ലൈംഗികത, രതി, കമ്യൂണിസം: മിണ്ടിപ്പോവരുത്, ഞങ്ങള്‍ വിശുദ്ധരാണ്!

സിദ്ദീഖ് നദ് വി ചേരൂര്‍

09 January, 2018

+ -
image

യശശരീരനായ ഒരു പ്രമുഖ കമ്യൂണിസ്റ്റ് നേതാവിന്റെ കുടുംബ ജീവിതത്തെ പ്പറ്റി നിയമസഭാ സാമാജികനായ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ പ്രകോപനപരമാണെന്ന് ആരോപിച്ചു സി പി ഐ (എം) യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായ പ്രതികരണത്തിലാണ്. വിഷയം അദ്ദേഹത്തിന്റെ ഓഫീസ് കയ്യേറുന്നതിലേക്കും വീട് ആക്രമിക്കുന്നതിലേക്കും വരെ എത്തിയിരിക്കുന്നു.

അപ്പോള്‍ തങ്ങളുടെ ആചാര്യന്‍മാരെയോ നേതാക്കളെയോ സംബന്ധിച്ചു തങ്ങള്‍ ഇഷ്ടപ്പെടാത്ത വല്ലതും -അത് വസ്തുതാപരമാണെങ്കിലും അല്ലെങ്കിലും - കേട്ടാല്‍ നിയന്ത്രണം വിടലും വൈകാരികമായി പ്രതികരിക്കലും പ്രാകൃത മതക്കാരുടെയും അന്ധവിശ്വാസികളുടേയും ശൈലിയാണെന്ന് പറഞ്ഞു പരിഹസിച്ചിരുന്നവരെവിടെ? 

വലിയ പുരോഗമനവാദികളും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരുമായി മേനി നടിച്ചിരുന്നവരാണല്ലോ ഇപ്പോള്‍ വല്ലാതെ കുതറിച്ചാടുന്നത്! മതക്കാരില്‍ കുത്തിയ തീവ്രവാദത്തിന്റെ ചാപ്പ തങ്ങള്‍ക്കും നന്നായി ഇണങ്ങുമെന്ന് തെളിയിക്കുകയാണോ ഇവര്‍?

അല്ലെങ്കിലും മതങ്ങളെ മനുഷ്യനെ മയക്കുന്ന കറപ്പായി കണ്ടവര്‍ കമ്യൂണിസമെന്ന പേരില്‍ മറ്റൊരു മതം വികസിപ്പിച്ചെടുത്തുവെന്നതല്ലേ സത്യം? 

മതങ്ങള്‍ക്ക് പ്രവാചകരും അവതാരങ്ങളുമുണ്ടെങ്കില്‍ കമ്യുണിസ്റ്റ് കാര്‍ക്ക് കാള്‍ മാര്‍ക്‌സും എങ്കല്‍സും ചോദ്യം ചെയ്യപ്പെടാത്ത ആചാര്യന്‍മാരാണ്. വേദഗ്രന്ഥങ്ങള്‍ക്ക് പകരം ദാസ് കാപ്പിറ്റലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഉണ്ട്. 

മതങ്ങള്‍ സാര്‍വകാലികവും സാര്‍വലൗകികവും സാര്‍വജനീനവുമെന്ന് അവകാശപ്പെടുമ്പോള്‍ അതിനെ പരിഹസിച്ചു തള്ളുന്ന കമ്യൂണിസ്റ്റുകാര്‍ 18 ാം നൂറ്റാണ്ടില്‍ ഉദയം കൊണ്ട കമ്യൂണിസത്തെ എല്ലാ കാലത്തേക്കും ദേശത്തേക്കും എല്ലാ വിഭാഗം ജനങ്ങള്‍ക്കു മുള്ള ഏകാശ്രയമായി കണക്കാക്കുന്നു. റഷ്യയും ചൈനയും റുമേനിയയും പോളണ്ടും യുഗോസ്ലാവ്യയും ക്യൂബയും ഇന്ത്യയും കമ്പോഡിയുമെല്ലാം ഇവര്‍ വിപ്ലവത്തിനും ചെങ്കൊടി പറപ്പിക്കാനും പറ്റിയ മണ്ണായി കണ്ടു.

മക്കയും മദീനയും ബൈത്തുല്‍ മുഖദ്ദസും തീര്‍ത്ഥ കേന്ദ്രങ്ങളായി മുസ്ലിംകള്‍ കരുതുമ്പോള്‍ റഷ്യയും ചൈനയും രക്തസാക്ഷികളുടെ ശവകുടീരങ്ങളും തങ്ങള്‍ക്കു് പ്രചോദനവും കര്‍മാവേശവും നല്‍കുന്ന പുണ്യഗേഹങ്ങളായി കമ്യൂണിസ്റ്റുകള്‍ വിശ്വസിച്ചുറപ്പിക്കുന്നു. അവയുമായി അവര്‍ക്ക് വൈകാരിക ബന്ധമാണ്. മതാനുയായികള്‍ അവരുടെ ആചാര്യന്‍മാരെയോ ആത്മീയ വ്യക്തിത്വങ്ങളെയോ ആദരിക്കുന്നത് പോലെയോ അതിലപ്പുറമോ ആയി കമ്യൂണിസ്റ്റുകള്‍ അവരുടെ ആചാര്യരെ ആരാധിക്കുന്നു. 

അതുകൊണ്ട് അവരുടെ പോരായ്മകളോ കൊള്ളരുതായ്മകളോ ആരെങ്കിലും എടുത്ത് പുറത്തിട്ടാല്‍ സഖാക്കള്‍ വല്ലാതെ ക്ഷോഭിക്കും. അങ്ങനെ അവഹേളിക്കുന്നത് മതക്കാരോടായാല്‍ അതിന് ആവിഷ്‌കാരസ്വാതന്ത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പിന്‍ബലമുണ്ടാകും. എന്നുവച്ച് കമ്യുണിസ്റ്റുകളോട് അങ്ങോട്ട് കളിക്കാന്‍ ആരും ധൈര്യപ്പെടണ്ട. സല്‍മാന്‍ റുഷ്ദി അന്ത്യപ്രവാചകനെ അവഹേളിച്ചപ്പോള്‍ മുസ് ലിംകള്‍ ക്ഷോഭിച്ചത് തെറ്റ്. തസ്ലീമ നസ്‌റില്‍ അനാവശ്യം പറഞ്ഞപ്പോള്‍ അത് കേട്ടു നില്‍ക്കാന്‍ ക്ഷമയില്ലാതെ പൊറുതികേട് കാട്ടിയത് എടുത്തു ചാട്ടം. എന്നാല്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആരെങ്കിലും വിരലനക്കിയാല്‍ അവനെ എങ്ങനെ അടിച്ചിരുത്തണമെന്ന് തങ്ങള്‍ക്കറിയാം. സ്വന്തം പാര്‍ട്ടിയിലെ കുലംകുത്തികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ടി.പി യിലൂടെ കാട്ടിക്കൊടുത്തവര്‍ക്ക് ഇത്തരം യൂത്തന്‍മാരൊക്കെ ഒരു ഭീഷണിയാണോ?

മതത്തിന്റെ പേരിലുള്ള ഭീകരതകളും തീവ്രവാദവുമൊക്കെ വലിയ വായില്‍ എടുത്തു പറയാറുള്ളവര്‍ക്ക് സ്വന്തം ആസ്ഥാനങ്ങളായ മോസ്‌ക്കോയിലും ബൈജിങ്ങിലും കേന്ദ്രീകരിച്ചു കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നടത്തിയ കിരാതമായ ഭരണകൂട ഭീകരതകള്‍ തലമുറകളെ നടുക്കുന്ന ഓര്‍മകളാണ്.

യൗവനാരംഭത്തില്‍ വായിച്ച 'ശേഷിച്ച ഒരാള്‍ ' എന്ന അലക്‌സാണ്ടര്‍ ബെര്‍മിന്‍ എന്നയാളുടെ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് കമ്യൂണിസ്റ്റ് റഷ്യയെപ്പറ്റിയുള്ള അണിയറ രഹസ്യങ്ങള്‍ എനിക്ക് വിളമ്പിത്തന്നത്. ആ പുസ്തകം പിന്നീട് പല സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. അത് വായിക്കുന്ന ഒരാള്‍ക്ക് കമ്യുണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി കൂടുതല്‍ പറഞ്ഞു കൊടുക്കേണ്ടി വരില്ല.

റഷ്യയില്‍ ഗോര്‍ബച്ചേവ് കമ്യൂണിസത്തിന്റെ അന്തകനായി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍കമ്യൂണിസത്തെ തൂത്തെറിഞ്ഞു. ക്യൂബയില്‍ കുടുംബ വാഴ്ചയുടെ മറവില്‍ പാര്‍ട്ടി തുടരുന്നു. ചൈനയില്‍ കമ്യൂണിസത്തിനും അലകും പിടിയും മാറി. ചെങ്കൊടി നിലനില്‍ക്കുന്നുണ്ടെങ്കിലും സുലൈമാന്‍ മുസ്ല്യാരുടെ കുട പോലെ പിടിയും വില്ലും ശീലയും മാറിയ അവസ്ഥയിലാണ്. 

ഇന്ത്യയില്‍ ബംഗാളിന്റെ മണ്ണില്‍ പതിറ്റാണ്ടുകള്‍ തല ഉയര്‍ത്തി നിന്ന കമ്യുനിസ്റ്റ് വടവൃക്ഷം അബലയായ് കരുതപ്പെടുന്ന ഒരു വനിതയുടെ മുന്നിലാണ് മുട്ടുമടക്കിയത്. ഇനിയൊരു തിരിച്ചു വരിവിന് പോലും ബാല്യമില്ലാത്ത വിധം ക്ഷയിച്ചു ശോഷിച്ചു നില്‍ക്കുകയാണാ പാര്‍ട്ടി. കേരളത്തിലും ത്രിപുരയിലും ആയുസിന്റെ ബലത്തില്‍ പിടിച്ചു നില്‍ക്കുന്നു. എത്ര കാലം എന്നത് അവരുടെ തന്നെ കയ്യിരിപ്പിനെയും മെയ് വഴക്കത്തേയും ആശ്രയിച്ചിരിക്കുന്നു