റോഹിംഗ്യകള്‍ വംശഹത്യയുടെ മാത്രമല്ല വ്യാജ വാര്‍ത്തകളുടെയും ഇര

മുനവ്വിര്‍ കല്ലൂരാവി

11 October, 2017

+ -
image

ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷം  റോഹിങ്ക്യന്‍ മുസ്ലിംകളാണെന്ന് ഐക്യരാഷ്ട്ര സഭ പോലും പ്രഖ്യാപിച്ചു കഴിഞ്ഞു.

അവര്‍ ഇരകളാണെന്ന വാര്‍ത്ത ലോകം നിരുപാധികം അറിഞ്ഞു. അധിക പേരും സഹായഭ്യര്‍ത്ഥനവുമായി മുന്നോട്ട് വന്നിട്ടില്ലെങ്കിലും അവര്‍ നിരപരാധികളാണെന്ന് പലരും മനസ്സിലാക്കി. പക്ഷെ വംശഹത്യയുടെ ഇരകളായവര്‍ ഇന്ന് വ്യാജ വാര്‍ത്തകളുടെയും ഇരകളായി കൊണ്ടിരിക്കുകയാണ്. തീവ്രവാദികളാണെന്ന് പറഞ്ഞ് ആക്ഷേപമുന്നയിച്ച് പലരും ഉള്‍കൊള്ളാതെ വന്നപ്പോള്‍ മറ്റൊരു വശത്തിലൂടെ ഇരകളെ വേട്ടക്കാരാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് മ്യാന്മാര്‍ ഭരണകൂടം.

മ്യാന്മാറിലെ റോഹിങ്ക്യ പ്രദേശങ്ങളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെങ്കിലും എംബെഡസ് വാര്‍ത്താ സംഘത്തില്‍ ചേര്‍ന്ന് ബി.ബി.സിയുടെ മാധ്യമ പ്രവര്‍ത്തകര്‍ റോഹിങ്ക്യന്‍ മുസ്ലിംകളുടെ അവസ്ഥയെ കുറിച്ച് നേരന്വേഷണം നടത്തിയപ്പോള്‍ ഞെട്ടിക്കുന്നതായിരുന്നു വാര്‍ത്തകള്‍. ഉദ്യോഗസ്ഥന്മാര്‍ കാണിച്ച് കൊടുക്കുന്ന സ്ഥലത്ത് നിന്ന് മാത്രമേ വാര്‍ത്തകള്‍ ശേഖരിക്കാന്‍ പാടുള്ളൂ എന്ന് പറയുമ്പോള്‍ തന്നെ അതില്‍ നിഗൂഢതയടങ്ങിട്ടുണ്ടെന്ന കാര്യം വായിച്ചെടുക്കാനാവും.

18 മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സംഘത്തെ ആദ്യം ഉദ്യോഗസ്ഥന്മാര്‍ കൊണ്ട് പോയത് മോങ് ദോവിലെ ഒരു സ്‌കൂളിലേക്ക്. അഭയാര്‍ത്ഥികളായ ഹിന്ദു കുടുംബങ്ങളാണ് നിറയെ.റോഹിങ്ക്യന്‍ മുസ്ലി കളുടെ അക്രമം കാരണം വീടുകള്‍ വിട്ടവരെന്ന് ഉദ്യോഗസ്ഥര്‍. വിശ്വസിക്കാന്‍ ഏറെ പ്രയാസമാണ്. കാരണം ഇതേ പ്രദേശം വിട്ട് ബംഗ്ലാദേശില്‍ അഭയം തേടിയവരാണ് ഹിന്ദുക്കള്‍.'അവര്‍ എല്ലാവരും പറഞ്ഞത്' ബുദ്ധ തീവ്രവാദികളാണ് തങ്ങളെ ആക്രമിച്ചത് കാരണമോ തങ്ങള്‍ കാഴ്ചയില്‍ റോഹിങ്ക്യകളെ പ്പോലെയാ ണ് എന്നതും. അപ്പോള്‍ എങ്ങനെ ഹിന്ദുക്കള്‍ റോഹിങ്ക്യന്‍ മുസ്ലിംകളുടെ ഇരകളായി? വാര്‍ത്തകള്‍ കെട്ടിച്ചമച്ചുണ്ടാക്കി വീണ്ടും ഇരകളാക്കുകയാണിവിടെ.

പക്ഷെ ഇവിടെ സ്‌കൂളില്‍ അഭയം തേടിയവരെ മ്യാന്‍മറീസ് ഉദ്യോഗസ്ഥര്‍  റോഹിങ്ക്യകളുടെ ഇരകളെന്ന് പരിചയപ്പെടുത്തിയപ്പോള്‍  സായുധ പൊലീസും ഉദ്യോഗസ്ഥരും ചുറ്റും നില്‍ക്കേ ഇവരില്‍ നിന്ന് സത്യം തിരിച്ചറിയാനാവുമോ എന്ന ജിജ്ഞാസയില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നപ്പോള്‍ തികച്ചും വ്യത്യസ്തമായിരുന്നു പ്രതികരണം. മ്യാന്മറീസ് പട്ടാളക്കാരാണ് തങ്ങളുടെ ഗ്രാമത്തില്‍ വെടിവെപ്പ് നടത്തിയതെന്ന്  പറയാന്‍ തുടങ്ങിയപ്പോഴേക്കും മുസ്ലിംകളാണ് വേട്ടക്കാര്‍ എന്ന നിലയില്‍ മറ്റൊരാള്‍ ഇടപെട്ട് മാറ്റിപ്പറഞ്ഞു. പല ആളുകളും വ്യത്യസ്തമായ രീതിയില്‍ ഇടപെട്ട് റോഹിങ്ക്യന്‍ മുസ്ലിംകളെ ഇരകള്‍ക്കപ്പുറം വേട്ടക്കാരാക്കാന്‍ ശ്രമിക്കുന്നതാണ് മ്യാന്മറില്‍ നിന്നുള്ള പുതിയ വാര്‍ത്ത. വ്യക്തമായ ആസൂത്രണത്തിലൂടെയാണ് ഈ കൃത്യം നിറവേറ്റിയതെന്ന് വ്യക്തം. എല്ലാ ഒളിയമ്പുകളും പാവപ്പെട്ടവരായ മുസ്ലിംകളുടെ നേരെ യുതിര്‍ക്കുന്നത് വളരെ ഖേദം തന്നെ.

കഴിഞ്ഞില്ല, റിപ്പോര്‍ട്ടന്മാരെ പിന്നീട് കൊണ്ട് പോയത് ബുദ്ധ ക്ഷേത്രത്തിലേക്കായിരുന്നു. അവിടത്തെ സന്യാസിമാര്‍ വീണ്ടും വീണ്ടും മുസ്ലിംകളാണ് അവരുടെ വീടിന് തീയിട്ടതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് തെളിവായി ലേഖകര്‍ക്ക് ഫോട്ടോ നല്‍കിയപ്പോള്‍ തീര്‍ത്തും വിചിത്രമായിരുന്നു  ദൃശ്യങ്ങള്‍. തൊപ്പി ധരിച്ച ആളുകള്‍ ഓലക്കുടിലിന് തീവെക്കുന്നു, സ്ത്രീകള്‍ മേശവിരി പോലെ തലയില്‍  മുസ്ലിംകളുടെ അടയാളമായി തോന്നിപ്പിക്കുന്ന രീതിയില്‍ എന്തോ ധരിച്ച് വാളും വെട്ടുകത്തിയും ഓങ്ങി കാമറയ്ക്കായി നാടകം കളിക്കുന്നു. അതെ തീര്‍ത്തും മുസ്ലിംകളാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള കാഴ്ച. പിന്നീട് പരിശോധിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു കാര്യം പിടികിട്ടി: മുസ്ലിം എന്ന ഭാവത്തില്‍ വെട്ടുകത്തി വീശുന്ന ആ സ്ത്രീകള്‍ തന്നെയാണ് സ്‌കൂളില്‍ മുസ്ലിംകളെ രൂക്ഷമായി കുറ്റപ്പെടുത്തിയ വായാടി സ്ത്രീകള്‍. അപ്പോള്‍ മുസ്ലിംകള്‍ എങ്ങനെ വേട്ടക്കാരായി?

മോങ്‌ദോയില്‍ ബാക്കിയുണ്ടായിരുന്ന ഏതാനും മുസ്ലിം, കാമറക്ക് മുന്നില്‍ പോലും നില്‍ക്കാന്‍ ഭയപ്പെടുന്നവരോട് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് റിപ്പോര്‍ട്ടര്‍മാര്‍ അവരുടെ സ്ഥിതി അന്വേഷിച്ചു.കടുത്ത ഭീതി, ഭക്ഷണം കിട്ടാനില്ല,  കൂടാതെ വീടുകളെല്ലാം ചുട്ടെരിക്കപ്പെട്ടിരിക്കുന്നു. റോഹിങ്ക്യകളുടെ സ്ഥലം അവര്‍ തന്നെ തീവെച്ചതാണെന്ന് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരുടെ ഭാഷ്യം തിരിച്ചറിഞ്ഞ റിപ്പോര്‍ട്ടര്‍മാര്‍ നേരറിയാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും ഞെട്ടിപ്പിക്കുന്നതായിരുന്നു വാര്‍ത്ത.വീട്ടുകളെല്ലാം  ചാരയമായ അലന്‍ താന്‍ ചോ പട്ടണത്തില്‍ റോഹിങ്ക്യന്‍ ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥലം വിട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും തീ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും തീ പുകയുന്നതെങ്ങനെ? തീര്‍ത്തും വിരോധാഭാസമല്ലേ? റോഹിങ്ക്യന്‍ മുസ്ലിംകളെ ഇരകളാക്കിയവര്‍ ഇന്ന് വേട്ടക്കാരാക്കാന്‍ ശ്രമിക്കുകയാണ്.