സംഘ്പരിവാറില്‍നിന്നും ആസാദി തേടുന്ന അലീഗഡ് സര്‍വകലാശാല

മുഹമ്മദ് ഫാരിസ് എന്‍.എം

07 May, 2018

+ -
image

അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ നേരെയുള്ള കടന്നു കയറ്റമാണ് സംഘപരിവാര്‍ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സാമീപ്യം കൂടുതല്‍ സംശയങ്ങള്‍ക്ക് വക നല്‍കുന്നു.

ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അലീഗറിന്റെ ചരിത്രവും സംസ്‌ക്കാരവും സ്വാതന്ത്ര്യാനന്തരവും പൂര്‍വ്വവുമായ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണ്.

1938 ലാണ് മുഹമ്മദലി ജിന്നക്ക് ആദര സൂചകമായി അലീഗര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയനില്‍ ആജിവനാന്ത അംഗത്വം നല്‍കുന്നത്. അന്ന് മുതല്‍ മുഹമ്മദലി ജിന്നയുടെ ഫോട്ടോ വിദ്യാര്‍ത്ഥി യൂണിയന്‍ ഹാളിന്റെ ചുവരിലുണ്ട്. അന്ന് ഇന്ത്യന്‍ സമൂഹത്തില്‍ അയാള്‍ക്കുണ്ടായിരുന്ന സ്വാധീനവും അദ്ദേഹത്തിന്റെ അക്കാദമിക നിലവാരവുമാണ് അദ്ദേഹത്തെ അതിനര്‍ഹനാക്കിയത്.

1920 ല്‍ മഹാത്മാഗാന്ധിക്കും പിന്നീട് നെഹ്‌റുവിനും സരോജിനി നായിഡുവിനുമെല്ലാം ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. അവരുടെയെല്ലാം പടം ആ ഹാളില്‍ തൂക്കിയിട്ടുമുണ്ട്.

അതു കൊണ്ട് തന്നെ, യൂനിവേഴ്‌സിറ്റിയുടെ കാലാകാലങ്ങളായുള്ള ചരിത്രവും സംസ്‌ക്കാരവും പ്രൗഢിയും നിലനിര്‍ത്താന്‍ ആരുടേയും കാലില്‍ വീഴേണ്ട ആവശ്യം യൂനിവേഴ്‌സിറ്റിക്കില്ല. ഇപ്പോഴേറ്റ അഭിമാനക്ഷതം ഒരൊറ്റ വിദ്യാര്‍ത്ഥി പോലും അംഗീകരിക്കില്ല, ഇനി അംഗീകരിക്കുകയുമില്ല.

വളരെ ആസൂത്രിതമായുള്ള അക്രമമാണ് സംഘ് പരിവാര്‍ യൂനിവേഴ്‌സിറ്റിക്കെതിരെ നടത്തിയിരിക്കുന്നത്. സുബ്രഹ്മണ്യ സ്വാമിയാണ് ആദ്യം രംഗത്ത് വരുന്നത്, സര്‍വ്വകലാശാല തീവ്രവാദികളുടെ കേന്ദ്രമാണേന്നായിരുന്നു അയാളുടെ ആകുലത.

ശേഷം ഒരു പ്രാദേശിക ആര്‍.എസ്.എസ് നേതാവ് സര്‍വ്വകലാശാലക്കകത്ത് തങ്ങള്‍ക്ക് ശാഖ തുടങ്ങണമെന്ന വിചിത്രമായ ആവശ്യവുമായെത്തി.

ഇത്തരം പ്രസ്താവനകളെയെല്ലാം ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കെയാണ് അടുത്ത അജണ്ടയുമായി അലീഗര്‍ എംപി സതീഷ് കുമാര്‍ ഗൗതം രംഗത്തു വന്നത്. സര്‍വ്വകലാശാലയില്‍ ജിന്നയുടെ ചിത്രമുണ്ടെന്നും ഇത് യൂനിവേഴ്‌സിറ്റിയുടെ പാക്കിസ്ഥാന്‍ ചായ്വ് കാണിക്കുന്നുവെന്നും പറഞ്ഞ് രംഗം കൊഴുപ്പിച്ചു.

അതിനിടക്ക് വിദ്യാര്‍ത്ഥി യൂണിയന്റെ ആജീവനാന്ത അംഗത്വം ഏറ്റു വാങ്ങാനായി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എത്തി.
ഇതിനിടെ യു.പി പോലീസിനെ നോക്കു കുത്തിയാക്കി ഒരു കൂട്ടം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ട് യൂനിവേഴ്‌സിറ്റിക്കകത്ത് പ്രവേശിച്ചു. ആയുധ ധാരികളായിരുന്ന ഇവര്‍ ഹാമിദ് അന്‍സാരി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നിലെത്തി ആകാശത്തേക്ക് വെടിവെച്ചു. വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തതോടെ അത് വരെ നോക്കു കുത്തികളായി നിന്ന പോലീസ് ലാത്തി പ്രയോഗിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും പരിക്കേറ്റു.

വിദ്യാര്‍ത്ഥികളും ഹാമിദ് അന്‍സാരിയുടെ സുരക്ഷാ ഭടന്മാരും ചേര്‍ന്ന് പിടിച്ചു കൊടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത ആറ് യുവവാഹിനി പ്രവര്‍ത്തകരെ ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ചു.

അതോടെ സ്വന്തം സുരക്ഷ അപകടത്തിലാണെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടങ്ങി. എല്ലാ വിദ്യാര്‍ത്ഥികളും ഐക്യകണ്‌ഠേന രണ്ടു ദിവസമായി പ്രധാന കവാടമായ ബാബ്-ഇ-സയ്യിദില്‍ കാമ്പസിനകത്ത് പ്രതിക്ഷേധം നടത്തി.

വളരെ സമാധാന പരമായി നടക്കുന്ന പ്രതിഷേധത്തിന് സര്‍വ്വകലാശാലയിലെ സര്‍വ്വ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും പിന്തുണ ലഭിച്ചു.

സമൂഹ മാധ്യമങ്ങളില്‍ ഏറി വന്ന പിന്തുണയും രാജ്യത്തെ മറ്റു പ്രമുഖ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നു ലഭിച്ച ഐക്യദാര്‍ഢ്യവും യുപി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയായിരുന്നു.

കവാടത്തിന്റെ പുറത്ത് നിന്നും പോലീസും പോലീസ് സംരക്ഷണമുള്ള ചില സംഘങ്ങളും നിരന്തരമായി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

അതിനെ തുടര്‍ന്ന് അലീഗര്‍ ജില്ലയില്‍ യുപി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വരെ വിച്ഛേദിക്കുകയുണ്ടായി. 

ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ നിരുത്സാഹപ്പെടോത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തീര്‍ത്തും സമാധാനപരമായി നടന്ന പ്രതിഷേധത്തെ പോലും അടിച്ചമര്‍ത്താന്‍ അവര്‍ ധൃഷ്ടരാകുന്നു.

അലീഗറിനെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിയെന്നു വേണം ഈ സംഭവങ്ങളെ മനസ്സിലാക്കാന്‍. ചരിത്രത്തെയും പാരമ്പര്യത്തെയും തകര്‍ത്തെറിയുക വഴി ഒരു തരം ഏകാത്മക ഹിന്ദുത്വ വാദത്തെ അടിച്ചേല്‍പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് രാജ്യത്തിനും രാജ്യത്തെ പൗരന്മാര്‍ക്കും അപകടമാണെന്നത് എല്ലാവരും തിരിച്ചറിഞ്ഞ സത്യമാണ്.