയോജിപ്പു രേഖപ്പെടുത്തുന്നത് വേദങ്ങളില്‍ സത്യവേദമായ ഈ ഖുര്‍ആന്‍ തന്നെ.

അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് അനിര്‍വചനീയ അനുഗ്രഹങ്ങള്‍ കനിഞ്ഞരുളിയിട്ടുള്ളത് റമദാനിലാണ്. അതില്‍ പ്രധാനമാണ് ഖുര്‍ആന്‍. ‘നിശ്ചയമായും നാം ഈ ഖുര്‍ആനിനെ അവതരിപ്പിച്ചത് ലൈലത്തുല്‍ ഖദ്‌റിലാണ്.’ ആ രാത്രി എന്താണെന്നറിയാമോ ആയിരം മാസത്തേക്കാള്‍ ഉത്തമ രാത്രിയാണത് (97:1, 2, 3). ഈ മഹത്തായ രാത്രിയാല്‍ അവതീര്‍ണമായ ഗ്രന്ഥം മാനവരാശിയുടെ ചരിത്രത്തില്‍ മനുഷ്യന്‍ എന്ന പ്രമേയത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് മാര്‍ഗദര്‍ശനം നടത്തുന്നത്. മാനവരാശി നേടിയെടുത്ത സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്രീയ പുരോഗതിക്കെല്ലാം ആധുനിക ലോകം ഈ ഗ്രന്ഥത്തോടു കടപ്പെട്ടിരിക്കുന്നു.

ജീവിതത്തിന്റെ സമഗ്ര മേഖലകളും വെട്ടിത്തിരുത്തിയ ആ ദിവ്യ ഗ്രന്ഥത്തിന്റെ ശോഭ നഷ്ടപ്പെടാത്ത നിര്‍ദേശങ്ങള്‍ ഇന്നും ലോകത്തിനു വഴികാട്ടിയാണ്. ലോക സംസ്‌കാരത്തിന്റെ ഗതി ഒരു പ്രത്യേക ദിശയിലേക്കു മാറ്റിയത് ആ രാത്രിയിലുണ്ടായ ഇഖ്‌റഅ് എന്ന അനശ്വര സന്ദേശമായിരുന്നു. വിധി നിര്‍ണായക രാവ് എന്ന പേരിലാണ് ഈ രാത്രി ചരിത്രത്തിലിടം നേടിയത്. ഖുര്‍ആന്‍ ആ രാത്രിക്കു നല്‍കിയ പേരും ലൈലത്തുല്‍ ഖദ്ര്‍ എന്നു തന്നെ. ഖുര്‍ആന്റെ അവതരണത്തിന് അല്ലാഹു തെരഞ്ഞെടുത്തത് ആ രാത്രിയാകുന്നു. എന്റെ ശേഷം നിങ്ങള്‍ ദിശയറിയാതെ പിഴച്ചു പോകാതിരിക്കാന്‍ ആ സത്യവേദം മുറുകെ പിടിക്കാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചു.

ചിന്തയിലും സംസ്‌കാരത്തിലും സദാചാരത്തിലും ജീവിതശൈലിയിലും ഇത്രയേറെ അഗാധമായും സമഗ്രമായും സ്വാധീനിച്ച സത്യവേദമാണ് ഖുര്‍ആന്‍. റമദാനില്‍ ഓരോ വിശ്വാസിയും നെഞ്ചോടു ചേര്‍ത്ത് ഖുര്‍ആന്‍ പലതവണ വായിക്കുന്നു. ചര്‍ച്ചകളും പ്രഭാഷണങ്ങളും പഠനങ്ങളും നടത്തുന്നു. രാത്രിയിലെ പ്രാര്‍ഥനകളില്‍ ഖുര്‍ആന്റെ വചനങ്ങള്‍ തുടിക്കുന്ന ഹൃദയത്തോടെ ഒലിക്കുന്ന കണ്ണീരോടെ കേള്‍ക്കുന്നു. പൂതി തീരാത്ത കേള്‍വി. വായനക്കാരനു മടുപ്പു തോന്നാത്ത സത്യവേദ ഗ്രന്ഥം.

ഇസ്‌ലാമിന്റെ നമ്പര്‍വണ്‍ ശത്രുവായിരുന്ന അബൂജഹ്‌ലിന്റെ മകന്‍ ഇക്ക്‌രിമയും ശത്രുതയില്‍ കുപ്രസിദ്ധനായിരുന്നു. ഇക്ക്‌രിമ ഇസ്‌ലാമിലേക്ക് കടന്നുവന്നപ്പോള്‍ അത്ഭുതകരമായ മാറ്റമാണ് സംഭവിച്ചത്. ഖുര്‍ആന്‍ സദാ നെഞ്ചോടു ചേര്‍ത്തുവച്ചാണ് ശിഷ്ടകാലം കഴിച്ചു കൂട്ടിയത്. ‘എന്റെ റബ്ബിന്റെ വചനമാണിത്. ഞങ്ങളോടു സംസാരിച്ചതാണിത്.’ ഈ ഖുര്‍ആനിനെ ചൂണ്ടി പറയും. നമ്മോടൊക്കെയും വേണ്ടതു വിവരിച്ചു തരുന്ന ഈ സത്യവേദം റമദാന്‍ കഴിഞ്ഞാലും കൈവിടരുത്.

ഗോളശാസ്ത്രപരമോ രസതന്ത്രശാസ്ത്രപരമോ ആയ പരാമര്‍ശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമായി ഖുര്‍ആനെ വിലയിരുത്തുന്നത് തീര്‍ത്തും തെറ്റാണ്. ഇതൊരു ശാസ്‌ത്രോപന്യാസ കൃതിയല്ല. ബുക്സ്റ്റാളില്‍ നിന്നു വാങ്ങുന്ന സയന്‍സ് പുസ്തകവുമല്ല. ബുദ്ധിപരമായ വളച്ചുകെട്ടലിലൂടെ ചിന്താകാലൂഷ്യം സൃഷ്ടിക്കുന്ന ഫിലോസഫിക്കല്‍ തിയറിയുമല്ല. 

ഖുര്‍ആന്‍ പറയുന്നു: ‘ആകാശ ഭൂമികളിലെ രഹസ്യമറിയുന്ന അല്ലാഹുവാണ് ഈ സത്യവേദം അവതരിപ്പിച്ചത്. അവന്‍ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’ 25:6

നബി(സ) പറഞ്ഞു, ലോകത്തിനൊട്ടാകെ അനുഗ്രഹം ഈ ഗ്രന്ഥമാവട്ടെ അഖില ലോകത്തിനും മാര്‍ഗദര്‍ശി. അതിന്റെ സന്ദേശം ലോകം മുഴുക്കെ എത്തിച്ചുകൊടുക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്ക്. ഇരുട്ടില്‍ കരിംപൂച്ചയെ തിരയുന്ന താത്വിക പ്രശ്‌നങ്ങളുടെ ആവിഷ്‌കരണമല്ല ഖുര്‍ആന്‍. മുടിനാരിഴ കീറുന്ന ചര്‍ച്ചകളുടെ ചാരത്തുകൂടെ അതു പോവുന്നില്ല. മനുഷ്യനാണ് അതിന്റെ പ്രമേയം. പ്രകൃതിയോടുള്ള അവന്റെ താക്കോല്‍ബന്ധം കൊണ്ടാണ് പ്രപഞ്ച പഠനത്തെ പ്രോത്സാഹിപ്പിക്കുന്നത്. ശാശ്വതവും സനാതനവുമായ ഒരു നിയമമനുസരിച്ചാണ് പ്രപഞ്ചവും അതിലുള്ളതും ആവിര്‍ഭവിച്ചതെന്ന് അതു സാക്ഷ്യപ്പെടുത്തുന്നു. ഈ വ്യവസ്ഥക്കു ‘ഫിത്‌റുല്ല’ എന്നാണ് പറയുന്നത്. ‘അല്ലാഹുവിന്റെ നടപടി സമ്പ്രദായങ്ങള്‍ക്ക് (ഫിത്‌റുല്ലാഹിക്ക്) ഒരു മാറ്റവും നീ കാണില്ല’ 48:23.

ഈ നടപടിക്രമങ്ങള്‍ പഠിക്കാന്‍ ഈ സത്യവേദം ആഹ്വാനം ചെയ്യുന്നു. മൂന്നാം അധ്യായത്തിലെ 190-191 വചനങ്ങള്‍ ഇതിലേക്കാണ് ക്ഷണിക്കുന്നത്. റമദാന്‍ കഴിഞ്ഞാല്‍ പഠനകേന്ദ്രങ്ങളുടെ കവാടം തുറക്കുകയായി. വിജ്ഞാന വര്‍ധനവിനു നിരന്തരം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നു. ജ്ഞാനത്തിന്റെ ഉറവിടം പ്രാപഞ്ചിക പഠനങ്ങളിലൂടെ സാധിക്കുമ്പോഴാണ് ശാസ്ത്രീയ പാതകള്‍ക്ക് തിളക്കം കിട്ടുക. ഈ വേദം ആദ്യം കേള്‍പ്പിച്ച് വായിക്കുക അങ്ങനെ അനശ്വരമാവുന്നു.

ശാസ്ത്രം ദൈവാസ്തിക്യത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതിന്റെ മേല്‍വിലാസവുമായി നടക്കുന്ന വിചാരം കുറഞ്ഞ മനുഷ്യനാണ് അതിനു മുതിരുന്നത്. ദൈവാസ്തിക്യം ഊട്ടി ഉറപ്പിക്കാനാണ് ഈ സത്യവേദം ദൃഷ്ടാന്തങ്ങള്‍ നിരത്തുന്നത്. ഉന്നത പദവികളില്‍ വിഹരിക്കുന്ന പൂര്‍ണ മനുഷ്യരാണ് പ്രവാചകന്‍മാര്‍. അവര്‍ ആരാധ്യപുരുഷന്മാരല്ല. അവര്‍ അവക്രസുന്ദരമായ ആരാധനയുടെ രീതി പഠിപ്പിക്കുന്നവരാണ്. ചേതനവും അചേതനവുമായ വസ്തുക്കളെ ആരാധിക്കുന്ന അധമ രീതിയോടു വ്യക്തമായ വിയോജിപ്പു രേഖപ്പെടുത്തുന്നത് വേദങ്ങളില്‍ സത്യവേദമായ ഈ ഖുര്‍ആന്‍ തന്നെ.

‘അല്ലാഹുവിനു തുല്യമായി യാതൊന്നുമില്ല. സര്‍വ ശ്രോതാവും എല്ലാം കാണുന്നവനുമത്രെ അവന്‍’ 42:11.

‘പറയുക അവന്‍ ഏകനാകുന്നു. സര്‍വാധിനാഥന്‍. അവന്‍ ജനിച്ചിട്ടില്ല. അവന്‍ ജാതനുമല്ല. അവനു തുല്യനായി ആരുമില്ല.’ 112:4. ഉപമയുടെ മാറാലയൊന്നുമില്ലാതെയുള്ള ദൈവ സങ്കല്‍പമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ശിര്‍ക്കിനെതിരെ അതിശക്തമായ സംവാദമാണിത് നടത്തുന്നത്. ദുര്‍ബലവും അടിയുറപ്പില്ലാത്തതുമായ സങ്കല്‍പമാണ് ബഹുദൈവ വിശ്വാസം. അതംഗീകരിക്കുന്നവന്റെ ഗതി കാറ്റിലാടുന്ന കരിയില പോലെയും ഒഴുക്കില്‍പെട്ട ചണ്ടി പോലെയുമാണെന്നു 22-ാം അധ്യായം സൂചിപ്പിക്കുന്നു. തൗഹീദിന്റെ പരമോന്നതമായ സംഹിതകള്‍ പഠിപ്പിക്കുന്ന വേദം ഇന്നു സത്യവേദമായ ഖുര്‍ആന്‍ മാത്രമേ മനുഷ്യന്റെ മുന്നിലുള്ളു.

പാരത്രിക ജീവിതത്തെ പറ്റി ഇതിന്റെ അധ്യാപനങ്ങള്‍ മൗലികമാണ്. ഇത്രയും സന്നിഗ്ധമായി ഈ സത്യം സമര്‍ഥിച്ച പ്രത്യയശാസ്ത്രം ഖുര്‍ആനെ പോലെ കാണാന്‍ സാധ്യമല്ല. മരണാനന്തരം മരണമില്ലാ ലോകത്തേക്ക് മാനവരാശിയെ കൊണ്ടുപോകുന്നു. സ്വര്‍ഗീയ ജീവിതത്തിന്റെ മഹനീയതയും നരകീയ ജീവിതത്തിന്റെ ഭീകരതയും അതു വരച്ചു കാട്ടുന്നു. സ്വര്‍ഗീയ ജീവിതത്തിന്റെ വാതായനം തുറന്നിടുകയാണ് 55-ാം അധ്യായം. റയ്യാന്‍ എന്ന ഉദ്യാനവാതില്‍ റമദാന്‍ വിടപറയുന്നതോടെ അടുക്കാന്‍ പോവുകയാണ്. അതിലൂടെ കടന്നുപോവാന്‍ പ്രാപ്തനാക്കുകയാണ് റമദാനിന്റെ ദിനരാത്രങ്ങള്‍.ഇരുട്ടില്‍ തെരയുന്ന ദാര്‍ശനിക മേധാവികള്‍ക്ക് സുഭദ്രവും സുന്ദരവുമായ ഒരു പ്രായോഗിക ജീവിതം വായിച്ചെടുക്കാന്‍ കഴിഞ്ഞത് ഈ സത്യവേദത്തില്‍ നിന്നുതന്നെ. ജീവിതത്തിനത് നിര്‍വചനം നല്‍കി. കുടുംബ ജീവിതം പുനരാവിഷ്‌കരിച്ചു. ജീവിതത്തിന്റെ സമഗ്ര മേഖലകളും വെട്ടിതിരുത്തി. രാഷ്ട്ര സംവിധാനത്തിന്റെ പ്രാധാന്യം വിളംബരപ്പെടുത്തി. 

നീതി നിര്‍വഹണമാണ് ഭരണത്തിന്റെ അടിത്തറയെന്നും കൂടിയാലോചനയിലൂടെയുള്ള ജനാധിപത്യ ശൈലിയാണ് സ്വീകരിക്കേണ്ടതെന്നും അതു വിശദീകരിക്കുന്നു. ഭരണാധികാരി അല്ലാഹുവിന്റെ പ്രതിനിധിയാണെന്നു പറയുന്ന സത്യവേദം ഏകാധിപത്യത്തിനും ഫാസിസത്തിനുമെതിരിലുള്ള വിയോജിപ്പാണ് പ്രഖ്യാപിക്കുന്നത്.

‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം’ എന്നു പറയുക എന്ന ഖുര്‍ആനിക വചനം ബഹുസ്വര സമൂഹത്തിലെ വിശ്വാസികളുടെ മൗലികാവകാശമാണ് പ്രഖ്യാപിക്കുന്നത്. മറ്റു മതവിഭാഗത്തിന്റെ ആരാധ്യരെ അപഹസിക്കരുതെന്നും തിന്മയെ നന്മ കൊണ്ടു നേരിടണമെന്നുമുള്ള ആഹ്വാനം ഈ വേദത്തിന്റെ മുഖമുദ്രയാണ്. മത സാഹോദര്യവും പാരസ്പര്യതയും നിലനിര്‍ത്തുന്നതിന് അത് അടിത്തറ പാകുന്നു.