ഇസ്‌ലാമിന് ആന്തരികമായ എന്തോ ഒരു ചൈതന്യമുണ്ട്

മന്ത്രി ജി. സുധാകരന്‍

10 October, 2017

+ -
image

ആര്‍ക്കും ഏതു മതവും സ്വീകരിക്കാം. അയാളുടെ ഇഷ്ടപ്രകാരം മാത്രം. ആരുടെയും പ്രേരണയുടെ ഭാഗമാവാന്‍ പാടില്ല. ഒരു കാംപയിന്റെ ഭാഗമായിട്ടുമല്ല. മറ്റൊരു മതത്തെ വെറുത്തുകൊണ്ടും ആവരുത്. സ്വാഭാവികമായിട്ട് ആവാം.

അല്ലാതെ, നിര്‍ബന്ധിതമായ മതപരിവര്‍ത്തനം കുറ്റകരം തന്നെയാണ്. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. കേരളത്തില്‍ അതിന് വലിയ സാധ്യതയില്ല. ഇവിടെ എല്ലാവരും മതംമാറാന്‍ പോകുന്നില്ല. ആയതിനാല്‍, അതിനെ ഭയപ്പെടേണ്ട കാര്യവുമില്ല.

ഹിന്ദു മതത്തിലേക്കുള്ള മത പരിവര്‍ത്തനങ്ങളെ സര്‍ക്കാര്‍ പിന്തുണക്കുന്നു, മറ്റു മതങ്ങളിലേക്കുള്ള മാറ്റങ്ങളെ പ്രശ്‌നവത്കരിക്കുന്നു എന്നൊരു ധ്വനി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് തീര്‍ച്ചയായും ഒരു രാഷ്ട്രീയമായ ചോദ്യമാണ്.  എന്റെ അഭിപ്രായം ഹിന്ദു മതത്തിനെതിരായ കടന്നാക്രമണം ഹിന്ദു മതത്തില്‍നിന്നു തന്നെയാവണം എന്നാണ്. എന്നും അങ്ങനെത്തന്നെയാവണം. ചരിത്രം അതാണ് പറയുന്നത്.

ഹിന്ദുമതം എന്നു ദുര്‍ബലപ്പെട്ടോ, ഹിന്ദുമതത്തിനകത്ത് ചില ശക്തികളോടുള്ള വെറുപ്പ് കാരണമായിട്ടാണ് അത് ഉണ്ടായിട്ടുള്ളത്. അത് അവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. എങ്ങനെയാണ് ബുദ്ധ മതം ഉണ്ടായത്? ഹിന്ദുമതത്തില്‍ നിന്നാണല്ലോ. മുസ്‌ലിംകള്‍ അതിന് പ്രേരിപ്പിച്ചതല്ലല്ലോ. എങ്ങനെയാണ് സിഖ് മതം ഉണ്ടായത്? ഹിന്ദു മതത്തില്‍നിന്നുതന്നെ. അതെല്ലാം എന്തുകൊണ്ട് ഉണ്ടായെന്നത് അവരോട് തന്നെ ചോദിക്കേണ്ടതാണ്. 

ചാതുര്‍വര്‍ണ്യം, ബ്രാഹ്മണമേധാവിത്വം തുടങ്ങിയവയാണതിന് കാരണം. 85 ശതമാനം വരുന്ന ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും യാതൊരുവിധ അവകാശവും ഇല്ലായിരുന്നു ഒരു കാലത്ത്. മഹാനായ ശങ്കരാചാര്യര്‍ ഹിന്ദുമതത്തെ നവീകരിച്ചതുപോലും ഈ പ്രശ്‌നം കൈകാര്യം ചെയ്യാതെയാണ്. 

അതിന്റെ ഫലമായി ഒരുപാട് പേര്‍ കാത്തോലിക്ക ക്രിസ്ത്യാനികളായി മാറി. ഒരുപാടു പേര്‍ മുസ്‌ലിം മതത്തില്‍ ചേര്‍ന്നു. ബുദ്ധമതം പട്ടികജാതിക്കാരുടെ സ്വര്‍ഗഭൂമിയായിട്ടാണ് അവരന്ന് കണ്ടിരുന്നത്. ഹിന്ദുക്കളിലെ മതാന്ധതയാണ് മറ്റു മതങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി പോകാന്‍ കാരണമെന്നു ചുരുക്കം.

ഇന്ന് ഇന്ത്യ ഭരിക്കുന്നത് മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പിയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലക്ക് ഭൂരിപക്ഷം തെളിയിച്ചതിനാല്‍ അവര്‍ രാജ്യം ഭരിക്കുന്നു. പക്ഷെ, ഈ ഭൂരിപക്ഷം ഭരണഘടനാ പരമായി കിട്ടിയതാണെന്നും അത് എങ്ങനെയും ഉപയോഗിക്കാമെന്നുമുള്ള ഒരു ധാരണ സൃഷ്ടിക്കുകയാണവര്‍ ചെയ്യുന്നത്. ഈ ഗവണ്‍മെന്റിന്റെ അടിസ്ഥാന ശക്തി ആര്‍.എസ്.എസ് ആണെന്നതില്‍ ആര്‍ക്കും സംശയമില്ല. അത് ശക്തമായൊരു സംഘടനയാണ്. അതിന്റെ നയത്തില്‍ ഒരു മാറ്റവും വരുന്നില്ല. മുസ്‌ലിം വിരുദ്ധതായാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അതൊരിക്കലും മതേതര ഇന്ത്യയില്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. 

മുസ്‌ലിംകള്‍ക്കെതിരായുള്ള ഒരു നീക്കം യൂറോപ്യന്‍ സൃഷ്ടിയാണ്. അമേരിക്ക അതിനെ ശക്തിപ്പെടുത്തി. ഇപ്പോള്‍ ഇന്ത്യയില്‍ അത് ബി.ജെ.പിയും ആര്‍.എസ്.എസും ഏറ്റെടുത്തു നടത്തുന്നുവെന്നാണ് എല്ലാവരുടെയും വിശ്വാസം. മുസ്‌ലിംകളും അതുതന്നെ വിശ്വസിക്കുന്നു. ഈ ധാരണ തിരുത്തേണ്ടത് ആര്‍.എസ്.എസ്സിന്റെ ബാധ്യതയാണ്. നമ്മളെന്തിനാണ് മുസ്‌ലിംകളെ എതിര്‍ക്കാന്‍ പോകുന്നത്? എന്തിനാണ് അവരോട് പ്രശ്‌നമുണ്ടാക്കാന്‍ പോകുന്നത്? അത് വളരെ പൊട്ടന്‍ഷ്യലായുള്ള ഒരു മതമല്ലേ.

ഞാന്‍ ഈയിടെ വായിച്ച ഒരു പ0നം ശ്രദ്ധേയമാണ്. 2070 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മതമായി ഇസ്‌ലാം മാറുമെന്നാണ് യൂറോപ്യന്‍ ബേസ്ഡായി പുറത്തു വന്ന ആ പ0നം പറയുന്നത്. ഇപ്പോള്‍തന്നെ, ഫ്രാന്‍സിലെയും അമേരിക്കയിലെയും ഒരുപാട് പേര്‍ ഇസ്‌ലാം മതത്തിലേക്ക് പോവുകയാണ്. കാരണം, അതിനകത്ത് എന്തോ ഒരു ആന്തരിക ചൈതന്യമുണ്ടെന്നു ആളുകള്‍ തിരിച്ചറിയുന്നു. 

ഈയൊരു വിശ്വം ഇസ്‌ലാമിനെക്കുറിച്ച് എനിക്കുമുണ്ട്. കാരണം, ഉച്ചനീചത്വങ്ങളുണ്ടാവാമെങ്കിലും, ഇസ്‌ലാം വളരെ പൊട്ടന്‍ഷ്യലാണ്. അവരുടെ പ്രത്യേകത, സാധാരണ ഒരു മുസ്‌ലിമിന് ആരുമായും ഇടപഴകാനും ഇടകലരാനും യാതൊരു പ്രയാസവുമില്ലാ എന്നതാണ്. എന്നാല്‍, ഹിന്ദുക്കള്‍ക്കിടയില്‍ ഇതില്‍ പ്രയാസം ഇപ്പോഴുമുണ്ട്. മുസ്‌ലിംകളിലത് യാതൊരു പ്രയാസവുമില്ലാതെ ചെയ്യുന്നു. സകാത്ത് പോലെയുള്ള അവരുടെ സമ്പത്ത് ഒരുപക്ഷേ അവര്‍ വിട്ടുകൊടുത്തേക്കില്ല. പക്ഷേ, അവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അതവരുടെ പ്രത്യേകതയാണ്. ഒപ്പമിരുന്ന് മുസ്‌ലിം നമ്മെ സന്തോഷിപ്പിക്കും. അടുത്തിരുന്ന് ഭക്ഷിപ്പിക്കും. ഇത് വലിയൊരു മാനുഷികമായ മൂല്യമാണ്. 

മുസ്‌ലിംകള്‍ക്കിടയില്‍നിന്ന് ചില തീവ്രവാതികളുണ്ട്. അതുകരുതി, എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്ന് പറയാന്‍ പറ്റില്ല. ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് പറയുന്നുണ്ടെങ്കില്‍ അതിനെ ശക്തമായി എതിര്‍ത്തേ പറ്റൂ. രാജ്യത്തിനെതിരായി വല്ലതുമുണ്ടാവുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കുകയും വേണം. 

പക്ഷെ, അതൊന്നുമല്ലാതെ, മുസ്‌ലിംകള്‍ക്കെതിരെ കാംപയിന്‍ നയിക്കുന്നത് ഒരിക്കലും ശരിയല്ല. ചരിത്രപരമായും അതിനെ ന്യായീകരിക്കാനാവില്ല. അത് തെറ്റായ സിദ്ധാന്തങ്ങളും വസ്തുതകളെ വളച്ചൊടിച്ചതുമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

(ഈയിടെ ജനം ടി.വിയിലെ ഒരു സംസാരത്തില്‍ ജി. സുധാകരന്‍ സംസാരിച്ചതിന്റെ പ്രധാന ഭാഗങ്ങളാണിവ.