ദയാവധാനുമതി ദൈവ വിധിക്കുനേരെയുള്ള കടന്നുകയറ്റം

സവാദ് ഹുദവി കട്ടക്കാല്‍

12 March, 2018

+ -
image

അന്തസ്സുള്ള മരണം പൗരന്റെ അവകാശമാണെന്ന് പറഞ്ഞാണ് ഇന്നലെ രാജ്യത്തിന്റെ പരമോന്നത നീതിപീഠം ചരിത്ര വിധി പ്രഖ്യാപിച്ചത്. ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഈ ചരിത്ര വിധി പ്രസ്താവിക്കുമ്പോള്‍ പരമോന്നത കോടതി മറന്നു പോയത് ദൈവത്തെ തന്നെയാണ്. ഒരു മനുഷ്യന് ജീവന്‍ നല്‍കാനും ജീവനെടുക്കാനം അര്‍ഹത പടച്ചവന് മാത്രം അര്‍ഹതപ്പെട്ടതാണ് അതിനെതിരില്‍ സുപ്രീം കോടതി എന്നല്ല ലോക കോടതി വിധി പറഞ്ഞാലും അതു ദൈവ വിധിക്കുമേലുള്ള കടന്നു കയറ്റം തന്നെയാണ്.

കാലങ്ങളോളം മരണ ശയ്യയില്‍ കിടന്നവരും, വെന്റിലേറ്ററില്‍ കിടന്നവരും അത്ഭുതങ്ങളോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്, ഒരു അസുഖമില്ലാതെ പലരും മരണത്തിന് മുന്നില്‍ കീഴടങ്ങിയിട്ടുമുണ്ട്. ഇതൊക്കെ ദൈവ വിധിയിലുള്ള ചില അത്ഭുതങ്ങളാണ്. അത് കൊണ്ട് ജീവിതത്തിലേക്ക് മടങ്ങിവരാത്തവര്‍ക്ക് കുടുംബവും ഹോസ്പിറ്റല്‍ അധികൃതരും സമ്മതം നല്‍ികയാല്‍ അത് ദയാവധത്തിനുള്ള അനുമതിയായി പ്രഖ്യാപിക്കുമ്പോള്‍ ഇവര്‍ മരണത്തിലേക്ക് തിരിച്ചു വരില്ലെന്ന് വിധിയെഴുതാന്‍ ആര്‍ക്കാണ് അവകാശമുള്ളത്. ഈ ചരിത്ര വിധി മനുഷ്യന്റെ ജീവിക്കാനുള്ള അനുമിതിക്ക് മേലുള്ള കടന്നു കയറ്റവും കൂടിയല്ലേ?.

മണിപ്പൂരിന്റെ ഉരുക്കു വനിത ഈറോളം ശര്‍മിള മാത്രം പോരേ ഇതിനൊക്കെ ഉദാഹരണം പറയാന്‍. 2000 നവംബര്‍ അഞ്ചിന് അഫ്‌സ്പ ആക്ടിനെതിരില്‍ തുടങ്ങിയ നിരാഹാര സമരം 2016 ആഗസ്റ്റ് 9 നാണ് അവസാനിപ്പിക്കുന്നത്. ഏകദേശം 500 ആഴ്ച്ചകളാണ് ഭക്ഷണ പാനീയങ്ങള്‍ ത്യജിച്ചത് ശയ്യയില്‍ കിടന്നത്. അന്ന് പലരും ദയാവധത്തിനുള്ള മുറവിളി കൂട്ടിയപ്പോഴും ഹരജികള്‍ കോടതിയിലെത്തിയപ്പോഴും കോടതി തന്നെയായിരുന്നു തടഞ്ഞത്. അന്ന് അവരെ മരണത്തിന് വിട്ട് കൊടുത്തിരുന്നെങ്കില്‍ ഇന്ന് രാജ്യത്തിന് നികത്താനാവത്ത നഷ്ടമാകുമായിരുന്നു. ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തനവുമായി അവര്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. 

ദൈവ വിധിയിലെ മറ്റൊരു അത്ഭതമാണ് സ്റ്റീഫന്‍ ഹോക്കിംഗ്‌സ് എന്ന ശാസ്ത്രജ്ഞന്‍. ഇപ്പോഴും ശരീരം ചലനമറ്റ രീതിയില്‍ കേവലം കംപ്യൂട്ടറിന്റെ സഹായത്തോടെ ജീവിക്കുന്ന അദ്ദേഹത്തിന്റെ രോഗത്തിന്റെ പ്രത്യേകത തന്നെ ആരോഗ്യ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നാഡീ കോശങ്ങളെ തന്നെ തളര്‍ത്തുന്ന അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്) എന്ന മാരക രോഗം ബാധിച്ച ഒരു രോഗിക്ക് ശാസ്ത്ര ലോകം നല്‍കുന്ന ആയുസ്സ് കേവലം നാല് വര്‍ഷം മാത്രമാണ്. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദൈവത്തിന്റെ സമ്മാനമെന്നോണം അദ്ദേഹം ഇന്നും ശാസ്ത്ര ലോകം നിയന്ത്രിക്കുന്നുണ്ട്. ഇവിടെയും ദൈവ വിധിയുടെ അത്ഭുതം നാം ദര്‍ശിക്കുന്നു.

മംഗലാപുരത്ത് നിന്നും മുംബൈയിലേക്ക് പോവുന്ന വഴിയില്‍ പൂനയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മരിച്ചു എന്നു വിധിയെഴുതിയ അബ്ദുല്‍ ജബ്ബാര്‍ എന്ന സഹോദരന്‍ മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി തലയ്ക്കടിയേറ്റപ്പോള്‍ കൈ ചലനം ദര്‍ശിച്ച ഡോക്ടര്‍മാര്‍ നേരെ ഐ സി യുവിലേക്ക് പ്രവേശിപ്പിക്കുകയും നിലവില്‍ മൂന്നു മക്കളുടെ പിതാവായി സന്തോഷത്തോടെ പ്രവാസ ലോകത്ത് ജീവിക്കുന്നുണ്ട്. പോസ്റ്റു മോര്‍ട്ടത്തിനായുള്ള അടിയില്‍ തന്റെ ഒരു കണ്ണിന്റെ കാഴ്ച്ച പോലും അദ്ദേഹത്തിന് നഷ്ടപ്പെടുകയുണ്ടായി. ഇദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ ചാനലുകളില്‍ നാം ദര്‍ശിച്ചു കാണും. ഇതും ദൈവത്തിന്റെ അപൂര്‍വ്വ വിധിയുടെ മറ്റൊരു ഉദാഹരണം.

ശരീരം പ്രവര്‍ത്തിക്കാന്‍ രണ്ടാലൊരു കിഡ്‌നി ആവശ്യമായിരിക്കേ രണ്ടും പ്രവര്‍ത്തന രഹിതമായിട്ടും വര്‍ഷങ്ങളോളം ജീവിച്ച കേരളത്തിലെ ഒരു പണ്ഡിതനെ ഈ കുറിപ്പുകാരന് തന്നെ അറിയാവുന്നതാണ്. മംഗലാപുരത്ത് അദ്ദേഹത്തെ ചികിത്സിച്ച പല ഡോക്ടര്‍മാരും വിശേഷിപ്പിച്ചത് അദ്ദേഹം ദൈവത്തിന്റെ സമ്മാനമെന്നാണ്. 90 വര്‍ഷത്തോളം ഒരു ജില്ലയ്ക്ക് തന്നെ വിളക്കായ് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു.

ദൈവ വിധിയിലെ ഇത്തരം അത്ഭുതങ്ങള്‍ ശാസ്ത്ര ലോകത്തിനും നിയമ ലോകത്തിനും ജനങ്ങള്‍ക്കും വായിച്ചെടുക്കാന്‍ സാധ്യമല്ലെന്നിരിക്കെ ഇങ്ങനെയൊരു വിധി പ്രസ്താവം ബഹുമാനപ്പെട്ട കോടതിയുടെ വങ്കത്തരമായ ഒരു വിധിപ്രസ്താവമായിപ്പോയി. ഒരു പൗരന്റെ അന്തസുള്ള മരണത്തിന് രാജ്യം അനുമതി നല്‍കുമ്പോള്‍ അവിടെ നിഷേധിക്കുന്നത് അവനിക്ക് അവകാശപ്പെട്ട ആയുസ്സാണ്.

ഈ വിധിയിലെ പേടിപ്പെടുത്തുന്ന മറ്റൊരു സത്യം എത്രമാത്രം ഇത് ചൂഷണം ചെയ്യപ്പെടുമെന്നതാണ്. ആരോഗ്യ മേഖല വലിയൊരു കച്ചവടമായി മാറിയ കാലത്ത് ഇത്തരമൊരു വിധി പ്രസ്താവം പലരുടെയും ജീവന് തന്നെ ഭീഷണിയാവുമെന്ന കാര്യത്തില്‍ സംശയമില്ല, കാരണം വിദ്വേഷങ്ങളും വൈരാഗ്യങ്ങളും അതിലുപരി ആരോഗ്യമേഖലയിലുള്ള കച്ചവട താത്പര്യങ്ങളും ഇത്തരത്തിലുള്ള നിയമം ചൂഷണത്തിലൂടെ നടപ്പിലാക്കാന്‍ പ്രേരിതപ്പെടുത്തും.

 ചൂഷണമാണെന്നറിഞ്ഞാല്‍ അതിന് കോടതി ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും പല നിയമങ്ങളും കാറ്റില്‍ പറത്തി ചൂഷണം ചെയ്യുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നതാണ്. അവയൊക്കെ സമ്പത്തിന്റെ ശക്തമായ ഇടപെടലിലൂടെ ഒന്നുമല്ലാതായി തീര്‍ന്നിട്ടുമുണ്ട്. പക്ഷേ ബാക്കിയുള്ള നിയമ ചൂഷണത്തില്‍ നിന്ന് വ്യത്യാസമായി ഇവിടെ ഒരു മനുഷ്യ ജീവന്റെ മേലിലുള്ള കളിയായി മാറുന്നു. ഇത്തരം ചൂഷണങ്ങളെ പൊറുക്കാമെങ്കിലും നഷ്ടപ്പെട്ട് ജീവന്‍ തിരിച്ചെടുക്കാന്‍ സാധ്യമല്ലല്ലോ. ഇത്തരം ചൂഷണത്തിലൂടെ നഷ്ടപ്പെടുന്ന ജീവിതങ്ങളുടെ കൊലപാതകത്തിലെ ഒരു പ്രതി കോടതിയാവേണ്ടി വരുമെന്നതും ഖേദകരമാണ്.

അതു കൊണ്ട് ദൈവ വിധിക്ക് മേല്‍ കടന്നു കയറിയുള്ള ഇത്തരം പ്രസ്താവങ്ങള്‍ ജനങ്ങള്‍ക്ക് സമാശ്വസിപ്പിക്കുന്നതിനേക്കാളും അവരെ ദുരന്തത്തിലേക്ക് വലിച്ചെറിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ വിധിക്കെതിരെ മാനുഷീക ബോധമുള്ളവരുടെ പുനര്‍ പരിശോധന ഹരജിക്കായി കാത്തിരിക്കാം.