ഘര്‍വാപ്പസി ഭരണഘടനാവിരുദ്ധവും പൗരാവകാശ ലംഘനവുമാണ്

സിദ്ദീഖ് ബാവാനഗര്‍

06 October, 2017

+ -
image

മതം മാറ്റങ്ങളെ ഉയര്‍ത്തിക്കാട്ടി രാജ്യത്തുടനീളം പൗരാവകാശ ലഘനം നടത്തിക്കൊണ്ടിരിക്കയാണിന്ന് സംഘ്പരിവാര്‍. ഘര്‍വാപസി എന്ന പേരില്‍ നാടുനീളെ ജനങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് വ്യാപകമായി നടക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളോടുള്ള കടുത്ത വെല്ലുവിളിയും നിഷേധവുമാണ് ഇതിന്റെ മറവില്‍ നടക്കുന്നത്. മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനെതിരെ കണ്ണടക്കുന്നത് തികച്ചും അക്ഷന്തവ്യമാണ്.

രാജ്യത്തെ ഓരോ പൗരന്റെയും അടിസ്ഥാനാവകാശങ്ങളില്‍ പെട്ടതാണ് അവന്‍ ഏതു മതം സ്വീകരിക്കണമെന്നതും. ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം പൂര്‍ത്തിയായി നല്‍കുന്നുണ്ട്. അവന്‍ ഏതു ഭക്ഷണം കഴിക്കണമെന്നതും ഏതു വസ്ത്രം ധരിക്കണമെന്നതും അവന്റെ ഇഷ്ടം തന്നെ. മതത്തിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്. സംഘ്പരിവാര്‍ ഭരണകാലത്ത് ഇത്തരം അവകാശ സ്വാതന്ത്ര്യം പൂര്‍ണമായും ഹനിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ പറയുന്നത് മാത്രം പൗരന്മാര്‍ അംഗീകരിച്ചാല്‍ മതി എന്ന സ്വേച്ഛാധിപത്യപരമായ ഒരു രീതിയിലേക്ക് രാജ്യത്തെ കൂട്ടിക്കൊണ്ടുപോവുകയാണ് സംഘ്പരിവാര്‍. ഇത് പൗരാവകാശ ലംഘനം മാത്രമല്ല, ഭരണഘടനാ ലംഘനം കൂടിയാണ്.

പ്രശസ്തരും എഴുത്തുകാരും പ്രമുഖരുമായ അനവധിയാളുകള്‍ മതം പരിവര്‍ത്തനം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെ മത പരിവര്‍ത്തനങ്ങളുടെതാണ്. എന്നാല്‍, ഇതിനെ മറച്ചുപിടിക്കുകയാണ് ഭരണകൂടം. ഹിന്ദുമതത്തിലേക്കുള്ള മാറ്റങ്ങളെ മാത്രം നീതിയും നിയമവും വെച്ച് ന്യായീകരിക്കുകയും ഹിന്ദുമതത്തില്‍നിന്നുള്ള മാറ്റങ്ങളെ കുറ്റകരമായി കാണുകയും ചെയ്യുന്ന ഏകപക്ഷീയമായ അവസ്ഥയാണ് നിലവിലുള്ളത്.

പുതിയ കാലത്തെ യുവജന സമൂഹം കൂടുതല്‍ പഠിക്കുകയും അന്വേഷിക്കുകയും ചെയ്യുകവഴി ഇസ്‌ലാമിലെത്തിപ്പെടുക സ്വാഭാവികം. ജനിച്ചുവളര്‍ന്ന മതത്തില്‍ സംതൃപ്തിയും മതിപ്പും ഇല്ലാതെ വരുമ്പോള്‍ പുതിയത് സ്വീകരിക്കലും അതനുസരിച്ച് ജീവിക്കലും ്അവരുടെ സ്വാതന്ത്ര്യം. ഇതനുസരിച്ച്, ഈയിടെയായി രാജ്യത്ത് അനവധിയാളുകള്‍ മുസ്‌ലിമായിട്ടുണ്ട്. ഇതിനെതിലെയെല്ലാം കോമരം തുള്ളുന്നത് എങ്ങനെ ന്യായീകിരിക്കാനാകും?

 മതംമാറ്റത്തിനെതിരെ കരിനിയമങ്ങള്‍ കൊണ്ടുവരാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇസ്‌ലാം ഭീതിയാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. കൊലയും ശാരീരികാക്രമണങ്ങളും പോലെ ഭീകരമായ ക്രൈം തന്നെയാണ് ഇത്തരം കരിനിയമങ്ങളുടെ അടിച്ചേല്‍പിക്കലുകളും. ഈ തിരിച്ചറിവ് രാജ്യത്തെ നീതിപീഠങ്ങള്‍ക്കുണ്ടാവുകയും ഓരോ പൗരന്റെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.