പെല്ലറ്റ് സ്വപ്‌നങ്ങള്‍ തകര്‍ത്ത കശ്മീരി ബാലിക ഇന്‍ശക്ക് വിജയത്തിളക്കം

ഡോ. ഖുര്‍റതുല്‍ ഐന്‍

11 January, 2018

+ -
image

ഇന്‍ശാ മുശ്താഖ്. 2016 ല്‍ കാശ്മീരിലെ പെല്ലറ്റ് വര്‍ഷക്കാലത്ത് എങ്ങും ഉയര്‍ന്നുകേട്ട പേര്. 

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്‍ശക്ക് അന്നാണ് തന്റെ കാഴ്ച്ച നഷ്ടമായത്. ഇന്ത്യന്‍ പട്ടാളത്തിന്റെ ക്രൂരമായ പെല്ലറ്റ് വര്‍ഷത്തെ തുടര്‍ന്നായിരുന്നായിരുന്നു ഈ ദാരുണാവസ്ഥ.

പിന്നീട്, ഹോസ്പിറ്റല്‍ കിടക്കയില്‍ തല മുഴുവനും മൂടിക്കെട്ടി, മുഖം നിറയെ പെല്ലറ്റാക്രമണത്തിന്റെ കുത്തുകുത്തുകള്‍ ഉള്ള ഇന്‍ശയെയാണ് മാധ്യമങ്ങളിലൂടെ ലോകം കണ്ടത്. 

കശ്മീരിലെ പെല്ലറ്റാക്രമണങ്ങളുടെ ഏറ്റവും വലിയ ഇരയായിരുന്നു ഇന്‍ശ. നൂറു നൂറു സ്വപ്നങ്ങളോടെയാണ് അവള്‍ ഒമ്പതാം ക്ലാസ് വരെ സ്‌കൂളില്‍ പോയിരുന്നത്. പഠിച്ച് വലിയ ആളാവണമെന്നായിരുന്നു ആഗ്രഹം. 

അതിനിടയിലാണ്, 2016 ല്‍ പട്ടാളം ബുര്‍ഹാന്‍ വാനിയെ വെടിവെച്ച് കൊല്ലുന്നത്. അതിനെ തുടര്‍ന്ന് കശ്മീര്‍ ഇളകി വശായി. അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന കശ്മീരികളെ അടിച്ചൊതുക്കാന്‍ പട്ടാളം കണ്ടെത്തിയ മാര്‍ഗമായിരുന്നു പെല്ലറ്റാക്രമണം.

മനുഷ്യന്റെ മുഖം മുഴുവന്‍ കൊച്ചു ചീളുകളെക്കൊണ്ട് തകര്‍ക്കുന്ന രീതിയായിരുന്നു ഇത്. 

ഇതിന് ഇരയായതാവട്ടെ, ഒന്നുമറിയാതെ സ്‌കൂളില്‍ പോവുകയായിരുന്ന ഇന്‍ശയും. ഇത് ഇന്‍ശയുടെ മാത്രം കഥയല്ല, ഇങ്ങനെ നിരപരാധികളായ അനവധി ഇന്‍ശമാര്‍ അന്ന് ഈ ക്രൂര കൃത്യത്തിന് ഇരയായി.

ഇന്‍ശ പക്ഷേ, തന്റെ സ്വപ്‌നങ്ങളില്‍നിന്നും പിന്നോട്ടു പോയില്ല. കണ്ണുകള്‍ തകര്‍ന്നെങ്കിലും ആ സ്വപ്‌നങ്ങള്‍ തകര്‍ന്നില്ല.

മാസങ്ങള്‍ നീണ്ട ഹോസ്പിറ്റല്‍ വാസത്തിനു ശേഷം വീണ്ടും പഠന രംഗത്തേക്കു തന്നെ അവള്‍ നടന്നു. 

മുമ്പത്തേതു പോലെ നോക്കി വായിക്കാന്‍ പറ്റുമായിരുന്നില്ല പിന്നീട്. പരിമിതികള്‍ക്കിടയില്‍ കേട്ടു പഠിച്ച് അവള്‍ തന്റെ ആത്മവിശ്വാസത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കി. 

എസ്.എസ്.എല്‍.സി പരീക്ഷക്ക് മറ്റുള്ളവരെപ്പോലെ തന്നെ തയ്യാറി. റിസല്‍ട്ട് പുറത്തു വന്നപ്പോള്‍ ഉന്നത വിജയവും അവളെ തേടിയെത്തി.

'റിസല്‍ട്ട് വലിയ സന്തോഷമാണ് ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇന്‍ശയുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്' ഇന്‍ശായുടെ പിതാവ് മുശ്താഖ് ലോണ്‍ പറയുന്നു.

ഡോക്ടര്‍മാര്‍ നീണ്ട സര്‍ജറികള്‍ നടത്തിയാണ് ഇന്‍ശയുടെ മുഖം ശരിയാക്കിയിരുന്നത്. പക്ഷെ, മുഖം കോലപ്പെടുത്തിയെങ്കിലും കണ്ണുകളുടെ കാഴ്ച്ച തിരികെ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 

ബ്രൈലി ലിപി പഠിച്ചെടുത്തായിരുന്നു ഇന്‍ശയുടെ പഠനം. അപകടം പറ്റിയതിനു ശേഷവും സ്‌കൂള്‍ പഠനം നിര്‍ത്താന്‍ അവള്‍ ഒരുക്കമായിരുന്നില്ല. ആ ധീരതയാണ് വലിയ വിജയത്തിലേക്ക് ഇപ്പോള്‍ അവളെ എത്തിച്ചിരിക്കുന്നത്.

റിസല്‍ട്ട് പുറത്തുവന്നതോടെ കശ്മീരികള്‍ ഈ വിജയം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും അവള്‍ക്ക് അഭിനന്ദന വര്‍ഷങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയിലും ഇന്‍ശ ഒരു താരമായി മാറിക്കഴിഞ്ഞു. മലാലയോടാണ് പലരും അവളരെ താരതമ്യപ്പെടുത്തുന്നത്.