റാം-വേണോ, ഹാജ്‌-വേണോ? ഗുജറാത്തികളോട്‌ ആർ.എസ്‌.എസ്‌

യൂനുസ്‌ അമ്പലക്കണ്ടി

08 November, 2017

+ -
image

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽ എത്തിയതോടെ പതിവ്‌ പല്ലവി ആവർത്തിച്ച്‌ സംഘ്‌ പരിവാർ പ്രചാരണം കൊഴുപ്പിക്കുകയാണ്‌.വിദ്വേഷത്തിന്റെ വൻ മതിലുകൾ തീർത്ത്‌ ജനങ്ങളെ ഇരു ധ്രുവങ്ങളിലാക്കി വോട്ടു നേടുക എന്ന കുടില തന്ത്രമാണ്‌ ഇക്കുറിയും ഗുജറാത്തിൽ അവർ പയറ്റുന്നത്‌.

ഗുജറാത്ത്‌ മുഖ്യമന്ത്രി രൂപാണി,അമിത്‌ഷാ,നരേന്ദ്ര മോദി എന്നിവരുടെ പേരിലെ ആദ്യാക്ഷരങ്ങൾ ചേർത്ത്‌ (RAM) 'റാം' എന്നും ബി.ജെ.പിക്ക്‌ കൊടിയ ഭീഷണിയുയർത്തി കോൺഗ്രസ്സിനെ സഹായിക്കുമെന്ന് കരുതുന്ന പ്രബലത്രയങ്ങളായ പ‌ട്ടീദാർ നേതാവ്‌ ഹർദിക്‌ പട്ടേൽ,ഒ.ബി.സി.യുടെ സമര നായകൻ അൽപേഷ്‌ താക്കൂർ,ദളിത്‌ യുവരത്നം ജിഗ്നേഷ്‌ മേവാനി എന്നിവരുടെ ആദ്യാക്ഷരങ്ങൾ ചേർത്ത്‌ (HAJ) 'ഹാജ്‌'എന്നും രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിപ്പിക്കുകയാണ്‌ ആർ.എസ്‌.എസ്‌.

'റാമി'ന്റെ കൂടെ അയോധ്യയിലെ നിർദ്ദിഷ്ട ക്ഷേത്രത്തിന്റെ രൂപവും 'ഹാജി'ന്റെ കൂടെ കഅബയുടെ ചിത്രവും ഉൾപ്പെടുത്തിയാണ്‌ വെറുപ്പിന്റെ പ്രചാരകർ രംഗം കൊഴുപ്പിക്കുന്നത്‌.ഇതിൽ ഏതു വേണമെന്നാണ്‌ അവരുടെ ചോദ്യം!

രണ്ട്‌ ദശകത്തിലധികം ഗുജറാത്തും നാലു വർഷത്തോളമായി രാജ്യവും ഭരിച്ചിട്ടും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ വർഗ്ഗീയ ചേരുവകൾ തന്നെയാണ്‌ ബി.ജെ.പിക്ക്‌ ഇപ്പോഴുമുള്ളത്‌.രാജ്യത്ത്‌ മുളപൊട്ടിയ രാഹുൽ തരംഗവും ബി.ജെ.പി അപചയവും തെല്ലൊന്നുമല്ല ഹിന്ദുത്വ തീവ്രവാദികളെ അലോസരപ്പെടുത്തുന്നത്‌.ഗുജറാത്തിൽ എന്തു വില കൊടുത്തും വിജയമുറപ്പിക്കുക മോദിയുടേയും ഷായുടേയും പരമ ലക്ഷ്യമാണ്‌.അതിന്റെ സാക്ഷാൽക്കാരത്തിന്‌ ഏതു ഹീന മാർഗ്ഗവും അവരുപയോഗിക്കും.തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സ്വാധീനിച്ചത്‌ മുതൽ ഇപ്പോഴത്തെ ഈ പോസ്റ്റർ പ്രചാരണം വരെ അതിനുദാഹരിക്കാം.

മുതിർന്ന ബി.ജെ.പി.നേതാവ്‌ ശത്രുഘ്നൻ സിൻഹ തന്നെ പറഞ്ഞ പോലെ വൺ മാൻ ഷോയും ടു മാൻ ആർമിയും ഈ രാജ്യത്തെ നയിക്കുന്നത്‌ പടുകുഴിയിലേക്കാണ്‌.ഈ പാരതന്ത്ര്യത്തിൽ നിന്നുള്ള മോചനമാണ്‌ മതേതര ഇന്ത്യ കൊതിക്കുന്നത്‌.എല്ലാ നീച തന്ത്രങ്ങളേയും അതിജയിച്ച്‌ ഗാന്ധി പിറന്ന മണ്ണിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ അതിനുള്ള തുടക്കമാവട്ടെ എന്ന് നമുക്കാശിക്കാം.