മുസ്‌ലിം വായനയുടെ വികാസ പരിണാമങ്ങള്‍

ടി. മുഹമ്മദ് റാസി

12 February, 2018

+ -
image

സാംസ്‌കാരിക, സാമൂഹിക ചിന്താ വൈവിധ്യങ്ങള്‍ക്കനുസൃതമായി മാറിവരുന്ന മുസ്‌ലിം വായനാ സമീപനങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. ചിലയിടങ്ങളില്‍ മേല്‍ക്കോയ്മയുടെ കുത്തകയായും മറ്റു ചിലയിടങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ മുറവിളിയായും വര്‍ത്തിക്കുന്നത് എഴുത്തോടൊന്നിച്ച ഗൗരവ വായനകളാണ്. സാമാന്യ വായന (passive reading) യെക്കുറിച്ചല്ല പറഞ്ഞ് വരുന്നത്; മറിച്ച് , സജീവ വായന (active reading)ക്ക് മാത്രമേ ഇവിടെ പ്രസക്തിയുള്ളൂ. ഇസ്ലാം ഊന്നല്‍ നല്‍കുന്നതും അത്തരമൊരു ധൈഷണിക വായനക്കാണ്.

മറ്റേത് സംസ്‌കാരങ്ങളേക്കാളും ദൈവപ്രചോദിതമായ വായനക്കാണ് ഇസ്ലാം ഊന്നല്‍ നല്‍കുന്നത്. ആദി വചനമായ 'ഇഖ്‌റഅ് ബിസ്മി റബ്ബിക' ദ്യോതിപ്പിക്കുന്നത് അത്തരമൊരു വായനെയയാണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് വായനയും എഴുത്തും വികസിച്ച് വന്നിരുന്നില്ല. നബി(സ) തന്നെയും നിരക്ഷരനായിരുന്നു.

തുലോം കുറച്ച് പേര്‍ക്ക് മാത്രമേ വായിക്കാനും എഴുതാനും സാധിച്ചിരുന്നുള്ളൂ. മുഖ്യമായും വാമൊഴികളിലൂടെയാണ് അന്ന് വിജ്ഞാന കൈമാറ്റങ്ങള്‍ നടന്നിരുന്നത്. ചിരന്തനാവര്‍ത്തിതമായ ഖുര്‍ആന്‍ പഠന, പാരായണങ്ങളില്‍ അവര്‍ പരിപൂര്‍ണ്ണ ശ്രദ്ദ കേന്ദ്രീകരിച്ചു. എങ്കിലും തിരുദൂതര്‍ (സ)ക്ക് എഴുത്തിന്റെയും വായനയുടെയും വിലയും മൂല്യവും നന്നായറിയാമായിരുന്നു. അത് കൊണ്ടാണ് തന്റെ അനുയായികളോട് എഴുത്തും വായനയും അഭ്യസിക്കാന്‍ അവിടുന്ന് സദാ ഉപദേശിച്ച് കൊണ്ടിരുന്നത്. ബദ്ര്‍ യുദ്ധത്തിലെ ബന്ദികളില്‍ ചിലര്‍ക്ക് മോചനദ്രവ്യമായി ഓരോരുത്തരും പത്ത് വീതം  മുസ്ലിം കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുക എന്ന വ്യവസ്ഥ എക്കാലത്തേക്കും പോന്ന വിപ്ലവ നിലപാടായിരുന്നു. അന്യഭാഷാ പഠനത്തിനും നബി(സ) അനുയായികളെ പ്രേരിപ്പിച്ചതായി 'സീറ'കളില്‍ കാണാം. 

ഒരിക്കല്‍ അവിടുന്ന് സൈദുബ്‌നു സാബിതി(റ)നോട് മദീനയിലെ ജൂതരുടെ ഇടപാട് ഭാഷയായ സുരിയാനി(അത് ഹിബ്രുവാണെന്ന വാദം ശരിയല്ല)പഠിക്കാന്‍ നിര്‍ദേശിച്ചു. അദ്ദേഹം വെറും 17 ദിവസം കൊണ്ട് സുരിയാനി പഠിച്ചെടുത്തുവെന്ന് തുര്‍മുദിയിലും ത്വഹാവിയിലും കാണാം. ഈയൊരു സംഭവവും സൂറത്തുര്‍റൂമിലെ 22ാം സൂക്തവും വിത്യസ്ത ഭാഷകള്‍ പഠിക്കാനും തദ്വാര വായനാലോകം വിശാലമാക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. 

പിന്നീട് നാല് ഖലീഫമാരുടെ കാലത്ത് ഭരണ വിസ്തൃതിക്കൊപ്പം വിജ്ഞാന മേഖലയും വികസിച്ചു വന്നു. നാലുപേരും സാഹിത്യ പടുക്കളും വിജ്ഞാന പ്രേമികളുമായിരുന്നു. അവരില്‍ തന്നെ അലി(റ) അധ്യാത്മിക, കര്‍മ്മശാസ്ത്ര, വ്യാകരണ ശാസ്ത്ര വിജ്ഞാനീയങ്ങള്‍ക്ക് ബീജാവാപം നല്‍കിയ വിദ്യാഭ്യാസ വിചക്ഷണനാണ്. ഉമര്‍(റ)ന്റെ കവിതാ നിരൂപണങ്ങളും ഏറെ പ്രശസ്തമാണ്. തദ്‌വിഷയകമായ അക്കാദമിക പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. ശേഷം അദ്ദേഹത്തിന്റെ പ്രപൗത്രനായ ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ)തന്റെ ഭരണത്തിന് കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയുണ്ടായി.

അദ്ദേഹം തന്നെയും മികവുറ്റ പണ്ഡിതനും വിജ്ഞാനകുതുകിയുമായിരുന്നു.  അമവിയ്യ കാലമായപ്പോഴേക്കും വായനയും എഴുത്തും മുസ്ലിം ലോകത്ത് സര്‍വ്വ സാധാരണമായി മാറിയിരുന്നു.  ഇക്കാലത്ത് തന്നെ അന്യഭാഷകളില്‍ നിന്നും അറബിയിലേക്ക് കനപ്പെട്ട ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ട് തുടങ്ങി. അമവി പ്രമുഖനായ ഖാലിദുബ്‌നു യസീദുബ്‌നു മുആവിയയാണ് ഇതിന് പ്രാരംഭം കുറിച്ചത്.

രസതന്ത്രത്തില്‍ തല്‍പരനായിരുന്ന അദ്ദേഹം ഒരു കൂട്ടം ഗ്രീക്കു തത്വജ്ഞാനികളെ വിളിച്ചു വരുത്തുകയും  ഗ്രീക്കില്‍ നിന്നും കോപ്റ്റിക്കില്‍ നിന്നുമുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യിപ്പിക്കുകയുമുണ്ടായി. താമസിയാതെ ഹജ്ജാജിന്റെ കാലത്ത് സ്വാലിഹു ബ്‌നു അബ്ദുല്ല പേര്‍ഷ്യന്‍ ദീവാനും അറബിയിലേക്ക് പരിഭാഷപ്പെടുത്തി. 

പിന്നീട് വന്ന അബ്ബാസി യുഗം വിജ്ഞാന വൈവിധ്യങ്ങളുടെ സുവര്‍ണ്ണ കാലമായിരുന്നു. രണ്ടാം അബ്ബാസി ഖലീഫ മന്‍സൂര്‍ ഇക്കാര്യത്തില്‍ ബദ്ധശ്രദ്ദനായിരുന്നു. അബ്ബാസികള്‍ പൊതുവെയും ഗ്രീക്ക്, പേര്‍ഷ്യന്‍ വിജ്ഞാനീയങ്ങളോട് അത്യധികം താല്‍പര്യം കാണിച്ചു. പേര്‍ഷ്യനില്‍ നിന്ന് പഞ്ചതന്ത്ര കഥകളും ഗ്രീക്കില്‍ നിന്ന് യൂക്ലിഡിന്റെയും ടോളമിയുടെയും ഗ്രന്ഥങ്ങളും അറബിയിലേക്കെത്തിയത് ഇക്കാലത്താണ്. മന്‍സൂര്‍ തന്റെ കൊട്ടാരത്തിന്റെ മുക്കിലും മൂലയിലും കിതാബുകള്‍ അടുക്കി വച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. ബഗ്ദാദ് പട്ടണനിര്‍മ്മാണത്തോടെ ആ നഗരി ലോകത്താകമാനമുള്ള പണ്ഡിതന്മാരുടെയും ജ്ഞാനകുതുകികളുടെയും സംഗമ കേന്ദ്രമായി മാറി.

ശേഷം ഹാറൂന്‍ റശീദിന്റെ സാരഥ്യത്തില്‍ ബൈത്തുല്‍ ഹിക്മ(ജ്ഞാനത്തിന്റെ ഭവനം)സ്ഥാപിക്കപ്പെട്ടു. അതോടെ മുസ്ലിം ലോകത്തെ വൈജ്ഞാനിക വിസ്‌ഫോടനം ശക്തി പ്രാപിച്ചു. പാശ്ചാത്യ പണ്ഡിതനായ ജെനാഥന്‍ ലിയോണ്‍സ് എഴുതിയ ഹൗസ് ഓഫ് വിസ്ഡം എന്ന പുസ്തകം തദ്വിഷയകമായിട്ടുള്ളതാണ്. മുസ്ലിം ലോകത്ത് നിന്നും പാശ്ചാത്യ ലോകത്തേക്കുള്ള ജ്ഞാന കൈമാറ്റങ്ങളെ മേല്‍ചൊന്ന പുസ്തകത്തില്‍ സവിസ്തരം  പ്രതിപാദിക്കുന്നുണ്ട്.  

റശീദിന്റെ മകനായ ഖലീഫ മഅ്മൂനാണ് മുസ്ലിം ലോകത്തെ വിവര്‍ത്തന വിപ്ലവത്തിന് ആവോളം വളവും വെള്ളവും നല്‍കിയത്. അദ്ദേഹം തന്നെയും ഒരു പണ്ഡിത പ്രതിഭയായിരുന്നു. ഗണിതം, വൈദ്യം, തര്‍ക്കശാസ്ത്രം, ഗോള ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള കനപ്പെട്ട പുസ്‌കതങ്ങള്‍ ഇക്കാലത്ത് വിരചിതമായി. അതോടൊപ്പം, വിജ്ഞാന പ്രേമികളായ ബനൂശാക്കിര്‍ പോലോത്ത സമ്പന്ന കുടുംബങ്ങള്‍ സ്വന്തം ചെലവില്‍ വിവര്‍ത്തകരെ നിയമിക്കുകയും റോമന്‍ ദേശങ്ങളില്‍ നിന്ന് ഫിലോസഫി, എഞ്ചിനിയറിംഗ്, സംഗീതം, അരിത്മാറ്റിക്, വൈദ്യം തുടങ്ങിയ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ കൊണ്ട് വന്ന് പരിഭാഷപ്പെടുത്തുകയുമുണ്ടായി. മഅ്മൂന് ശേഷം വന്ന ഭരണാധികാരികളും ബൈത്തുല്‍ ഹിക്മയു

ടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ദ ചെലുത്തിയിരുന്നു. അതിന്റെ സുതാര്യമായ നടത്തിപ്പിനായി പ്രത്യേകം തസ്തികകള്‍ സ്ഥാപിക്കുകയും നിപുണരായവരെ തല്‍സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്തു. അക്കാലത്ത് രചന നടത്തിയിരുന്ന ഓരോ പണ്ഡിതനും തന്റെ ഗ്രന്ഥത്തിന്റെ ഒരു കോപ്പി ബൈതുല്‍ ഹിക്മയില്‍ സൂക്ഷിക്കുക പതിവായിരുന്നു.

മുസ്ലിം ലോകത്ത് അച്ചടി വ്യാപിക്കും മുമ്പ് ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതല്‍ തൊഴിലാക്കിയ 'വര്‍റാഖുകള്‍' ഒത്തിരിയുണ്ടായിരുന്നു. ബഗ്ദാദില്‍ തിങ്ങിപ്പാര്‍ത്തിരുന്ന വര്‍റാഖുകളെ കുറിച്ച് ഹൗസ് ഓഫ് വിസ്ഡമില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ മിസ്‌റില്‍ നിന്നും പിന്നീട് ചൈനയില്‍ നിന്നുമുള്ള കടലാസുപയോഗിച്ചായിരുന്നു രചനകള്‍ നടത്തിയിരുന്നത്. വര്‍റാഖുകളുടെ കടകള്‍ ഇക്കാലത്തെ ബുക് സ്റ്റാളുകളെ പോലെ പണ്ഡിതരുടെയും ജ്ഞാനകുതുകികളുടെയും വിഹാര കേന്ദ്രമായിരുന്നു. പ്രശസ്ത അറബി സാഹിത്യകാരനായിരുന്ന ജാഹിള് പുസ്തകപ്രേമം കാരണം ചില ദിവസങ്ങളില്‍ പുസ്തകക്കടകളില്‍ രാപ്പാര്‍ത്തിരുന്നു.

വിജ്ഞാനത്തിന്റെ സുവര്‍ണ്ണകാലം അബ്ബാസിയ യുഗം തന്നെയായിരുന്നു. അന്ന് ജീവിച്ച ഓരോ പണ്ഡിതനും ഈടുറ്റ അനവധി ഗ്രന്ഥങ്ങളാണ് മുസ്ലിം ലോകത്തിന് സമര്‍പ്പിച്ചത്. പിന്നീട്, മംഗോളുകളുടെ ആക്രമണത്തില്‍ നശിച്ച് പോയ അമൂല്യ പുസ്തക ശേഖരങ്ങള്‍ മുസ്ലിം ലോകത്തിന് തീരാ നഷ്ടമാണ്. അബ്ബാസികളെ തുടര്‍ന്നു വന്ന സല്‍ജൂക്കുകളും വിജ്ഞാന പ്രസരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സല്‍ജൂക് സുല്‍ത്താന്മാരായ അലബ് അര്‍സലാനും മലിക് ഷായും ഇക്കാര്യത്തില്‍ അനുപമ ശ്രദ്ദ പുലര്‍ത്തി.

സല്‍ജൂക് മന്ത്രി മുഖ്യനായിരുന്ന നിസാമുല്‍ മുല്‍ക് മുസ്ലിം ലോകത്ത് നിര്‍വഹിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. പ്രമുഖ മുസ്ലിം നഗരങ്ങളില്‍ അദ്ദേഹം സ്ഥാപിച്ച നിസാമിയ സര്‍വ്വകലാശാലകള്‍ തുടര്‍ന്ന് വന്ന നൂറ്റാണ്ടുകളിലൊക്കെയും വെളിച്ചം പകര്‍ന്ന കൊണ്ടിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ 12000 പണ്ഡിതര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അദ്ദേഹംപ്രതിമാസ വേതനമേര്‍പ്പെടുത്തുകയും അദ്ദേഹം ചെയ്തു. 

ഈജിപ്റ്റില്‍ ഭരണമേറ്റ ഫാത്വിമികളാണ് ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിക്ക് അസ്തിവാരമിട്ടത്. തുടര്‍ന്ന് വന്ന മംലൂകുകളും പിന്നിലായിരുന്നില്ല. അവര്‍ ളാഹിരിയ്യ, നാസിരിയ്യ തുടങ്ങിയ ലോകോത്തര യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കുകയുണ്ടായി. ഇമാം നവവി, ഇബ്‌നു അബ്ദിസ്സലാം, ഇബ്‌നു തൈമിയ്യ, അസ്ഖലാനി പോലോത്ത പണ്ഡിത മഹാരഥര്‍ ഈ കാലത്തെ ധൈഷണിക വ്യവഹാരങ്ങളാല്‍ സജീവമായി നിലനിര്‍ത്തി. 

ഒടുവിലത്തെ ഉസ്മാനിയ്യ ഭരണകാലത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ താരതമ്യേന കുറവായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാലും അനവധി മത-മതേതര സ്ഥാപനങ്ങള്‍ അക്കാലത്ത് നിര്‍മ്മക്കപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. 

മുസ്ലിം വായനാ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഗ്രന്ഥ രചനയില്‍ നടന്ന പ്രാരംഭ മാറ്റങ്ങള്‍ ഇവിടെ വ്യക്തമാുകന്നുണ്ട്. വാസ്തവത്തില്‍, മുന്‍കാല മുസ്ലിം പണ്ഡിതര്‍ ഇസ്ലാമി-ഭൗതിക വിഷയവര്‍ഗീകരണം നടത്തിയിരുന്നില്ലെന്ന് മനസ്സിലാകും. പില്‍കാല പണ്ഡിതന്മാരില്‍ നിന്ന് അവര്‍ വേറിട്ട് നില്‍ക്കുന്നതും യഥാര്‍ത്ഥത്തില്‍  രണ്ട് ഗുണങ്ങളാലാണ്:-1)ജ്ഞാനസമ്പാദനം 'ജനനം മുതല്‍ മരണം വരെ'യുള്ള ദൗത്യമാണെന്ന ബോധം. ഒട്ടനവധി ഉദാഹരണങ്ങള്‍ ഇതിനായി വിസ്തരിക്കാന്‍ സാധിക്കും. പക്ഷേ, ഇന്ന് പല നിലക്കും ജ്ഞാനസമ്പാദനം ഒരു ജീവിതദശയിലെത്തിയാല്‍ മുരടിച്ച് പോവുന്നതായി കാണാം. 2)നേരത്തെ പറഞ്ഞ വര്‍ഗീകരണമില്ലാത്ത ജ്ഞാനസമ്പാദനം.

പ്രത്യക്ഷത്തില്‍ ഭൗതികമായി തോന്നാമെങ്കിലും ഗണിതം, ഗോളശാസ്ത്രം, വൈദ്യം തുടങ്ങിയ ജ്ഞാന ശാഖകളെ മുസ്ലിം പണ്ഡിതര്‍ പരിഗണിച്ചത് മൗലിക ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്കുപോല്‍ബലകമായിട്ടായിരുന്നു. ജ്ഞാനവര്‍ഗീകരണത്തിന്റെ വിപത്തിന്റെ ഉദാഹരണം നാം കാണുന്നത് തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിന്റെ അപചയ കാരണങ്ങളിലാണ്. അവിടെ ഇസ്ലാമിക-ഭൗതിക വിജ്ഞാന വര്‍ഗീകരണം നടന്നപ്പോള്‍ ഒരു ഭാഗത്ത് മതഭ്രാന്തരായ പണ്ഡിതരും മറുഭാഗത്ത് തലതിരിഞ്ഞ ബുദ്ദിജീവികളും തമ്മില്‍ കൂട്ടിയിടിച്ച് തുര്‍ക്കിയുടെ സംസ്‌കാരിക പൈതൃകത്തെ തന്നെ തകര്‍ത്ത് കളഞ്ഞു.

മുസ്ലിം ലോകത്ത് ഒരു കാലത്തും ലൈബ്രറികള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. ബാഗ്ദാദിന് ശേഷം കോര്‍ഡോവയിലും അലക്‌സാണ്ട്രിയയിലും കൈറോവിലും ഡല്‍ഹിയിലും തലയെടുപ്പുള്ള ഗ്രന്ഥാലയങ്ങള്‍ ഉയര്‍ന്ന് വന്നു. ബൈറൂത്തിലെയും ദമസ്‌കസിലെയും പ്രസാധനാലയങ്ങള്‍ ഇന്നും സജീവ സാന്നിധ്യമാണ്. കാലം കഴിഞ്ഞിട്ടും മാറാത്ത ഒന്നുണ്ട്; മുസ്ലിംകള്‍ വായിക്കുമ്പോഴും എഴുതുമ്പോഴും അച്ചടിക്കുമ്പോഴും ഇങ്ങനെയാണ് തുടങ്ങാറ്: ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം. അതെ മുസ്ലിമിന് വായന പുണ്യ കര്‍മ്മമാണ്.