ലൈലത്തുല്‍ ഖദ്ര്‍: സഹസ്രം മാസങ്ങളേക്കാള്‍ പവിത്രമായ ഏകരാവ്

മന്‍സൂര്‍ ഹുദവി കളനാട്

13 June, 2018

+ -
image

റമദാന്‍ മാസത്തിലെ അവസാന പത്തുരാവുകള്‍ അതിവിശിഷ്ട രാവുകളാണ്. ഈ പത്തില്‍പ്പെട്ട ഒന്നാണ് ലൈലത്തുല്‍ ഖദ്‌റെന്ന മഹത്തര രാവ്. വിധി നിര്‍ണയത്തിന്റെ രാത്രി എന്ന് അര്‍ത്ഥമാക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ ഏതെന്ന് നിര്‍ണിതമല്ല. ആ മഹത്വം കരഗതമാക്കാന്‍ സത്യവിശ്വാസി പത്തുരാവുകളും ആരാധനാപൂര്‍ണമാകേണ്ടിയിരിക്കുന്നു. കാരണം ലൈലത്തുല്‍ ഖദ്‌റിലെ ഒരു സല്‍ക്കര്‍മ്മത്തിന് 83 വര്‍ഷവും നാലും മാസവും (ആയിരം മാസം) തുടരെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തതിനേക്കാള്‍ പ്രതിഫലമുണ്ട്. മാത്രമല്ല ആ രാവില്‍ പ്രഭാതം വിടരുവോളം അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക കരുണയും പരിരക്ഷയു ഭൂമിയിലേക്ക് ഇറങ്ങുന്നതായിരിക്കും. 

അല്ലാഹു തന്നെ പറയുന്നുണ്ട് : ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ്. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ കല്‍പനപ്രകാരം എല്ലാ കാര്യവും കൊണ്ട് അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമായിരിക്കുന്നതാണ് (ഖുര്‍ആന്‍, സൂറത്തുല്‍ ഖദ് ര്‍ 2,3,4,5). 

ലൈലത്തുല്‍ ഖദ്‌റിലാണ് അല്ലാഹു പരിശുദ്ധ ഖുര്‍ആന്‍ ഇറക്കിയതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് : നിശ്ചയമായും ഒരു അനുഗ്രഹീത രാത്രിയില്‍ നാം അത് അവതരിപ്പിച്ചു (സൂറത്തു ദ്ദുഖാന്‍ 2). ആ രാവില്‍ തന്നെയാണ് അല്ലാഹു പ്രവഞ്ചത്തിലെ സകലതിന്റെയും ആയുസ്സുകളും ഉപജീവനങ്ങളും കണക്കാക്കിക്കുറിക്കുന്നത് : യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ വേര്‍തിരിച്ചുവിവരിക്കപ്പെടുന്നുണ്ട് (ഖുര്‍ആന്‍, സൂറത്തു ദ്ദുഖാന്‍ 4).

ലൈലത്തുല്‍ ഖദ്‌റില്‍ പ്രാര്‍ത്ഥിക്കുന്നവന് അല്ലാഹു ഉത്തരം നല്‍കിയിരിക്കും, കേണപേക്ഷിക്കുന്നവന് പ്രായശ്ചിത്തവും നല്‍കിയിരിക്കും. ഇത്രയേറെ പവിത്രതയുള്ള രാത്രിയെ ആരാധനകളും പുണ്യപ്രവര്‍ത്തനങ്ങളും ചെയ്ത് മുതലാക്കാനും നാഥനിലേക്ക് അടുക്കാനുമാണ് ഇസ്ലാം മതം പ്രചോദിപ്പിക്കുന്നത്. 

ലൈലത്തുല്‍ ഖദ്‌റിനെക്കുറച്ച് പ്രവാചകര്‍ നബി (സ്വ) പറയുന്നു: ഒരുത്തന് ലൈലത്തുല്‍ ഖദ്ര്‍ നഷ്ടമായാല്‍ സകല നന്മകളും അവനിക്ക് വിനഷ്ടമായിരിക്കുന്നു, ഹതഭാഗ്യര്‍ക്ക് മാത്രമേ ആ രാവിനെ ഉപയോഗപ്പെടുത്താനാവാതെ നഷ്ടപ്പെടുകയുള്ളൂ (ഹദീസ് ഇബ്‌നു മാജ 1644).

ഒരിക്കല്‍ പ്രിയപത്‌നി ആയിശാ ബീബി (റ) നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: തിരുദൂതരേ, ലൈലത്തുല്‍ ഖദ്ര്‍ ഏത് രാത്രിയിലാണെന്ന് എനിക്ക് അറിയുകയാണെങ്കില്‍ ആ രാത്രിയില്‍ ഞാന്‍ എന്താണ് ചൊല്ലേണ്ടത് ? നബി (സ്വ) പറഞ്ഞു: 'അല്ലാഹുവേ, നീ മാപ്പു നല്‍കുന്നവനാണ്, മാപ്പു നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, നീ എനിക്ക് മാപ്പു നല്‍കണമേ' എന്ന് പ്രാര്‍ത്ഥിക്കണം (ഹദീസ് തുര്‍മുദി 3515, ഇബ്‌നു മാജ 3850). 

റമദാനിലെ അവസാന പത്ത് ദിവസങ്ങള്‍ മാപ്പപേക്ഷിക്കലിന്റെയും ഖേദിച്ചുമടങ്ങുന്നതിന്റെയും നരകമോചനം തേടുന്നതിന്റെയും ദിനരാത്രങ്ങളാണല്ലൊ. ആ പത്തിലെ ലൈലത്തുല്‍ ഖദ്ര്‍ രാവ് അല്ലാഹുവോട് മാപ്പിരക്കാന്‍ ഏതുകൊണ്ടും അനുയോജ്യവുമാണ്. സൃഷ്ടാവായ അല്ലാഹു ഏറ്റവും കൂടുതല്‍ പൊറുത്തുതരുന്നവനും വിടുതി നല്‍കുന്നവനുമാണ്. സൃഷ്ടികള്‍ പരസ്പരം വിടുതിയും വിട്ടുവീഴ്ചയും നല്‍കുന്നതിനെയും അല്ലാഹു ഇഷ്ടപ്പെടുന്നു. അല്ലാഹു തന്നെ പറയുന്നു: നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യലാണ് ഭയഭക്തിയോട് ഏറ്റവും അടുത്തത്. പരസ്പരമുള്ള ഔദാര്യത്തെ നിങ്ങള്‍ മറന്നു കളയരുത്. നിങ്ങള്‍ എന്തു ചെയ്യുന്നുവോ അതിനെ നിശ്ചയമായും അല്ലാഹു കാണുന്നവനാകുന്നു (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 237).

പാപദോഷങ്ങളില്‍ നിന്ന് മോക്ഷം തേടി പശ്ചാത്തപിച്ചു മടങ്ങുന്നവനിക്കുള്ള സുവര്‍ണാവസരമാണ് ലൈലത്തുല്‍ ഖദ്ര്‍. തൗബ (പശ്ചാത്താപം) സ്വീകരിക്കുന്നവനാണല്ലൊ അല്ലാഹു. ഖുര്‍ആന്‍ വിവരിക്കുന്നു: അല്ലാഹു തന്റെ അടിമകളില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. അവന്‍ ദുഷ്‌കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു (സൂറത്തുല്‍ ശൂറാ 25). 

ലൈലത്തുല്‍ ഖദ്‌റിലെ തൗബ ഏതുവിധേനയും സ്വീകാര്യയോഗ്യമായിരിക്കും. അല്ലാഹുവില്‍ നിന്നുള്ള വിടുതി തേടിയുള്ള പ്രാര്‍ത്ഥനയും നമസ്‌ക്കാരവും അധികരിപ്പിച്ചുകൊണ്ടാണ് ലൈലത്തുല്‍ ഖദ്ര്‍ രാവിനെ ഉപയോഗപ്പെടുത്തേണ്ടത്. ലൈലത്തുല്‍ ഖദ്‌റിലെ ഖിയാമുലൈലി (രാത്രി നമസ്‌ക്കാരം)നെ നബി (സ്വ) ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 

നബി (സ്വ) പറയുന്നു: ഒരുത്തന്‍ ദൃഡവിശ്വാസത്തോടെയും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ഇഛിച്ചുകൊണ്ടും ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ നമസ്‌ക്കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ ദോഷങ്ങളൊക്കെയും പൊറുക്കപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം).

അബൂ ഉമാമ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരാള്‍ നബി (സ്വ)യുടെ അടുക്കല്‍ വന്ന് താന്‍ കുറേ ദോഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ബോധിപ്പിക്കുകയുണ്ടായി. നബി (സ്വ) അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ വരുന്ന സമയത്ത് അംഗശുദ്ധി (വുളൂഅ്) ചെയ്തിരുന്നോ? അദ്ദേഹം: അതെ. നബി (സ്വ) വീണ്ടും ചോദിച്ചു: ഞങ്ങള്‍ നമസ്‌ക്കരിച്ചപ്പോള്‍ കൂടെ താങ്കളും നമസ്‌ക്കരിച്ചിരുന്നോ? അദ്ദേഹം: അതെ. അപ്പോള്‍ നബി (സ്വ) പറഞ്ഞു: താങ്കള്‍ പോവുക, തീര്‍ച്ചയായും അല്ലാഹു താങ്കള്‍ക്ക് പൊറുത്തുത്തന്നിരിക്കുന്നു (ഹദീസ് അബൂദാവൂദ് 4381, അഹ്മദ് 22946).

ഈ പുണ്യരാവില്‍ മനുഷ്യന്‍ മനസ്സും ശരീരവും ശുദ്ധീകരിച്ച് സൃഷ്ടികളോട് അസൂയയും വിദ്വേഷവുമില്ലാതെ സൃഷ്ടാവിലേക്ക് മുന്നിടേണ്ടിയിരിക്കുന്നു. രണ്ടു സത്യവിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കം കാരണമാണല്ലൊ ലൈലത്തുല്‍ ഖദ്ര്‍ ഏത് രാത്രിയെന്ന് നിര്‍ണിതമാവാതെപോയത്. 

അബൂ ഉബാദത്തു ബ്‌നുല്‍ സ്വാമിത് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി (സ്വ) ലൈലത്തുല്‍ ഖദ്ര്‍ ഏത് ദിവസത്തിലെ രാത്രിയാണെന്ന് ജനങ്ങള്‍ക്ക് അറിയിച്ചുക്കൊടുക്കാന്‍ പുറപ്പെടുകയുണ്ടായി. അപ്പോള്‍ രണ്ടു വിശ്വാസികള്‍ പരസ്പരം തര്‍ക്കിച്ച് അടികൂടുന്നത് കണ്ടു. അങ്ങനെ നബി (സ്വ) പറഞ്ഞു: ഞാന്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് പറഞ്ഞുത്തരാന്‍ നിങ്ങളിലേക്ക് പുറപ്പെട്ടതാണ്. രണ്ടുപേര്‍ കലഹിച്ചതോടെ ആ അറിവ് എന്നില്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു (ഹദീസ് ബുഖാരി 49). 

തര്‍ക്കം ഒഴിവാക്കാനും, വിട്ടുവീഴ്ചയും സഹിഷ്ണുതയും ശീലമാക്കാനുമാണ് മേല്‍ തിരുവചനത്തിന്റെ താല്‍പര്യം. വിട്ടുവീഴ്ചാ മനോഭാവമുള്ള അടിമകളെ അല്ലാഹു ഇഷ്ടപ്പെടുന്നതായിരിക്കും. അല്ലാഹു പറയുന്നു: അവര്‍ക്ക് മാപ്പ് കൊടുക്കുകയും വിട്ടുവീഴ്ച നല്‍കുകയും ചെയ്യുക. നിശ്ചയമായും പുണ്യം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ് (ഖുര്‍ആന്‍, സൂറത്തുല്‍ മാഇദ 13). 

അല്ലാഹുവില്‍ നിന്നുള്ള വിടുതി കാംക്ഷിച്ചുകൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇടപാടുകളില്‍ വിട്ടുവീഴ്ച ചെയ്യലും ശ്രേഷ്ഠകാര്യമാണ്. നബി (സ്വ) പറയുന്നു: ഒരു വ്യാപാരി ജനങ്ങള്‍ക്ക് കടം നല്‍യിരുന്നു. ഒരിക്കല്‍ അയാള്‍ ബാധ്യത വീട്ടാനാവാത്ത ഒരു അവശനെ കടയിലേക്ക് വരുന്നത് കണ്ടപ്പോള്‍ യുവാക്കളായ ജീവനക്കാരോട് പറഞ്ഞു: അയാള്‍ക്ക് നിങ്ങള്‍ക്ക് വിടുതി നല്‍കുക, അല്ലാഹു നമ്മുക്ക് വിടുതി നല്‍കിയേക്കാം. അങ്ങനെ അല്ലാഹു ആ വ്യാപാരിക്ക് വിട്ടുവീഴ്ച നല്‍കുകയും ചെയ്തിട്ടുണ്ട് ( ഹദീസ് ബുഖാരി, മുസ്ലിം).

റമദാനിലെ പുണ്യദിനരാത്രങ്ങള്‍ അവസാനിക്കുന്നതോടെ, ശവ്വാല്‍പ്പിറയോടെ ഈദുല്‍ ഫിത്വ്ര്‍ വരവായി. ആ വേളയില്‍ റമദാനില്‍ ജീവിച്ച എല്ലാ സത്യവിശ്വാസികള്‍ക്കും നിര്‍ബന്ധമായ ദാനമാണ് ഫിത്വ്ര്‍ സകാത്ത്. ചെറിയവരും മുതിര്‍ന്നവരും സകാത്തിന് അര്‍ഹരായവര്‍ക്കാണ് നല്‍കേണ്ടത്. ആശ്രിതരുടെ ഫിത്വ്ര്‍ സകാത്ത് കുടുംബനാഥന്‍ നല്‍കണം. നിശ്ചിത അളവില്‍ നാട്ടിലെ മുഖ്യ ധാന്യാഹാരമാണ് നല്‍കേണ്ടത്. നബി (സ്വ) ഒരു സ്വാഅ് (3.200 ലിറ്റര്‍, രണ്ടര കിലോ ഗ്രാം മുതല്‍ 3 കിലോ ഗ്രാം വരെ) കാരക്കയോ ബാര്‍ളിയോ ആയിരുന്നു ഫിത്വര്‍ സകാത്തായി നല്‍കാന്‍ നിര്‍ബന്ധമാക്കിയിരുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് അവ നല്‍കാന്‍  നബി (സ്വ) സ്വഹാബികളോട് കല്‍പ്പിച്ചിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). 

ഫിത്വ്ര്‍ സകാത്ത് വിലമതിച്ച് നാണയമായി നല്‍കാമെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശാഫിഈ മദ്ഹബില്‍ ധാന്യത്തിന് പകരം വിലകൊടുത്താല്‍ മതിയാവില്ലയെന്നതാണ് ഏകകണ്ഠാഭിപ്രായം). അങ്ങനെയാണെങ്കില്‍ യുഎഇയില്‍ ഇരുപത് ദിര്‍ഹമാണ് നല്‍കേണ്ടത്. പെരുന്നാള്‍ നമസ്‌ക്കാരത്തോടെ ഫിത്വ് ര്‍ സകാത്തിന്റെ സമയം അവസാനിക്കും. സ്വഹാബികള്‍ പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഫിത്വ്ര്‍ സകാത്ത് നല്‍കിയിരുന്നു (ഹദീസ് ബുഖാരി 1511)