ഇസ്രയേല്‍ ക്രൂരത: ഫുട്ബോള്‍ ലോകം ഫലസ്തീനൊപ്പം

ശാക്കിര്‍ മണിയറ

11 June, 2018

+ -
image

റഷ്യന്‍ ഫുട്ബോള്‍ ലോക കപ്പിനു മുന്നോടിയായി ഇസ്റായേലുമായി നടത്താനിരുന്ന സൗഹൃദ മത്സരം അര്‍ജന്റീന ടീം ഒഴിവാക്കിയതാണ് ഫുട്ബോള്‍ ലോകത്തെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത. 

സൗഹൃദമെന്തെന്നറിയാത്ത രാഷ്ട്രമാണ് ഇസ്റായേലെന്നും അതുകൊണ്ടു തന്നെ അവരുമായുള്ള സൗഹൃദ മത്സരം ഉപേക്ഷിക്കണമെന്നുമുള്ള ഫലസ്തീന്‍ ജനതയുടെ അഭ്യര്‍ഥന മാനിച്ചായിരുന്നു അര്‍ജന്റീനന്‍ ടീമിന്റെ തീരുമാനം. ഏതായായാലും ടീമിന്റെ പുതിയ നടപടി സമാധാന പ്രേമികളായ ഫുട്ബോള്‍ ലോകത്ത് അര്‍ജന്റീനക്ക് വന്‍ ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ശനിയാഴ്ചയുള്ള മത്സരം തീരുമാനിച്ചയുടനെ മത്സരം ഒഴിവാക്കാനുള്ള അഭ്യര്‍ഥനയുമായി ഫലസ്തീന്‍ ഭരണകൂടവും ജനതയും മുന്നോട്ടു വന്നിരുന്നു. ഇസ്റായേലിനെതിരെ കളിക്കുകയാണെങ്കില്‍ അര്‍ജന്റീനന്‍ ടീമിന്റെ ജഴ്സിയും പതാകയും കത്തിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനുള്ള ആഹ്വാനവും വ്യാപകരമായിരുന്നു. 

ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്റായേല്‍ അമേരിക്ക അടങ്ങുന്ന സാമ്രാജ്യത്വ ശക്തികള്‍ക്ക് ചങ്കിടിപ്പുണ്ടാക്കുന്ന തീരുമാനമെടുത്ത അര്‍ജന്റ്ീനന്‍ ടീം സമാധാനത്തിന്റെ വാഹകരാണെന്നും ഇതുമായി ബന്ധപ്പെട്ട് നത്തിങ് ഫ്രണ്ട്ലി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ക്യാംപയിന്‍ വന്‍ വിജയമായിരുന്നു എന്നും ഫലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രീല്‍ റജൗബ് പറഞ്ഞു. 

അര്‍ജന്റീനക്ക് അഭിവാദ്യമര്‍പ്പിച്ച് റാമല്ലയിലും ഗാസയിലും വെസറ്റ് ബാങ്കിലും ഫലസ്തീന്‍ ജനത പ്രകടനം നടത്തുകയും ചെയ്തു.
 
ഏതായാലും ഇസ്റായേലിന്റെ പാദസേവകരായി വാഴ്ത്തപ്പെട്ടിരുന്ന അര്‍ജന്റീനന്‍ ടീമിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു ധീരമായി നടപടി വന്നത് സാമ്രാജ്യത്വ ശക്തികളെ അല്‍പമൊന്നുമായിരിക്കില്ല അന്ധാളിപ്പിച്ചത്. 

ഫുട്ബോള്‍ ലോകത്തും ഇസ്റായേലിനെതിരെയുള്ള മുറവിളികളും ഫലസ്തീന്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യവും ഉയര്‍ന്നു കാണുന്നത് നല്ലെ നാളേക്കുള്ള സൂചനകളാണ്. ഇതോടെ കാലങ്ങലായി ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്റായേല്‍ തുടരുന്ന നരനായാട്ടിന് വലിയൊരു വെല്ലുവിളിയുയര്‍ന്നിരിക്കുകയാണ്. 

മുന്‍പ് ഐക്യരാഷ്ട്ര സഭയില്‍ ബഹുഭൂരിഭാഗം രാഷ്ട്രങ്ങളും ഇസ്റായേല്‍ എംബസി ജറൂസലമിലേക്ക് മാറ്റുന്ന നടപടിയെ എതിര്‍ത്തതും മെയ് 14ന് എംബസ്സി മാറ്റുന്നതുമായി ബന്ധപ്പെട്ട് ലോകരാഷ്ട്രങ്ങളില്‍ ഫലസ്തീന്‍ അനുകൂല ശബ്ദം അലയടിച്ചതും ഫലസ്തീന്‍ സന്നദ്ധ വനിത റസാന്‍ നജ്ജാറിനെ ഇസ്റായേല്‍ ബോംബുകള്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതുമെല്ലാം സാമാധാന പ്രേമികളായ ലോക രാഷ്ട്രങ്ങള്‍ ഫലസ്തീനൊപ്പം നില്‍ക്കുന്നു എന്നതിലേക്കുള്ള നല്ല സൂചനകളാണ്.