മലേഷ്യയില്‍ മഹാതീര്‍ യുഗം തിരിച്ചുവരുമ്പോള്‍

നഈം സിദ്ദീഖി

10 May, 2018

+ -
image

മലേഷ്യയില്‍ മഹാതിര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ കക്ഷി തെരഞ്ഞെടുപ്പില്‍ ഉന്നത വിജയം വരിച്ചിരിക്കുന്നു. പ്രധാന മന്ത്രി നജീബ് റസാക്കിനെതിരെയാണ് അപ്രതീക്ഷിത വിജയം മഹാതിര്‍ നേടിയിരിക്കുന്നത്. 22 വര്‍ഷം മലേഷ്യ ഭരിച്ച അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ഈ വിജയം അറിയിക്കുന്നത്. അഴിമതി നിറഞ്ഞ റസാഖ് ഭരണത്തില്‍നിന്നും രാജ്യത്തെ മോചിപ്പിക്കലാണ് ഈ മുന്നേറ്റത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

ആറു പതിറ്റാണ്ടോളം രാജ്യം ഭരിച്ച ബാരിസാന്‍ നാഷനലിനെ (നാഷണല്‍ ഫ്രണ്ട് ) പരാജയപ്പെടുത്തി പ്രതിപക്ഷ സഖ്യം അധികാരത്തില്‍ എത്തിയിരിക്കുന്നത് മലേഷ്യയുടെ ചരിത്രത്തിലെ അസാധാരണ സംഭവമാണ്. ഇരുപത്തി രണ്ടു കൊല്ലം ബാരിസാന്‍  മുന്നണിയിലെ (രാജ്യത്തെയും) ഏറ്റവും വലിയ പാര്‍ട്ടിയായ യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന്റെ (അംനോ) നേതാവും പ്രധാന മന്ത്രിയുമായി മലേഷ്യയെ ആധുനികവത്കരിച്ച ആളാണ് മഹാതീര്‍ മുഹമ്മദ്. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പ്രധാന മന്ത്രിയായി അദ്ദേഹം കടന്നുവരുന്നത് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

92-ആം വയസ്സില്‍ ഒരു രാജ്യത്തിന്റെ  പ്രധാന മന്ത്രിയാകുന്ന ആദ്യത്തെയാളാണ് മഹാതീര്‍ എന്നതാണ് ഇവിടത്തെ വളരെ ശ്രദ്ധേയമായ ഒരു കാര്യം.

താന്‍ 22 കൊല്ലം പ്രധാന മന്ത്രി പദവി വഹിച്ചത് ഏതു പാര്‍ട്ടിയുടെയും മുന്നണി യുടെയും പ്രതിനിധി ആയാണോ ആ പാര്‍ട്ടിയെയും മുന്നണിയെയും പരാജയപ്പെടുത്തിയാണ് ഇപ്പോള്‍ ഭരണത്തില്‍ തിരിച്ചെത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം.

മഹാതീറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ സഖ്യം കേവല ഭൂരിപക്ഷത്തിനു ആവശ്യമായ 112 സീറ്റിന് മുകളില്‍ നേടിയപ്പോള്‍  ഭരണ മുന്നണിക്ക് 79 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. മാധ്യമ സര്‍വേകളും ഗവണ്മെന്റ് ഏജന്‍സികളും ഭരണ കക്ഷിക്ക് വിജയം ഉറപ്പിച്ചിരുന്നു എന്നുകൂടി ചേര്‍ത്ത് വായിക്കണം.

കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട് ഇവിടെ മനസ്സിലാക്കാന്‍. മുന്‍പ് മഹാതീര്‍ ഭരണത്തില്‍ ഉപ പ്രധാന മന്ത്രി പദവി വഹിച്ചിരുന്ന അന്‍വര്‍ ഇബ്രാഹിമിന്റെ ഭാര്യ ഡോ. വാന്‍ അസീസ വാന്‍ ആണ് മഹാതീറിന്റ പുതിയ ഗവണ്‍മെന്റില്‍ ഉപ പ്രധാന മന്ത്രി പദവി വഹിക്കുന്നത്.

തനിക്കു ഭീഷണിയാണെന്ന് കണ്ട് ലൈംഗികാരോപണം ചുമത്തി അന്‍വറിനെ വര്‍ഷങ്ങളോളം ജയിലില്‍ അടച്ചയാളാണ് മഹാതീര്‍. തടവ് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അന്‍വര്‍ 2008 മുതല്‍ 2015 വരെ പ്രതിപക്ഷ നേതാവായി. തുടര്‍ന്ന് അദ്ദേഹം വീണ്ടും ജയിലിലായി. പ്രതിപക്ഷത്തെ പ്രമുഖ കക്ഷിയാണ്  അദ്ദേഹത്തിന്റെ പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി (Parti Keadilan Rakyat). തന്റെ രാഷ്ട്രീയ ജീവിതം തന്നെ തകര്‍ത്ത  മഹാതീറുമായി അന്‍വര്‍  സഖ്യത്തില്‍ ഏര്‍പ്പെട്ടത് ഏവരെയും അമ്പരപ്പിച്ചു.

അന്‍വര്‍ ഇബ്രാഹിം  ജൂണ്‍ എട്ടിന് ജയില്‍ മോചിതനാകും.  അദ്ദേഹം  മത്സരിച്ചു ജയിച്ചാല്‍ പ്രധാന മന്ത്രി പദം നല്‍കാമെന്ന്  മഹാതീര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നജീബ് റസാഖിന്റെ നേതൃത്വത്തിലുള്ള മുന്‍ ഗവണ്മെന്റിന്റെ അഴിമതി ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അസാധാരണമായ സഖ്യം എന്ന്  വാന്‍ അസീസ പറയുന്നു. 
അസീസയുടെ വാക്കുകള്‍ :

It is not easy to accept Tun Dr Mahathir... but I believe he is a changed man, and we are able to work together to save Malaysia,' she told The Straits Times.

മഹാതീറും അന്‍വര്‍ ഇബ്രാഹിമും തമ്മിലുള്ള ഹസ്തദാനത്തിനാണ് മലേഷ്യ കാത്തിരിക്കുന്നത്. എല്ലാം മറക്കാനും പൊറുക്കാനും കൂടിയുള്ളതല്ലേ ജനാധിപത്യം !