ഹെഡ്ഗവാറിന്റെ മതരാഷ്ട്രീയവാദത്തിലെ അപകടങ്ങള്‍ ഇനിയും തിരിച്ചറിയാത്തവരോ?

സലീം ദേളി

13 June, 2018

+ -
image

ദേശീയ പ്രസ്ഥാനത്തെ പ്രശ്നവല്‍ക്കരിക്കുകയെന്നതാണ് പുതിയ അധസ്ഥിത ചരിത്ര വിജ്ഞാനീയത്തെ സാധ്യമാക്കുന്ന ചരിത്രപരമായ വഴി. ചില വൈകല്യങ്ങള്‍ സൃഷ്ടിച്ച് ചരിത്രപരമായി രാഷ്ട്രീയ ആയുധമാക്കുക എന്നത് ആര്‍.എസ്.എസിന്റെ നീണ്ടകാല പ്രോപഗണ്ടകളിലൊന്നാണ്. 

സമുന്നതനായ കോണ്‍ഗ്രസ് നേതാവായിരിക്കെ പരിപൂര്‍ണ്ണ അര്‍ഹതയോടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ ഉന്നത വ്യക്തിയാണ് പ്രണബ് മുഖര്‍ജി. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനമികവും രാഷ്ട്രീയ പാരമ്പര്യവും എതിരാളികളില്‍ നിന്ന് പോലും ആദരവ് പിടിച്ചുപറ്റി. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരോടൊപ്പം അടുത്തിടപഴകി രാഷ്ട്രീയ ചാണക്യങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് കാര്യപ്രാപ്തിയുള്ള നേതാവായി വളര്‍ന്നു. അതുകൊണ്ട് തന്നെയാണ് ലിബറല്‍ മതേതര വിശ്വാസികള്‍ക്ക് പ്രണബ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ പോയത് അലോസരപ്പെടുത്തുന്നത്.

എന്നാല്‍ കേശവ ബലിറാം ഹെഡ്ഗേവാറിനെ ഇന്ത്യയുടെ മഹത് പുത്രനായി വിശേഷിപ്പിച്ച് സന്ദര്‍ഷക ഡയറിയില്‍ കുറിച്ചിട്ടത് ചരിത്രപരമായി നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. 

ഭിന്നിപ്പിന്റെ വൈരങ്ങളുയര്‍ത്തി പൗരാണിക ഭാരതീയ ചരിത്രങ്ങളെ തമസ്‌കരിക്കുകയും വിദ്വേഷത്തിന്റെ പ്രണിത വര്‍ഗീയ ചിന്തകളെ ഇന്ത്യന്‍ മണ്ണില്‍ വളരാന്‍ വളമൊരുക്കിയ നേതാവിനെ മഹാപുത്രനാക്കി വിശേഷിപ്പിച്ചത് തികച്ചും അവാസ്തവമായിട്ടുള്ളതാണ്. 

ഇന്ത്യന്‍ മതേതരത്വത്തെ ആര്‍.എസ്.എസ് കവലയില്‍ വില്‍ക്കുന്ന പലരില്‍ ഒരാള്‍ മാത്രമാണ് ഇനി പ്രണബ് മുഖര്‍ജി. ഇന്ത്യന്‍ ഫാസിസത്തിന്റെ ആദ്യത്തെ ബര്‍സംഘ് ചാലകിനെ ഭാരതത്തിന്റെ ആത്മാവിനോളം വളര്‍ത്തി പ്രകീര്‍ത്തിച്ച വാക്കുകള്‍ ചരിത്രത്തിലെ ഗുരുതരമായ വിള്ളലുകളായിരിക്കും. പല നുണകളായി തലമുറകളില്‍ വ്യപിക്കും. ആര്‍.എസ്.എസിന്റെ മതേതര നാട്യങ്ങളെ ന്യായീകരിക്കാനുളള പരിശുദ്ധിയുടെ സര്‍ട്ടിഫിക്കറ്റുകളായി പില്‍ക്കാലത്ത് പ്രചരിപ്പിക്കപ്പെടും എന്നതിലും തര്‍ക്കാവശ്യമില്ല.

ഡോക്ടര്‍ജി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗോവര്‍ ആരാണെന്ന ചോദ്യം പുതു തലമുറയ്ക്കിടയില്‍ ഉയരുന്നുണ്ട്.
 

1920 കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളായിരുന്നു ഹെഡ്ഗോവര്‍. നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗവാക്കായി കുറച്ചുനാള്‍ ജയില്‍വാസവും നേരിട്ടു. ഈ കാലഘട്ടത്തിലാണ് തീവ്ര ഹിന്ദുത്വ വാദികളായ ബി.എസ് മുന്‍ജെ, വി.ഡി സവര്‍ക്കര്‍ എന്നിവരുമായി സൗഹൃദത്തിലാവുന്നത്. പിന്നീട് ഗാന്ധി മാര്‍ഗം ഇവര്‍ ഉപേക്ഷിക്കുകയും ഹിന്ദു ദേശീയവാദവുമായി രംഗത്ത് വരികയുമായിരുന്നു.

1925 ല്‍ രൂപീകരിച്ച ആര്‍.എസ്.എസിന്റെ ആദ്യ ബര്‍സംഘ് ചാലക് ആയിരുന്ന ഹെഡ്ഗോവര്‍ മതരാഷ്ട്ര സങ്കല്‍പ വാദത്തിന്റെ മാസ്റ്റര്‍ ബ്രയിനായിരുന്നു. ഇദ്ദേഹം മുന്നോട്ടുവച്ച ആശയധാരകളെയാണ് ആര്‍.എസ്.എസ് പിന്‍പറ്റുന്നത്. തികച്ചും മുസ്ലിം വിരോധം വെച്ചു പുലര്‍ത്തുന്ന ഇയാള്‍ മുസ്ലിംകളെ 'യവന പാമ്പുകള്‍' എന്നാണ് വിളിച്ചത്.

ഹിന്ദുത്വ സംസ്‌കാരത്തെ ഹിന്ദുത്വയുടെ മൂലമായി കണക്കാക്കി സാംസ്‌കാരിക ദേശീയതയെ വളര്‍ത്താനും അത് ഇന്ത്യയുടെ ദേശീയതയായി പരിവര്‍ത്തിപ്പിക്കാനുള്ള ആശയങ്ങള്‍ ഹെഡ്ഗോവറിന്റെയാണ്. അദ്ദേഹം പ്രവര്‍ത്തനം തുടങ്ങുന്നത് മുസ്സോളനിയെ കണ്ടുമുട്ടി തിരികെ എത്തിയതിന് ശേശം ഫാസിസ്റ്റ് ഓര്‍ഗനൈസേഷനുകളില്‍ അഭിരമിച്ച ബി.എസ് മൂഞ്ചയുടെ ശിഷ്യനായിട്ടാണ്. ഗുരുവിന്റെ ആരാധനാ മൂര്‍ത്തികളാണ് ഏകാധിപതികളായ ഹിറ്റലറും മുസ്സോളിനിയും. 

ആധുനിക ഇന്ത്യന്‍ ദേശീയതയെ ഹിന്ദു ദേശീയതയായി വ്യാഖ്യാനിക്കുന്ന നയം വംശീയ ദേശീയാധിഷ്ഠിത ദേശീയ വാദത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആധുനിക ദേശീയ വാദത്തെ വംശീയ ദേശീയ വാദത്തോട് സമന്വയിപ്പിക്കുന്ന അപകടകരമായ സാംസ്‌കാരിക, വംശീയ ദേശീയത ഇന്ത്യന്‍ മതേതര ലിബറല്‍ കെട്ടുറപ്പിന്റെ ഭദ്രതയെ സാരമായി ബാധിച്ചിട്ടുണ്ട്. ലെഫ്റ്റ് ലിബറല്‍ ചിന്താഗതിക്കാരനായ പ്രണബ് മുഖര്‍ജി അത്തരം കാര്യങ്ങളൊന്നും തിരിച്ചറിയാതെ അവിടെയെത്തിയ ആളല്ല. കൃത്യമായ ആര്‍.എസ്.എസ് രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് ഹെഡ്ഗോവറിനെ പരിശുദ്ധനാക്കിയതും പ്രകീര്‍ത്തിച്ചതും. 

അധസ്ഥിത പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും അഹിന്ദു വ്യവഹാരത്തിന്റെ വ്യാപനവും ഇന്ത്യയില്‍ നേരിടാന്‍ സുസജ്ജമായ ഒരു സൈന്യത്തെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം തന്നെയാണ് ഹെഡ്ഗോവറെ 'ഹിന്ദു സംഘടന'യ്ക്ക് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്. ബ്രാഹ്മണ-അബ്രാഹ്മണ സംഘര്‍ഷങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു. അബ്രാഹ്മണര്‍ ബ്രാഹ്മണരെ പരസ്യമായി ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമാണ് ഹെഡ്ഗോവറെ പ്രകോപിപ്പിച്ചത്. 1925ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകരിച്ച് വിഭാവനം ചെയ്തത് തന്നെ സമാന്തര സിവില്‍ സമൂഹമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഹിന്ദു സൈന്യത്തെയാണ്.

കൃത്യമായ ബ്രാഹ്മണിക് അജണ്ടയുള്ള, ജാതിവെറി പൊളിറ്റിക്കല്‍ പവറായി രൂപപ്പെടുത്തിയ സാംസ്‌കാരിക ഫാസിസത്തിന് അടിത്തറയിട്ട വംശീയ ദേശീയ വാദത്തെ വളര്‍ത്തി വര്‍ഗീയ മാനമുണ്ടാക്കി ഭാരതീയ ചിന്തകളുടെ ഭാഗവാക്കാനുള്ള കൃത്യമായ രാഷ്ട്രീയ അനൗചിത്യത്തെ പ്രചരിപ്പിച്ച ഹെഡ്ഗോവറിന് വിശ്വ വ്യക്തി പട്ടം ചാര്‍ത്തിയതിലൂടെ ബിംബാധിഷ്ഠിത ദേശീയവാദത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല പ്രണബ് ചെയ്തത് ഫാസിസത്തിന് മൂര്‍ച്ചയേറിയ ആയുധം കൈമാറുക എന്ന ഇക്കാലത്തെ ചരിത്രപരമായ ദൗത്യം എറ്റെടുത്ത് നടത്തുകയായിരുന്നു.

1923ല്‍ നാഗ്പൂരില്‍ ഹിന്ദുമഹാസഭ രൂപീകരിക്കുകയും ഗണേഷവോത്സവകത്തോടനുബന്ധിച്ച് ലഹളയും ആക്രമവും സംഘടിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്തതോടെയാണ് ഹെഡ്ഗോവര്‍ അറിയപ്പെടാന്‍ തുടങ്ങുന്നത്. ആര്‍.എസ്.എസിന്റെ ഔദ്യോഗിക ചരിത്രമെഴുതിയ ഡി.ആര്‍ ഘോയല്‍ തന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ആദ്യകാല പ്രചാരകരിലൊരാളായ വസന്തറാവു ഓക്ക് ഒരഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത്, 'മുസ്ലിം പള്ളികള്‍ക്ക് മുമ്പില്‍ ഡ്രംകെട്ടി കുഴപ്പമുണ്ടാക്കുകയും ഗണേശ മേളകളില്‍ ലഹളയുണ്ടാക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലക്കാണ് ഞാന്‍ ഹെഡ്ഗോവറിനെ പറ്റി കേള്‍ക്കുന്നത്'.

1926 ഏപ്രിലില്‍ നാഗ്പൂരിലെ രാമനവമി ആഘോഷത്തോടെയാണ് ഹെഡ്ഗോവറിന്റെ കുപ്രസിദ്ധി ഉയരുന്നത്. ആര്‍.എസ്.എസിന്റെ ആദ്യ പൊതുപരിപാടി കൂടിയാണത്. റാംതെക്ക് ക്ഷേത്ര മൈതാനിയിലാണ് രാമനവമി നടക്കുന്നത്. കാക്കി നിക്കറും വെള്ള ഉടുപ്പും കറുത്ത തൊപ്പിയും ധരിച്ച് ഹെഡ്ഗോവറിന്റെ സന്നദ്ധ സൈനീകരാണ് പട്ടാള ചിട്ടയില്‍ മാര്‍ച്ചിനെ നിയന്ത്രിച്ചത്. ഈ വേഷം പിന്നീട് ആര്‍.എസ്.എസിന്റെ ഔദ്യോഗിക യൂണിഫോമായി.

      എന്റെ കണ്‍മുന്നില്‍ ഹിന്ദു രാഷ്ട്രത്തിന്റെ ചെറുരൂപം കാണുന്നു എന്ന് 1940ല്‍ പ്രഖ്യാപിച്ച തീവ്രഹൈന്ദവ ദേശീയവാദി സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഹെഡ്ഗോവര്‍ ഒന്നും പറയാതിരിക്കാന്‍ ശ്രദ്ധിച്ചു എന്ന് ജീവചരിത്രകാരന്‍ സി.പി ഭിഷികാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ സ്വരാജുമായി അദ്ദേഹം സഹകരിച്ചിട്ടില്ല. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

       തികഞ്ഞ അരാഷ്ട്രീയ വാദിയായ ഒരാളുടെ ഓര്‍മ്മകളെ പൂവിട്ട് സ്വീകരിക്കുന്നതിലൂടെ പ്രണബ് മുഖര്‍ജി സാക്ഷ്യപ്പെടുത്തിയത് ആര്‍.എസ്.എസ് ഇന്ത്യയുടെ ദേശീയ താല്‍പര്യത്തിന് ആവശ്യമാണെന്ന പില്‍ക്കാല പ്രചരണത്തിന്റെ വാഹകരെയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആര്‍.എസ്.എസ് ബന്ധങ്ങളും രാജ്യത്ത് നടത്തിയ രാഷ്ട്രീയ മറകളും നാള്‍ക്കുനാള്‍ വിചാരണ ചെയ്യപ്പെടുന്ന വേളയില്‍ ഒരിക്കലും പ്രതീക്ഷിക്കാതെ മതേതര മൂല്ല്യങ്ങള്‍ സംരക്ഷിക്കുന്ന ഒരാള്‍ എന്ന ലേബല്‍ ഇത്രനാള്‍ കൊണ്ടുനടന്ന പ്രണബിന്റെ സന്ദര്‍ശനവും വാഴ്ത്തലും തികഞ്ഞ അരാഷ്ട്രീയ നീക്കമാണ്. 

തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തെ പിടിമുറുക്കുന്നു എന്നുള്ള അവസാന സൂചനയാണിത്. കൃത്യമായ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് പ്രണബ് അറിഞ്ഞു കൊണ്ട് തന്നെ തലയാട്ടിയിരിക്കുന്നു,