സൂകി നോബല്‍ സമ്മാനം അര്‍ഹിക്കുന്നില്ല

ഹാമിദ് ദബാശി

08 September, 2017

+ -
image

വിശ്വപ്രസിദ്ധ നോബല്‍ പ്രൈസ് ജേതാവ് ആങ്‌സാന്‍ സൂകിയുടെ നാട്ടിലാണ് വര്‍ഗവെറികൊണ്ട് ഇന്ന് ഒരു ജനത നരക യാതന അനുഭവിക്കുന്നത്. ഒരു പട്ടണം പോലും ഒഴിഞ്ഞുപോകാത്ത വിധം ആ ക്രൂരതകള്‍ റോഹിങ്ക്യകള്‍ അധിവസിക്കുന്ന നാടിന്റെ എല്ലാ ഭാഗങ്ങളിലും കടന്നുചെന്നിട്ടുണ്ട്. 

മുസ്‌ലിം വെറുപ്പിന്റെ അപ്പോസ്തലന്മാരായ യു.എസ്-യൂറോപ്യന്‍ മീഡിയകള്‍ പോലും മ്യാന്മറിലെ മുസ്‌ലിം പീഡനങ്ങളുടെ വാര്‍ത്തകള്‍ നല്‍കാന്‍ മടിക്കുകയാണ്.

ഇവിടെ ആക്രമിക്കപ്പെടുന്നത് ജൂതന്മാരോ ക്രിസ്ത്യാനികളോ ബുദ്ധന്മാരോ ആണെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നോര്‍ത്തുനോക്കുക? ഐസിസ് കൊലയാളികള്‍ക്കോ അതോ ബുദ്ധതീവ്രവാദികള്‍ക്കോ ആര്‍ക്കാണ് മീഡിയകള്‍ കൂതല്‍ കവറേജ് നല്‍കിയതെന്നും ചിന്തിക്കുക. യൂറോ-അമേരിക്കല്‍ സങ്കല്‍പങ്ങളില്‍ ഇപ്പോഴും കടന്നുചെന്നിട്ടില്ലാത്ത ചില വസ്തുതകളുണ്ട്. മുസ്‌ലിംകളെ പൂര്‍ണ മനുഷ്യനായി അവര്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല എന്നതാണ് സത്യം.

ഇരുപതിനായിരത്തോളം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മ്യാന്മറില്‍നിന്നും ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥികളായി പോയിട്ടുണ്ടെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. അന്തര്‍ദേശീയ സമൂഹങ്ങളെല്ലാം ആ പീഡിത സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

നൂറോളം മുസ്‌ലിംകളാണ് ഇപ്പോഴവിടെ കൂട്ടക്കൊലക്ക് വിധേയമാക്കപ്പെട്ടിരിക്കുന്നത്. അപ്പോഴും യൂറോ-അമേരിക്കന്‍ വൃത്തത്തില്‍ വളരെ സ്വീകാര്യയായ സൂകി അപകടകരമായ മൗനം പാലിക്കുകയാണ്. 

ഇവിടെ വര്‍ഗീയ ഉന്മൂലനം നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നാണ് സൂകി കഴിഞ്ഞ ഏപ്രില്‍ മാസം ബിബിസിയോട് പറഞ്ഞത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? കൊലയെ സപ്പോര്‍ട്ട് ചെയ്യുന്ന സൂകിയെ കുറിക്കാന്‍ ഡിക്ഷ്‌നറിയിലെ ഏത് പദമാണ് ഉപയോഗിക്കുക?

അമേരിക്കയില്‍ ട്രംപ് പരീക്ഷിക്കുന്ന സാക്ഷാല്‍ ട്രംപിസം തന്നെയാണ് മ്യാന്മറിലും നടക്കുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, സൂകി തന്നെ ക്രൂരതയുടെ മറ്റൊരു മുഖമായി മാറിയിട്ടുണ്ട്. നിര്‍ലജ്ജം നരമേധത്തിന് നേതൃത്വം നല്‍കുന്ന ഇവര്‍ ഒരു നോബല്‍ പ്രൈസിന് അര്‍ഹയാണോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം.          

2013 ല്‍ മ്യാന്മറിലെ മുസ്‌ലിം കൊലകളെക്കുറിച്ച് ബി.ബി.സി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ 'ഞാന്‍ മുസ്‌ലിംകളാല്‍ ചോദ്യംചെയ്യപ്പെടുമെന്ന് ഒരാളും എന്നോട് പറഞ്ഞിട്ടില്ല' എന്നായിരുന്നു സൂകിയുടെ മറുപടി. അവളുടെ പ്രതികരണങ്ങളില്‍നിന്നും നിലപാടുകളില്‍നിന്നും അവളില്‍ ഒളിഞ്ഞിരിക്കുന്ന വര്‍ഗീയവാദി പുറത്തുവരുന്നുണ്ട്. ഇത്തരുണത്തില്‍, ഇങ്ങനെയൊരാള്‍ക്ക് നോബല്‍ പ്രൈസ് നല്‍കിയതിലെ ധാര്‍മികതയെക്കുറിച്ച് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി തങ്ങളോടുതന്നെ ചോദിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. 

നോബല്‍ അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളിലായി മികച്ചുനില്‍ക്കുന്നവര്‍ക്ക് നല്‍കിവരുന്ന അംഗീകാരമാണ്. അതിന് ആര്, ആരെ തെരഞ്ഞെടുക്കുന്നുവെന്നത് വേറെ കാര്യം. പക്ഷെ, അതിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇന്ന് മ്യാന്മറിലെ നരമേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. 

അവലാംബം: www.aljazeera.com
വിവ. സിനാന്‍ അഹ്മദ്‌