രാമക്ഷേത്ര വിഷയം ആളിക്കത്തിക്കാന്‍ സംഘ്പരിവാര്‍ ഒരുങ്ങുമ്പോള്‍

ശക്കീല്‍ ഫിര്‍ദൗസി

10 February, 2018

+ -
image

അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാമജന്‍മഭൂമി വിഷയം ആളിക്കത്തിക്കാന്‍ സംഘ്പരിവാര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി അയോധ്യയില്‍ നിന്ന് തമിഴ്നാട്ടിലെ രാമേശ്വരം വരെ ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന രഥയാത്ര 13ന് തുടങ്ങാനിരിക്കുകയാണ്. പള്ളി നിലനിന്ന സ്ഥലത്തിനടുത്തുള്ള വി.എച്ച്.പി ആസ്ഥാനം സ്ഥിതിചെയ്യുന്ന കര്‍സേവക്പുരം എന്ന സ്ഥലത്തു വച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് തുടക്കം.

മഹാരാഷ്ട്ര, മധ്യപ്രദേശ് വഴി കര്‍ണാടകയിലെത്തിയ ശേഷം യാത്ര കേരളത്തിലെത്തും. അടുത്തമാസം 23നാണ് യാത്ര സമാപിക്കുക. 41 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കിടെ 43 പൊതുയോഗങ്ങള്‍ ഉണ്ടാവും. 

പള്ളി നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുക, ഞായറാഴ്ചയ്ക്കു പകരം വ്യാഴാഴ്ച വാരാന്ത്യ അവധിയായി പ്രഖ്യാപിക്കുക, ലോക ഹിന്ദുദിനമായി ഒരുദിവസം പ്രഖ്യാപിക്കുക തുടങ്ങിയ അഞ്ചാവശ്യങ്ങളാണ് യാത്രയില്‍ ഉന്നയിക്കുക. 'രാം രാജ്യ രഥ് യാത്ര' എന്ന പേരില്‍ കേരളം ആസ്ഥാനമായ ശ്രീ രാംദാസ് മിഷന്‍ യൂനിവേഴ്സല്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലാണ് യാത്ര നടത്തുന്നത്. 

യാത്രയുടെ റൂട്ടില്‍ തടസ്സങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം യാത്ര കടന്നുപോവുന്ന ആറുസംസ്ഥാനങ്ങളിലെ പൊലിസ് മേധാവികള്‍ക്കും കത്തയച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാമുന്‍കരുതല്‍ എടുക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍ യാത്രയുടെ റൂട്ട് വിശദമാക്കുന്ന രേഖയും ഉണ്ട്. 

മാര്‍ച്ച് 11നാണ് യാത്ര കേരളത്തിലെത്തുക. മാനന്തവാടിയിലാണ് ആദ്യ പൊതുസമ്മേളനം. പിന്നീട് കണ്ണൂര്‍, കോഴിക്കോട്, മേലാറ്റൂര്‍(മലപ്പുറം), പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, പുനലൂര്‍ എന്നിവിടങ്ങളിലും യാത്ര എത്തും. പിന്നീട് മധുര വഴി 23ന് രാമേശ്വരത്ത് യാത്ര എത്തും. 25ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനസമ്മേളനം നടക്കുക. നിര്‍ദിഷ്ട രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള രഥമാണ് യാത്രയെ അനുഗമിക്കുക.

രാമക്ഷേത്ര നിര്‍മാണം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ച് കേന്ദ്രത്തില്‍ മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലേറി നാലുവര്‍ഷം ആവാറായെങ്കിലും ഇതുവരെ രാമക്ഷേത്രനിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ നിലപാടില്‍ അസംതൃപ്തിയുള്ള വി.എച്ച്.പി ഇതിനകം തന്നെ അനൗദ്യോഗികമായി ക്ഷേത്രനിര്‍മാണത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് ഹിന്ദുത്വവികാരം കൂടുതല്‍ ഇളക്കിവിടുക എന്ന ഉദ്ദേശത്തോടെ യാത്ര ആസൂത്രണം ചെയ്തത്. 

ബി.ജെ.പിക്കു ബാലികേറാമലയായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കൂടുതലും സഞ്ചരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ യാത്രയ്ക്ക് ഏഴു സ്വീകരണസ്ഥലങ്ങളുണ്ട്. കേരളത്തില്‍ ഒന്‍പതു സ്വീകരണസ്ഥലവും തമിഴ്നാട്ടില്‍ മൂന്നും ഉണ്ട്. രഥയാത്രയെ എങ്ങനെ നേരിടണമെന്നത് പല വിഷയത്തിലും കേന്ദ്രവുമായി ഉടക്കിനില്‍ക്കുന്ന കേരളത്തിലെ ഇടതുസര്‍ക്കാരിനു കനത്തതലവേദനയാവും. 

നേരത്തെ രൂക്ഷമായ വര്‍ഗീയകലാപങ്ങള്‍ വിതച്ച് 1990ല്‍ എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലും തുടര്‍ന്ന് കേന്ദ്രത്തില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിലും കലാശിച്ചത്. 

അന്നത്തെ യാത്ര ബിഹാറില്‍ കടന്നതോടെ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ്, അദ്വാനിയെ അറസ്റ്റ് ചെയ്തതോടെ യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. രഥ യാത്രകടന്നുപോയ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുണ്ടായ വര്‍ഗീയകലാപങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയുംചെയ്തു.