ഹിറ്റ്‌ലറും മുസ്സോലിനിയുമായിരുന്നു ആര്‍.എസ്.എസ്സിന്റെ വഴികാട്ടികള്‍

ഡോ. ശംസുല്‍ ഇസ്‌ലാം

11 November, 2017

+ -
image

ഇന്ത്യന്‍ പൊളിറ്റിക്‌സിനെക്കുറിച്ച് റിസര്‍ച്ച് നടത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ മാര്‍സിയ കസൊലാരി ആര്‍.എസ്.എസ് സ്ഥാപകര്‍ക്കും ഫാസിസത്തിന്റെയും നാസിസത്തിന്റെയും സ്ഥാപകര്‍ക്കുമിടയിലെ സൗഹൃദ ബന്ധത്തെക്കുറിച്ച് ശ്രദ്ധേയമായമായൊരു പഠനം നടത്തിയിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ ആര്‍ക്കെവ്‌സുകളിലൂടെ ശ്രമകരമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധികള്‍ക്കും ഹിന്ദു ദേശീയവാദികള്‍ക്കുമിടയില്‍ നേരിട്ടുള്ള ബന്ധം നിലനിന്നിരുന്നതായി അദ്ദേഹം തെളിയിക്കുന്നു. ആശയത്തിലും പ്രയോഗത്തിലും ഹിന്ദു ദേശീയവാദം ഫാസിസവുമായി വളരെ അടുത്തുനില്‍ക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ശേഷം വരുന്ന വിശദീകരണങ്ങളില്‍നിന്നും ഇക്കാര്യം കൂടുതല്‍ വ്യക്തമാകുന്നതാണ്. അദ്ദേഹം പറയുന്നത് കാണുക:

‘ഫാസിസത്തിലും മുസ്സോലിനിയിലും ഇന്ത്യന്‍ ദേശീയവാദികള്‍ക്കുള്ള താല്‍പര്യം കേവലം യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. ചില വ്യക്തികള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്ന ഒരു കാര്യവുമല്ല. മറിച്ച്, അവര്‍ നല്‍കിയ ഊന്നലുകളുടെ ആത്യന്തിക ഫലമായി രൂപപ്പെട്ടതായിരുന്നു ഇത്. ഹിന്ദു ദേശീയവാദികള്‍ വിശിഷ്യാ മഹാരാഷ്ട്രയിലുള്ളവര്‍ ഇറ്റാലിയന്‍ സ്വേച്ഛാധിപത്യത്തെയും അതിന്റെ നേതാവിനെയുമാണ് മനസ്സില്‍ കണ്ടിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം, ഫാസിസം ഒരു യാഥാസ്ഥിക വിപ്ലവത്തിന്റെ ഉദാഹരണം മാത്രമായിരുന്നു.’

ധാരാളം ആര്‍ക്കിവല്‍ തെളിവുകള്‍ നിരത്തിയ ശേഷം ഇങ്ങനെയൊരു ഉപസംഹാരത്തിലേക്ക് ഗവേഷക എത്തുന്നത് കാണാം:

‘1920 കളുടെ അവസാനത്തോടെ ഫാസിസ്റ്റ് ഭരണകൂടത്തിനും മുസോലിനിക്കും മഹാരാഷ്ട്രയില്‍ നിര്‍ണായകമായ ജനകീയതയുണ്ടായിരുന്നു. ജനങ്ങളുടെ പട്ടാളവല്‍കരണവും അവ്യവസ്ഥയില്‍നിന്നും വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന സാമൂഹ്യ പരിവര്‍ത്തനവുമായിരുന്നു ഹിന്ദു ദേശീയവാദികളെ ആകര്‍ഷിച്ച ഫാസിസ്റ്റ് മുഖം. ബ്രിട്ടീഷ് ചിന്തയിലധിഷ്ഠിതമായജനാധിപത്യമെന്ന ആശയത്തിന് ബദലായി ജനാധിപത്യ വിരുദ്ധത (anti-democracy) എന്ന ആശയം പോസിറ്റീവ് ബദലായി പരിഗണിക്കപ്പെട്ടു.’

മൂഞ്ചെക്കും മുസോലിനിക്കുമിടയില്‍ ശക്തമായ ബന്ധങ്ങള്‍ നിലനിന്നിരുന്നതായി ഗവേഷക തന്റെ അന്വേഷണത്തിലൂടെ തെളിയിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടവുമായും സ്വേഛാധിപതിയായ അതിന്റെ തലവനുമായും ആദ്യമായി ബന്ധം സ്ഥാപിക്കുന്ന ഹിന്ദു ദേശീയവാദി ആര്‍.എസ്.എസ്സുമായി വളരെ അടുപ്പത്തിലായിരുന്ന ബി.എസ്. മൂഞ്ചെ എന്ന രാഷ്ട്രീയക്കാരനാണ് എന്നാണ് അവര്‍ പറയുന്നത്. സത്യത്തില്‍, ഹെഡ്ഗ്വാറിന്റെ തന്നെ വഴികാട്ടിയു ബൗദ്ധിക ഉപദേശകനുമായിരുന്നു മൂഞ്ചെ. ഇരുവരും വളരെ അടുപ്പത്തിലും സൗഹൃദത്തിലുമാണ് കഴിഞ്ഞിരുന്നത്. ആര്‍.എസ്.എസ്സിനെ ശക്തിപ്പെടുത്തുകയും അതിനെ രാജ്യവ്യാപകമായ ഒരു സംഘടനയായി വളര്‍ത്തുകയും ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഏവര്‍ക്കും അറിയാവുന്നതാണിത്.

1931 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍, വട്ടമേശ സമ്മേളനം കഴിഞ്ഞ് മടങ്ങവെ, മൂഞ്ചെ ഒരു യൂറോപ്യന്‍ യാത്ര സംഘടിപ്പിക്കുകയുണ്ടായി. ഈ യാത്രയില്‍ നാണ്ട ഒരു കാലം അദ്ദേഹം ഇറ്റലയില്‍ ചെലവഴിച്ചു. അവിടെ ചില പ്രത്യേക പട്ടാള സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. മുസോലിനിയുമായുള്ള മീറ്റിംഗായിരുന്നു സന്ദര്‍ശനത്തിന്റെ സുപ്രധാന ലക്ഷ്യം. ഈ യാത്രയെ കുറിച്ചും അവിടെവെച്ച് മുസോലിനിയുമായി നടന്ന ചര്‍ച്ചയെ കുറിച്ചും വിശദമായി മൂഞ്ചെ തന്റെ ഡയറിയില്‍ 13 പേജുകളിലായി എഴുതിവെച്ചിട്ടുണ്ട്.

മാര്‍സിയയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 1931 മാര്‍ച്ച് മാസം 15-24 കാലയളവില്‍ റോമില്‍ ഒരു ഇന്ത്യന്‍ ലീഡര്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 19 ന് മറ്റുള്ളവരോടൊപ്പം അദ്ദേഹം മിലിറ്ററി കോളേജ്, സെന്‍ട്രല്‍ മിലിറ്ററി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങിയവ സന്ദര്‍ശിച്ചു. കൂട്ടത്തില്‍, വളരെ പ്രധാനപ്പെട്ട ബാലില്ല (Balilla), അവന്‍ഗ്വര്‍ദിസ്തി (Avanguardisti) എന്നിങ്ങനെ പേരുള്ള രണ്ടു സംഘടനാ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ഈ രണ്ടു സംഘടനകളെക്കുറിച്ച് വിവരിക്കാന്‍ മൂഞ്ചെ തന്റെ ഡയറിയില്‍ രണ്ടു പേജിലേറെ സ്ഥലം ചെലവഴിച്ചതായി കാണാം. വിദ്യാഭ്യാസത്തിലപ്പുറം യുവാക്കള്‍ക്കുവേണ്ടി ഫാസിസത്തിന്റെ സൈദ്ധാന്തിക പരിശീലനം നടക്കുന്ന പ്രധാന കേന്ദ്രങ്ങളാണിവ. അവയുടെ ഘടന അല്‍ഭുതകരമാംവിധം ആര്‍.എസ്.എസ്സിന്റെ ഘടനയോട് സമാനമാണ്. ആറു വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളെയാണ് അവര്‍ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തിരുന്നത്. യുവാക്കള്‍ വാരാന്ത മീറ്റിംഗുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്നു. അയോധന പരിശീലനങ്ങള്‍, പാരാമിലിറ്ററി ട്രൈനിംഗ് തുടങ്ങിയവയാണ് അവിടെ നല്‍കപ്പെട്ടിരുന്നത്. കൂടാതെ, ഡ്രില്ലുകളും പരേഡുകളും നടത്തപ്പെട്ടിരുന്നു.

തന്റെ പഠനത്തിന് വഴിത്തിരിവായ മൂഞ്ചെയുടെ ഡയറിക്കുറിപ്പിലൂടെ കടന്നുപോകുന്ന മാര്‍സിയ, ആര്‍.എസ്.എസിന്റെ ഘടന ഹെഡ്ഗ്വാറിന്റെ ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്ന അവകാശവാദത്തെ സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല. ആര്‍.എസ്.എസ്സിനെ ഇറ്റാലിയന്‍ ഫാസിസ്റ്റ് വഴിയില്‍ വാര്‍ത്തെടുക്കുന്നതില്‍ മൂഞ്ചെ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഫാസിസ്റ്റ് സംഘടനകള്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ ഡയറിതന്നെ തെളിവാണ്.

മൂഞ്ചെയുടെ ഡയറിയുടെ ഉള്ളടക്കം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അതില്‍നിന്നും ചില ഭാഗങ്ങള്‍ മാര്‍സിയ ഇങ്ങനെ എടുത്തുദ്ധരിക്കുന്നു:

‘ബാലില്ല സ്ഥാപനങ്ങളും അവയുടെ ആശയ ലോകവും എന്നെ വല്ലാതെ ആകര്‍ഷിച്ചു; വലിയൊരു ക്രമീകരണവും അച്ചടക്കവും അവിടെ ഇപ്പോഴും രൂപപ്പെട്ടുവന്നിട്ടില്ല എന്നിട്ടുപോലും. ഇറ്റലിയിലെ സൈനിക പരിഷ്‌കരണത്തിനായി മുസോലിനി ആവിഷ്‌കരിച്ചതാണ് ഈ ആശയ ലോകം. ഇറ്റലിക്കാര്‍ ഇന്ത്യക്കാരെ പോലെത്തന്നെ വേഗം സ്‌നേഹിക്കുന്നവരും അക്രമോത്സുകത ഇല്ലാത്തവരുമാണ്. ഇന്ത്യക്കാരെ പോലെ അവര്‍ സമാധാന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുദ്ധകലയെ അവഗണിക്കുകയും ചെയ്യുന്നു. തന്റെ രാജ്യത്തിന്റെ ബലക്ഷയം തിരിച്ചറിഞ്ഞ മുസോലിനി അത് പരിഹരിക്കാനായി ബാലില്ല സംഘടന (Balilla Organization) എന്ന ആശയം ആവിഷ്‌കരിക്കുകയായിരുന്നു. ഇറ്റലിയിലെ സൈനിക പരിഷ്‌കരണ മേഖലയില്‍ ഇതിനെക്കാള്‍ മെച്ചപ്പട്ട മറ്റൊരു രീതി ആവിഷ്‌കരിക്കുക സാധ്യമല്ല. ഫാസിസം എന്ന ആശയം ജനങ്ങള്‍ക്കിടയില്‍ ഐക്യം എന്ന സങ്കല്‍പത്തെ വിവിധ രൂപത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നുണ്ട്.

ഇന്ത്യക്ക് പ്രത്യേകിച്ചും ഹിന്ദു ഇന്ത്യക്ക് അതിന്റെ സൈനിക പരിഷ്‌കരണത്തിനായി ഇതുപോലെയൊരു സ്ഥാപനം അനിവാര്യമാണ്. അതുവഴി ബ്രിട്ടീഷുകാര്‍ ഊന്നല്‍ നല്‍കിയ പല കൃത്രിമ വേര്‍തിരിവുകളും ഹിന്ദുക്കള്‍ക്കിടയിലെ മാര്‍ഷ്യല്‍-നണ്‍ മാര്‍ഷ്യല്‍ ക്ലാസുകളും അപ്രത്യക്ഷമായേക്കും. നാഗ്പൂരിനെ കേന്ദ്രീകരിച്ച് ഹെഡ്ഗ്വാറിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നമ്മുടെ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന സ്ഥാപനം ഈ ഇനത്തില്‍ പെട്ടതാണ്. തീര്‍ത്തും സ്വതന്ത്രമായിട്ടു തന്നെയാണ് അത് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത് എന്നുമാത്രം. എന്റെ ശിഷ്ട കാലം ഹെഡ്ഗ്വാറിന്റെ ഈയൊരു സ്ഥാപനത്തെ മഹാരാഷ്ട്ര മുഴുക്കെയും അതിനു പുറത്തേക്കും വളര്‍ത്തി വികസിപ്പിക്കുന്നതിനായി മാറ്റിവെക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

1931 മാര്‍ച്ച് 19 വൈകുന്നേരം മൂന്നു മണിക്ക് ഫാസിസ്റ്റ് സര്‍ക്കാരിന്റെ ആസ്ഥാന കേന്ദ്രമായ പ്ലാസോ വെന്‍സിയയില്‍ മൂഞ്ചെക്ക് മുസോലിനിയുമായി ഒരു കൂടിക്കാഴ്ചയുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുസോലിനിയുമായി നേരിട്ടു നടത്തിയ സംഭാഷണത്തെക്കുറിച്ച് മാര്‍ച്ച് 20 ന് മൂഞ്ചെ തന്റെ ഡയറിയില്‍ ഇങ്ങനെ കുറിക്കുന്നു:

‘ഞാന്‍ ഡോ. മൂഞ്ചെ എന്ന ആമുഖ പരിചയപ്പെടുത്തലോടെ ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചു. എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അദ്ദേഹം മനസ്സിലാക്കി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടങ്ങളെ കുറിച്ച് അദ്ദേഹം വളരെ ബോധവാനായിരുന്നു. ഞാന്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ പറഞ്ഞു: കുട്ടികളുടെ സൈനിക പരിശീലനത്തിലാണ് എന്റെ താല്‍പര്യം. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ മിലിറ്ററി സ്‌കൂളുകള്‍ സന്ദര്‍ശിച്ചുവരികയണിപ്പോള്‍. ഒടുവില്‍ ഇപ്പോള്‍ ഇറ്റലിയില്‍ വന്നതും അതേയൊരു ഉദ്ദേശ്യവുമായാണ്. ഫോറീന്‍ ഓഫീസും വാര്‍ ഓഫീസും ഇവിടത്തെ ഇത്തരം സ്‌കൂളുകള്‍ സന്ദര്‍ശിക്കാനായി എനിക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിത്തന്നതില്‍ ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. ഇന്നു രാവിലെയും ഉച്ചക്കു ശേഷവുമാണ് ഞാന്‍ ബാലില്ലയും ഫാസിസ്റ്റ് സ്ഥാപനവും സന്ദര്‍ശിച്ചത്. വളരെ സന്തോഷിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകള്‍. അഭിവൃദ്ധിയില്‍നിന്നും അഭിവൃദ്ധിയിലേക്കുള്ള വളര്‍ച്ചയില്‍ ഇറ്റലിക്ക് ഇതുപോലുള്ള സ്ഥാപനങ്ങള്‍ ആവശ്യമാണ്. ഞാന്‍ പത്രങ്ങളില്‍ അവയെക്കുറിച്ചും നിങ്ങളെക്കുറിച്ചും പല വിമര്‍ശന വാര്‍ത്തകളും വായിച്ചിട്ടുണ്ടെങ്കിലും ഇവ നേരിട്ടു കണ്ടപ്പോള്‍ അതില്‍ വിമര്‍ശനാത്മകമായിട്ട് എനിക്ക് യാതൊന്നുംതന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല.
മുസോലിനി: ‘അവയെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?’
ഡോ. മൂഞ്ചെ: ‘എനിക്ക് വളരെ ഇഷ്ടമായി. വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ഇതുപോലുള്ള സ്ഥാപനങ്ങള്‍ അത്യാവശ്യമാണ്.’
ഇതുകേട്ട് വളരെ സന്തുഷ്ടനായ മുസോലിനി ഇങ്ങനെ പ്രതികരിച്ചു: വളരെ നന്ദി. പക്ഷെ, ഇതുപോലൊന്ന് ഉണ്ടാക്കാന്‍ താങ്കള്‍ക്ക് നന്നായി അധ്വാനിക്കേണ്ടി വരും. ഏതായാലും, മടങ്ങിപ്പോയിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു വിജയം ഞാന്‍ ആശംസിക്കുന്നു.’ ഇതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. ഞാനും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു.’

മാര്‍സിയ തന്റെ പഠനത്തില്‍ തുടര്‍ന്ന് ഇങ്ങനെ എഴുതുന്നു:
‘ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ മൂഞ്ചെ സ്വന്തം ഡയറിയില്‍ കുറിച്ച വാഗ്ദത്തങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. താമസിയാതെ തന്റെ മിലിറ്ററി സ്‌കൂളിന്റെ പ്രാഥമിക പണികള്‍ തുടങ്ങി. മഹാരാഷ്ട്രയില്‍ ഹിന്ദു സമൂഹത്തിന്റെ സൈനിക പുനക്രമീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സമയം അദ്ദേഹം തീരെ പാഴാക്കിയില്ല. പൂനെയിലെത്തിയപാടെ ‘മറാട്ട’ പത്രത്തിന് വിശാലമായൊരു അഭിമുഖം നല്‍കി. ഹിന്ദു സമുദായത്തിന്റെ സൈനിക പുനക്രമീകരണവുമായി ബന്ധപ്പെട്ട് സൈന്യത്തെ ഇന്ത്യവല്‍കരിക്കണമെന്ന ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിര്‍ബന്ധിത യുദ്ധസേവനം കൊണ്ടുവരണമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവാദിത്വം ഒരു ഇന്ത്യക്കാരന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം അതില്‍ ആഗ്രഹം പ്രകടിപ്പിച്ചു. ശേഷം, സ്വന്തം ഡയറിയില്‍ കുറിച്ചുവെച്ച ജര്‍മന്‍, ഇറ്റലി മാതൃകകളെ അദ്ദേഹം ഇങ്ങനെ ഉദ്ധരിച്ചു:

‘സത്യത്തില്‍, നേതാക്കള്‍ ജര്‍മനിയിലെ യുവ പ്രസ്ഥാനങ്ങള അനുകരിച്ചേമതിയാവൂ. ഇറ്റലിയിലെ ബാലില്ല-ഫാസിസ്റ്റ് സ്ഥാപനങ്ങളെയും പിന്തുടരേണ്ടതുണ്ട്. ഇന്ത്യയില്‍ അവ കൊണ്ടുവരല്‍ വളരെ അനുയോജ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ സവിശേഷ സാഹചര്യങ്ങളില്‍ അത് പ്രത്യകം ഗുണം ചെയ്യും. അവിടെ പോയി അവയുടെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് നേരിട്ടു കാണാന്‍ സാധിച്ചു. ഏറെ സന്തോഷിപ്പിക്കുന്നതും മതിപ്പുളവാക്കുന്നതുമാണ് അവ.’

1934 മാര്‍ച്ച് 31 ലെ മൂഞ്ചെയുടെ ഡയറിക്കുറിപ്പില്‍ ഇങ്ങനെ കാണാം: അന്ന് അദ്ദേഹവും ഹെഡ്ഗ്വാറും ലാലൂ ഗോഖലെയും ഒരു മീറ്റിംഗ് ചേരുകയുണ്ടായി. ജര്‍മനി-ഇറ്റലി ശൈലിയില്‍ എങ്ങനെ ഹിന്ദു സൈനിക ക്രമീകരണം സാധ്യമാക്കാം എന്നതായിരുന്നു അതിലെ ചര്‍ച്ചാവിഷയം. യോഗത്തില്‍ മൂഞ്ചെ ഇങ്ങനെ പറഞ്ഞു:

‘ഇന്ത്യയിലൊന്നാകെ ഹിന്ദുയിസത്തെ ഹൈന്ദവ ധര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുന്ന ഒരു പദ്ധതി ഞാന്‍ ആലോചിക്കുന്നു. പക്ഷെ, സ്വേഛാധിപതിയായ ഒരു ഹിന്ദു ഭരണാധികാരിക്കു കീഴില്‍ ഇന്ത്യ നമ്മുടെ സ്വന്തം സ്വരാജ് ആകുന്നതുവരെ ഈ ആശയം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല എന്നതാണ് പ്രശ്‌നം. ഇന്ന് ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസോലിനിയും മുമ്പ് ശിവജിയുമെല്ലാം ആയിരുന്നതുപോലെ നമ്മുടെ ഒരു ഏതാധിപതിക്കു കീഴില്‍ ഇന്ത്യ നമ്മുടെതായി വരണം. ഇന്ത്യയില്‍ അങ്ങനെയൊരു ഏകാധിപതി ഉയര്‍ന്നുവരുന്നതുവരെ നാം കൈയും കെട്ടി കുത്തിയിരിക്കണമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, നാം ശാസ്ത്രീയമായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ആ പ്രോപഗണ്ടകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോവുകയും ചെയ്യേണ്ടതുണ്ട്….’

ഹിന്ദു സമൂഹത്തെ സൈനികമായി പുന:സംവിധാനിക്കണമെന്ന ആശയം ആവിഷ്‌കരിക്കാന്‍ തനിക്ക് പ്രചോദനമായത് ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ സൈനിക പരിശീലന സ്‌കൂളുകളാണെന്ന് മൂഞ്ചെ പരസ്യമായി തന്നെ സമ്മതിച്ചതായി മാര്‍സിയ വ്യക്തമാക്കുന്നു.

സെന്‍ട്രല്‍ ഹിന്ദു മിലിറ്ററി സൊസൈറ്റി ആന്റ് ഇറ്റ്‌സ് മിലിറ്ററി സ്‌കൂള്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചത് മൂഞ്ചെയായിരുന്നു. പ്രമുഖ വ്യക്തികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനായി അന്ന് തയ്യാറാക്കിയ ഇതിന്റെ ബ്രോഷറിന്റെ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു:

‘ജനങ്ങളെ കൂട്ടക്കൊല നടത്താന്‍ നമ്മുടെ കുട്ടികളെ യോഗ്യരും പ്രാപ്തരുമാക്കുക എന്നതാണ് ഈ ട്രൈനിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊല നടത്തിയും മുറിവേല്‍പിച്ചും ശത്രുക്കള്‍ക്ക് പരമാവധി അത്യാഹിതങ്ങള്‍ വരുത്തുകവഴി അവരുടെ മേല്‍ വിജയം നേടുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.’

ഇതാണ്, സത്യത്തില്‍, കഴിഞ്ഞ ഗുജറാത്ത് കലാപത്തില്‍ മൂസ്‌ലിംകളെ വംശഹത്യ നടത്തുകവഴി ആര്‍.എസ്.എസ് കേഡര്‍മാര്‍ സൂക്ഷ്മമായി പ്രയോഗവല്‍കരിച്ചത്.

ആര്‍.എസ്.എസ്സിന്റെ മറ്റൊരു നേതാവായ സവര്‍ക്കറിനും ഇതുപോലെ ഹിറ്റ്‌ലറുടെ നാസിസവുമായും മുസ്സോലിനിയുടെ ഫാസിസവുമായും വലിയ ബന്ധമുണ്ടായിരുന്നതായി കാണാന്‍ കഴിയും. 1940 ല്‍ മധുരയില്‍ വെച്ചു നടന്ന ഹിന്ദു മഹാസഭയുടെ 22 ാമത് സമ്മേളനത്തില്‍ ആധ്യക്ഷ്യപ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:

‘ഒരു നാസിസ്റ്റായിട്ടാണ് മരിച്ചത് എന്നതിനാല്‍ ഹിറ്റ്‌ലറെ ഒരു മനുഷ്യ പിശാചായോ ഒരു ജനാധിപത്യവാദിയായിരുന്നതിനാല്‍ ചര്‍ച്ചിലിനെ മനുഷ്യദൈവമായോ കണക്കാക്കുക സാധ്യമല്ല. ജര്‍മനിയുടെ പശ്ചാത്തലത്തില്‍ അനിഷേധ്യമാംവിധം നാസിസം അതിന്റെ രക്ഷകനായി തെളിയിക്കപ്പെട്ടിട്ടുണ്ട്.’

ഇന്ത്യയില്‍ ഫാസിസത്തെയും നാസിസത്തെയും എതിര്‍ത്ത നെഹ്‌റുവിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാന്‍പോലും സവര്‍ക്കര്‍ രംഗത്തുവന്നു. അദ്ദേഹം പറയുന്നത് കാണുക:

‘ജര്‍മനി, ജപ്പാന്‍, റഷ്യ, ഇറ്റലി പോലോത്ത രാജ്യങ്ങളോട് ചില പ്രത്യേക രീതിയിലുള്ള ഭരണ ശൈലികള്‍ സ്വീകരിക്കണമെന്നു കല്‍പിക്കാന്‍ നമ്മള്‍ ആരാണ്? ജര്‍മനിക്ക് എന്താണ് ഗുണകരമായിട്ടുള്ളത് എന്ന് നെഹ്‌റുവിനെക്കാള്‍ ഹിറ്റ്‌ലര്‍ക്ക് വളരെ നന്നായി അറിയാം. നാസിസ്റ്റ്-ഫാസിസ്റ്റ് ബന്ധത്തിലൂടെ മുമ്പത്തേതിനെക്കാള്‍ ജര്‍മനിയും ഇറ്റലിയും വളരെയേറെ വളര്‍ന്നുകഴിഞ്ഞിട്ടുണ്ടെന്നതാണ് സത്യം. അവയുടെ ആരോഗ്യം തേടുന്ന ഏറ്റവും അനുയോജ്യമായ ടോണിക് ഈ രാഷ്ട്രീയ ‘ഇസങ്ങള്‍’ തന്നെയാണെന്നത് അവ വ്യക്തമാക്കിക്കഴിഞ്ഞു.’

ഹിറ്റ്‌ലറിന്റെ ജൂത വിരുദ്ധ നീക്കങ്ങളെ സവര്‍ക്കര്‍ പിന്തുണക്കുന്നതായി കാണാം. 1938 ഒക്ടോബര്‍ 14 ന് ഇന്ത്യയിലെ മുസ്‌ലിം വിഷയത്തിലും ഇതേ നിലപാട് തന്നെ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി: ‘അവിടങ്ങളില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിലൂടെയാണ് ഒരു രാജ്യം രൂപമെടുക്കുന്നത്. ജര്‍മനിയില്‍ ജൂതന്മാരുടെ അവസ്ഥ എന്തായിരുന്നു? ന്യൂനപക്ഷമായിരുന്ന അവര്‍ ജര്‍മനിയില്‍നിന്നും ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്.’

ഹിറ്റ്‌ലറെയും നാസികളെയും പോലെത്തന്നെ ആര്യവംശക്കാരുടെ അധീശത്വത്തിലും പ്രതാപത്തിലും വിശ്വസിക്കുന്നവരായിരുന്നു ഹിന്ദു ദേശീയവാദികളുടെ നേതാക്കന്മാരും. ഈയൊരു വംശീയബോധമാണ് അവരെ പരസ്പരം ബന്ധിപ്പിച്ചിരുന്ന പ്രധാന ഘടകം. ഹിന്ദുക്കള്‍ ആര്യന്മാരാണെന്നും ആയതിനാല്‍ അവര്‍ ദേശീയ വിഭാഗമാണെന്നും അവര്‍ വിശ്വസിച്ചു. ആര്യനല്ലാത്ത വിദേശ ഭൂമികളില്‍ ജന്മമെടുത്ത മതങ്ങളില്‍ വിശ്വസിക്കുന്നതിനാല്‍ ക്രൈസ്തവരും മുസ്‌ലിംകളും വിദേശികളായും പരിഗണിക്കപ്പെട്ടു. അങ്ങനെ, ഇന്ത്യയിലെ മതങ്ങളെ രണ്ടു വിഭാഗമായി ആര്‍.എസ്.എസ് വിഭജിക്കുകയുണ്ടായി. ഇന്ത്യന്‍ മതങ്ങള്‍, വിദേശ മതങ്ങള്‍ എന്നിങ്ങനെയായിരുന്നു ഈ വിഭജനം. ബുദ്ധിസം, ജൈനിസം, സിക്കിസം തുടങ്ങിയവ ഇന്ത്യന്‍ മതങ്ങളായും എന്നാല്‍ സ്വതന്ത്ര മതത്തിന്റെ സ്റ്റാറ്റസ് ഇല്ലാത്തവയായും പ്രഖ്യാപിക്കപ്പെട്ടു. ഇവയെയെല്ലാം ഹിന്ദൂയിസത്തിന്റെ ഭാഗമായിട്ടുതന്നെയാണ് അവര്‍ പരിഗണിച്ചിരുന്നത്.

ഹെഡ്ഗ്വാറിനു ശേഷം ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തിലേക്കു വന്ന ഗോള്‍വാള്‍ക്കര്‍ സ്വാഭാവികമായും ഫാസിസത്തിന്റെയും നാസിസത്തിന്റെയും വലിയ പ്രണേതാവായിരുന്നു. തന്റെ മുന്‍ഗാമികളില്‍നിന്നും ലഭിച്ചതായിരുന്നു തനിക്ക് ഈ ഫാസിസ്റ്റ് അടുപ്പം. ‘വംശീയ ഉന്മൂലന’ത്തില്‍ വിശ്വസിച്ചിരുന്ന ഹിറ്റ്‌ലറുടെ നാസിസ്റ്റ് സാംസ്‌കാരിക ദേശീയവാദത്തെ മാതൃകയായി കണ്ട ആളായിരുന്നു അദ്ദേഹം. തന്റെ ഒരു പ്രസ്താവനയില്‍ അദ്ദേഹമിത് തുറന്നു പറയുന്നുണ്ട്:

‘ലോകത്തിന്റെ കണ്ണില്‍ വേറിട്ടുനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ന് ജര്‍മനി. ആരെയും അല്‍ഭുതപ്പെടുത്തുന്ന ഒരു മാതൃകയാണ് ഇത് മുന്നോട്ടു വെക്കുന്നത്. ആധുനിക ജര്‍മനി അധ്വാനിച്ചു മുന്നേറുകയും നേടിയെടുക്കേണ്ടതെല്ലാം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗതമായി തങ്ങള്‍ക്കു കീഴിലായിരുന്ന, പില്‍കാലത്ത് രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം നഷ്ടപ്പെട്ടുപോവുകയും മറ്റു രാജ്യങ്ങള്‍ക്കു കീഴില്‍ അകപ്പെട്ടുപോവുകയും ചെയ്ത പ്രദേശങ്ങളെയെല്ലാം വീണ്ടും തങ്ങളുടെ അധികാരത്തിനു കീഴില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്ക് പരമ്പരാഗതമായി ലഭിച്ച ഭൂമിയില്‍ വംശീയമായി തങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സ്വദേശം സാധ്യമാക്കുകയെന്നതാണ് ഓരോ ജര്‍മന്‍ നിവാസിയുടെയും ആഗ്രഹം. ജര്‍മനിയുടെ ഈയൊരു ന്യായമായ ആഗ്രഹം ഇന്ന് ഏറെക്കുറേ സാക്ഷാല്‍കരിക്കപ്പെട്ടുകഴിഞ്ഞു. ‘രാജ്യമെന്ന ഘടക’ത്തിന്റെ പ്രാധാന്യം ഇന്ന് ഒരിക്കലൂടെ തെളിയിക്കപ്പെട്ടു. ആയതിനാല്‍, മതം ചര്‍ച്ചാവിഷയമേയല്ലാത്ത, സാംസ്‌കാരികമായും ഭാഷാപരമായും നമ്മെ പരസ്പരം ബന്ധപ്പെടുത്തുന്ന ‘വംശം’ (race) എന്ന ദേശ സങ്കല്‍പത്തിലേക്ക് ശക്തി ആവാഹിച്ചുകൊണ്ട് നാം അടുത്തുവരിക.

ജര്‍മന്‍ വംശാഭിമാനം ഇന്ന് എവിടെയും ഒരു പ്രധാന വിഷയമായി മാറിയിട്ടുണ്ട്. ഈയൊരു വംശീയ ശുദ്ധിയും സാംസ്‌കാരിക ശുദ്ധിയും നിലനിര്‍ത്താനായി ജര്‍മനി സെമിറ്റിക് വംശങ്ങളെ അഥവാ ജൂതന്മാരെ ഇല്ലായ്മ ചെയ്തുകൊണ്ട് ലോകത്തെത്തന്നെ ഞെട്ടിക്കുകയുണ്ടായി. വംശാഭിമാനം അതിന്റെ പാരമ്യതയില്‍തന്നെ ഇവിടെ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു. വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്ന സംസ്‌കാരങ്ങളെയും വംശങ്ങളെയും ഏകോപിപ്പിച്ചു സമന്വയിപ്പിക്കല്‍ അസംഭവ്യമാണെന്നാണ് ജര്‍മനി നമുക്ക് കാണിച്ചുതന്നിരിക്കുന്നത്. ഇത് ഇന്ത്യക്കാരായ നമുക്ക് അവരില്‍നിന്നും പഠിക്കാനുള്ള ഒരു പാഠം കൂടിയാണ്.’

ഹിറ്റ്‌ലറും മുസോലിനിയും മാത്രമായിരുന്നില്ല ആര്‍.എസ്.എസ്സിന്റെ ഇഷ്ട ഭാജനങ്ങള്‍. ഏകാധിപത്യ സ്വഭാവമുള്ള ആധുനിക കാലത്തെ പ്രത്യയശാസ്ത്രങ്ങളിലേക്കും ഭരണകൂടങ്ങളിലേക്കുമെല്ലാം അവര്‍ ആകൃഷ്ടരായിരുന്നുവെന്നതാണ് സത്യം. ജനാധിപത്യത്തിന്റെ കൊലയെ കുറിച്ചും പ്രമുഖ നോബല്‍ ജേതാവ് ആങ് സാന്‍ സൂകിക്ക് ബര്‍മയിലെ പട്ടാളം മനുഷ്യാവകാശം നിഷേധിച്ചതിനെ കുറിച്ചും ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോഴും നമ്മുടെ അടുത്ത നാട്ടിലെ ഈ ജനാധിപത്യത്തിന്റെ ഘാതകരുമായി നിര്‍ലജം അടുത്ത ബന്ധം നിലനിര്‍ത്തിയരുന്നവരായിരുന്നു ആര്‍.എസ്.എസ്. തങ്ങളുടെ ഔദ്യോഗിക പത്രമായ ഓര്‍ഗനൈസറില്‍ 2000 ഫെബ്രുവരി 28, മാര്‍ച്ച് 5 തിയ്യതികളില്‍ തങ്ങളുടെ ബര്‍മ കരസ്‌പൊണ്ടന്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചുവന്ന ഒരു ന്യൂസ് അത് വ്യക്തമാക്കുന്നു. അത് ഇങ്ങനെ വായിക്കാം:

‘സനാദന്‍ ധര്‍മ സ്വയം സേവക് സംഘിന്റെ (ആര്‍.എസ്.എസ്സിന്റെ ബര്‍മന്‍ പതിപ്പ്) 50 ാം വാര്‍ഷികം ഈയിടെ യാഗ്നനില്‍ മയോമ ക്യാങ് സ്ട്രീറ്റിലെ നാഷ്‌നല്‍ തിയേറ്ററില്‍ വെച്ചുനടന്നു. സ്‌റ്റേറ്റ് പീസ് ആന്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ടിന്‍ ഊ പരിപാടിയില്‍ സംബന്ധിച്ചു. യോഗത്തില്‍ സീനിയര്‍ പട്ടാള ഓഫീസര്‍മാരും മന്ത്രിമാരും സന്നിഹിതരായിരുന്നു. കൊമേഴ്‌സ് വിഭാഗം മന്ത്രി പീ സോണെ, സോഷ്യല്‍ വെല്‍ഫയര്‍ വിഭാഗം മിനിസ്റ്റര്‍ സെയിന്‍ ഹത്‌വാ, ഹെല്‍ത്ത് മിനിസ്റ്റര്‍ കെറ്റ് സെയിന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത പ്രമുഖരില്‍ ചിലരാണ്. പരിപാടിയില്‍ സെക്രട്ടറി സംസാരിച്ചു.’

രണ്ടു ഫോട്ടോകള്‍ സഹിതമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചുവന്നിരുന്നത്. ഒന്നില്‍ ബര്‍മീസ് പട്ടാള മേധാവി ലഫ്റ്റനന്റ് ജനറല്‍ ടിന്‍ ഊവും മറ്റു അഞ്ച് സൈനിക തലവന്മാരും ബര്‍മീസ് ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം സ്റ്റേജില്‍ കാക്കി ട്രൗസര്‍ ധരിച്ചുനില്‍ക്കുന്ന രംഗം. രണ്ടാമത്തേതില്‍ ബര്‍മീസ് സൈനിക മേധാവികള്‍ നിരന്നിരിക്കുന്ന ഓഡിറ്റോറിയന്റെ മുന്‍നിര. മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബര്‍മീസ് പട്ടാളത്തോടൊപ്പമുള്ള ആര്‍.എസ്.എസ് നേതാക്കളുടെ ഈ ചിത്രം വലിയൊരു സന്ദേശമാണ് നല്‍കുന്നത്.

ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രിയ രാജ്യങ്ങളില്‍ ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ പൊട്ടിമുളക്കുകവഴി യൂറോപിലാകെ ഭീതി പടര്‍ന്നുപിടിച്ച വര്‍ത്തമാന കാലത്തുപോലും ഫാസിസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പില്‍ ആനന്ദം പൂണ്ട് ആഘോഷിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്. 2002 മെയ് 26 ന് ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച അതുല്‍ റാവത്തിന്റെ ‘റിസര്‍ജന്‍സ് ഓഫ് നാഷ്‌നാലിസം’ എന്ന ലേഖനത്തില്‍ ഈയൊരു ആനന്ദം ശരിക്കും കാണാന്‍ കഴിയും. അതിന്റെ ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:

‘സെപ്തംബര്‍ പതിനൊന്നിനു ശേഷമുള്ള ലോകം ജീവിക്കാന്‍ തീര്‍ത്തും പുതിയൊരു സഹാചര്യമാണ് മുന്നോട്ടുവെക്കുന്നത്. ലോകം മുഴുക്കെയുള്ള ആളുകള്‍ ഇതോടെ കൂടുതല്‍ കൂടുതല്‍ ദേശീയവാദികളും രാജ്യസ്‌നേഹികളുമായി മാറിക്കൊണ്ടിരിക്കുന്നു. ഈയിടെ ഫ്രാന്‍സില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അവിടത്തെ വലിയ ദേശീയവാദിയായ ജീന്‍ മാരി ലേ പെന്നിന് വലിയ ജന പിന്തുണയുണ്ടെന്ന് തെളിയിച്ചിരിക്കയാണ്. മീഡിയകളിലൂടെ പുറത്തുവന്ന വാര്‍ത്തകളനുസരിച്ച് അദ്ദേഹം പരാജയപ്പെട്ടിരിക്കയാണെങ്കിലും സത്യത്തില്‍ ആറു മില്യനോളം വോട്ടു ലഭിക്കുകവഴി വന്‍ വിജയമാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. മീഡിയയിലും അല്ലാതെയും അദ്ദേഹത്തിനെതിരെ ശക്തമായ ഹെയ്റ്റ് കാംപയിനുകള്‍വരെ നടന്നിട്ടും ഇങ്ങനെയൊരു വളര്‍ച്ച നേടാന്‍ കഴിഞ്ഞത് ഒരിക്കലും ചെറിയ കാര്യമല്ല. തങ്ങളുടെ ഇഷ്ട രാജ്യങ്ങളില്‍ ദേശീയ വികാരം ഇളക്കിവിടുകവഴി ചില നേതാക്കന്മാര്‍ക്കും പാര്‍ട്ടികള്‍ക്കും മാത്രം കൈവന്ന ഒരു നേട്ടമല്ല ഇത്. മറിച്ച്, ജര്‍മനി പോലെയുള്ള പ്രധാന രാജ്യങ്ങളിലും സമാനമായ രാഷ്ട്രീയ പ്രതിഭാസം നമുക്ക് കാണാന്‍ കഴിയും. റൊണാള്‍ഡ് ഷില്ലിന്റെ കടന്നുവരവ് പല കമ്യൂണിസ്റ്റ് അനുഭാവികളെയും തണുപ്പിച്ചിട്ടുണ്ട്.

ഓസ്ട്രിയയില്‍ ഒരു സഖ്യ സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. ജോര്‍ഗ് ഹൈദരിന്റെ ദേശീയവാദിയായ ഫ്രീഡം പാര്‍ട്ടി അതില്‍ പാര്‍ട്ണറാണ്. ആരുടെയും കണ്ണു തുറപ്പിക്കുന്ന ഒരു സംഭവമാണിത്. അദ്ദേഹം ഭരണത്തിലേക്കു ഉയര്‍ന്നുവന്ന സമയത്ത് ‘ആകാശം ഇടിഞ്ഞുചാടാന്‍ പോകുന്നു’ എന്ന തരത്തില്‍ ഇടതു ലോബികള്‍ മുറവിളി കൂട്ടിയിരുന്നു. പക്ഷെ, ഫ്രീഡം പാര്‍ട്ടി മറ്റുള്ളവരുടെയും പാര്‍ട്ണറായി ഭരണത്തില്‍ തുടര്‍ന്നു. കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഓസ്ട്രിയയില്‍ ഇതുവരെ വലതുപക്ഷത്തിന് ഒരു ദുരന്ത തകര്‍ച്ച നേരിടേണ്ടിവന്നിട്ടില്ല. മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.