ഇവിടെ കുഞ്ഞുങ്ങളുടെ ഏങ്ങലടികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല?!

മുനവ്വിര്‍ കല്ലൂരാവി

06 March, 2018

+ -
image

നാലു ലക്ഷത്തിലേറെ ആബാല വൃദ്ധം ജനങ്ങളെ കൊന്നുമുടിച്ച് എട്ട് വര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ അതിദാരുണമായ അനുഭവങ്ങളിലൊന്നായി മാറുകയാണ് തലസ്ഥാനമായ ഡമസ്‌കസിന്റെ പ്രാന്തത്തിലുള്ള കിഴക്കന്‍ ഗൂതയിലെ കൂട്ടക്കുരുതി. തന്റെ സ്വേച്ഛാധിപത്യത്തിനെതിരായി ഉയരുന്ന അവസാന ശബ്ദവും അടിച്ചമര്‍ത്താന്‍ റഷ്യന്‍ സൈനിക ശക്തിയുടെ പിന്തുണയോടെ സിറിയന്‍ സ്വേച്ഛാധിപതി ബശ്ശാര്‍ അല്‍ അസദ് നടത്തി വരുന്ന ബോംബാക്രമണത്തില്‍ 110 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഗൂത പ്രേതഭൂമിയായി മാറിയിരിക്കുന്നു. ജനലക്ഷങ്ങളെ കൊന്നു മുടിച്ചിട്ടും സിറിയന്‍ സ്വേച്ഛാധിപതി ബശ്ശാറിന് വഴങ്ങാതെ നില്‍ക്കുകയാണ് ഗൂത നിവാസികള്‍. എന്തിന് വഴങ്ങണം സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി സ്വന്തം ഭൂമുഖത്തെ മുസ്ലിം വിഭാഗക്കാരെ നിര്‍ദാക്ഷിണ്യം കൊന്ന് തള്ളുമ്പോള്‍ ഒരു പക്ഷെ അവര്‍ക്ക് മുഷ്യത്വമുള്ളവരുടെ കൂടെയെ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

മനുഷ്യത്വം മരവിച്ച് പോയ ഭരണ കര്‍ത്താക്കള്‍ പിഞ്ച് കുഞ്ഞുങ്ങളെ പ്പോലും വെറുതെ വിടാതെ  തലയോട്ടിയിലേക്കും മറ്റും നിറയൊയിച്ച് കൊണ്ടിരിക്കുകയാണ്.വെടി മരുന്നിന്റെയും മനുഷ്യരുടെ പച്ച മാംസം കത്തിയെരിയുന്നതിന്റെയും രൂക്ഷ ഗന്ധത്താല്‍ നിറഞ്ഞിരിക്കുകയാണ് ഇന്നത്തെ സിറിയ.ഐക്യ രാഷ്ട്ര സഭയ്ക്കും മറ്റു പീഡിതര്‍ക്കൊപ്പമെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം വിളിച്ച് പറയുന്ന രാജ്യങ്ങള്‍ക്ക് അപലപനീയം എന്ന് പറയാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. 

ഭൂമിയിലെ നരകമെന്ന വിശേഷണം സിറിയയ്ക്ക് നല്‍കിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട റന്‍സിന് പോലും സിറിയന്‍ ജനതയെ ചുട്ട് കൊല്ലുന്ന ബശ്ശാറുല്‍ അസദിനെ നിലയ്ക്ക് നിര്‍ത്താന്‍ പ്രേരിപ്പിക്കാനാകുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സിറിയയിലെ ഗൂതയില്‍ സ്ത്രീകളും കുട്ടികളുമടക്കം അറുനൂറിലേറെ പേറെയാണ് സൈന്യം കത്തിച്ച് കളഞ്ഞത്. വിമതരെയും ഐ.എസിനെയും തകര്‍ക്കാനെന്ന പേരില്‍ നടത്തി കൊണ്ടിരിക്കുന്ന രാസായുധക്രമണങ്ങളില്‍ ഒരൊറ്റ ഐ.എസുകാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. മറ്റൊരു കാരണമാണ് പറഞ്ഞിരുന്നെങ്കില്‍ തിരക്കഥയ്ക്ക് ഇത്തിരി ബലം കൂടുമായിരുന്നു.

അസദിന്റെ പൈശാചികതയ്ക്ക് കൂട്ട് നില്‍ക്കാന്‍ റഷ്യ സര്‍വായുധ സഹായവുമായി ഒപ്പമുണ്ട്.കൂടാതെ ഷിയാ വിഭാഗക്കാരനായ അസദിനെ പിന്തുണച്ച് കൊണ്ട് ഇറാനുമുണ്ട്. വംശീയ ഭ്രാന്തനായ ട്രംപും ഒപ്പം തന്നെയുണ്ട്.. ഏത് ആഭ്യന്തര യുദ്ധത്തിലെന്നത് പോലെ തുടക്കം തൊട്ടേ  ബാഹ്യശക്തികളാണ് സിറിയയുടെ സ്ഥിതി ഗതികള്‍ വഷളാക്കി കൊണ്ടിരിക്കുന്നത്. 

വന്‍ ശക്തി ചേരിതിരിവില്‍ പണ്ട് തൊട്ടേ റഷ്യയുടെ കൂടെയാണ് സിറിയയിലെ ശിയ  അലവി ബഅസ് സോഷ്യലിസ്റ്റ് ഭരണകൂടം. രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ സ്വാധീനമുള്ള കുര്‍ദുകളെ ആയുധമണിയിക്കുകയും അവരെ രാജ്യത്തിന്റെ മേല്‍ വളായി തൂക്കിയിടുകയുമാണ് അമേരിക്കയുടെ ജോലി. തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ കുര്‍ദ് സാന്നിദ്ധ്യം തുര്‍ക്കിക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാല്‍ അവരും സൗദി അറേബ്യയുടെയും ഖത്തറിന്റെയും കൂടെ അസദ് വിരുദ്ധ വിമതപക്ഷത്തെയും പിന്തുണക്കുന്നു. ശിയാ അലമി വിഭാഗക്കാരനായ ബശ്ശാറിന് സുന്നി വിരുദ്ധ ഇറാന്‍,ഇറാഖ്, ലബനാന്‍  ഭരണകൂടങ്ങള്‍ പിന്തുണ നല്‍കുന്നു.ഈ ശക്തികളുടെയെല്ലാം ശാക്തിക വടംവലിയില്‍ കുടുങ്ങിയാണ് സിറിയ തദ്ധേശിയര്‍ക്ക് നരകമായിത്തീര്‍ന്നിരിക്കുന്നത്.

ഒന്നിച്ച് ഇവരെല്ലാം തീരുമാനമെടുക്കണം, മാനുഷികതക്ക് മുന്‍തൂക്കം നല്‍കി, ഇത്രയും കാലം കുഞ്ഞുമക്കളടക്കമുള്ള പതിനായിരങ്ങളെ കൊന്നു മുടിച്ചതിന്റെ പാപക്കറ കഴുകിക്കളയാന്‍ സിറിയക്ക് മാത്രം സാധിക്കുന്നതല്ല. അഥവാ സിറിയയെക്കാള്‍ ഭയക്കേണ്ടത് പൈശാചികതയ്ക്ക് കൂട്ട് നില്‍ക്കുന്ന വന്‍ശക്തികളെയാണ്. അവര്‍ തന്നെയാണ് സിറിയയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതും. അഞ്ച് മണിക്കൂറല്ല അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതാവണം ഈ കൂട്ടക്കുരുതി. അഞ്ച് മണിക്കൂര്‍ എന്ന് പറയുമ്പോള്‍ തന്നെ അപലപനീയം എന്ന് പറയുന്ന രാജ്യങ്ങള്‍ എല്ലാം തീര്‍ന്നു എന്ന മട്ടില്‍ മൗനം ജപിക്കുന്നു.

രാജ്യവുംസൈന്യവുമല്ല വലുത് മനുഷ്യനാണ്.അല്ലേങ്കിലും പിഞ്ച് കുഞ്ഞിനെ പോലും തിരിച്ചറിയാത്ത വര്‍ഗ്ഗത്തിന് എന്ത് മനുഷ്യത്വം? സിറിയന്‍ ബാലന്‍ ചോദിക്കുന്നുണ്ട് 'ഞങ്ങള്‍ തീവ്രവാദികളാണോ'? നമുക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലേ