സഊദിയുടെ വഹാബി ബന്ധം മുറിച്ചിടാന്‍ സല്‍മാന്‍ മകന്‍ മുഹമ്മദിന് കഴിയുമോ?

യൂറി ബര്‍മിന്‍

08 January, 2018

+ -
image

രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സഊദി അറേബ്യ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കയാണ് ഇന്ന്. രാജ്യത്തെ ആധുനികവത്കരിക്കാനും ലോകത്തിനു മുമ്പില്‍ അതിനെ തുറന്നുകൊടുക്കാനുമുള്ള പുതിയ യുവ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്തരം ശ്രമങ്ങള്‍. റിയാദ് സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പദ്ധതികളുടെ ഭാഗമായിട്ടാണ് പ്രധാനമായും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നത്. 

2017 ഒക്ടോബറില്‍ അന്തര്‍ദേശീയ നിക്ഷേപകര്‍ക്കായി റിയാദില്‍വെച്ചു നടന്ന പ്രത്യേഗം സമ്മിറ്റില്‍ മുഹമ്മദ് തന്റെ ഈ പുതിയ നീക്കങ്ങളെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. 

'ഞങ്ങള്‍ മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചുപോവാനാണ് ഉദ്ദേശിക്കുന്നത്. അഥവാ, എല്ലാ മതങ്ങള്‍ക്കും ഇടപെടാന്‍ പറ്റിയ, ആര്‍ക്കും കയറിവരാന്‍ സൗകര്യമുള്ള ഒരു മോഡറേറ്റ് ഇസ്‌ലാമിന്റെ വഴി. അതാണ് അടുത്ത ഞങ്ങളുടെ ലക്ഷ്യം'.

മുഹമ്മദിന്റെ ഈ പ്രഖ്യാപനം ഏറെ അല്‍ഭുതത്തോടെയാണഅ ലോകം കേട്ടത്. സഊദിയെ അതിന്റെ വഹാബി ബാന്ധവത്തില്‍നിന്നും മോചിപ്പിച്ച് മോഡറേറ്റ് തലത്തിലേക്ക് മാറ്റിക്കൊണ്ടുവരാന്‍ മുഹമ്മദിനു മുമ്പിലെ പ്രചോദനം എന്തായിരിക്കും? നിലവിലുള്ള സംവിധാനങ്ങളില്‍ അദ്ദേഹം കാണുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്? സലഫീ കാഴ്ച്ചപ്പാടുകള്‍ ചിന്തയെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി പ്രിന്‍സ് മുഹമ്മദ് തന്നെ അന്ന് ഗ്വാര്‍ഡിയന്‍ പത്രത്തോട് തുറന്ന് പറഞ്ഞിരുന്നു. 'കഴിഞ്ഞ 30 വര്‍ഷം സംഭവിച്ചത് സത്യത്തില്‍ സഊദിയില്‍ നടക്കേണ്ടതായിരുന്നില്ല' എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. സലഫിസത്തിന്റെ നീരാളിപ്പിടുത്തം രാജ്യത്തെ കൂടുതല്‍ യാഥാസ്ഥികവും പിന്തിരിപ്പനുമാക്കി മാറ്റിയെന്ന് അദ്ദേഹം സമ്മതിക്കുന്നു. 1979 ലെ ഇറാനിയന്‍ വിപ്ലവത്തിലേക്ക് രാജ്യം ചുരുങ്ങുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു.

ഏതായിരുന്നാലും, മുഹമ്മദിന്റെ തുറന്നു പറച്ചില്‍ രണ്ടു കാര്യം വ്യക്തമാക്കുന്നുണ്ട്. സഊദിയുടെ നിലവിലെ അവസ്ഥയില്‍ പരിഷ്‌കാര സമീപനം തീരെയില്ലായെന്ന് അവര്‍ക്ക് തന്നെ ബോധ്യമായിരിക്കുന്നു. രണ്ടാമതായി, നിലവിലെ മത സംവിധാനങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക വളര്‍ച്ചക്കും വികാസത്തിനും അനുയോജ്യമല്ലായെന്നും വളര്‍ന്നുവരുന്ന പുതു തലമുറക്ക് അതൊരിക്കലും അനുകൂലമല്ലെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 

പക്ഷെ, സഊദിയെ ഇത്രയും വലിയ യാഥാസ്തികത്വത്തിലേക്ക് കൊണ്ടെത്തിച്ചത് 1979 ലെ ഇറാന്‍ വിപ്ലവം പോലെ ചില ബാഹ്യ ഘടകങ്ങളാണെന്ന് അവര്‍ വിചാരിക്കുന്നുവെന്നതാണ് ഇവിടെയുള്ള ഏറെ ഖേദകരമായൊരു കാര്യം. സഊദിയെ ഇങ്ങനെയാക്കി മാറ്റിയതില്‍ അവരിലെ ചില ആന്തരിക നിലപാടുകള്‍ക്കും വലിയ പങ്കുണ്ട് എന്നതു തന്നെയാണ് വാസ്തവം. 

അവലംബം: www.aljazeera.com
വിവ: സന മിസ്‌രി