ഉലമാ ആക്ടിവിസത്തിന്റെ ആഴവും 'മൊയ്‌ല്യാരുട്ടി'യുടെ ചിന്താലോകവും

ശുഐബുല്‍ ഹൈത്തമി

07 March, 2018

+ -
image

കഴിഞ്ഞ ദിവസം പണ്ഡിറ്റ് നവാസ് ജാനെ മൊയ്‌ല്യാരൂട്ടികളെക്കുറിച്ചെഴുതിയ 'മാംഗുര്‍ണിമാല' കുറേ പേര്‍ അയച്ചു തന്നു. തിന്നാനും കുടിക്കാനും കിട്ടാനില്ലാത്ത പയ്യന്മാര്‍ സമുദായത്തിന്റെ സൗജന്യം പറ്റി ജീവിച്ചു കളയുന്നുവെന്നതാണ് വലിയ പരാതി.

തൃപ്തിപ്പെട്ട് മറ്റൊരാള്‍ ക്ഷണിക്കുന്ന സദ്യയുണ്ണല്‍ ഒരു തെറ്റാണോ? അല്ല.
ക്ഷണിച്ചയാളെ സന്തോഷിപ്പിക്കല്‍ കൂടിയാണത്.

ടിഫിന്‍ പാത്രത്തില്‍ ഭക്ഷണം കൊണ്ടുപോവലും വരലും ഒരു തെറ്റാണോ? അല്ല.
ആശുപത്രിയിലേക്കും മറ്റും സാദാരണ ആളുകള്‍ അതുപയോഗിക്കുന്നു.

മറ്റു തൊഴിലുകള്‍ എടുക്കാതെ സമയം പoനത്തിന് വേണ്ടി മാത്രം നീക്കിവെക്കല്‍ തെറ്റാണോ? അല്ല.

ഐ എ എസ് കോച്ചിംഗ് മുതല്‍ ലോക്കല്‍ പി എച്ച് ഡി വരേയുള്ള പഠിതാക്കളും മെഡിക്കല്‍ മുതല്‍ പി എസ് സി കോച്ചിംഗ് വരേയുള്ള വിദ്യാര്‍ത്ഥികളും പഠന കാലത്ത് ഒന്നുകില്‍ ഗവണ്‍മെന്റിന്റെ സൗജന്യമോ  അല്ലെങ്കില്‍ രക്ഷിതാക്കള്‍ നല്‍കുന്ന പോക്കറ്റ് മണിയോ ഉപയോഗിച്ച് ജീവിക്കുന്നത് ഒരു തെറ്റാണോ? അല്ല. എന്ന് മാത്രമല്ല അതാണ് ഈ നാടിന്റെ രീതി. 

സൗജന്യമായി ഹോസ്റ്റലും ഫുഡും നല്‍ക്കുന്ന സൗകര്യങ്ങള്‍ക്ക് വേണ്ടി എല്ലാ വിദ്യാര്‍ത്ഥികളം സാധ്യമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യും. 

വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രം വേലകളെക്കുറിച്ചുള്ള പരിശീലനങ്ങള്‍ - vocational education - ആവാത്ത കാലത്തോളം വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്നത് ഒരു സ്വപ്നം മാത്രമാക്കുമെന്നാണ് ഗാന്ധിജി പറഞ്ഞത്. കാരണം മൂപ്പര്‍ക്ക് ഇന്നാടിനെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. മാത്രവുമല്ല, നവാസ് ഭായ് അടക്കമുള്ള പൂത്ത് പിടക്കുന്ന പുരോഗമന പോരാളികളുടെ മക്കള്‍ കുറച്ച് ദൂരേ  പഠിക്കാന്‍ പോയി എന്ന് കരുതുക, ഒന്നുകില്‍ കളക്ടറാവാന്‍, അല്ലെങ്കില്‍ ഡോക്ടറാവാന്‍. അവര്‍ ലീവിന് വന്നിട്ട്  'സണ്‍ഡേയും സാറ്റര്‍ഡേയും അവിടെ ഒരു വയലില്‍ കോര്‍പറേഷന് വേണ്ടി ഗപ്പി വളര്‍ത്തല്‍ നിര്‍ബന്ധമാന്ന്. ചിലര്‍ക്ക് നാടന്‍ കോഴിഫാമും ഉണ്ട്. അതിന്റെ കൂലി അവര്‍ ഫീയായി പിടിക്കും. വേറെ മാര്‍ഗത്തില്‍ ഫീ അടക്കാനാവില്ല' എന്ന് പറഞ്ഞാല്‍ പാലില്‍ പുഴുങ്ങിയ മുട്ട പോലെ പോറ്റി വീര്‍പ്പിച്ച മക്കളെ വേറെ ചേര്‍ത്തുകയല്ലേ ചെയ്യുക.

അപ്പോള്‍ സൗജന്യ പഠനവും തെറ്റല്ല.

ഇനി, മതപഠനം ഒരു തെറ്റാണോ ?
ഒരിക്കലും അല്ല. കാരണം ഇസ്ലാമിനെ പഠിക്കുക എന്നാല്‍ ഈ പ്രപഞ്ചത്തെ മനസിലാക്കുക എന്നാണതിന്റെ അര്‍ത്ഥം. ജീവിതം, വിശ്വാസം, കര്‍മ്മം, വിചാരം, വികാരം , പര്യവേക്ഷണം അങ്ങനെ പലതായി അത് വിടരുന്നു. ആ പഠനം നിലനിര്‍ത്തല്‍ സാമുദായിക ബാധ്യതയാണെന്ന് ആര്‍ക്കുമറിയാം.

വെള്ള വസ്ത്രമണിയല്‍ ഒരു തെറ്റാണോ? ഒരിക്കലും അല്ല. ശാസ്ത്രീയമായും വിശ്വാസപരമായും അതാണ് നല്ല നിറം. ശാന്തതയും ലാളിത്യവും ഗാംഭീര്യവും ഒരുമിച്ച നിറമാണത്.

പുരുഷന്മാര്‍ തലമറക്കല്‍ തെറ്റാണോ? അല്ല.
യൂറോപ്യര്‍ അവിടെ സാര്‍വ്വത്രികമായ ക്യാപുകള്‍ അണിയുന്നു. സൈനികരും പോലീസും യൂണിഫോമിന്റെ ഭാഗമായി തൊപ്പി അണിയുന്നു. കര്‍ഷകര്‍ ഓലത്തൊപ്പി അണിയുന്നു. സിഖുകാര്‍ സിനോടോപുകള്‍ ചുറ്റുന്നു. അറബികള്‍ പരമ്പരാഗതമായും വിശ്വാസപരമായും ചുറ്റുന്നു. ഇതിനൊക്കെ മലയാളത്തില്‍ തല മറക്കുക എന്നാണ് പറയല്‍. മുസ്ലിം പണ്ഡിതന്മാരുടെ സാമൂഹിക വേഷത്തില്‍ വെള്ളച്ചമയങ്ങളും തലപ്പാവും ഉണ്ട്. സംശയമുള്ളവര്‍ ഗൂഗിളില്‍ 1900 മുതല്‍ പിറകിലോട്ട് അറിയാവുന്ന പണ്ഡിതന്മാരുടെ നാമങ്ങള്‍ ഇമേജില്‍ കയറി പരിശോധിച്ചു നോക്കണം. കുഞ്ഞാലി മരക്കാര്‍ മുതല്‍ ഇമാം ഗസ്സാലി വരേയും അതിന് മുമ്പുള്ളവരേയും തപ്പ്, തപ്പി നോക്ക്.
90 ശതമാനത്തിന്റെ ഭാവനാ ചിത്രങ്ങളും മുസ്ല്യാര്‍ ലുക്കാണ്. 

വികിപീഡിയയില്‍ പോയി അവരുടെയെല്ലാം ബയോഗ്രഫി നോക്കൂ, മുക്കാല്‍ മുക്കാലും പുറം നാടുകളില്‍ സൗജന്യമായി ദര്‍സില്‍ പഠിച്ചവരാണ്. നാടുചുറ്റി പഠിച്ചവര്‍ പറഞ്ഞു തന്ന ഹദീസുകള്‍ നാടുചുറ്റാതെ പുരയില്‍ കുത്തിയിരുന്ന് 
നോക്കി കുത്തിത്തിരിപ്പുണ്ടാക്കലാണല്ലോ 'മൊലിയാരൂട്ടീ' ആക്ഷേപകരുടെ ഉപജീവന മാര്‍ഗം .

ഗൂഗിള്‍ അമേരിക്കക്കാരുടേതാണല്ലോ, വിശ്വസിക്കാം. കേരളത്തില്‍, പൊന്നാനിയിലും ധര്‍മ്മടത്തും, ഏഴിമലയിലും, മംഗലാപുരത്തും ദര്‍സുകള്‍ ഉണ്ടെന്ന് AD 1304- 78 ല്‍ ജീവിച്ച ഇബ്‌നുബതൂത്ത രേഖപ്പെടുത്തിയത് കാണാം. ലോകാടിസ്ഥാനത്തില്‍, ഇരു ഹറമുകളില്‍ ഇന്നും ദര്‍സുകള്‍ ഉണ്ട്. വിശ്വവിഖ്യാദമായ അല്‍ അസ്ഹര്‍, ട്രിപ്പോളി അശ്‌റഫിയ്യാ തുടങ്ങിയ യൂണിവേഴ്‌സിറ്റികള്‍ വികസിത ദര്‍സുകളാണ്.

പക്ഷെ, ഇനിയാണ് കഷ്ടം. ഇതെല്ലാം കൂട്ടി വെച്ച് 'തൊപ്പിയിട്ട മുസ്ല്യാരൂട്ടി ടിഫിന്‍ പാത്രത്തില്‍ ചോറും വഹിച്ച് പള്ളിയില്‍ താമസിച്ച് സൗജന്യമായി പഠിക്കല്‍ ഒരു തെറ്റാണോ' എന്ന് ചോദിച്ചാല്‍ ആ പണ്ഡിറ്റുകള്‍ പറയും 'അത് തെറ്റാണ്' എന്ന്. അതായത് ഓരോന്ന് തെറ്റില്ല, എല്ലാം കൂടി തെറ്റാവും എന്ന്. 
മനസിലാവുന്നുണ്ടല്ലോ പറയുന്നത്?

ഇനിയൊരു സംശയമുണ്ട്. ഞാനൊക്കെ ഉസ്താദായ ഒരു വിദ്യാര്‍ത്ഥിയുടെ കാര്യം പറയാം. 

ഒഴിവു സമയത്ത് കിതാബോതുന്ന, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ഒരു നല്ല മോന്‍. അതിനിടെ അവനും അവനെപ്പോലെ ചിന്തിക്കുന്ന ചില സുഹൃത്തുക്കളും ഒരു ദര്‍സിലും പോയിരുന്നു. രണ്ട് സ്ഥലങ്ങളില്‍ രണ്ട് യൂണിഫോമുകള്‍ സന്ദര്‍ഭം പോലെ ധരിച്ചിരുന്നു. എല്ലാവരേയുമെന്ന പോലെ കുറഞ്ഞ ചെലവുകള്‍ അന്വേഷിച്ച് ജീവിക്കുകയാണവര്‍. ഇവരും മൊല്യാരൂട്ടി വേഷമഴിച്ചു വെക്കാതെ ഡല്‍ഹി മുതല്‍ ഇസ്താംബൂള്‍ അടക്കം കെയ്‌റോ വരെയും ക്വാലലംപൂര്‍ മുതല്‍ ലണ്ടന്‍ വരെയുമുള്ള സ്ഥലങ്ങളില്‍ സ്വന്തം ചെലവില്‍ പഠിക്കുന്ന ഇതെഴുമ്പോള്‍ എന്റെ മനസില്‍ വ്യക്തമായി തെളിയുന്ന എന്റെ സുഹൃത്തുക്കളില്‍ ചിലരും 'കുറ്റവാളികളായ ' മൊല്യാന്മാരില്‍ പെട്ടവരാണോ ?

അല്ലെങ്കില്‍, ആക്ഷേപിക്കപ്പെട്ടവരും അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? യാത്ര ഒന്ന് വിമാനത്തിലും രണ്ട് ബസിലും ആണെന്നതോ?

സമൂഹത്തില്‍ ചിലര്‍ക്ക് ഒരു വരട്ടന്‍ ധാരണയുണ്ട്. മറ്റുള്ളവര്‍ക്ക് പറ്റുന്നത് മൊല്യാരുട്ടികള്‍ക്ക് പറ്റില്ല, കഴിയില്ല, അതായത് പറ്റരുത്, കഴിയരുത് എന്ന്. ഇതേ കുട്ടികള്‍ വെള്ളയഴിച്ച് കളര്‍ഫുള്‍ ആയി വേഷം മാറിയാല്‍ ആ ധാരണ ഉണ്ടാവില്ല. ഉദാഹരണത്തിന് പാരലല്‍ കോളേജില്‍ തല്ലുണ്ടാക്കാന്‍ പോവുന്ന കളറൂട്ടിച്ചെക്കന് വേഗം കണ്‍സഷന്‍ കിട്ടും. അതേ സമയം തൊപ്പിയടക്കം വെള്ളയണിഞ്ഞ് പി എച്ച് ഡി എന്‍ട്രസ് എഴുതാന്‍ പോവുകയാണെങ്കിലും ഒരു തുറിച്ചുനോട്ടം അവന് നേരെ തെറിച്ച് വീഴും. 'ഒന്നൊതുങ്ങി നില്‍ക്കൂ' എന്നാരു തള്ളും പിറകെ വരും. 

അതായത് ഇവിടെ മൂല്യം വ്യക്തിക്കല്ല, രണ്ടായിരം ഉറുപ്പികക്ക് മാറ്റാവുന്ന ഡ്രസിനാണ്. ഇതിനാണ് 'ജാനെ ലോജിക്ക് ' എന്ന് പറയുന്നത്.
പ്രശംസയും നൃശംസയും ചണനാരുകള്‍ക്കാണ്, അതണിയുന്നവര്‍ക്കല്ല എന്ന് വിശ്വസികുന്ന മനസോപ്പതിക്കാരോട് എന്ത് പറയാന്‍?

അരക്കൊല്ലം കൊണ്ട് പഠിക്കാവുന്നത് എട്ടും പത്തും കൊല്ലങ്ങളെടുക്കുന്നുവെന്ന കളിയാക്കല്‍ കാര്യമാക്കാനില്ല.
ദര്‍സീ രംഗത്തെക്കുറിച്ചുള്ള അജ്ഞതയാണാ പറയല്‍.
ചില കുട്ടികള്‍ സ്‌കൂളില്‍ ഒന്ന് മുതല്‍ പത്ത് വരെ തര്‍തീബായി പഠിച്ചാലും ഇംഗ്ലീഷും ഹിന്ദിയും പോവട്ടെ, മലയാളം തന്നെ മര്യാദക്ക് വായിക്കാന്‍ കിട്ടാറില്ല. കണക്കിന്റെ കാര്യം വട്ടക്കണക്കായിരിക്കും.
എന്നാല്‍ പാഠ്യവിഷയങ്ങള്‍ അതിനേക്കാള്‍ കടുപ്പമാണ് കിതാബുകളില്‍ . ഈ പറഞ്ഞ കണക്കും ഭാഷയും കവിതയും വൃത്തവും ഒക്കെ അതിലുമുണ്ട്, എന്നല്ല, അതിലാണുള്ളത്.

ദര്‍സീ കിതാബുകളുടെ ലോകങ്ങള്‍ പേജ് മറിച്ചു തീര്‍ക്കാന്‍, എന്നിട്ടല്ലേ പഠിച്ചു തീര്‍ക്കല്‍, ഒരു ജന്മം ഒരിക്കലും മതിയാവില്ല,  തീര്‍ച്ച.
ചിലര്‍ക്കവ വഴങ്ങില്ല. പക്ഷെ, അവരൊക്കെ അതിന്റെ മൊത്തത്തിലുള്ള സന്ദേശം ഉള്‍ക്കൊണ്ട് കൊണ്ട് സാമുദായിക - മാനുഷിക സേവന രംഗത്ത് മറ്റുള്ളവര്‍ക്ക് തണലും മാതൃകയും ആവുമെന്നതാണ് കാഴ്ച്ചകള്‍.

അതേസമയം, വിഷയം പഠിക്കാതെ കോളേജില്‍ കറങ്ങി നടന്ന് ഒടുവില്‍ ഉപജീവനത്തിന് സ്വ-കാര്യങ്ങളുടെ ലോകത്ത് ഒരുങ്ങുകയാണ് പൊതുവേ . പിന്നെ, നമുക്ക് ഇന്നുമുള്ളത് ജീവിതഗന്ധിയല്ലാത്ത മെക്കാളാ സിലബസും.
അതായത്, കൊല്ലം തീര്‍ക്കല്‍ കലാപരിപാടി കാര്യമായി നടക്കുന്നത് ഭൗതിക പoന രംഗത്താണ്. ഭൗതിക വിഷയം ( സത്യത്തില്‍ അങ്ങനെയൊന്നില്ല.  പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്കും മീഡിയമാവുന്ന ഭാഷക്കും അനുസരിച്ച് ഉണ്ടായ വിഭജനമാണത്. ) പലതും ആഴ്ച്ചകള്‍ കൊണ്ട് പഠിക്കാം. ഉദാഹരണത്തിന് ട്രിഗ്‌ണോമെട്രിയെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. പക്ഷെ, അധ്യായനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഗോള ശാസ്ത്രത്തിന്റെ ഒരു കിതാബ് - തശ്രീഹുല്‍ അഫ്‌ലാഖ് - ഞാന്‍ എടുക്കേണ്ടി വന്നു. അതിന്റെ ക്ഷേത്ര ഗണിത ഭാഗങ്ങള്‍ ആധുനിക ഗണിത മാര്‍ഗത്തിലൂടെ മനസിലാക്കാന്‍ ട്രിഗ്‌ണോമെട്രിയുടെ പ്രധാന സിദ്ധാന്തങ്ങള്‍ ഒരു സഹാധ്യാപകന്റെയും ഗൂഗിളിന്റെയും സഹായത്തോടെ പഠിച്ചെടുക്കാന്‍ പടച്ചവന്‍ സഹായിച്ചിട്ട് അഞ്ചെട്ട് ക്ലാസും റഫറിങ്ങും മാത്രമേ വേണ്ടി വന്നുള്ളൂ. എന്നാല്‍ ഇത് ദര്‍സില്‍ നിന്ന് ചറപറാ പഠിച്ച നൂറുക്കണക്കിന് മൊല്യാന്മാര്‍ സമൂഹത്തിലുണ്ട്. ജാനെ പറയുന്ന ലോജിക്ക് വെച്ച് തിരിച്ച് പറഞ്ഞാലോ?

മൊല്യാരൂട്ടിയോടുള്ള ഈ വംശീയ 'അസഹിഷ്ണുത' ക്ക് പിന്നില്‍ വംശീയമായ ഒരു അസൂയയും വര്‍ക്കൗട്ട് ആവുന്നുണ്ട് സമൂഹത്തില്‍ . സ്വന്തമായ നിലപാട് പറയാനാവാതെ മൊലിയാന്മാര്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് ഒതുങ്ങി നില്‍ക്കണം എന്ന് കരുതിയിരുന്ന സമുദായത്തിലെ പഴയ ജന്മിമാരുടെ മക്കള്‍ക്കും ടീമിനുമാണ് വലിയ കലിപ്പ്.  വിദ്യാഭ്യാസപരമായും സാങ്കേതികമായും ജീവിത നിലവാരം കൊണ്ടും പല മുസ്ലിയാന്മാരും അത്തരം ആളുകളേക്കാള്‍ എത്രയോ ഉന്നതരാവുമ്പോള്‍ ഉണ്ടാവുന്ന കല്ലുകടിയാണത്. 
ദര്‍സീ ശൈലിയുടെ വികസിത രൂപങ്ങളായ ഇന്നത്തെ സമന്വിത പഠന കേന്ദ്രങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഭാഷകളും ടെക്‌നോളജിയും പുഷ്പം പോലെ കയ്യാളുന്നത് കാണുമ്പോള്‍ ഉള്‍ക്കൊള്ളാനാവാത്ത മറ്റൊരു വിഭാഗം, ' പുരോഗമന മുസ്ലിംകളുടെ മുഖങ്ങളായി 'സൗജന്യ ജീവിതം നയിക്കുന്ന ചില സ്വയം വീര്‍ത്ത ബുദ്ധിജീവികള്‍ക്കാണ്.

വേറൊരു വൃത്തികെട്ട സമുദായ സ്‌നേഹികളുമുണ്ട്. അവരുടെ മഹല്ലില്‍ ഇംഗ്‌ളീഷും കംപ്യൂട്ടറുമൊന്നും തൊടാത്ത ഒരു ഉസ്താദ് വന്നാല്‍ അവര് പറയും, ' ഇക്കാലത്ത് ഇവരൊന്നുല്ല വേണ്ടത്, പുതിയ ബിരുദദാരികളാണ് വേണ്ടത് ' എന്ന്. അങ്ങനെയൊരാള്‍ വന്നാല്‍ പറയും 'കുറേ അറിവും വിവരവും ഒന്നുമല്ല വേണ്ടത്, പഴയ മട്ടത്തിലുള്ള നിലപാടുകളാണ് ' എന്ന്. അവരോടൊക്കെ ' ഒന്ന് പോടോ '' എന്ന് പറയാനുള്ള മെച്ചൂരിറ്റി ഇപ്പോള്‍ മുസ്ലിയാന്മാര്‍ക്കുണ്ട്.

ഇത്തരം ആക്ഷേപങ്ങള്‍ക്ക് മറുപടി കൊടുക്കുന്നവരും വലിയ ഒരബദ്ധം പറയുന്നത് കാണാം.

'അതൊക്കെ പഴയ മൊലിയാന്മാരാണ്. ഇപ്പഴത്തെ ബിരുദക്കാരൊക്കെ ഉഷാറാണ് ' എന്ന്. പഴയ പണ്ടിതന്മാരുടെ ബുദ്ധിവൈഭവത്തിന്റെ ഏഴയലത്ത് ഇപ്പോഴത്തെ ആളുകള്‍ എത്തില്ല. 

പൊന്നാനിയിലെ മുദരിസ് ആയിരുന്ന ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫതുല്‍ മുഹ്താജ് മാത്രം പഠിക്കാന്‍ വേണം ഒരായുസ്. അവര്‍ സകല ജ്ഞാനങ്ങളെയും ഇസ്ലാമീകരിച്ചു. ഇന്ന് അതിന്റെ തുള്ളികള്‍ രുചിച്ചവരേ നിലവിലുള്ളൂ.  അവരോടൊപ്പമെത്തുന്ന ഒരു ബുദ്ധിശാലിയും ഇന്ന് ലോകത്തില്ല.

ഒന്ന് - രണ്ട് ലോകമഹായുദ്ധങ്ങളുടെ പങ്കപ്പാടുകള്‍ ദാരിദ്രത്തിന്റെ വിവിധ രൂപങ്ങളില്‍ മലബാറിനെ വിഴുങ്ങിയ കാലത്ത് ദാരിദ്ര്യം മാറ്റാന്‍ ദര്‍സില്‍ പോവേണ്ടി വന്നിരുന്നു പലര്‍ക്കും . അത് സാമൂഹികമായി വിലയിരുത്തപ്പെടേണ്ടതാണ്. അതിന് മുമ്പും പിമ്പും അങ്ങനെയല്ല ദര്‍സീയാഗമന നിര്‍ഗമനങ്ങള്‍. ഇപ്പോള്‍ അറബി - ശരീഅ - ഹിഫ്‌ള് കോളേജുകളുടെ ഇന്റര്‍വ്യൂ ദിവസം സ്ഥാപനങ്ങളുടെ മുറ്റം നോക്കിയാല്‍ ലേറ്റസ്റ്റ് ട്രെന്റ് കാര്‍മാര്‍ക്കറ്റ് കാണാനാവും.

മുസ്ലിയാര്‍ എന്നത് ഒരു വേഷത്തിന്റെ വിലാസമല്ല. നിര്‍വ്വചനം നോക്കിയാല്‍ സ്വന്തം ദീനുണ്ടാക്കി വിളംബരം ചെയ്യുന്നവരാണ് വലിയ മൊലിയാന്മാര്‍ .
'മുസ്ലിയാര്‍ ' എന്ന പദത്തിന്റെ നിഷ്പത്തിയെ കുറിച്ച് ഭാഷാ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വൈജാത്യങ്ങളുണ്ട്. പൊതുവായി പറയപ്പെടാറുള്ളത് സാമൂഹികസമുദ്ദാരകന്‍  എന്നര്‍ത്ഥം വരുന്ന മുസ്ലിഹ് എന്ന പദത്തിന്റെ കൂടെ തമിഴിലെ ബഹുമാനസൂചകപദമായ 'യാര്‍' എന്നത് കൂടിച്ചേര്‍ന്നാണ് മുസ്ല്യാര്‍ എന്നായത് എന്നാണ്. തമിഴരുടെ കേന്ദ്രമായ ശ്രീലങ്കയില്‍ ആത്മീയാചാര്യന്മാര്‍ക്ക് പഴയ കാലത്തേ മുസ്ലിയാര്‍ എന്നാണ് പറഞ്ഞ് വന്നത് എന്നും കാണാം.

മറ്റൊന്ന്, നമസ്‌ക്കാരക്കാരന്‍ എന്നര്‍ത്ഥമുള്ള മുസ്വല്ലി എന്നതിനോട് യാര്‍ ചേര്‍ന്നാണ് മുസ്ലിയാര്‍ ഉണ്ടായതെന്നാണ് മറ്റൊരഭിപ്രായം.

മലയാളത്തിലെ ഏറ്റവും പുരാതന നിഘണ്ടുവായ ഗുണ്ടര്‍ട്ട് നിഘണ്ടു (1882 ) മുസ്ലിയാര്‍ എന്ന പദത്തെ പരിചയപ്പെടുത്തുന്നത് ' നേതാവ്, ഗുരു, ആചാര്യന്‍, മുഹമ്മദീയ ആചാര്യന്‍' എന്നൊക്കെയാണ് അതിലുള്ള അര്‍ത്ഥം. അപ്പോള്‍ ആത്മീയ ജ്ഞാനങ്ങളുടെ പിന്‍ബലത്തില്‍ സാമൂഹിക സമുദ്ദാരണം നടത്തേണ്ട വ്യക്തിയാണ് മുസ്ല്യാര്‍ എന്ന് വരുന്നു. 

അല്ലാഹു അഥവാ മൗല അതായത് ഉടമസ്ഥന്‍ എന്നതിനോട് യാര്‍ ചേര്‍ന്നാണ് മൊലിയാര്‍ ഉണ്ടായത്.

അത്‌പോലെ, മുസ്ലിം പണ്ഡിതന്മാര്‍ അഭിസംബോധന ചെയ്യപ്പെടുന്ന മറ്റൊരു പദമാണ് 'ഉസ്താദ് ' എന്നത്. നല്ലവിഭവങ്ങളൊരുക്കുന്നവന്‍ എന്നര്‍ത്ഥമുള്ള പേര്‍ഷ്യന്‍ പദമാണത്. ചില നാടുകളില്‍ കൈപുണ്യത്തോടെ ഭക്ഷണം പാകം ചെയ്യുന്ന ആള്‍ക്ക് ഉസ്താദ്  എന്ന് വിളിക്കപ്പെടുന്നുണ്ട്. പക്ഷെ കേരളത്തില്‍ ഇന്ന് അറബീകരിക്കപ്പെട്ട പദമാണത്. സാമൂഹിക സമുദ്ദാരണത്തിനുള്ള വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വ്യക്തിത്വം എന്ന സാരത്തിലാണ് അതിന്റെ ഉപയോഗം. ഉലമാ സമൂഹം സാമൂഹിക വ്യവഹാരങ്ങളില്‍ എത്രമാത്രം ഇടപെടേണ്ടവരാണ് എന്ന് അത്തരം പദങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. അത്തരം വ്യവസ്ഥാപിതവും നിയമ-ഭരണ കേന്ദ്രങ്ങള്‍ക്കൊപ്പവുമുള്ള ഇടപെടലുകള്‍ക്കാണ്  'ഉലമ ആക്ടീവിസം' എന്ന് പറയുന്നത്.
അവിടെയാണ് കാലമെത്തി നില്‍ക്കുന്നതിപ്പോള്‍.