2070 ല്‍ ഇസ്‌ലാം ലോകത്തെ ഏറ്റവും വലിയ മതമാകുമെന്ന് പഠനം

നഈം സിദ്ദീഖി

07 October, 2017

+ -
image

ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാം 2070 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ മതമായിമാറുമെന്ന് പഠനം. വാഷിംഗ്ടണ്ണിലെ പ്യൂ റിസര്‍ച്ച് സെന്ററാണ് ഈ പുതിയ പ്രവചനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്‌ലാമാണെന്ന് നേരത്തെത്തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു.

ഇന്ന് ലോകത്തെ ഏറ്റവും വലിയ മതമായി പറയപ്പെടുന്ന ക്രിസ്തുമതം കേവലം 13 രാജ്യങ്ങള്‍ മാത്രമാണ് ഔദ്യോഗിക മതമായി സ്വീകരിച്ചിട്ടുള്ളത്. അതേസമയം ലോകത്തെ 27 രാജ്യങ്ങളുടെ ഔദ്യോഗിക മതം ഇന്ന് ഇസ്‌ലാമാണ്. ഹിന്ദു മതം ഒരേയൊരു രാജ്യത്തിന്റെ മാത്രമേ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. നേപ്പാളില്‍ മാത്രമാണത്. ലോകത്തെ 199 രാജ്യങ്ങളെ മുന്നിര്‍ത്തിയുള്ള പഠനത്തിലൂടെയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഇങ്ങനെയൊരു ഫലം പുറത്തുവിട്ടിരിക്കുന്നത്.

199 രാജ്യങ്ങളില്‍ 43 രാജ്യങ്ങള്‍ക്കു മാത്രമേ ഔദ്യോഗികമായി മതങ്ങള്‍ പരിഗണിക്കപ്പെടുന്നുള്ളൂ. 40 രാജ്യങ്ങള്‍ ഏതെങ്കിലും ഒരു മതത്തിന് മുന്‍ഗണന നല്‍കുന്നതാണ്. എന്നാല്‍, 106 രാജ്യങ്ങള്‍ ഒരു മതത്തിനും മുന്‍ഗണന നല്‍കുന്നില്ല. മതങ്ങളെ ഇഷ്ടപ്പെടാത്തവയാണ് പത്തു രാജ്യങ്ങള്‍. മുന്‍കമ്യൂണിസ്റ്റ് രാജ്യങ്ങളാണ് ഇതില്‍ പലതും. ചൈന, ക്യൂബ, നോര്‍ത്ത് കൊറിയ തുടങ്ങിയവ ഉദാഹരണം.

2070 ആകുമ്പോഴേക്ക് ക്രിസ്തുമതത്തെ മറികടന്ന് ഇസ്‌ലാം വളര്‍ച്ചയില്‍ ഒന്നാമതെത്തുമെന്ന് പഠനം തെളിവുകളോടെ വ്യക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് അവിടെ മുസ്‌ലിം ജനസംഖ്യ കൂടുന്നതിന് പ്രധാന കാരണമായി പഠനം കാണിക്കുന്നത്. മുസ്‌ലിം കുടുംബങ്ങളിലെ വര്‍ദ്ധിച്ച അംഗബലമാണ് മറ്റെല്ലായിടത്തും ഇതിനുള്ള പ്രധാന കാരണം.

2010 ലെ കണക്കനുസരിച്ച് 1.6 ബില്യണ്‍ മുസ്‌ലിംകളാണ് ലോകത്തുള്ളത്. ഇത് ലോക ജനസംഖ്യയുടെ 23 ശതമാനമാണ്. ക്രിസ്ത്യാനികള്‍ 2.2 ബില്യണ്‍ വരും. ഇത് ലോകജനസംഖ്യയുടെ 31 ശതമാനം. 2070 വരുന്നതോടെ മുസ്‌ലിംകള്‍ ഇതിനെ മറികടക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

അവലംബം: www.pewforum.org