ഫാഷിസ്റ്റ് ഇന്ത്യയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം തോക്കിന്‍മുനയിലാണ്

സലീം ദേളി

08 October, 2017

+ -
image

പേനയെടുക്കുക എന്നത് തന്നെ പോരാട്ടമാണ് -വോള്‍ട്ടയര്‍ 

      'ആവിഷ്‌കാരസ്വാതന്ത്ര്യം' വെറും വാക്കുകളല്ല. സെക്യുലാറിസത്തിനും സോഷ്യലിസത്തിനും കരുത്ത് കൂട്ടുന്ന മൗലികാവകാശമാണ്. സ്വതന്ത്ര്യ ചിന്തയ്ക്കുള്ള സ്വാതന്ത്ര്യവും ആവിഷ്‌കരിക്കാനുള്ള അവകാശവും നിലനില്‍ക്കുന്ന രാജ്യത്താണ് സമീപകാലത്തെ അസഹിഷ്ണുതയുടെ മദം ചങ്ങല പൊട്ടിച്ചെറിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. വിമര്‍ശനത്തെ എറിഞ്ഞും കൊന്നും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാഷിസത്തിന് രാജ്യം നല്‍കേണ്ട മറുപടി എന്താണ് എന്ന ചോദ്യം നിലനില്‍ക്കുന്ന നേരത്തുതന്നെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നതും.

         രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ തുടര്‍ച്ചയായിരുന്നു അത്. വര്‍ഗീയ ഫാഷിസ്റ്റുകളുടെ ചെലവില്‍ നടക്കുന്ന കൊലകളുടെ പട്ടികയില്‍ അവസാനത്തെ പേരായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം നിണംപടര്‍ന്ന സ്മരണകളോടെ ഓര്‍ത്തെടുക്കുമ്പോഴാണ് ഇതും കൂടി സംഭവിച്ചിരിക്കുന്നത്. മതേതരത്വം വാദിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഭീഷണിയോടുകൂടിയ താക്കീതായിരുന്നു 2013 ആഗസ്റ്റില്‍ നരേന്ദ്ര ധബോല്‍ക്കറുടെ കൊല. തീവ്ര ആശയങ്ങള്‍ പകര്‍ത്തി വര്‍ഗീയ ജന്തുക്കളുടെ മുനയൊടിക്കുന്നവര്‍ക്ക് മുന്നില്‍ 2015 ഫെബ്രുവരിയില്‍ ഗോവിന്ദ പന്‍സാരെയെ കൊലപ്പെടുത്തി. ഹൈന്ദവതയിലെ നികൃഷ്ടാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് 2015 ആഗസ്റ്റില്‍ എം.എം കല്‍ബുര്‍ഗി ഇല്ലാതാക്കപ്പെട്ടു. ഇപ്പോഴിതാ ഗൗരി ലങ്കേഷും മതേതര രക്തസാക്ഷികളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു.

         മോദിയുടെ വരവിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയും ഫാഷിസത്തിന്റെ തുടക്കം ദീര്‍ഘദൃഷ്ടിയിലൂടെ കണ്ടവരുമായ യു.ആര്‍ അനന്തമൂര്‍ത്തിയുടെ മരണത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരും ഗൗരി ലങ്കേഷിന്റെ വധത്തെ ന്യായീകരിച്ച് വന്നവരും ഗാന്ധിയെ കൊന്ന് മധുരം വിതരണം നടത്തിയവരുടെ പിന്മുറക്കാരാണ്. അവരാണ് ഡോ:കെ.എസ് ഭഗവാനെ ഭീഷണിപ്പെടുത്തിയതും. കാഞ്ചല ഐലയ്യയുടെ നാവരിയുമെന്ന് പറഞ്ഞതും കമലിനെ കമാലുദ്ധീനാക്കിയതും റോമില ഥാപ്പറിന് ജീവിതത്തിന്റെ അന്ത്യനാള്‍ കുറിക്കുമെന്ന് ഓരിയിട്ടതും രാമചന്ദ്ര ഗുഹയെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതും കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ രാജ്യദ്രേഹക്കുറ്റം ചുമത്തി ആവിഷ്‌കാരത്തെ കരിങ്കല്‍ വീഴ്ത്തിക്കൊണ്ട് നേരിട്ടതും അവര്‍ തന്നെയാണ്. അരുന്ധതി റോയിയെ ഭയപ്പെടുന്നതും അവരുടെ നിലനില്‍പിനെ ചോദ്യം ചെയ്തത് കൊണ്ട് മാത്രമാണ്.

             ഹൈന്ദവാചാരത്തിലെ അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ 'അര്‍ദ്ധനാരീശ്വരന്‍' നോവലെഴുതിയ പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തിയതായി പ്രഖ്യാപിച്ചത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. തീവ്ര ഹിന്ദുക്കളുടെ ഭീഷണിമൂലം ഞാന്‍ എഴുത്ത് നിര്‍ത്തുകയാണെന്നാണ് പ്രഖ്യാപിച്ചത്. ഇത് ക്ഷുഭിതമായ ഒരിന്ത്യന്‍ സാഹചര്യത്തിന്റെ അടയാളമായിരുന്നു. കല്‍ബുര്‍ഗിയുടെ വധവും പെരുമാള്‍ മുരുകന്റെ എഴുത്തുനിര്‍ത്തലും വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. സാഹിത്യ അക്കാദമിയുടെ മൗനത്തിനെതിരെ അവാര്‍ഡുകള്‍ വലിച്ചെറിഞ്ഞായിരുന്നു അന്ന് സാഹിത്യ ഇന്ത്യ പൊട്ടിത്തെറിച്ചത്. ഫാഷിസത്തിനെതിരെയുള്ള ബുദ്ധിജീവികളുടെ പ്രതികരണം ഇന്ത്യയിലെ  പ്രക്ഷുബ്ധ സാഹചര്യത്തിലെ അപകടതയെ ലോകം തിരിച്ചറിഞ്ഞു. 

മാറിക്കൊണ്ടിരിക്കുന്ന ജനാധിപത്യ ബോധങ്ങള്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് വിലയിരുത്തി.  തുടരുന്ന അസഹിഷ്ണുതകളും കേന്ദ്ര സര്‍ക്കാറിന്റെ നീണ്ടുപോകുന്ന മൗനവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സാഹിത്യ ഇന്ത്യ തുറന്നടിച്ചു. കൊഴുത്തു പോകുന്ന അരക്ഷിതാവസ്ഥയിലും അസഹിഷ്ണുതയിലും പ്രതിഷേധിച്ചാണ് എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ വലിച്ചെറിഞ്ഞത്. അതിനെ അവാര്‍ഡ് വാപ്പസിയെന്ന് മാധ്യമങ്ങള്‍ വിളിച്ചു.

പ്രതികരിച്ചതിന്റെ പേരില്‍ സാഹിത്യകാരന്മാരുടെ ധൈഷണതകള്‍ക്കുനേരെ തോക്കുകൊണ്ട് നിറയൊഴിക്കുമ്പോള്‍, പശു രാഷ്ട്രീയത്തിന്റെ മറവില്‍ പച്ചയ്ക്ക് മനുഷ്യനെ തല്ലിക്കൊല്ലുമ്പോള്‍ ആത്മാവില്‍ തൊട്ട് എഴുതുന്നവര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ സാധ്യമല്ലല്ലോ. ഭാഷാഭേദമില്ലാതെ നാല്‍പതിലധികം എഴുത്തുകാരന്മാരാണ് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയത്. ഹിന്ദി എഴുത്തുകാരന്‍ ഉദയ് പ്രകാശാണ് ആദ്യം പ്രതിഷേധ സ്വരമായ് പുരസ്‌കാരം തിരിച്ചയച്ചത്. 

നാടകകൃത്തായ അജ്മേര്‍ ഔലാഖ്, ആദംജിത്ത്, വാര്യം സന്തു എന്നീ സാഹിത്യ പ്രതിഭകള്‍ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുകയും സാഹിത്യ അക്കാദമി അംഗത്വം ത്യജിക്കുകയും ചെയ്തു. ഡല്‍ഹി എഴുത്തുകാരന്‍ അമന്‍ സേത്തി അന്വേഷണത്വരയും ഭീഷണിയും നേരിടുന്ന സാഹചര്യത്തില്‍ പുരസ്‌കാരം വേണ്ടെന്ന് പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള എഴുത്തുക്കാരനും ആദിവാസി മേഖലയിലെ അവകാശ പ്രവര്‍ത്തകനുമായ ഗണേഷ് ദേവിയും പുരസ്‌കാരം ഉപേക്ഷിച്ചു. കര്‍ണാടകയില്‍ നിന്നും കും വീരഭദ്രപ്പ പുരസ്‌കാരം വേണ്ടെന്നുവെച്ചതോടെ കന്നഡ എഴുത്തുകാരന്‍ അരവിന്ദ് മലാഗട്ട് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വവും രാജിവെച്ചു.

           കേരളത്തില്‍ നിന്ന് സാറാ ജോസഫ് പുരസ്‌കാരം തിരിച്ച് നല്‍കിയപ്പോള്‍ സച്ചിദാനന്ദനും പി.കെ പാറക്കടവും കെ.എസ് രവികുമാറും അക്കാദമി അംഗത്വത്തില്‍ നിന്ന് പിന്മാറി. നയന്‍താര സെയ്ഗാളും അശോക് വാജ്പേയും പുരസ്‌കാരങ്ങള്‍ പ്രതിഷേധത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചു നല്‍കിയിരുന്നു. 

           ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതുവരെ ഉയരാത്ത വിധത്തില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒപ്പം നില്‍ക്കാതെ ഭീഷണിപ്പെടുത്തുന്ന സംഘ്പരിവാര്‍ നയത്തിനൊപ്പമാണ് ഭരണകൂടം നിന്നത്. അഥവാ ഭയപ്പെടുത്തലുകളാണ് അധികാരത്തിന്റെ ശബ്ദമെന്ന് തെളിയിക്കുകയായിരുന്നു.

         ഇഷ്ടമുള്ളത് പറയുന്നതിലും എഴുതുന്നതിലും ചിന്തിക്കുന്നതിലും സത്യസന്ധത പുലര്‍ത്തുമ്പോള്‍ ഭയപ്പെടുന്ന അതിദേശീയതയാണ് ഫാഷിസം. അവര്‍ക്ക് അതിനെ ഒതുക്കുക തന്നെ വേണം. ഫാഷിസത്തില്‍ സംവാദക സംസ്‌കാരമില്ല. ആജ്ഞയും അനുസരണയും മാത്രമേ ഉണ്ടാവൂ. എതിര്‍ ശബ്ദത്തിന്റെ ഉന്മൂലനം മാത്രം, അതാണവരുടെ ലക്ഷ്യം. അതിന്റെ ആദ്യ ഇരയായിരുന്നു മഹാത്മാ ഗാന്ധി.

           ഐ ആം ഗൗരി എന്ന സന്ദേശം ഭരണകൂടത്തിന്റെ കര്‍ണപുടങ്ങള്‍  തുളച്ചു കയറിയത് അറിയാത്തവരായി നാട്യം നടിക്കുകയാണ് സര്‍ക്കാര്‍. കൊലകളെ അപലപിക്കാന്‍ പോലും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കായിട്ടില്ല. പ്രതിഷേധങ്ങളും സമരങ്ങളും കെട്ടടങ്ങുമ്പേള്‍ മൗനം അവലംബിക്കുന്നത് കുറ്റകരമാണ്. ചിലര്‍ തുറന്നെതിര്‍ക്കുന്നുണ്ട്.  പക്ഷെ കൂടുതല്‍ സ്വരങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. അതിന്റെ അപാകതയിലേക്ക് കടന്നുകയറുന്ന ഫാഷിസത്തിനാണ് വിഷം കൂടുതല്‍. നിര്‍ഭയത്വ ജീവിതം ജനാധിപത്യത്തില്‍ മാത്രമേ സാധ്യമാവൂ. എന്നാല്‍ ഭയം പടര്‍ത്തി ഫാഷിസം തളിര്‍ക്കുന്ന സാഹചര്യത്തില്‍ അധികാര ശക്തികൊണ്ട് എതിര്‍ക്കുന്നവരെ നിലംപരിശാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ കൊലയ്ക്കു സമമാണ്. 

 ഫാഷിസത്തെ എതിര്‍ക്കുക എന്നത് സത്യസന്ധ്യത പുലര്‍ത്തുക എന്നതിന്റെ മറുവാക്യമാണ്. 

          രാജ്യത്ത് സംഘ്പരിവാര്‍ കപട ദേശീയതയില്‍ രാജ്യസ്നേഹം കലര്‍ത്തി പച്ചക്കള്ള പ്രചരിപ്പിക്കുന്നതിന് മാധ്യമപ്രവര്‍ത്തനവും കൂലിയെഴുത്തുകളും ഉപയോഗിക്കുന്നു. നിരന്തരം അസത്യം പരത്തി സത്യമാക്കിയെടുക്കാനുള്ള ഇറ്റലിയില്‍ വിജയിച്ച ഫാഷിസ്റ്റ് തന്ത്രങ്ങമാണ് ഇത്. ഭരണകൂടനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കാനുള്ള കരുതലും, ജനദ്രോഹ നടപടികളെ വെള്ളപൂശി അവതരിപ്പിക്കാനും അവതരിപ്പിക്കാനും ആവിഷ്‌കാരത്തെ പിടിച്ചുകെട്ടാനും അധികാര ശക്തി സംഘ്പരിവാര്‍ നല്ലവണ്ണം ഉപയോഗപ്രദമാക്കുന്നുണ്ട്. 

             അമൃത്യ സെന്‍ പ്രമുഖ സാമ്പത്തിക വിദഗ്ദനായ കൗശിക് ബസുമായി നടത്തുന്ന സംഭാഷണമടങ്ങിയ 'ദി ആര്‍ഗുമെന്റേറ്റീവ് ഓഫ് ഇന്ത്യന്‍' ഡേക്യുമെന്ററിയില്‍ ഉപയേഗിച്ചിട്ടുള്ള പശു, ഗുജറാത്ത്, ഹിന്ദു ഇന്ത്യ, ഹിന്ദുത്വ വ്യൂ ഓഫ് ഇന്ത്യ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്നായിരുന്നു ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ഭാഷ്യം.

         തിരുവനന്തപുരത്തെ ഡോക്യുമെന്ററി ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിശ്ചയിച്ചിരുന്ന ഫാസിസത്തെ ചോദ്യം ചെയ്യുന്ന മൂന്ന് ചിത്രങ്ങളെയാണ് നിരോധിച്ചത്. രോഹിത് വെമൂലയെ കുറിച്ച് പ്രതിപാദിക്കുന്ന 'അണ്‍ബിയറബില്‍ ബീയിങ്', കാശ്മീര്‍ വിഷയം പറയുന്ന 'ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ മിനാര്‍', ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട ഒരു ചിത്രം എന്നിവയാണവ.

            ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് പുറത്തുകൊണ്ടുവന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയെ പരസ്യമായി അക്രമിച്ചത് മോദിയുടെ കോര്‍പറേറ്റ് സ്നേഹത്തെക്കുറിച്ച് പറഞ്ഞതിലാണ്. 

          ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി എഡിറ്റര്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജോയ് ഗുഹയെ രാജിവെപ്പിച്ചത് അദാനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിനാണ്. ഗുജറാത്ത് കൂട്ടക്കൊലയിലൂടെ മതേതരത്വത്തിന് മോദി ഏല്‍പിച്ച കനത്ത ആഘാതം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് പ്രണോയ് റോയിയുടെ ഡല്‍ഹിയിലെയും ഡെറാഡൂണിലെയും വസതിയില്‍ നടന്ന റെയ്ഡ്.

      കാവിരാഷ്ട്രീയത്തിന്റെ കരാളഹസ്തങ്ങള്‍ പത്ര ഉടമസ്ഥരെയും സ്വതന്ത്ര്യ പത്രപ്രവര്‍ത്തകരെയും സ്വാധീനത്തിലാക്കുകയും വരുതിയിലാക്കുകയും ചെയ്തത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മേലുള്ള മരണമണിയുടെ മുഴക്കമാണ്.

            തങ്ങളുടെ വരുതിക്ക് കീഴില്‍ കുഴലൂത്തുകാരായാണ് മാധ്യമപ്രവര്‍ത്തകര്‍ നിലകൊള്ളേണ്ടതെന്ന നയം. അല്ലെങ്കില്‍ ഇല്ലാതാക്കുമെന്ന ഭീഷണി അതാണ് കാവിരാഷ്ട്രീയത്തിന്റെ മുഖം. അന്ധവിശ്വാസങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലെഴുതിയതിനെതിരെ യുവ എഴുത്തുകാരി ദീപാ നിശാന്തിനെ സൈബര്‍ ഫാഷിസ്റ്റുകള്‍ വലിച്ചുകീറിയത് അങ്ങേയറ്റം നിന്ദ്യമായ അവസ്ഥയിലാണ്. എതിര്‍ ശബ്ദങ്ങളെ തളയ്ക്കാന്‍ തങ്ങളെന്തും ചെയ്യും എന്നുള്ള ധാര്‍ഷ്ഠ്യത്തിന്റെ നേരെയാണ് ഇന്നീ ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടത്.

           സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റെ കോട്ടകള്‍ വിറപ്പിച്ചും അനീതി മുഖമുദ്രയാക്കിയ ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുനേരെ വാക്കുകളുയര്‍ത്തിയതിന് ജീവന്‍ നല്‍കേണ്ടി വന്നവരുടെ ആശയങ്ങള്‍ ഒരിക്കലും ഇല്ലാതാവുന്നില്ല.

           നെറികേടിന്റെ ശബ്ദങ്ങളുയര്‍ത്തി അധികാര ശക്തി ഉപയോഗിച്ച് ധാര്‍ഷ്ഠ്യം പണിയുന്നവര്‍ക്കെതിരെ വിരലുയര്‍ത്തിയാല്‍ വധശിക്ഷയാണ് ഫലമെന്ന് ഫാസിസ്റ്റുകള്‍ തെളിയിച്ചിട്ടുണ്ട്. സത്യസന്ധത പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഇരകളാണ്.   

          അവരെഴുതുന്നതും ചിന്തിക്കുന്നതും ഫാസിസത്തിനെ ശവമഞ്ചത്തിലേക്കെത്തിക്കുമെന്നതില്‍ അവര്‍ക്ക് നല്ലപോലെ അറിവുണ്ട്. അതിനാലാണവര്‍ പേനയെടുക്കുന്നവര്‍ക്കുനേരെ നിറയൊഴിക്കുന്നത്. അതിനാലാണ് മോദി ഭക്തരും ഹിന്ദുത്വ സൈന്യവും കൊലപാതകങ്ങളെ സ്വാഗതം ചെയ്യുന്നത്. പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയ കക്ഷിയെയും അവരുടെ പരമോന്നത നേതാവ് നരേന്ദ്ര മോദിയെയും എതിര്‍ക്കുന്നവരുടെ മരണം ആഘോഷിക്കുന്നതിലെ യുക്തിയും വേറൊന്നുമല്ല. ജീവിച്ചിരിക്കുന്നവരെ പിച്ചിച്ചീന്തിയും പീഡിപ്പിച്ചും മാത്രമല്ല, മരിച്ചവരെ പോലും വേട്ടയാടിക്കൊണ്ട് കൂടിയാണ് ഫാസിസം അതിന്റെ ഭരണം തുടരുന്നത്. ഫാസിസ്റ്റുകള്‍ എന്നും ബൗദ്ധീകതയെയും കലാലയങ്ങളെയും ഭയപ്പെടും. സ്വതന്ത്രചിന്തകള്‍ ഫാസിസ്റ്റുകളുടെ തൊലിയുരിക്കുമെന്നത് അവര്‍ക്കറിയാം. ഭരണഘടന നല്‍കിയ ആവിഷ്‌കാര സ്വാതന്ത്ര്യമായിരുന്നു ഇവരുടെ ശക്തി. 

       തീവ്രഹൈന്ദവതയ്ക്കെതിരെ ചിന്തിക്കുന്നവരും എഴുതുന്നവരും തുടര്‍ന്നാല്‍ സംഘ്പരിവാറുകാര്‍ക്ക് നിലനില്‍പിന് തന്നെ ഭീഷണിയാവും. ഭയം സൃഷ്ടിച്ച് കാല്‍കീഴിലാക്കി കീഴടക്കണം. അതിനവര്‍ക്ക് അവരെ കൊല്ലണം. പക്ഷെ,  അവരുടെ എഴുത്തുകള്‍ക്കും ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരിക്കലും മരണമില്ല. അവരൊഴുക്കിയ ചോരകള്‍ വെറുതെയാവില്ല. അത് പകരം ചോദിച്ചുകൊണ്ടേയിരിക്കും.