ജറൂസലം: ട്രംപിന്റേത് ധാര്‍ഷ്ട്യം നിറഞ്ഞ തീരുമാനം

ഡോ. നഈം സിദ്ദീഖി

07 December, 2017

+ -
image

ഫലസ്തീനിലും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത് അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യവും തികഞ്ഞ മുസ്‌ലിം വിരുദ്ധതയുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ജാരസന്തതിയായി ആരോപിക്കപ്പെടുന്ന ഇസ്രയേലിന് അച്ഛനുണ്ട് എന്നും ആ അച്ഛന്‍ കപ്പലില്‍ തന്നെയുണ്ട് എന്നും വ്യക്തമാക്കിയിരിക്കയാണ് അമേരിക്കയുടെ ഈ ധിക്കാരപരമായ നിലപാടിലൂടെ. 

വിഷയത്തില്‍ മുന്‍ പ്രസിഡന്റുമാര്‍ സ്വീകരിച്ചുപോന്ന നിലപാടുകള്‍ക്ക് വിരുദ്ധമായാണ് വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് തര്‍ക്ക ഭൂമിയായ ജറൂസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കാലത്ത് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വാഗ്ദാനങ്ങലില്‍ ഒന്നും ഇതു തന്നെയായിരുന്നു.

അത് സാക്ഷാല്‍കരിക്കപ്പെടുന്നതിലൂടെ തന്റെ ഉള്ളിലെ വര്‍ദ്ധിച്ച ജൂത പക്ഷപാതിത്വവും മുസ്‌ലിം വിരുദ്ധതയും കൂടുതല്‍ മറ നീക്കി പുറത്തുവന്നിരിക്കയാണ്. 

പശ്ചിമേഷ്യയില്‍ സമാധാനം പുലര്‍ന്നു കാണാനുള്ള സാധ്യത പോലും അമേരിക്കയുടെ ഈയൊരു ചുവടിലൂടെ പൂര്‍ണമായും അസ്തമിച്ചിരിക്കുന്നുവെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം. ഇസ്രയേലിനും ഫലസ്തീനിനും സ്വന്തമായ രാജ്യങ്ങള്‍ അനുവദിക്കപ്പെടുന്നതോടൊപ്പം ഫലസ്തീന് അത് അര്‍ഹിക്കുന്ന പ്രദേശങ്ങളും വിട്ടുനല്‍കേണ്ടതുണ്ട്. അല്ലാതെ, ലഭിക്കാവുന്ന സ്ഥലങ്ങളത്രയും സ്വന്തമാക്കിയ ശേഷം ഇസ്രയേല്‍ ദ്വിരാഷ്ട്ര പരിഹാര വാദം ഉയര്‍ത്തിപ്പിടിക്കുന്നത് തികഞ്ഞ മൗഢ്യമാണ്.

ബൈതുല്‍ മുഖദ്ദസ് ഉള്‍കൊള്ളുന്ന ജറൂസലം ഫലസ്തീന്‍ ജനതയുടെ വിശ്വസവുമായി ബന്ധപ്പെട്ടതാണ്. അതവരുടെ അവകാശവുമാണ്. ഈ സാധ്യതയെ പോലും തള്ളിക്കളഞ്ഞാണ് ട്രംപ് ഇപ്പോള്‍ പുതിയ നയപ്രഖ്യാപനം നടത്തിയിരിക്കുന്നത്. പശ്ചിമേഷ്യ വീണ്ടും ഒരു കൊലക്കളമായി മാറാന്‍ മാത്രമേ ഇത് സഹായകമാകൂ എന്നതില്‍ രണ്ട് അഭിപ്രായമില്ല. എന്നാല്‍, തന്റെ ഈ തീരുമാനത്തിലൂടെ പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്നാണ് ട്രംപ് പരിഹാസ പൂര്‍വ്വം അവകാശപ്പെടുന്നത്.

യു.എസ് എംബസി ടെല്‍അവീവില്‍നിന്നും ജറൂസലമിലേക്ക് മാറ്റാനും ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുമുള്ള നീക്കങ്ങള്‍ 1995 ല്‍ ബില്‍ ക്ലിന്റന്റെ കാലത്താണ് ആരംഭിക്കുന്നത്. ഇങ്ങനെയൊരു പ്രമേയം അന്ന് യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ച് പാസാക്കിയിരുന്നു. 1999 നകം പ്രാബല്യത്തില്‍ വരുത്തണമെന്ന കാലാവധിയും പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍, ആറു മാസം തോറും തീരുമാനം നടപ്പാക്കുന്നത് നീട്ടാന്‍ പ്രസിഡന്റുമാര്‍ക്ക് സവിശേഷ അധികാരമുണ്ട്. ഇതനുസരിച്ച് ഇതുവരെയുള്ള പ്രസിഡന്റുമാരെല്ലാം തീരുമാനം ആറു മാസം തോറും നീട്ടിവെക്കുകയാണുണ്ടായിരുന്നത്.

ഈയൊരു രീതിയെ വെല്ലുവിളിച്ചുകൊണ്ടാണ് ട്രംപ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

എന്നാല്‍, അമേരിക്കയുടെ പക്ഷപാതിത്തപരമായ ഈ തീരുമാനത്തിനെതിരെ  ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരിക്കുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ മാത്രമല്ല, ഫ്രാന്‍സ്, സഊദി പോലെയുള്ള സഖ്യ രാഷ്ട്രങ്ങളും എതിര്‍പ്പുമായി രംഗത്തുണ്ട്. 

ജറൂസലമിന്റെ അമേരിക്ക സ്വീകരിച്ച പുതിയ നിലപാടിലുള്ള വിയോജിപ്പ് ചൈനയും വ്യക്തമാക്കിക്കഴിഞ്ഞു. ജറൂസലമിലെ നിലവിലെ സ്ഥിതി തുടരണമെന്നും മാറ്റങ്ങളുണ്ടാവരുതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ആവശ്യപ്പെട്ടിരിക്കുന്നു. 

അതേസമയം, ഫലസ്തീന്‍ ജനതയെയാണ് ഈ പ്രഖ്യാപനം സാരമായി ബാധിക്കുന്നത്. വീണ്ടും ഒരു രക്തച്ചൊരിച്ചിലിലേക്ക് നാട് നീങ്ങിക്കഴിഞ്ഞുവെന്ന തോന്നല്‍ ശക്തമായിരിക്കയാണ്. ഇത് മനസ്സിലാക്കി ജറൂസലം ഇസ്രയേല്‍ തലസ്ഥാനമാക്കുന്നത് മേഖലയില്‍ അതിഭീകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് നേരത്തത്തന്നെ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രഖ്യാപന ശേഷവും മഹ്മൂദ് അബ്ബാസ് ട്രംപുമായി ഫോണില്‍ വിളിച്ച് ഈ നയം ഒരു ജനതയെ കുരുതിക്ക് കൊടുക്കാനേ ഉപകരിക്കൂ എന്ന് വ്യക്തമാക്കുകയുണ്ടായി.

ഏതായാലും, കടുത്ത ജീവിത പ്രതിസന്ധിയിലേക്ക് പശ്ചിമേഷ്യ വീണ്ടും നീങ്ങുകയാണെന്ന വ്യക്തമായ സൂചനകളാണ് ട്രംപിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ഈ തീരുമാനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഈ ഏകപക്ഷീയ തീരുമാനത്തിനെതിരെ മനുഷ്യ ജീവന് വില കല്‍പ്പിക്കുന്ന ലോക രാഷ്ട്രങ്ങള്‍ സംഘടിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.