കമ്പ്യൂട്ടറിനെതിരെ സമരംചെയ്തവര്‍ ഗെയില്‍ ഇരകളെ തീവ്രവാദികളാക്കുന്നോ?!

മുനവ്വിര്‍ കല്ലൂരാവി

07 November, 2017

+ -
image

കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് പ്രകൃതി വാതകം ബാഗ്ലൂര്‍, മംഗാലപുരം എന്നിവിടങ്ങളിലെത്തിക്കാന്‍ 505 കിലോമീറ്റര്‍ നീളത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പ്രോജക്ടാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി. 2007-ല്‍ കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പ് വെച്ച കരാര്‍ പ്രകാരമാണ് ഈ പദ്ധതി. ജനങ്ങളെ എല്ലാവിധ പ്രയാസങ്ങളില്‍നിന്നും ഒഴിവാക്കുന്ന വിധത്തിലായിരിക്കും ഇത് നടപ്പാക്കുന്നത് എന്ന അടിസ്ഥാനത്തിലായിരുന്നു പദ്ധതിയുടെ തീരുമാനം.

എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലായി വരുന്ന വാര്‍ത്ത ഏറെ ആശങ്കയുളവാക്കുന്നതാണ്. സാധാരണക്കാരന്റെ ഭൂമിയെ തുണ്ടം തുണ്ടമാക്കി പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്ന വാര്‍ത്തകളാണ് ഉയര്‍ന്നുവരുന്നത്. ഭൂവുടമകളുടെ ആശങ്ക തീര്‍ക്കാന്‍ പോലും തയ്യാറാവാതെ പോലീസിന്റെ സഹായത്തോടെ സ്വേച്ഛാധിപത്യ രീതിയിലാണ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെയും പോലീയിന്റെയും ഈയൊരു നിലപാട് തീര്‍ത്തും ഭോഷത്തമാണ്. വികസനം നാടിനാവിശ്യമാണ്. ജനങ്ങ ളുടെ അവകാശം നിഷേധിച്ച് കൊണ്ടായിരിക്കരുത് സര്‍ക്കാര്‍  നേട്ടവും ക്രെഡിറ്റുമുണ്ടാക്കേണ്ടത്.

ജനസാന്ദ്രമായ പ്രദേശങ്ങളിലൂടെ പൈപ്പ് ലൈന്‍ കടന്ന് പോകുമ്പോള്‍ 1962-ലെ പെട്രോളിയം ആന്‍ഡ് മിനറല്‍ പൈപ്പ് ലൈന്‍ ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പൈപ്പ് ലൈന്‍ പണികള്‍ നടക്കേണ്ടത്. എന്നാല്‍ ഇന്ന് പൈപ്പ് ലൈന്‍ നടപ്പിലാക്കുന്നത് ആ വ്യവസ്ഥകള്‍ മാനിക്കാതെയാണ്. ആ ആക്ട് പ്രകാരം പൈപ്പ് ഇടാന്‍ ഉദ്ധേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥന്‍ ഭൂമി ഏറ്റെടുക്കുന്നുവെന്ന് അറിയിക്കുന്ന ത്രീ വണ്‍ നോട്ടീസ് നല്‍കണം. തുടര്‍ന്ന് പരാതിയുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ട ഏജന്‍സി മുമ്പാകെ അറിയിക്കാന്‍ വ്യക്തിക്ക് അവകാശമുണ്ട്. തീര്‍ത്തും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വ്യക്തിയില്‍ നിക്ഷിപ്തമാക്കുകയും കൈവശവകാശം ബന്ധപ്പെട്ട സ്ഥാപനത്തിന് ഉറപ്പ് വരുത്തുന്ന രീതിയിലാണ് കൈമാറ്റ പ്രകിയ നടക്കേണ്ടത്.

ഭൂമിയില്‍ നിന്ന് നശിപ്പിക്കുന്നതിന്റെ വിലയും നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇതൊന്നും മുഖവിലക്കെടുക്കാതെ ജനങ്ങളുടെ നികുതിപ്പണം തിന്നുന്ന സായുധ പോലീസ് സംഘങ്ങളെ കാവല്‍ നിര്‍ത്തി മണ്ണ് മാന്തി യന്ത്രവുമായി ഭൂമി കയ്യേറ്റം നടത്തുകയാണ് എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍.

ഭൂമിയും മനുഷ്യരുമായുള്ള ബദ്ധം പ്രാണ വായുവും ജീവനും തമ്മിലുള്ളത് പോലെയാണ്. ഭൂരഹിതരായ മനുഷ്യര്‍ ആത്മാര്‍ത്ഥമായി ഭൂമി ലഭ്യമാക്കാനുള്ള പോരാട്ടമാണ് നടത്തുന്നെങ്കില്‍ ഭൂമിയുള്ളവര്‍ അതിനെ നിലനിര്‍ത്താന്‍ വേണ്ടിയും  ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയും പോരാടുക സ്വാഭാവികമാണ്. പദ്ധതി നടന്നാല്‍ ഏറ്റവും കൂടുതല്‍ ദുരിതം പേറുക ആ ഭാഗത്തുള്ള ജനവിഭാഗങ്ങളായിരിക്കും. അവിടെ ഭൂരിഭാഗം മുസ്ലിം കുടുംബങ്ങളാണ്. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ രംഗത്തിറങ്ങി പ്രതിഷേധിച്ചപ്പോള്‍ അവര്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുകയായിരുന്നു. ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇതിനായി മുന്നോട്ടു വന്നത് ഏറെ ഖേദകരമായിപ്പോയി.

കൂടാതെ മതത്തെ അവഹേളിച്ച് സമരത്തിന് പിന്നില്‍ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കി വിടുന്ന' തീവ്രവാദികളാണെന്നായിരുന്നു അവരുടെ ഭാഷ്യം.

പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അനുയായികളുടെയും പ്രബോധന കാലയളവാണെന്ന് വിശേഷിപ്പിച്ച് ഇസ്ലാം മതത്തോടുള്ള അന്ധമായ വിരോധം പുറത്തെടുത്തിരിക്കുകയായിരുന്നു സി.പി.ഐ.എം. തീവ്രവാദവും പ്രവാചകന്റെ കാലയളവും തമ്മില്‍ എന്ത് ബന്ധം? ഇരുണ്ട യുഗം എന്നറിയെപ്പടുന്ന കാലഘട്ടത്തില്‍ നിന്ന് ഒരു വിഭാഗം മനുഷ്യരെ സംസ്‌ക്കരിച്ചെടുത്ത പ്രവാചകന്‍ എങ്ങെനെയാണ് തീവ്രവാദത്തിന്റെ വാക്താവാകുക? പ്രവാചകനും തീവ്രവാദവും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട്. ഗെയില്‍ പദ്ധതിക്കാരുടെ ഗെയിമാണിത്. സമരം ചെയ്യുന്ന ആളുകളെ തീവ്രവാദികളായി ചിത്രീകരിച്ച് സാധാരണക്കാരെ സര്‍ക്കാറിന്റെ പക്ഷം ചേര്‍ക്കാന്‍ തന്ത്രമുപയോഗിക്കുകയാണിവിടെ. സമരം ചെയ്യുന്ന സര്‍ക്കാരും നാടിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെയായിരിക്കണം സര്‍ക്കാര്‍ നീങ്ങേണ്ടത്.