സ്വാതന്ത്ര്യമാഘോഷിക്കുന്ന ഇന്ത്യയില്‍ സംഘ്പരിവാറിനെന്തു കാര്യം?

ഡോ. ഖുര്‍റതുല്‍ ഐന്‍

11 August, 2017

+ -
image

കോണ്‍ഗ്രസ് പാര്‍ട്ടി, വിപ്ലവകാരികള്‍, മറ്റു വിവിധ ഗ്രൂപ്പുകള്‍ തുടങ്ങി സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച വിശദമായ വിവരങ്ങള്‍ നല്‍കുന്ന ചരിത്ര സ്രോതസുകളും ആര്‍ക്കിവല്‍ രേഖകളും ധാരാളമായി ലഭ്യമാണ്. ശക്തമായ സാമ്രാജ്യത്വ അടിച്ചമര്‍ത്തലുകള്‍ കാരണം വളരെ രഹസ്യമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാര്‍ പോലും ഇക്കാലത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വോള്യങ്ങള്‍ വരുന്ന സോഴ്‌സ് മെറ്റീരിയലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സോഴ്‌സ് മെറ്റീരിയലുകള്‍ മറ്റു ഔദ്യോഗികമായ രേഖകള്‍കൊണ്ട് സ്ഥിരീകരിക്കപ്പെട്ടതും ആര്‍ക്കും എപ്പോഴും പരിശോധിക്കാവുന്നതുമാണ്. 

വളരെ രഹസ്യമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെങ്കിലും ഇവിടത്തെ വിപ്ലവകാരികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിപുലമായ തെളിവുകള്‍ ബാക്കിവെച്ചാണ് കടന്നുപോയിട്ടുള്ളത്. പക്ഷെ, സമാനമായൊരു രേഖാ സമാഹരണം ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആധാര രേഖകളെയും പ്രമാണങ്ങളെയും മുന്‍നിറുത്തി സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ പങ്കിനെ സ്ഥിരീകരിക്കുന്ന ഒരു ചരിത്ര പഠനം പുറത്തു വന്നിട്ടുമില്ല. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സംഘടനയുടെ പങ്കിനെ സ്ഥാപിക്കാന്‍ പത്രമാധ്യമങ്ങള്‍ ഉള്‍പ്പടെ ഇന്നത്തെ ചരിത്ര രേഖകളില്‍ ഒന്നിനുപോലും സാധ്യമായിട്ടില്ല എന്നതാണ് സത്യം. 

അതുകൊണ്ടുതന്നെ, ആര്‍.എസ്.എസ് പ്രചാരകര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ യാതൊരു ചരിത്ര പിന്‍ബലവുമില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. സത്യംപറഞ്ഞാല്‍, സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ പങ്കിനെ തുറന്നുകാട്ടുന്ന രേഖകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പഠന ഗ്രന്ഥം പുറത്തുകൊണ്ടുവരാവുന്ന ഒരു തലത്തിലേക്കു പോലും ആര്‍.എസ്.എസ് ഇതുവരെ എത്തിയിട്ടില്ല എന്നതാണ് വസ്തുത. 

ആര്‍.എസ്.എസ് നേതാക്കളുടെ സമകാലിക എഴുത്തുകള്‍ക്കും പ്രസംഗങ്ങള്‍ക്കുമെല്ലാം തീര്‍ത്തും വ്യത്യസ്തമായൊരു കഥയാണ് പറയാനുള്ളത്. ഇന്നവര്‍ സ്വാതന്ത്ര്യത്തെ കുറിച്ചും സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ പങ്കിനെ കുറിച്ചും വാതോരാതെ സംസാരിക്കുമ്പോള്‍ തങ്ങളുടെ യഥാര്‍ത്ത ചരിത്രം ഇതിനെ പൂര്‍ണമായും നിഷേധിക്കുന്നു. സ്വാതന്ത്ര്യ സമരത്തോടുള്ള ആര്‍.എസ്.എസ് നിലപാട് വിശദീകരിച്ചുകൊണ്ട് ഗോള്‍വാള്‍ക്കര്‍ പറയുന്നത് കാണുക:

'എപ്പോഴും പതിവു ജോലികളില്‍ മുഴുകിക്കഴിയാന്‍ മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു. പതിയെ പതിയെ രാജ്യത്ത് വളര്‍ന്നുകൊണ്ടിരുന്ന സാഹചര്യങ്ങള്‍ മനസ്സില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. 1942 കാലത്ത് ഇത്തരം അസ്വസ്ഥതകള്‍ തലപൊക്കി. അതിനു മുമ്പ് 1930-31 കാലത്തും ഇവിടെ മൂവ്‌മെന്റ്ുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് പലയാളുകളും ഡോക്ടര്‍ജിയുടെ അടുത്തുചെല്ലുകയുണ്ടായി. ഈ മൂവ്‌മെന്റ് സ്വാതന്ത്ര്യം ലഭ്യമാക്കുമെന്നും സംഘം മാറിനില്‍ക്കേണ്ടതില്ലെന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിനിടയില്‍, താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ഒരാള്‍ എഴുന്നേറ്റുനിന്ന് ഡോക്ടര്‍ജിക്കു മുമ്പില്‍ പറഞ്ഞു. 'തീര്‍ച്ചയായും, പോവുക. പക്ഷെ, ആര് താങ്കളുടെ കുടുംബത്തെ സംരക്ഷിക്കും?' ഡോക്ടര്‍ജി തിരിച്ചുചോദിച്ചു. 'ഞാന്‍ എന്റെ കുടുംബത്തിന് രണ്ടു വര്‍ഷം ജീവിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കിവെക്കുക മാത്രമല്ല, ആവശ്യം വരുമ്പോള്‍ ഫൈണ്‍ അടക്കാനുള്ള പണം പോലും തയ്യാറാക്കിവെച്ചിട്ടുണ്ട്' അയാള്‍ പറഞ്ഞു. 'വിഭവങ്ങളെല്ലാം പൂര്‍ണമായി താങ്കള്‍ ഒരുക്കിവെച്ചിട്ടുണ്ടെങ്കില്‍ രണ്ടു വര്‍ഷം 'സംഘത്തി'നുവേണ്ടി പ്രവര്‍ത്തിക്കാന്‍ രംഗത്തുവരിക.' വീട്ടിലേക്കു തിരിച്ചുപോയ ആ ചെറുപ്പക്കാരന്‍ പിന്നീട് ജയിലില്‍ പോവുകയോ സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ രംഗത്തുവരികയോ ചെയ്തില്ല.'

നിഷ്‌കളങ്കമായി രാജ്യത്തെ സ്‌നേഹിച്ചിരുന്ന ആളുകളുടെ ആത്മവീര്യം കെടുത്താന്‍ ആര്‍.എസ്.എസ് നേതൃത്വം തുനിഞ്ഞിരുന്നുവെന്നാണ് ഈ സംഭവം കാണിച്ചുതരുന്നത്. അവരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആട്ടിയകറ്റുകയായിരുന്നു ആര്‍.എസ്.എസ് നേതൃത്വം. 

നിസ്സഹകരണ പ്രസ്ഥാനവും ക്വിറ്റ് ഇന്ത്യ സമരവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മഹത്തായ നാഴികക്കല്ലുകളാണ്. ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കര്‍ തന്റെ ഒരു ഉപന്യാസത്തില്‍ ഇവ രണ്ടിനെയും പരാമര്‍ശിക്കുന്നുമുണ്ട്. കേണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഈ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളെ അവലോകനം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറയുന്നു: 

'തീര്‍ച്ചയായും, സമരങ്ങള്‍ക്ക് ദൂഷ്യഫലങ്ങള്‍ ഉണ്ടാവുകതന്നെ ചെയ്യും. 1920-21 ലെ മൂവ്‌മെന്റോടുകൂടി കുട്ടികള്‍ അച്ചടക്കമില്ലാത്തവരായി മാറി. നേതാക്കളെ ചെളി വാരി എറിയാനുള്ള ഒരു ഉദ്ദ്യമമായിട്ടായിരുന്നില്ല ഇത്. മറിച്ച്, പോരാട്ടത്തിനു ശേഷമുണ്ടായ ഒരനിവാര്യ ഉല്‍പന്നമായിരുന്നു ഇത്. ഇത്തരം സംഭവങ്ങളെ നമുക്ക് വേണ്ടപോലെ നിയന്ത്രിക്കാന്‍ കഴിയില്ലണമെന്നില്ല. 1942 നു ശേഷം, ഇനി നിയമങ്ങളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല എന്നുവരെ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങി.'

ഇത്തരം പരാമര്‍ശങ്ങളിലൂടെ, ക്രൂരരായ ബ്രിട്ടീഷ് ഭരണാധികാരികളുടെ മര്‍ദ്ദനപരമായ നിയമങ്ങളെ ആദരിക്കാന്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യക്കാരോട് ആവശ്യപ്പെടുകയായിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിനു നേരെ ആര്‍.എസ്.എസ് നിലപാട് ശരിയല്ലെന്ന് പൊതു ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നിട്ടുപോലും സ്വാതന്ത്ര്യ സമരത്തില്‍നിന്നും അകന്നുനില്‍ക്കുകയെന്ന തങ്ങളുടെ നിലപാടില്‍നിന്നും ആര്‍.എസ്.എസ് നേതൃത്വം പിന്നോട്ട് പോയിരുന്നില്ല. ഇത് ഗോള്‍വാള്‍ക്കര്‍ മറ്റൊരിടത്ത് സമ്മതിക്കുന്നത് കാണാം. അദ്ദേഹം പറയുന്നു:

'1942 ലും ചിലയാളുകളുടെ ഹൃദയങ്ങളില്‍ ശക്തമായ വികാരങ്ങള്‍ തിളച്ചുപൊന്തിയിരുന്നു. ആ സമയത്തുപോലും 'സംഘ'ത്തിന്റെ പതിവു ജോലികള്‍ ഇടതവില്ലാതെ തുടരുകയാണുണ്ടായത്. ഒരു കാര്യവും നേരിട്ടു ചെയ്യാതിരിക്കാന്‍ 'സംഘം' പ്രത്യേകം ശ്രദ്ധിച്ചു.'

പക്ഷെ, അവര്‍ ഇങ്ങനെയെല്ലാം പറയുന്നുണ്ടെങ്കിലും, ക്വിറ്റ് ഇന്ത്യ സമരത്തിനു വേണ്ടി ആര്‍.എസ്.എസ് നേരിട്ടല്ലാതെ ചെയ്ത പ്രവര്‍ത്തനങ്ങളെ പോലും വ്യക്തമാക്കുന്ന യാതൊരു തെളിവുംതന്നെ ലഭ്യമല്ല എന്നതാണ് സത്യം. സംഘത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍തന്നെ അത് ഇതുവരേ പുറത്തുവന്നിട്ടില്ല. 

മുമ്പു നാം മനസ്സിലാക്കിയതുപോലെ, ഹെഡ്ഗവാര്‍ ഉപ്പുസത്യാഗ്രഹത്തില്‍ ചില താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണെങ്കിലും സ്വന്തമായി പങ്കെടുത്തിരുന്നു. പക്ഷെ, അതിനു ശേഷം ആര്‍.എസ്.എസ്സുകാര്‍ പൂര്‍ണമായും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍നിന്നും മാറിനിന്നു. ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെ ആയേക്കാമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും അവര്‍ കരുതലോടെ ഉപേക്ഷിച്ചു. ആര്‍.എസ്.എസ് പ്രസിദ്ധീകരണം ഇക്കാര്യം പറയുന്നത് ഇങ്ങനെയാണ്:

'സംഘം രൂപീകരിക്കപ്പെട്ട ശേഷം ഡോ. സാഹിബ് തന്റെ പ്രഭാഷണങ്ങളില്‍ ഹിന്ദു സംഘടനയെക്കുറിച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. സര്‍ക്കാറിനെതിരെ തുറന്ന് യാതൊരു പ്രസ്താവനയും നടത്തിയിരുന്നില്ല.'

ഹെഡ്ഗവാറിനെ കുറിച്ച് ഇതുവരെയുള്ള ആര്‍.എസ്.എസ്സ് സാഹിത്യത്തിലെവിടെയും വെള്ളക്കാര്‍ക്കെതിരെ അദ്ദേഹം പരോക്ഷമായി പോലും വല്ല പ്രസ്താവനയും നടത്തിയതായിട്ട് രേഖകളില്ല എന്നതാണ് ശ്രദ്ധേയം. സ്വാതന്ത്ര്യ സമര കാലത്തെ ദേശീയ പത്രങ്ങള്‍ അരിച്ചുപെറുക്കിയാല്‍ പോലും സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ്സ് ഒരു പങ്കും വഹിച്ചിരുന്നതായി കണ്ടെത്തുക സാധ്യമല്ല.

ആര്‍.എസ്.എസ് മെമ്പര്‍മാരില്‍ ആരെങ്കിലും ചിലര്‍ വൈയക്തികമായി എപ്പോഴെങ്കിലും ചില ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ സംബന്ധിച്ചിട്ടുണ്ടാവാം. പക്ഷെ, അത് തീര്‍ത്തും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. അല്ലാതെ, ഒരു സംഘടന എന്ന നിലക്ക് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെയോ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടിയോ ആര്‍.എസ്.എസ് ഒരു പോരാട്ടമോ കാംപയിനോ നടത്തിയിട്ടില്ല. അതിന്റെ മുതിര്‍ന്ന നേതാക്കളാരും തന്നെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗവുമായിരുന്നില്ല. അക്കാലത്തെ ആര്‍.എസ്.എസ് രേഖകള്‍ തന്നെ ഇതിനു സാക്ഷിയാണ്. 

ഗോള്‍വാള്‍ക്കര്‍ അധിനിവേശത്തെ ന്യായീകരിക്കുന്നു

വൈദേശിക ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയ മുന്നേറ്റങ്ങളെ തുറന്നെതിര്‍ക്കുകവരെ ചെയ്തിരുന്നു ഗോള്‍വാള്‍ക്കര്‍. 1947 മാര്‍ച്ച് മാസം ബ്രിട്ടീഷ് ഭരണാധികാരികള്‍ രാജ്യം വിട്ടുപോകാന്‍ തീരുമാനിച്ച സന്ദര്‍ഭം. ഡല്‍ഹിയില്‍ ആര്‍.എസ്.എസ്സിന്റെ വാര്‍ഷിക ദിനാചരണ പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ, സങ്കുചിത കാഴ്ചപ്പാടുള്ള നേതാക്കന്മാരാണ് രാജ്യത്ത് ബ്രിട്ടീഷ് അധികാരത്തെ എതിര്‍ക്കുന്നത് എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. നമ്മുടെ അപചയങ്ങള്‍ക്ക് ശക്തരായ വിദേശികളെ കുറ്റം പറയുന്ന പ്രവണത ശരിയല്ലെന്നും ഇതിനെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'ഭരണാധികാരികളോടുള്ള വെറുപ്പിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ നടത്തുന്ന രീതിയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.'18 തന്റെ പ്രസംഗത്തില്‍ ഒരു സംഭവം വിശദീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കി:

'ഒരിക്കല്‍ അഭിവന്ദ്യനായ ഒരു മുതിര്‍ന്ന വ്യക്തി നമ്മുടെ ശാഖയില്‍ വന്നു. ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്ക് പുതിയൊരു സന്ദേശവുമായാണ് അദ്ദേഹം വന്നന്നത്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍ മനസ്സില്‍ തട്ടുന്ന ശൈലിയില്‍ അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഒരേയൊരു കാര്യം മാത്രം നിങ്ങള്‍ ചെയ്യുക. ബ്രിട്ടീഷുകാരെ പിടികൂടി പുറത്തെറിയുക. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം.' അങ്ങനെ പലതും സംസാരിച്ച് അദ്ദേഹം താഴെ ഇരുന്നു. ഈയൊരു ചിന്താഗതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് സത്യത്തില്‍ ഭരിക്കുന്ന ശക്തിയോടുള്ള ശക്തമായ വിദ്വേഷവും മനോവേദനയുമാണ്. വെറുപ്പിലധിഷ്ഠിതമായ ഒരു പ്രതികാര ബുദ്ധിയാണ് ഇതിനു പിന്നില്‍. സൗഹൃദം മറന്ന് ഭരണകര്‍ത്താക്കളോട് പ്രതികാരവും അവജ്ഞയും വിദ്വേഷവും കൊണ്ടുനടക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയ വൈകാരികതയുടെ ഏറ്റവും വലിയ പ്രശ്‌നം.'

ആര്‍.എസ്.എസ് ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തിരുന്നുവെന്ന് ഗോള്‍വാള്‍ക്കര്‍ ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല. 1960, മാര്‍ച്ച് അഞ്ചിന് ഇന്റോറില്‍ വെച്ചുനടന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്ന, ആര്‍.എസ്.എസ്സിന്റെ ഒരു ഉന്നത തല നേതൃ സംഗമത്തില്‍ അദ്ദേഹം പറഞ്ഞു:

'രാജ്യത്തുനിന്നും ബ്രിട്ടീഷുകാരെ പുറത്തെറിയാന്‍ പലരും വളരെ ആവേശത്തോടെ പണിയെടുത്തു. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക പിന്‍മടക്കം ആരംഭിച്ചതോടെ അവരുടെ ആവേശം മങ്ങിത്തുടങ്ങി. സത്യംപറഞ്ഞാല്‍, ഇവിടെ ഇത്രമാത്രം വര്‍ദ്ധിതമായൊരു ആവേശത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. മതത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്ന നിലക്കുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നാം നമ്മുടെ പ്രതിജ്ഞയില്‍ പറഞ്ഞതെന്ന് നാം മറന്നുപോകരുത്. ഇവിടെ ബ്രിട്ടീഷുകാര്‍ പിരിഞ്ഞുപോകണമെന്ന വിഷയം തന്നെ ഉദിക്കുന്നില്ല.'

ഇന്ത്യയിലെ കൊളോണിയല്‍ ആധിപത്യത്തെ ഒരു അനീതിയായി പരിഗണിക്കാന്‍പോലും ആര്‍.എസ്.എസ് താല്‍പര്യപ്പെട്ടിരുന്നില്ല. 1942 ജൂണ്‍ എട്ടിന്, ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന കാലം. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തുവെച്ചു നടന്ന പ്രവര്‍ത്തകരുടെ ഒരു ട്രൈനിംഗ് കാംപിന്റെ സമാപന സംഗമത്തില്‍ ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പ്രസംഗിച്ചു:

'ഇന്നു വന്നുപെട്ട സമൂഹത്തിന്റെ ഈ ശോച്യാവസ്ഥക്ക് സംഘം ഒരാളെയും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്തി തുടങ്ങുമ്പോള്‍ അടിസ്ഥാനപരമായും തങ്ങളിലുള്ള ബലഹീനതയാണ് പുറത്തുവരുന്നത്. അബലര്‍ക്കുനേരെ പ്രബലര്‍ നടത്തിയ അനീതിക്ക് അവരെ കുറ്റപ്പെടുത്തുന്നത് നിരര്‍ത്ഥകമാണ്. മറ്റുള്ളവരെ എതിര്‍ത്തും അധിക്ഷേപിച്ചും തങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞുകുളിക്കേണ്ട ആവശ്യം സംഘത്തിനില്ല. വലിയ മത്സ്യം ചെറിയ മത്സ്യത്തെ തിന്നുമെന്ന സത്യം നമുക്ക് അറിയാമെങ്കില്‍, ഇവിടെ വലിയ മത്സ്യത്തെ അതിനു കുറ്റപ്പെടുത്തുന്നത് വങ്കത്തരമാണ്. നല്ലതാവട്ടെ ചീത്തയാവട്ടെ പ്രകൃതിയുടെ നിയമമാണ് എപ്പോഴും ശരി. അനീതിയാണെന്ന് പറഞ്ഞതുകൊണ്ട് ഈ ഭരണം ഒരിക്കലും മാറുകയില്ല.'

എന്നാല്‍, രാജ്യത്ത് കഴിഞ്ഞുപോയ മുഗള്‍ സുല്‍ത്താന്മാരുടെയും മറ്റു മുസ്‌ലിം പേരുള്ള ഭരണാധികാരികളുടെയും കാര്യത്തില്‍ അവരുടെ നിലപാട് നേരെ മറിച്ചാണ്. ഇന്ത്യയില്‍ അങ്ങനെയൊരു ഭരണം നടന്നിരുന്നുവെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ബ്രിട്ടീഷുകാരോട് കാണിച്ച ഈയൊരു 'മഹാമനസ്‌കത' മുസ്‌ലിം ഭരണാധികാരികളുടെ കാര്യത്തില്‍ അവര്‍ പ്രകടിപ്പിക്കുന്നേയില്ല.  

രാജ്യദ്രോഹപരമായ പങ്ക്

ഇങ്ങനെ, തങ്ങളുടെ ചരിത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി അന്വേഷിക്കുമ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലുടനീളം തീര്‍ത്തും രാജ്യദ്രോഹപരമായ ഒരു പങ്കാണ് ആര്‍.എസ്.എസ് വഹിച്ചിട്ടുള്ളതെന്ന് കാണാന്‍ കഴിയും. ഇന്ത്യയുടെ ഐക്യത്തിന് വിള്ളല്‍ സൃഷ്ടിക്കുന്നതിലേക്കാണ് അവരുടെ പ്രവര്‍ത്തനങ്ങളോരോന്നും വിരല്‍ ചൂണ്ടുന്നത്. സംഘടനയോ അതിന്റെ നേതൃത്വമോ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗമേ ആയിരുന്നില്ലെന്നത് മറ്റൊരു വസ്തുത. 'ഹിന്ദു രാഷ്ട്രം' എന്ന അങ്ങേയറ്റം വിഘടനപരമായ ഒരു മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തിപ്പെട്ടുവന്ന ഇന്ത്യന്‍ ജനതയുടെ സംഘടിത പോരാട്ടത്തെ തകിടംമറിക്കാന്‍ ശ്രമിച്ചുവെന്നത് മാത്രമാണ് ആര്‍.എസ്.എസ്സിന്റേതായി ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന പ്രധാനപ്പെട്ട ഒരേയൊരു സംഭാവന.

1906 ല്‍ നാഗ്പൂരിനടുത്താണ് ഗോള്‍വാള്‍ക്കറിന്റെ ജനനം. പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെനിന്നും ജന്തുശാസ്ത്രത്തില്‍ ഉന്നത പഠനം നേടി. 1933 വരെ ഇവിടെത്തന്നെ പഠനം തുടര്‍ന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കുറച്ചുകാലം ആര്‍.എസ്.എസ്സിനു വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം ശേഷം ആത്മീയതയിലേക്കു തിരിയുകയായിരുന്നു. 1937 ല്‍ അദ്ദേഹം വീണ്ടും ആര്‍.എസ്.എസ്സില്‍ സജീവമായി രംഗത്തുവന്നു.  ഒടുവില്‍, ആപേക്ഷികമായി സംഘടനയില്‍ ജൂനിയര്‍ ആയിരുന്നിട്ടുപോലും, ഹെഡ്ഗവാര്‍ തന്റെ പിന്‍ഗാമിയായി അദ്ദേഹത്തെ നിര്‍ദ്ദേശിക്കുകയാണുണ്ടായത്. 1940 ല്‍ അദ്ദേഹം ആര്‍.എസ്.എസ്സിന്റെ നേതൃത്വം ഏറ്റെടുത്തു. മുസ്‌ലിം ലീഗിന്റെ പാകിസ്താന്‍ പ്രമേയം അതിന്റെ ലാഹോര്‍ സെഷനില്‍ വിഭാഗീയ അജണ്ടക്ക് പശ്ചാത്തലമൊരുക്കിയ സമയമായിരുന്നു ഇത്. ഗോള്‍വാള്‍ക്കറിനു മുമ്പത്തെ രാഷ്ട്രീയ പരിസരങ്ങള്‍ സൂചിപ്പിക്കുന്നത് ആര്‍.എസ്.എ്സ്സിന്റെ മറ്റു നേതാക്കളെപ്പോലെത്തന്നെ അദ്ദേഹത്തിനും ദേശീയ പ്രസ്ഥാനവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ്. 

1940 കളില്‍പോലും ഹിന്ദുരാഷ്ട്രം എന്ന തങ്ങളുടെ ആശയം ഉയര്‍ത്തിപ്പിടിച്ച് ആര്‍.എസ്.എസ് ശക്തമായ  കാംപയിനുകള്‍ നടത്തിയിരുന്നതായി കാണാം. അതേസമയം, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍നിന്നും അവര്‍ മര്‍ക്കടമുഷ്ടിയോടെ മാറിനില്‍ക്കുകയും ചെയ്തു. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയതയില്‍ 'ബ്രിട്ടീഷ് വിരുദ്ധമാവുക', 'സാമ്രാജ്യത്വവിരോധിയാവുക' തുടങ്ങിയ വിഷയങ്ങള്‍ ഉള്‍കൊള്ളുന്നേയില്ലായെന്ന് ഗോള്‍വാള്‍ക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്: 

'ദേശത്തെ കുറിച്ച നമ്മുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍ രൂപപ്പെടുത്തിയ പ്രാദേശിക ദേശീയ വാദം സംബന്ധമായ തിയറികള്‍ നമ്മുടെ യഥാര്‍ത്ഥ ഹിന്ദു ദേശീയതയുടെ പ്രചോദനപരമായ ഉള്ളടക്കങ്ങളെ ഇല്ലാതാക്കിയിട്ടുണ്ട്. പല 'സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങ'ളെയും അത് ഫലത്തില്‍ ബ്രിട്ടീഷ് വിരുദ്ധ സമരമായി മാറ്റുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധത എന്നതിനെ രാജ്യസ്‌നേഹവും ദേശീയവാദവുമായി തുലനപ്പെടുത്തിവെച്ചിരിക്കുന്നു അവര്‍. ഈയൊരു പ്രതിലോമപരമായ കാഴ്ചപ്പാട് സ്വാതന്ത്ര സമര പോരാട്ടത്തിലും അതിന്റെ നേതാക്കളിലും പൊതു ജനങ്ങളിലും ദുരന്തപൂര്‍ണമായ ആഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്.'

ഒരു ശരാശരി രാജ്യസ്‌നേഹിയായ ഇന്ത്യക്കാരന് ബ്രിട്ടീഷ് ഭരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്? ഈ രാജ്യത്തെ ജനങ്ങളെ കീഴടക്കുക, കൊള്ളയടിക്കുക, പാപ്പറാക്കുക എന്നതിനെയാണ് സത്യമായും അവര്‍ പ്രതിനിധീകരിക്കുന്നത് എന്ന കാര്യം ആര്‍ക്കും അറിയാവുന്നതാണ്. ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഗീയ ദ്രുവീകരണത്തിനും സാമുദായിക ഛിദ്രതക്കും വഴിവെച്ച വൈദേശിക ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന സംഭവമാണ് ഇത് അര്‍ത്ഥമാക്കുന്നത്. അത്തരമൊരു ബ്രിട്ടീഷ് ഭരണത്തിനെതിരെ രൂപപ്പെട്ട ഏതൊരു സമരത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച പ്രചോദനം എന്തായിരിക്കും? ബ്രിട്ടീഷ് അധികാരത്തിനെതിരെ നടന്ന പോരാട്ടങ്ങളുടെ അടിസ്ഥാന ഹേതു എന്തായിരിക്കും? ബ്രിട്ടീഷുകാരെ പുറത്തെറിയുക എന്ന ഒരു ഉള്‍വിളിയല്ലാതെ മറ്റൊന്നുംതന്നെയല്ല അത് എന്നതാണ് സത്യം. എന്നാല്‍, ലജ്ജാകരമെന്നു പറയാം, ആര്‍.എസ്.എസ് മറ്റൊരു നിലക്കാണ് ഇത് വ്യാഖ്യാനിക്കുന്നത്. 

രക്തസാക്ഷികളെ അവഹേളിക്കുന്നു

ആര്‍.എസ്.എസ്സും അതിന്റെ പ്രമുഖ നേതാക്കളും സ്വാതന്ത്ര്യ സമരത്തില്‍നിന്നും മാറിനില്‍ക്കുക മാത്രമല്ല, അതില്‍ പങ്കെടുക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തവരെ അധിക്ഷേപിക്കുകവരെ ചെയ്തിരുന്നു. അങ്ങനെ ചെയ്യുന്നതില്‍ യാതൊരുവിധ മന:സാക്ഷിക്കുത്തും അവര്‍ക്ക് തോന്നിയിരുന്നില്ല. രക്തസാക്ഷികളുടെ പാരമ്പര്യത്തെ മുഴുവനായും അപമാനിച്ചുകൊണ്ട് ഗോള്‍വാള്‍ക്കര്‍ പറയുന്നത് കാണുക:

'രക്തസാക്ഷിത്വം വരിച്ച ആളുകള്‍ വലിയ ഹീറോകളാണെന്നതില്‍ സംശയമില്ല. അവരുടെ ചിന്താഗതിയും അതി ശ്രേഷ്ഠമാണ്. ഭീതിയിലും നിഷ്‌ക്രിയത്വത്തിലും അകപ്പെട്ട് വിധിക്ക് കീഴടങ്ങുന്ന ശരാശരി ആളുകളെക്കാള്‍ അവര്‍ എത്രയേ ഉന്നതരാണ്. പക്ഷെ, അവരൊരിക്കലും നമ്മുടെ സമൂഹത്തിലെ മാതൃകകളായി ഉയര്‍ത്തി കാണിക്കപ്പെട്ടുകൂടാ. ഒരാള്‍ കൊതിക്കേണ്ട മഹത്വത്തിന്റെ സമുന്നതമായൊരു തലമാണ് അവരുടെ രക്തസാക്ഷിത്വമെന്നും നാം വിശ്വസിക്കുന്നില്ല. കാരണം, എല്ലാറ്റിനുമൊടുവില്‍ തങ്ങളുടെ ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതില്‍ പരാജയപ്പെട്ടവരാണവര്‍. ഈ പരാജയം ചില മാരകമായ പിഴവ് അവരില്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.'

പൊറുക്കപ്പെടാത്ത വിധം അതിരൂക്ഷമായ ഭാഷയിലാണ് ഗോള്‍വാള്‍ക്കര്‍ ഇവിടെ രക്തസാക്ഷികളെ അവഹേളിച്ചിരിക്കുന്നത്. ഇതിലും മോശമായി ഒരാള്‍ക്ക് അവരെ നിസ്സാരമാക്കാന്‍ സാധിക്കണമെന്നില്ല.

വിപ്ലവകാരികള്‍ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതില്‍ ഗോള്‍വാള്‍ക്കര്‍ തനിച്ചായിരുന്നില്ല. ആര്‍.എസ്.എസ്സിന്റെ മറ്റു നേതാക്കളും ഇതേ പാത പിന്‍പറ്റിയവരായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വഴിയില്‍ ചോര ചിന്തിയവരെ സ്‌നേഹിക്കുന്ന ഏതൊരു രാജ്യസ്‌നേഹിയെയും ഞെട്ടിപ്പിക്കുന്നതാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വിപ്ലവകാരികളോട് ഹെഡ്ഗവാറും ആര്‍.എസ്.എസ്സും സ്വീകരിച്ചിരുന്ന നിലപാട്. ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച ഹെഡ്ഗവാറിന്റെ ജീവചരിത്രത്തില്‍ അവരെക്കുറിച്ച അദ്ദേഹത്തിന്റെ വിശ്വാസം ഇങ്ങനെ രേഖപ്പെടുത്തുന്നത് കാണാം: 

'ജയിലില്‍ പോവുക എന്നതു മാത്രമല്ല രാജ്യസ്‌നേഹം. ഇത്തരം ഉപരിപ്ലവമായ സ്‌നേഹപ്രകടനംകൊണ്ട് അത് യാഥാര്‍ത്ഥ്യമാകുന്നുമില്ല. സമയം വരുമ്പോള്‍ രാജ്യത്തിനുവേണ്ടി മരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നവരോട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സംഘടിക്കുമ്പോള്‍ ജീവിക്കാനുള്ള ആഗ്രഹമാണ് വേണ്ടത് എന്നാണ് അദ്ദേഹം (ഹെഡ്ഗവാര്‍) ആവശ്യപ്പെട്ടിരുന്നത്.'

ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ്, അശ്ഫാഖുല്ല, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ 'വിഡ്ഢികള്‍' ഈ 'രാജ്യസ്‌നേഹിയായ വലിയ ചിന്തകനു'മായി ഒരിക്കല്‍പോലും ബന്ധപ്പെടാതെ പോയത് ഏറെ ഖേദകരം തന്നെ!. അദ്ദേഹവുമായി ഒന്നു കണ്ടുമുട്ടാന്‍ അവസരമുണ്ടായിരുന്നുവെങ്കില്‍ ഈ രക്തസാക്ഷികള്‍ക്ക് 'ഉപരിപ്ലവ രാജ്യസ്‌നേഹ'ത്തിനുവേണ്ടി തങ്ങളുടെ ജീവന്‍ പാഴാക്കേണ്ടി വരുമായിരുന്നില്ല. ആര്‍.എസ്.എസ് സ്വാതന്ത്ര്യ സമര കാലത്ത് രക്തസാക്ഷികളെ ഉല്‍പാദിപ്പിക്കാതിരിക്കാനും കൊളോണിയല്‍ അധികാരികള്‍ക്കു മുമ്പില്‍ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന രാജ്യസ്‌നേഹികളെ ഉണ്ടാക്കാതിരിക്കാനും പ്രധാന കാരണം ഇതായിരുന്നു. 

ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍വ്വതും ത്യജിക്കേണ്ടി വന്നവര്‍ക്കുനേരെയുള്ള ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട് വിശദീകരിക്കാന്‍ 'ലജ്ജാകരം' എന്ന പദം പോലും പര്യപ്തമല്ല. മുഗള്‍ സാമ്രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരി ബഹദൂര്‍ഷാ സഫര്‍ ഇന്ത്യയിലെ രാജ്യസ്‌നേഹികളുടെ മകുടോദാഹരണവും 1857 ലെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതിരൂപവുമാണ്. അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ഗോള്‍വാള്‍ക്കര്‍ രേഖപ്പെടുത്തിയത് ഇങ്ങനെ വായിക്കാം:

'1857 ല്‍, ഇന്ത്യയുടെ അവസാനത്തെ ചക്രവര്‍ത്തിയായി അറിയപ്പെട്ട അദ്ദേഹത്തിനു മുമ്പില്‍ കാഹളം മുഴങ്ങി. 'യോദ്ധാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വത്തോട് പ്രതിപത്തി പുലര്‍ത്തുന്ന കാലമത്രയും / ഇന്ത്യന്‍ വാളുകള്‍ ലണ്ടന്‍ സിംഹാസനത്തിലെത്തുക തന്നെ ചെയ്യും'. പക്ഷെ, ഒടുവില്‍ സംഭവിച്ചതെന്തായിരുന്നു? എല്ലാവര്‍ക്കുമത് അറിയാവുന്നതാണ്.'

രാജ്യത്തിനുവേണ്ടി സര്‍വ്വതും ത്യജിക്കുന്ന ആളുകളെ സംബന്ധിച്ച ഗോള്‍വാള്‍ക്കറിന്റെ അഭിപ്രായം താഴെ പറയുന്ന അദ്ദേഹത്തിന്റെതന്നെ പ്രസ്താവനയില്‍നിന്നും വ്യക്തമാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിയാന്‍ തയ്യാറായ മഹാ വിപ്ലവകാരികളോട്, ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്നുകൊണ്ട്, ഈ ചോദ്യം ചോദിക്കാന്‍ അദ്ദേഹം ധാര്‍ഷ്ട്യം കാണിച്ചിരിക്കുന്നു:

'പക്ഷെ, അതുവഴി ദേശീയ താല്‍പര്യം പൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നുണ്ടോയെന്ന് ഓരോരുത്തരും ചിന്തിക്കണം? എല്ലാം രാജ്യത്തിനുവേണ്ടി സമര്‍പ്പിക്കണമെന്ന ഒരു ചിന്ത ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ഈ ജീവന്‍ ബലിക്ക് സാധ്യമല്ല. സാധരണക്കാര്‍ക്ക് തീര്‍ത്തും അസഹ്യമാണ് ഈ ഹൃദയാഗ്നി എന്നത് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടതാണ്.'