സന്മനസ്സുള്ളവര്‍ക്ക് സമാധാന ജീവിതം

മന്‍സൂര്‍ ഹുദവി കളനാട്

12 January, 2018

+ -
image

സല്‍വൃത്തികളിലേര്‍പ്പെടുന്ന അടിമകള്‍ക്ക് ജീവിതസൗഖ്യം പ്രദാനം ചെയ്യുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്: സത്യവിശ്വാസിയായിക്കൊണ്ട് ഒരു പുരുഷനോ സ്ത്രീയോ ഒരു സല്‍ക്കര്‍മ്മം ചെയ്താല്‍ അവര്‍ക്ക് സുഖമായ ജീവിതം നാം നല്‍കുന്നതും പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം നിശ്ചയമായും അവര്‍ക്കു നാം കൊടുക്കുന്നതുമാകുന്നു (ഖുര്‍ആന്‍, സൂറത്തു ന്നഹ് ല് :97).

സ്വസ്ത സുന്ദര ജീവിതം ഏതൊരു മനുഷ്യന്റെയും അഭിലാഷമാണ്. ആ ജീവിതസാക്ഷാല്‍ക്കാരത്തിന് അവന്‍ വീട്ടിലും നാട്ടിലും ശ്രമം നടത്തുന്നതോടൊപ്പം വീട്ടുകാരോടും കൂട്ടുകാരോടും നന്നായി വര്‍ത്തിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സുഖമവും സന്തുഷ്ടവുമായ ജീവിതശീലങ്ങളാണ് ഒരുത്തന് മാനസികവും ശാരീരികവുമായ ഊര്‍ജവും ഉന്മേഷവുമേകുന്നത്. ശാന്തവും സുഖവുമായ ജീവിതത്തിന് പ്രഥമപ്രധാനമായി ആവശ്യമായുള്ളത് അചലഞ്ചമായ ദൈവവിശ്വാസ(ഈമാന്‍) മാണ്. അല്ലാഹു പറയുന്നു: ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിച്ചാല്‍ അവന്റെ ഹൃദയത്തിന് അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നതാണ് (ഖുര്‍ആന്‍, സൂറത്തുല്‍ തഖാബുന്‍ :11). വിശ്വാസിയുടെ മനസ്സ് ശാന്തമായിരിക്കും. ഹൃദയം വിശാലവുമായിരിക്കും.

ഉറച്ചവിശ്വാസവും സല്‍ക്കര്‍മ്മസന്നദ്ധയുമുള്ളവന് അല്ലാഹു ഇഹപരലോക ജീവിതം സുഖകരമാക്കി അനുഗ്രഹിക്കും: സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്കു മംഗളവും മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവുമുണ്ട് (സൂറത്തു റഅ്ദ് :29). സല്‍ക്കര്‍മ്മികളുടെ ജീവിതം സ്വാര്‍ത്ഥകമായിരിക്കും. സമയത്തിന്റെ മൂല്യവും ആരോഗ്യത്തിന്റെ ഊര്‍ജവും പ്രയോജനപ്പെടുത്തുന്നവരാണവര്‍. അവരുടെ ഇഹപരം വിജയകരമായിരിക്കും. എല്ലാ അനുശാസനകള്‍ക്കും അവര്‍ അനുസരണയുള്ളവരായിരിക്കും. ആരാധനാ കര്‍മ്മങ്ങള്‍ മുറപോലെ നിറവേറ്റുകയും ചെയ്യും. അതുകൊണ്ടുതന്നെ അവരുടെ ജീവിതവഴിയും ലക്ഷ്യവും സന്തുഷ്ഠപൂര്‍ണമായിരിക്കും. 

അവര്‍ക്കുള്ള മഹനീയ മാതൃക പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യാണ്. ഒരിക്കല്‍ നബി (സ്വ) ബിലാലി (റ) നോട് പറയുകയുണ്ടായി: ഹേ ബിലാല്‍.. നിസ്‌ക്കാരത്തിനുള്ള ഇഖാമത്ത് ചൊല്ലി നീ നമ്മുടെ മനസ്സുകള്‍ സ്വസ്തമാക്കുക (ഹദീസ് അബൂദാവൂദ് : 4895). നിസ്‌ക്കാരം കൊണ്ടും ദൈവ സ്മരണകൊണ്ടും മനസ്സുകള്‍ക്ക് ശാന്തതയും സമാധാനവും ലഭിക്കും. അല്ലാഹു പറയുന്നു: അല്ലാഹുവിനെപ്പറ്റിയുള്ള ഓര്‍മ്മകൊണ്ടത്രെ മനസ്സുകള്‍ക്ക് ശാന്തത ലഭിക്കുന്നത് (ഖുര്‍ആന്‍, സൂറത്തു റഅ്ദ് :28).

ഖുര്‍ആന്‍ പാരായണവും ദൈവസ്മരണയുടെ ഭാഗമാണ്. അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ ഓത്ത് സ്വസ്ത ജീവിതമാണ് സമ്മാനിക്കുന്നത്. ക്ലേശിക്കുവാന്‍ വേണ്ടിയല്ല താങ്കള്‍ക്ക് നാം  ഖുര്‍ആന്‍ അവതരിച്ചുതന്നതെന്ന് അല്ലാഹു നബി (സ്വ)യോട് പറയുന്നുണ്ട് (ഖുര്‍ആന്‍, സൂറത്തു ത്വാഹാ :2). ഖുര്‍ആന്‍ ഓതുമ്പോഴെല്ലാം മനസ്സിനെന്നത് പോലെ തന്നെ നാവിന് സൗഖ്യം ലഭിക്കും.

നബി (സ്വ) പറയുന്നു: ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സത്യവിശ്വാസി വള്ളിനാരങ്ങപോലെയാണ്, അത് അതിരുചികരവും സൂഗന്ധപൂരിതവുമാണ് (ഹദീസ് ബുഖാരി, മുസ്ലിം).

ഹലാലായ സമ്പാദ്യമാണ് സ്വസ്ത ജീവിതത്തിനുള്ള മറ്റൊരു പ്രധാന ഹേതുകം. അല്ലാഹു പറയുന്നു: അല്ലാഹു തന്നതില്‍ അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക, നിങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന അല്ലാഹുവിനെ സൂക്ഷിക്കുക (ഖുര്‍ആന്‍, സൂറത്തുല്‍ മാഇദ :88). ശുദ്ധസമ്പാദ്യം തേടുന്നവര്‍ അല്ലാഹുവിനെ പേടിക്കുകയും ഇടപാടുകളില്‍ സത്യസന്ധത കാട്ടുകയും നിലപാടുകളില്‍ സ്ഥിരസാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യും. അവന്റെ ജീവിതം സന്തുഷ്ടകരമായിരിക്കും. അവന്‍ സക്കാത്ത് നല്‍കിയാല്‍ അല്ലാഹു അത് സ്വീകരിക്കും. അവന്‍ ധര്‍മ്മം ചെയ്താല്‍ അതിന്റെ ഇരട്ടി പ്രതിഫലം അവനിക്ക് നല്‍കും. നബി (സ്വ) പറയുന്നു: ഒരുത്തന്‍ അവന്റെ ശുദ്ധമായ സമ്പാദ്യത്തില്‍ നിന്ന് ഒരു കാരക്ക പോലോത്തത് സ്വദഖ ചെയ്താല്‍ അല്ലാഹു അത് സ്വീകരിക്കും. ശുദ്ധമായതേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. മാത്രമല്ല അതിനെ മൃഗത്തെ വളര്‍ത്തും പോലെ ആ ധര്‍മ്മം ചെയ്തവനിക്ക് മലയോളം വളര്‍ത്തിക്കൊടുക്കുകയും ചെയ്യും (ഹദീസ് ബുഖാരി, മുസ്ലിം).

അല്ലാഹു ഏകിയ കുറഞ്ഞ നല്ല സമ്പാദ്യം കൊണ്ട് അടിമ തൃപതിയടയുകയാണെങ്കില്‍ തന്നെ അവന്റെ മനസ്സ് ശാന്തവും ജീവിതം അര്‍ത്ഥപൂര്‍ണവുമായിരിക്കും. നബി (സ്വ) പറയുന്നു: ഇസ്ലാമിലേക്ക് സന്മാര്‍ഗ ദര്‍ശനം ലഭിക്കുകയും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിതം മതിവരുത്തുകയും ചെയ്തവന് തന്നെ മംഗളം (ഹദീസ് തുര്‍മുദി 2349, അഹ്മദ് 23944). കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടല്‍ ജീവിതവിജയ വഴിയാണ്.

ഐശ്വര്യ ജീവിതത്തിനുള്ള മറ്റൊരു ഘടകം സന്തുഷ്ട കുടുംബമാണ്. നല്ലത് നല്ലതിനോട് മാത്രമേ ചേരുകയുളളൂ. ചീത്തയായത് ചീത്തയോടും. അതുപോലെ തന്നെ നല്ലവര്‍ നല്ലവരോട് മാത്രമേ ചേരുകയുള്ളൂ. നീചര്‍ നീചരോട് മാത്രമേ ഒത്തുവരികയുള്ളൂ. അല്ലാഹു പറയുന്നു: ദുര്‍നടപ്പുകാരികളായ സ്ത്രീകള്‍ ദുര്‍നടപ്പുകാരായ പുരുഷന്മാര്‍ക്കും ദുര്‍നടപ്പുകാരായ പുരുഷന്മാര്‍ ദുര്‍നടപ്പുകാരികളായ സ്ത്രീകള്‍ക്കുമാണ്. നല്ല നടപ്പുകാരികളായ സ്ത്രീകള്‍ നല്ല നടപ്പുകാരായ പുരുഷന്മാര്‍ക്കും നല്ല നടപ്പുകാരായ പുരുഷന്മാര്‍ നല്ല നടപ്പുകാരികളായ സ്ത്രീകള്‍ക്കുമാകുന്നു (ഖുര്‍ആന്‍, സൂറത്തുന്നൂര്‍: 22).

സ്‌നേഹാര്‍ദ്ദവും കരുണാമയവുമായ കുടുംബമെന്നും സന്തുഷ്ടമായിരിക്കും. സ്വാലിഹീങ്ങളായ സന്താനങ്ങളാണ് കുടുബത്തിന്റെ വിജയമന്ത്രം.

ഉത്തമസന്താന ലബ്ദിക്കാണ് സക്കരിയ്യ നബി (അ) അല്ലാഹുവിനോട് കൈക്കൂപ്പി പ്രാര്‍ത്ഥിച്ചത് : എന്റെ നാഥാ.... നിന്റെ പക്കലില്‍ നിന്ന് ഉല്‍കൃഷ്ട സന്താനത്തെ എനിക്ക് നീ പ്രദാനം ചെയ്യണമേ... നിശ്ചയം നീ പ്രാര്‍ത്ഥന സ്വീകരിക്കുന്നവനാണ് (ഖുര്‍ആന്‍, സൂറത്തു ആലു ഇംറാന്‍ : 38).

ജനങ്ങള്‍ക്ക് ഗുണം ചെയ്യലും ജീവിതവിജയം സാധ്യമാക്കും. എത്രത്തോളമെന്നാല്‍, നല്ലവാക്ക് പോലും ജീവിതം സ്വസ്തമാക്കും. നബി (സ്വ) പറയുന്നു: നല്ലവാക്ക് ധര്‍മ്മമാണ് (ഹദീസ് ബുഖാരി 88  11). ആ ധര്‍മ്മം അല്ലാഹു സ്വീകരിക്കുകയും അതിനായി ആകാശവാതായനങ്ങള്‍ തുറക്കുകയും ചെയ്യും: അല്ലാഹുവിലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോവുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു (ഖുര്‍ആന്‍, സൂറത്തു ഫാത്വിര്‍ 10).

നല്ലവാക്ക് മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ സ്‌നേഹവും സൗഹാര്‍ദവും വളര്‍ത്തും. അതിന്റെ പ്രതിഫലനം ഭൂമിയില്‍ തങ്ങുകയും അതിന്റെ പ്രതിഫലം ആകാശത്തിലേക്ക് ഉയരുകയും ചെയ്യും:  അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? അത് ഒരു മരം പോലെയാകുന്നു അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു (ഖുര്‍ആന്‍, സൂറത്തു ഇബ്രാഹിം: 24, 25).

നല്ല സംസാരം ശീലമാക്കിയവന്‍ എന്നും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായിരിക്കും. അവനെകൊണ്ട് നാടും സുകൃതപൂര്‍ണമായിരിക്കും. അല്ലാഹു പറയുന്നു: നല്ല നാട്ടിലെ സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളക്കുന്നു. ചീത്ത ഭൂമിയാകട്ടെ, അതില്‍ നിന്ന് മോശമായ സാധനമല്ലാതെ മുളക്കുകയില്ല (ഖുര്‍ആന്‍, സൂറത്തുല്‍ അഅ്‌റാഫ് 58).

സല്‍വൃത്തര്‍ക്ക് ഇഹലോക ജീവിത വിജയത്തോടൊപ്പം പരലോക പരമാനന്ദ സ്വര്‍ഗീയ ജീവിതമാണ് അല്ലാഹു ഉറപ്പുനല്‍കുന്നത്: സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും അല്ലാഹു സ്വര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവയുടെ താഴ് ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കും അവരതില്‍ സ്ഥിരവാസികളാണ്. എന്നെന്നും നിലനില്‍ക്കുന്ന സ്വര്‍ഗങ്ങളില്‍ ഉല്‍കൃഷ്ടമായ ഭവനങ്ങളും അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു (ഖുര്‍ആന്‍, സൂറത്തു ത്തൗബ: 72).