എയ്ഡ്‌സും ഡാന്‍സും സദാചാരവും: വായനയില്‍ പിഴക്കുന്നതാര്‍ക്ക്?

അമാനത്ത് അബ്ദുല്ല

07 December, 2017

+ -
image

അവഗണിച്ച് തള്ളാവുന്ന ചില ലളിത യുക്തിക്കാരുടെ അമിതാവേശത്തെ മുതലെടുത്ത് സംഘികളും അല്ലാത്തവരുമായ പലരുടേയും സംഘിബുദ്ധി പ്രവര്‍ത്തിച്ച് മന:പൂര്‍വം ഇതിനെയൊരു വിവാദമാക്കി കത്തിച്ച് നിര്‍ത്തി ഇല്ലാത്ത താലിബാനിസം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. പലരും ഈ കെണിയില്‍ വീണ്ടും വീണ്ടും വീണ് കൊണ്ടിരിക്കുന്നത് കാണുന്നത് കൊണ്ടാണ് മലപ്പുറത്ത് നടന്ന പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ച് ചിലത് ക്കുറിക്കാന്‍ തീരുമാനിച്ചത്.

1. ഗതാഗത സൗകര്യത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഒരു നൃത്തശീലത്തെ പിന്തുണക്കുന്നില്ല.

2. മലപ്പുറത്ത് നടക്കുന്ന ഏറ്റവും ആഭാസകരവും അധാര്‍മികവുമായ കാര്യം ഫ്‌ലാഷ് മോബല്ല.

3. എല്ലാ നാടിനുമെന്ന പോലെ മലപ്പുറത്തിനും മനോഹരമായ ഒരു വ്യക്തിത്വമുണ്ട്. അതില്‍ക്കവിഞ്ഞ് ബാക്കി 13 ജില്ലകള്‍ക്കില്ലാത്ത ഒരു കൊമ്പും ഈ നാടിനില്ല. ശരാശരി കേരളീയരായ സാധാരണ മനുഷ്യര്‍ തന്നെയാണ് ഇവിടെയും ജീവിക്കുന്നത്. അതിനാല്‍ ചെറുതെങ്കിലും ഒരു അനിഷ്ടമോ മുന്‍വിധിയോ അന്യതാബോധമോ അമിതമായ ആരാധനയോ എന്തും ശുദ്ധ പ്രാദേശിക-വംശീയ വാദമാണ്.

4. ബാക്കി 13 ജില്ലകളില്‍ ഇല്ലാത്ത ഒരു പ്രാധാന്യവും മലപ്പുറത്തെ ഫ്‌ലാഷ് മോബിനില്ല. മലപ്പുറത്തിന് പുറത്ത് പാടുള്ളതും അകത്ത് പാടില്ലാത്തതുമായ ഒരു ഫ്‌ലാഷ് മോബ് ഇല്ല.

5. കേരളത്തിലെ ഏറ്റവും പവിത്രവും ധാര്‍മികവും സംസ്‌ക്കാര സമ്പന്നവുമായ ഒരു ജില്ലയല്ല മലപ്പുറം. എല്ലായിടത്തുമുള്ളത് പോലെത്തന്നെ ധാരാളം നന്‍മകളും ധാരാളം തിന്‍മകളും ഇവിടെയും ദിനേന നടന്ന് കൊണ്ടിരിക്കുന്നു.

6. ഒപ്പന എന്നത്  മലബാര്‍ എന്ന പ്രദേശവും മുസ്ലിം എന്ന സമുദായവുമായും ബന്ധപ്പെട്ട ഒരു  കലാരൂപം മാത്രമാണ്. ഇസ്ലാമുമായി അതിനുള്ള ബന്ധം നൃത്തത്തിനോടുള്ള  അതേ ബന്ധം തന്നെയാണ്. ആഭാസകരമായ ഒപ്പനയും ആഭാസകരമായ നൃത്തവും തമ്മില്‍ ഇസ്സാമിന്റെ ദൃഷ്ടിയില്‍ ഒരു വ്യത്യാസവുമില്ല.

7. ഇതേ സ്ഥലത്ത് ഇതേ വേഷവുമായി ഇതേ കുട്ടികള്‍ ഒപ്പനയാണ് കളിച്ചതെങ്കില്‍ ഇത്രയേറെ വിവാദമാകുമായിരുന്നില്ല.

8. ഫ്‌ലാഷ് മോബ് കളിക്കുന്ന ഒരു പെണ്‍കുട്ടി ശിരോവസ്ത്രം അണിയാന്‍ പാടില്ല എന്നത് അംഗീകരിക്കാനാവില്ല. യാതൊരു മതബോധവുമില്ലാത്ത ഒരു വ്യക്തിയാണെങ്കില്‍ പോലും വസ്ത്രധാരണയുടെ ഭാഗമായി ശിരോവസ്ത്രമണിയുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ല. മുസ്ലിം തന്നെ അല്ലാത്ത ഒരു വ്യക്തി പോലും ശിരോവസ്ത്രം ധരിക്കുന്നതിനെ എതിര്‍ക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഏതായാലും ഇസ്ലാമിന്  അതില്‍ എതിര്‍പ്പില്ല എന്നത് ഉറപ്പാണ്.

മാത്രവുമല്ല, ഇന്നത്തെ ശിരോവസ്ത്രങ്ങള്‍ മുഴുവനും  ഇസ്ലാമിനോടുള്ള സ്‌നേഹം കൊണ്ടുള്ളതാണെന്ന് വിശ്വസിക്കുന്നില്ല.  വേഷവിധാനത്തില്‍ ഒരു ചിട്ടയും പാലിക്കാത്തവരും ഭംഗിക്ക് വേണ്ടി ശിരോവസ്ത്രം അണിയുന്നത് കാണാം. അത് ഓരോരുത്തരുടെ വസ്ത്ര ശീലവും അഭിരുചിയുമാണ്.  അതില്‍ ഇസ്ലാമിന് റോളില്ല. പ്രവാചകനെ കൊല്ലാന്‍ നടന്ന,     ശിരോവസ്ത്രം ധരിച്ച ബിംബാരാധകരായ അമുസ്ലിം അറബി വനിതകളോട് നിങ്ങള്‍ ഇതും ധരിച്ച് കൊണ്ട് എന്തിനീ അധര്‍മം ചെയ്യുന്നു എന്ന് നബി ചോദിക്കുക പോയിട്ട് മനസ്സില്‍ പോലും കരുതിയിട്ടുണ്ടാവില്ല. കാരണം അതവര്‍ക്കൊരു വേഷം എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.

9. ഇതൊരു മതേതര രാജ്യമാണ്. പൊതു സ്ഥലങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇസ്ലാമികമോ ഹൈന്ദവമോ ക്രൈസ്തവമോ മറ്റോ ആയിരിക്കണമെന്ന നിര്‍ബന്ധം ബുദ്ധിശൂന്യമാണ്.

10. സദാചാരത്തിന്റെ കാര്യം വരുമ്പോള്‍ നമ്മുടെ ശ്രദ്ധ തെരുവുകളില്‍ നിന്നും നമ്മുടെ വീടിന്റെ അകത്തളങ്ങളിലേക്കും അവിടെ നിന്ന് സ്വന്തം ഹൃദയത്തിനുള്ളിലേക്കും പോകട്ടെ. അങ്ങോട്ടാവട്ടെ നമ്മുടെ അകക്കണ്ണിന്റെ നോട്ടം. എന്നാല്‍ തെരുവും നാടും നന്നാവും.

 ചില മഹത്വചനങ്ങള്‍ താഴെ കൊടുക്കുന്നു:

നബി:

'സ്വന്തമല്ലാത്ത കാര്യങ്ങളിലുള്ള അമിത ശ്രദ്ധ ഒഴിവാക്കുമ്പോള്‍ ഒരാളിലെ ഇസ്ലാം മനോഹരമാകുന്നു'

'സ്വന്തം കുറവുകള്‍ ഓര്‍ത്തോര്‍ത്ത് മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടു പിടിക്കാന്‍ സമയം കിട്ടാതെ പോയൊരാള്‍ എത്ര ഭാഗ്യവാന്‍ '

ഖലീഫ ഉമര്‍:

'മറ്റുള്ളവരെപ്പറ്റി ചിന്തിച്ചിരിക്കുന്നത് രോഗവും ദൈവത്തെ മാത്രം ഓര്‍മിക്കുന്നത് മരുന്നുമാണ്'