ഹാദിയയുടെ സ്വാതന്ത്ര്യം ഇടതു നിലപാടിനേറ്റ തിരിച്ചടിയാണ്

സലീം ദേളി

11 March, 2018

+ -
image

നീണ്ട ആഴ്ചകളായി കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായി നരകതുല്യ ജീവിതം നയിച്ച ഹാദിയ പൂര്‍ണ്ണ സ്വതന്ത്രയായി. വ്യക്തി സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ട ഹാദിയ കേസ് ദേശീയ തലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേരളക്കാരിയായ ഹാദിയയെ ഇടതുപക്ഷ പൊതുധാര എത്രത്തോളം പീഡിപ്പിച്ചു എന്നത് ചോദ്യം ചെയ്യേണ്ടതു തന്നെയാണ്. മതസ്വാതന്ത്ര്യത്തിനും മതരഹിത സ്വാതന്ത്ര്യത്തിനും നിലകൊള്ളുന്നുവെന്ന് ഗീര്‍വാണം മുഴക്കുന്ന ഇടതുപക്ഷത്തിനും അതിന്റെ നേതാക്കള്‍ക്കും ഹാദിയ കേസില്‍ കൃത്യമായ നിലപാട് സ്വീകരിക്കാനായിട്ടില്ല.

 ഇവിടെ മുസ്ലിംകളെ ഇടതുപക്ഷം അപരവല്‍ക്കരിക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇതിലൂടെ വ്യക്തമായത്. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരെ സംരക്ഷിക്കാന്‍ കേരളത്തിലെ മുഖ്യധാര മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് ചരിത്രം. പൂര്‍ണ്ണമായും അത്തരക്കാരെ പുറത്ത് നിര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍, അങ്ങനെയല്ലാത്തവരെ പുറത്തുനിന്നുള്ള ആരോപണങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തിയിട്ടുമില്ല.

തീവ്രവാദ പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ മുസ്ലിം സമുദായത്തിനകത്തേക്ക് ചേര്‍ക്കുന്ന ഇടതുപക്ഷ ലിബറല്‍ നിലപാടുകള്‍ എത്രത്തോളം ബാലിശമാണ്.  തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടല്ലല്ലോ? അതിന്റെ നയപരമായ നിലപാടുകള്‍ എപ്പോഴും മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. 

ഹിന്ദുത്വ ഫാസിസം രാജ്യത്ത് പടര്‍ന്ന് പിടിക്കുമ്പോള്‍ അവരെ തള്ളിപ്പറയാന്‍ ഇടതുപക്ഷത്തന് കഴിയാതെ വരുന്നത് ഏത് അര്‍ത്ഥത്തിലാണ് നാം കാണേണ്ടത്. ആര്‍.എസ്.എസുകാര്‍ കേരളത്തില്‍ നടത്തിയ സാംസ്‌ക്കാരീക സാമൂഹീക അക്രമങ്ങളെ  വര്‍ഗീയതയ്ക്ക് വളമായെന്ന് പറയാന്‍ കഴിയാത്തവരാണ,് മുസ്ലിംകള്‍ക്കിടയിലെ തീവ്ര ചിന്താഗതിക്കാരെ തേടിപ്പിടിച്ച് മൊത്തം സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയത്. ഇതില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അത് മുസ്ലിം വിരുദ്ധ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയ സിദ്ധാന്തമാണ് ഇടതുപക്ഷത്തെ ഇത്രമേല്‍ ദുര്‍ബലപ്പെടുത്തിയത്. 

സി.പി.എം ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ആര്‍.എസ്.എസിന്റെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെത്തിയതും തടവിലാക്കി ക്രൂര ശിക്ഷ നല്കുന്ന ഘര്‍വാപസി കേന്ദ്രവും 65 മീശ്ര വിവാഹം ചെയ്തുവെന്ന ഒറ്റക്കാരണത്താല്‍ വധു-വരന്മാരെ കൊടിയ പീഡനത്തിന് ഇരയാക്കുന്ന ത്രിപൂണിത്തറ യോഗ സെന്റെറും സി.പി.എം എം.എല്‍.എ  എം സ്വരാജിന്റെ മണ്ഡലത്തിലാണ്. എത്ര ഇടതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥാപനത്തിനെതിരെ കൊടിയേന്തി സമരം ചെയ്തു?. ഇടതു ലിബറല്‍ മാധ്യമ പ്രവര്‍ത്തകരും ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളും ആ വിഷയത്തെ പ്രശ്നമായി ഏറ്റെടുക്കാത്തതിന്റെ രഹസ്യം എന്താണ്? കേരളം കുലുങ്ങേണ്ട വാര്‍ത്ത പുറത്തു വിട്ടവര്‍ക്കെതിരെ കുതിരകയറാനാണല്ലോ ഇവിടത്തെ ഇടതുപക്ഷ രാഷ്ട്രീയ ബോധം തുനിഞ്ഞത്?

പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ യുക്തിവാദികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ നാവുയര്‍ത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. പുരോഗമന ചിന്തകളുടെ മേല്‍ അടയിരിക്കുന്നവരാണെന്ന സ്വയം ബോധത്താല്‍ വീര്‍ത്തുവന്ന മതരഹിത ഇടതുപക്ഷക്കാര്‍ ഭീരുക്കളാണെന്ന് തിരിച്ചറിയാന്‍ അവര്‍ ഇനിയും സമയമെടുക്കും. 

സി.പി.എം നേതാവായ വാര്‍ഡ് മെമ്പര്‍ ഇതുവരെയും ഒരു പരാതി ഉന്നയിക്കാത്ത സംഘ്പരിവാറിന്റെ ഘര്‍വാപസി കേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത് 
കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റാണ്. കേരളത്തില്‍ മിശ്ര വിവാഹ ചര്‍ച്ചകളെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്ന സി.പി.എം വിവിധ മത വിശ്വാസമുള്ളവര്‍ ഒരുമിച്ച് കഴിയുന്ന നവോത്ഥാനമാണോ അതോ സങ്കുചിത ചിന്തകളുള്ള ആര്‍.എസ്.എസിന്റെ പിന്മുറക്കാരാവാനാണോ മത്സരിക്കുന്നത്. ഇത്തരം പീഡന കേന്ദ്രങ്ങള്‍ കേരളത്തില്‍ എത്രയുണ്ടെന്ന് പോലും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ പോലസിന് ആയിട്ടില്ലെങ്കില്‍ എം.എം അക്ബറിനെ അറസ്റ്റ് ചെയ്യാന്‍ കാണിക്കുന്ന തിടുക്കവും ശശികല ടീച്ചറെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള അമാന്തതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.

ഹാദിയ കേസില്‍ ഹാദിയയുടെ മൊഴിയെടുക്കുമെന്ന സാഹചര്യത്തില്‍ എല്ലാവരെയും ഞെട്ടിച്ച് കേരള സര്‍ക്കാറിന്റെ അഭിഭാഷകന്‍ രംഗത്ത് വന്നത്. അശോകന്റെയും എന്‍.ഐ.എ അഭിഭാഷകരുടെയും നിലപാടിനെ പിന്തുണച്ച വാദം കേട്ട് നിങ്ങള്‍ ആരുടെ അഭിഭാഷകനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിക്കുകയും ചെയ്തു. 

നോട്ടടി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവമോര്‍ച്ചാ നേതാവിനെതിരെ കേരളാപോലീസ് ചെറിയ വകുപ്പ് ചുമത്തിയത് മാത്രമാണ്. റിയാസ് മൗലവിയെ കൊന്ന ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ല. നൂറിലധികം യുവതികളെ മാനസികമായു ശാരീരികമായും പീഡിപ്പിച്ചെന്ന് ഇരകള്‍ വെളിപ്പെടുത്തിയ യോഗാ സെന്റര്‍ ഗുരുജിയെ സംരക്ഷിച്ചതുമായ കേരളാസര്‍ക്കാറിന്റെ ആഭ്യന്തര വകുപ്പ് ഹാദിയ കേസില്‍ നടത്തിയ ഇടപെടല്‍ ഇതുവഴിയെ വന്നതാണ്. 

നീതിയുക്തവും ഭരണഘടനാപരവുമായ ഒരു വിവാഹത്തെ രാജ്യത്തെ വര്‍ഗീയ ശക്തികള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ ഇരകളാണ് ഹാദിയ-ഷെഫിന്‍ ദമ്പതിമാര്‍. ഷെഫിന്റെ പേരില്‍ തീവ്രവാദ ബന്ധം ചാര്‍ത്തി വേട്ടയാടാനാണ് ഈ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുക. ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ക്ക് നിരന്തരം ഭീഷണിയുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുസ്ലിം  വേട്ടയ്ക്ക് അനുകൂല ഇടം നല്‍കുന്ന പിണറായി വിജയന്റെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിംകളെ പൊതുശത്രുവായി പ്രഖ്യാപിക്കണം.