കെ.എല്‍.എഫില്‍ മാപ്പിളസാഹിത്യ ചര്‍ച്ചകള്‍ക്ക് ഐത്തമോ?

ഹംസഫര്‍

12 February, 2018

+ -
image

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എന്ത് കൊണ്ട് മാപ്പിള സാഹിത്യം ഉള്‍പ്പെടുന്നില്ല എന്ന ചോദ്യം ഉന്നയിക്കപ്പേടേണ്ടത് സാഹിത്യോത്സവത്തിലെ കേരളം എന്ന നാമത്തില്‍ നിന്നായിരിക്കും നല്ലത്. 

കേരള സാഹിത്യത്തിലെ ബഹുമുഖ വിതാനങ്ങളെ സമഗ്രമായ ചര്‍ച്ചക്കും ആരോഗ്യകരമായ സംവാദങ്ങള്‍ക്കും വേദിയാകുന്ന കെഎല്‍എഫില്‍ ചിലത് ഉള്‍പ്പെടുത്തപ്പെടുമ്പോഴും മറ്റ് ചിലത് ഉള്‍കൊള്ളാത്തതിന്റെ യുക്തി മനസ്സിലാക്കുന്നില്ല. 

അവര്‍ണന്റെ ശബ്ദങ്ങളിലൊന്നായ ദലിതന്റെ പൗരാവകാശങ്ങള്‍ക്ക് സമീപകാല രാഷ്ട്രീയങ്ങളില്‍ കാതലായ മുന്നേറ്റമുണ്ടായത് കൊണ്ട്തന്നെ ദലിതുകളും സാമൂഹിക വിപ്ലവങ്ങളും, ദലിത് സംവാദങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍ തുടങ്ങിയവ കെഎല്‍എഫിലെ നിലവിലെ ചര്‍ച്ചകളായി മുഖ്യധാര പരിഗണിക്കുമ്പോഴും നീണ്ടവര്‍ഷങ്ങളുടെ സ്വത്വരൂപീകരണത്തിലും ഭാഷാ സംസ്‌കാര നിര്‍മാണത്തിലും മാപ്പിളസമൂഹം വഹിച്ച പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുഖ്യധാരകളുടെ സംസാരവിഷയമാകുന്നില്ല. 

ചിലതിനെ  മാത്രം ലക്ഷ്യവെച്ചുള്ള സാഹിത്യോത്സവമാണ് സംഘാടകര്‍ ഉദ്ദേശിച്ചതെങ്കില്‍ കേരള എന്ന നാമത്തിന് പകരം മറ്റെന്തിങ്കിലും നാമത്തില്‍ സംഘടിപ്പിച്ചാല്‍ മതിയാകുമായിരുന്നു. എങ്കില്‍ ആ അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിസ്മരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശബ്ദമോ ഉണ്ടാകുമായിരുന്നില്ല. അങ്ങനെ ചോദ്യം ചെയ്യുന്നതിനുള്ള പ്രസക്തിയുമില്ല. 

അതേ സമയം, കേരള സാഹിത്യ ഫെസ്റ്റിവല്‍ എന്ന പേരില്‍ കേരള സര്‍ക്കാറിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുകയും ചില സാഹിത്യ വിഭാഗങ്ങളെ പൊതു ചര്‍ച്ചയില്‍നിന്നും മാറ്റിവെക്കുകയും ചെയ്യുന്നത് ജനാധിപത്യവരുദ്ധവും മതേതര സങ്ങല്‍പത്തിന് നിരക്കാത്തതുമാണ്. ജാതി മത ഭേദമന്യേ എല്ലാവരും ഒരുമയോടെ കഴിയുന്ന കേരളത്തില്‍ അത് സംഭവിക്കാന്‍ പാടില്ല.

 ഇവിടെ മുഖ്യധാരയുടെ നാമം (കേരളം) നല്‍കി ന്യൂനധാരയുടെ താല്‍പര്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സാഹിത്യപ്രഭൃതികളെ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്. അതില്‍ എല്ലാവരും മനപ്പൂര്‍വ്വം പങ്കാളികളാണെന്നല്ല പറയുന്നത്. മറിച്ച് ഗൗരവമായി കാണേണ്ടവയെ ലളിത്വല്‍കരിച്ചോ അല്ലെങ്കില്‍ മൗനം പാലിച്ചോ കടന്നുകളയുന്ന നിലപാടാണ് എതിര്‍ക്കപ്പെടുന്നത്.

  മലയാള സാഹിത്യത്തിന്റെ നിര്‍മാണാത്മകമായ പുരോഗതിയില്‍ മാപ്പിള ഭാഷയ്ക്കും അറബി മലയാളത്തിനും ശക്തമായ പങ്കുണ്ട്. മാപ്പിള നോവല്‍, മാപ്പിളപ്പാട്ട്, മാലപ്പാട്ട്, മലയാളത്തെ അറബിയില്‍ ലയിപ്പിച്ചിട്ടുള്ള അറബി മലയാള ആവിഷ്‌കാരം എന്നിവ ഇതര സഹോദര സമുദായങ്ങളൊന്നും ആര്‍ജിച്ചെടുക്കാത്ത സ്വകീയമായ സ്വത്വാവിഷ്‌കാരത്തിന്റെ നേര്‍പതിപ്പുകളായിരുന്നു. 

പക്ഷേ ഇവയെല്ലാം നിരന്തരം ദേശീയ പൊതുബോധത്തിന് തലവേദനയും അസ്വസ്ഥതയും സൃഷ്ടിച്ചിരുന്നുവെന്നാണ് ഇത്തരത്തിലുള്ള തമസ്‌കരണങ്ങള്‍ പ്രത്യക്ഷമായി സൂചിപ്പിക്കുന്നത്. 

ചുരുക്കത്തില്‍ കെഎല്‍എഫില്‍ പ്രതിഫലിപ്പിക്കുന്നത് ഉള്ളടക്ക തിരഞ്ഞെടുപ്പില്‍ സംഘാടകര്‍ കാണിക്കുന്ന സെലക്ടീവായ സമീപനത്തിന്റെയും പൊതുബോധങ്ങളുടെ സാമ്പ്രദായികതയില്‍ കാലങ്ങളായുള്ള കുത്തിയിരിപ്പിന്റെയും പ്രശ്നമാണ്. 

സവര്‍ണമുഖങ്ങള്‍ അറിവിന്റെ പ്രൊഫസര്‍മാരായി വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുറിവേല്‍ക്കുന്നത് സാഹിത്യത്തിനും സമ്പന്നമായ ജ്ഞാനശാസ്ത്രത്തിനുമാണ്. അവകളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് സമുദായം മാത്രമല്ല, രാജ്യത്തിന്റെ സാഹിതീയ ബഹുസ്വരത കൊതിക്കുന്ന ഇവിടത്തെ ഓരോരുത്തരുമാണ്.