രാജ്യത്തെ ജയിലില്‍ കഴിയുന്ന മുസ്‌ലിം നിരപരാധികളെ ആര് കേള്‍ക്കുന്നു?

സജീദ് ഖാലിദ്

07 February, 2018

+ -
image

കള്ളക്കേസില്‍ യു.എ.പി.എ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സക്കരിയ്യ എന്ന നിരപരാധിയായ ചെറുപ്പക്കാരന്റെ വിഷയം കരളലിയിപ്പിക്കുന്നതാണ്. ഇത്തരം വിഷയങ്ങള്‍ പറയുമ്പോള്‍ നിരപരാധിയാണെങ്കില്‍ എന്തിനാണ് ഭയക്കുന്നത്, കേസ് വാദിച്ച് നിരപരാധിത്വം തെളിയിച്ചാല്‍ പോരേ, പോലീസിന് പരാതി കിട്ടിയാല്‍ കേസെടുക്കും എന്നൊക്കെ പറയുന്ന പലരുമുണ്ട്. (അതില്‍ മുസ്‌ലിങ്ങളും മതേതര പാര്‍ട്ടികളിലെ പ്രവര്‍ത്തകരും ഒക്കെ ഉള്‍പ്പെടും).

വളരെ ലളിതമായി കാര്യങ്ങളെ കാണുന്ന ഒരു രീതിയാണിത്. അതുകൊണ്ട് അവര്‍ക്ക് അങ്ങനെ ചോദിക്കുകയും ചെയ്യാം. എന്നാല്‍, കാര്യങ്ങള്‍ അത്ര ലളിതമല്ല എന്നതാണ് വസ്തുത. 

ഡ്രക്കോണിയന്‍ നിയമങ്ങള്‍ ചുമത്തപ്പെടുന്ന ഇത്തരം കള്ളക്കേസില്‍ പെട്ടവര്‍ക്ക് നിരപരാധിത്വം തെളിയിച്ച്  ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വര്‍ഷങ്ങളെടുക്കും. സാധാരണ കേസുകളിലെപ്പോലെ ജാമ്യം നേടി പുറത്ത് നിന്ന് കേസ് ഫൈറ്റ് ചെയ്യുക പോലും സാധ്യമല്ല. ചില ഉദാഹരണങ്ങള്‍ അനവധിയാണ്. ചിലത് മാത്രം കാണുക:

1. നിസാറുദ്ദീന്‍ അഹമ്മദ് - 1994 ല്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരിക്കെ പിടിക്കപ്പെട്ടു. അന്ന് 19 വയസ്സ്.  ബാബരി മസ്ജിദ് വാര്‍ഷികത്തിന് ട്രയിനില്‍ ബോംബു വെച്ചു എന്നാണ് പോലീസ് ചുമത്തിയ കള്ളക്കേസ്. വിചാരണ പൂര്‍ത്തിയായി നിരപരാധി എന്ന് സുപ്രിം കോടതി വിധിച്ചത് 2016 ല്‍. പുറത്തിരങ്ങുമ്പോള്‍ 41 വയസ്സ്. (22 വര്‍ഷത്തിലധികം നിരപരാധിയായി ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.)

2. സഹീറുദ്ദീന്‍ അഹമ്മദ് - നിസാറുദ്ദീന്റെ അതേകേസില്‍ 1994 ല്‍ പിടിക്കപ്പെട്ടു. അദ്ദേഹം അന്ന് സിവില്‍ എഞ്ചിനീയറായിരുന്നു. വയസ്സ് 23. 14 വര്‍ഷത്തിന് ശേഷം ശ്വാസകോശ ക്യാന്‍സര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2008 ല്‍ ജാമ്യം ലഭിച്ചു.

3. ഗുല്‍സാര്‍ അഹമ്മദ് വാനി-  സബര്‍മതി എക്‌സ്പ്രസ് കേസ്. അറസ്റ്റ് ചെയ്യപ്പെട്ടത് 2001 ല്‍ 28 വയസുള്ളപ്പോള്‍. വിചാരണക്കോടതി തന്നെ വെറുതേ വിട്ടു. 2017 ലാണ് വിചാരണ പൂര്‍ത്തിയായത്. ജാമ്യമില്ലാതെ ജയിലില്‍ കിടന്നത് 16 വര്‍ഷം.

4. മുഹമ്മദ് ആമിര്‍ഖാന്‍- ആളപായമില്ലാത്ത 10 ചെറുസ്‌ഫോടനങ്ങള്‍ നടത്തി എന്നതായിരുന്നു കള്ളക്കേസ്. അറസ്റ്റ് ചെയ്യപ്പെട്ടത് 1998. അന്ന് വയസ്സ് 20. ഡല്‍ഹി ഹൈക്കോടതി  വെറുതെവിട്ടു. വിചാരണ പൂര്‍ത്തിയായത് 2012 ല്‍. ജയിലില്‍ കിടന്നത് 14 വര്‍ഷം.

5. ഹബിബ് ഹവ, ഹനീഫ് പാക്കറ്റ്വാല -  രണ്ടു പേരെയും അഹമ്മദാബാദ് ചോറ്റുപാത്ര സ്‌ഫോടനത്തിന്റെ പേരുപറഞ്ഞ് കേസില്‍ കുടുക്കി. 2003 ല്‍ അറസ്റ്റ് ചെയ്തു. വെറുതെ വിട്ടത് 2017 ല്‍. 14 വര്‍ഷം ജയിലില്‍.

6. ഹുസൈന്‍ ഫാസില്‍, റഫീഖ് ഷാ-  2005 ലെ ഡല്‍ഹി സ്‌ഫോടന പരമ്പരയിയിലെ കുറ്റവാളി എന്നാരോപിച്ചെടുത്ത കള്ളക്കേസ്.  രണ്ടു പേരെയും 2005 ല്‍ അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക 31 വയസ്സും മറ്റേയാള്‍ക്ക് 22 വയസ്സും. 2017 ല്‍ വിചാരണക്കോടതി വെറുതേവിട്ടു. വിചാരണ പൂര്‍ത്തിയാകാനെടുത്തത് 12 വര്‍ഷം. അത്രയും കാലം ഇവര്‍ നിരപരാധികളായി ജയിലില്‍.

7. അക്ഷര്‍ധാം കേസില്‍ 6 പേര്‍  11 വര്‍ഷം  ( 2003 
മുതല്‍ 2014 വരെ) ജയിലില്‍ കിടന്ന ശേഷം വിചാരക്കൊടുവില്‍ നിരപരാധികളായി വിട്ടയക്കപ്പെട്ടു.

8. അബ്ദുല്‍ വാഹിദ് ഷേഖ് - മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളിയായി എന്നാരോപിക്കപ്പെട്ട കള്ളക്കേസ്. 2006 മുതല്‍ 2015 വരെ വിചാരണത്തടവുകാരനായി ജയിലില്‍ 9 വര്‍ഷം. പിന്നീട് നിരപരാധി എന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടു.

9. റിയാസ്ഖാന്‍, അബ്ദുല്‍ സെയ്യിദ്- പോലിസുകാരനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന കള്ളക്കേസ്. 2010 ന് അറസ്റ്റ് ചെയ്തു. 2017 ല്‍ വിചാരണക്കോടതി നിരപരാധികളെന്നു കണ്ടെത്തി രണ്ടുപേരെയും വിട്ടയച്ചു.

10 ഹൂബ്ലി ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട യഹ്യ കമ്മുക്കുട്ടി ഉള്‍പ്പടെയുള്ള 17 പേര്‍. 2008 മുതല്‍ 2015 വരെ ജയിലില്‍ 7 വര്‍ഷം. വിചാരണക്കോടതി വെറുതെ വിട്ടു. (അതിന്റെ അപ്പീലില്‍ വിചാരണ തുടരുന്നു)

അവലംബം:  Times of India (2017 August 11- Delhi Edition)
ഇനിയും മഅദനി, സക്കരിയ്യ തുടങ്ങിയവരുടെ കേസുകളുള്‍പ്പെടെ 100 കണക്കിന് കേസുകളുണ്ട്.

സാധാരണ കേസുകളില്‍ ഒരാളെ കുറ്റാരോപിതനായി കേസ് ചുമത്തിയാല്‍ പ്രോസിക്യൂഷനാണ് അയാള്‍ കുറ്റം ചെയ്തു എന്നു തെളിയിക്കേണ്ടത്. യു.എ.പി.എ നിയമമാണ് ചുമത്തുന്നതെങ്കില്‍ നേരേ തിരിച്ചാണ് വേണ്ടത്. പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റത്തില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ചുമതലയാണ്. 

കുറ്റം ചെയ്തു എന്നു തെളിയിക്കുന്നപോലെയല്ല ചെയ്തില്ല എന്നു തെളിയിക്കേണ്ടത്. ഇല്ലാത്ത ഒരു കാര്യത്തിന് തെളിവില്ലല്ലോ.. വേറൊരു പ്രശ്‌നമുള്ളളത് വിചാരണക്കിടയില്‍ വിചാരണ ദീര്‍ഘിപ്പിക്കാന്‍ പ്രോസിക്യൂഷന് കുറ്റപത്രം സമര്‍പ്പിച്ച ശേഷവും വീണ്ടും കുറ്റങ്ങള്‍ ചുമത്തുകയും സാക്ഷികളെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യാനാവും എന്നതാണ്.

ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പാസാക്കിയെടുത്ത ഭീകര നിയമമായ യു.എ.പി.എ നിരപാധികളെ വംശീയമായി വേട്ടയാടാനുള്ള ഭരണകൂടത്തിന്റെ കൈയിലെ ആയുധമാണ്. രാജ്യസുരക്ഷയോ ക്രമസമാധാന പാലനമോ അല്ല ലക്ഷ്യം. ഇത്തരം ഭീകര നിയമങ്ങളെ ചെറുക്കാന്‍ നീതി ബോധമുള്ളവര്‍ രംഗത്തിറങ്ങുകയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.