ജനരക്ഷക്ക് ഊരുതെണ്ടുന്നവര്‍ക്കറിയുമോ രാജാവ് നഗ്നനാണെന്ന്?!

സിദ്ദീഖ് നദ്‌വി ചേറൂര്‍

12 October, 2017

+ -
image

എന്താണ് എല്ലാവരും അമിത് ഷായുടെ മകന്റെ വരുമാനം 16000 ഇരട്ടി വര്‍ധിച്ചതിനെപ്പറ്റി മാത്രം സംസാരിക്കുന്നു? അയാള്‍ സമര്‍ത്ഥനായ അച്ഛന്റെ അതിസമര്‍ത്ഥനായ മകനാണെന്ന് മനസിലാക്കിയാല്‍ മതി. രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് വരുമാനക്കണക്ക് നല്‍കിയപ്പോള്‍ അമിത് ഷായുടെ വരൂമാനം തൊട്ടു മുമ്പത്തെ ഇലക്ഷനില്‍ നല്‍കിയ കണക്കിനേക്കാള്‍ 300 ശതമാനം കൂടുതലാണെന്ന് അന്ന് പത്രങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

പക്ഷെ,വലിയ വിവാദമൊന്നും നിലനിന്നില്ല. ഇപ്പോള്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ 300 ശതമാനം വര്‍ധിപ്പിച്ച അച്ഛന്റെ പാത പിന്തുടര്‍ന്നു അതിസമര്‍ത്ഥനായ മകന്‍ 16000 ഇരട്ടി ലാഭം ഉണ്ടാക്കിയിരിക്കുന്നു. അത്രയേ ഉള്ളൂ. പാര്‍ട്ടിയേയും രാജ്യത്തേയും സേവിക്കുന്ന തിരക്കിനിടയിലും ഇത്രയെങ്കിലും സ്വന്തം ഭാവിക്ക് വേണ്ടി ചെയ്തു വയ്ക്കാന്‍ അവസരവും സന്‍മനസും ഉണ്ടായതില്‍ അവരെ അഭിനന്ദിക്കു യല്ലേ വേണ്ടത്? 

മോദി വാഴ്ചയുടെ ഗുണഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടത് കോര്‍പ്പറേറ്റ് മുതലാളിമാരാണ്. കാരണം അവര് ഏറെ കഷ്ടപ്പെട്ടാണ് ഇങ്ങനെയൊരു മാറ്റം ഉണ്ടാക്കിയത്. അതിന്റെ ഫലം ശരിക്കും ലഭിക്കയും ചെയ്യുന്നുണ്ട്. കഴിഞ്ഞാഴ്ച പുറത്ത് വന്ന കണക്കനുസരിച്ച് അംബാനിയുടേയും അദാനിയുടേയും വരുമാന വര്‍ധനവ് കണ്ടില്ലേ? രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുമ്പോലും അവരുടെ സമ്പാദ്യം മേലോട്ട് തന്നെ . 

പിന്നെ കുട്ടത്തില്‍ മോദിയുടെ ഇടത്തും വലത്തും ഇരുന്ന് എല്ലാം സഹിക്കുന്ന നേതാക്കള്‍ക്കും ചില്ലറ നേട്ടമൊക്കെ വേണ്ടേ? അതിലെന്തിനാണ് ഓരോരുത്തര്‍ ഇങ്ങനെ കെറുമ്പിക്കുന്നത്? 

നിങ്ങള്‍ക്കും വേണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നോളൂ. കോഴയും കമീഷനും കൈക്കൂലിയൊക്കെ എന്തങ്കിലും തടയാതിരിക്കില്ല. സ്ഥാനമാനങ്ങള്‍ ഇന്നലെ വന്നവര്‍ തട്ടിയെടുത്താലെന്താ? കയ്യില്‍ തടയുന്നതിന് തടസമൊന്നും ഉണ്ടാവില്ല. പ്രസിഡന്റും മകനും  നേടുന്നത് പോലെ തന്നെ തങ്ങള്‍ക്കും കിട്ടണമെന്ന് വാശി പിടിക്കരുത്. എല്ലാം ശരിയാകും. അച്ചേ ദിന്‍ വന്നു കൊണ്ടിരിക്കുന്നു. സ്വന്തക്കാര്‍, ബന്ധ ക്കാര്‍, പിന്നെ മാലോകര്‍, അങ്ങനെ അല്‍പ്പം ഔചിത്യബോധമൊക്കെ വേണ്ടേ?

അന്ന് വിദേശത്തെ കള്ളപ്പണം ഇന്ത്യയിലെത്തിച്ചു എല്ലാവരുടെയും അക്കോണ്ടില്‍ നിക്ഷേപിക്കമെന്ന് പറഞ്ഞതല്ലേ? അത് മോദി മറന്നതല്ല. ഭരണത്തിലെത്തിയപ്പോഴല്ലേ കാര്യങ്ങള്‍ വിചാരിച്ച പോലെ എളുപ്പമല്ലെന്ന് മനസിലായത് ! അതില്‍ തൊട്ടാല്‍ കൈ പൊള്ളും. എന്ന് വച്ച് വാഗ്ദാനം നിറവേറ്റാതിരിക്കാന്‍ പറ്റുമോ? അതിനാണ്   പെട്രോള്‍ ഡിസല്‍ വില വര്‍ധിപ്പിക്കേണ്ടി വന്നത്. എല്ലാം കൂടി വിദേശ കള്ളപ്പണത്തിന് സമാനമായ ഒരു തുക പിരിഞ്ഞു കിട്ടട്ടെ. അപ്പോള്‍ അത് വീതം വച്ചു എല്ലാ ഭിക്ഷാ പാത്രത്തിലും ഇട്ടു തരും. കട്ടായം. പക്ഷെ, അത് വരെ ഭരിക്കാന്‍ അവസരം തരണം.
 
എന്നാല്‍ ചില ദേശവിരുദ്ധ ശക്തികള്‍ തങ്ങള്‍ക്ക് പാര പണിയാന്‍ തുടങ്ങിയെന്ന് കേള്‍ക്കുന്നു. അവരെ പിന്തിരിപ്പിക്കേണ്ട ബാധ്യത  രാജ്യ സ്റ്റേഹികളായ ജനങള്‍ക്കുണ്ട്. അതില്‍ അവര്‍ വിജയിച്ചാലേ വാക്ക് പാലിക്കാന്‍ കഴിയു. അത് വരെ ഞങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും കയ്യില്‍ തടയുന്നത്  ഊരിയെടുക്കട്ടെ. ആ ഒരു ചിന്താഗതിയിലാണിന്ന് അമിത് ഷായും കൂട്ടരും നിലകൊള്ളുന്നത്. ഇത് രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ജനരക്ഷക്കു വേണ്ടി യാത്ര നടത്തുന്നവരോട് രാജാവ് നഗ്നനാണെന്നു പറയാന്‍ സമയമതിക്രമിച്ചിരിക്കുന്നു.