ദലിത് സമരങ്ങളും ഇടത് സര്‍ക്കാറിന്റെ സവര്‍ണ്ണ മുഖവും

അബ്ദുല്‍ കരീം ഉത്തല്‍കണ്ടിയില്‍

06 February, 2018

+ -
image

ദലിത്, മുസ്‌ലിം, കീഴാള പ്രവര്‍ത്തനങ്ങളേയും സമരങ്ങളേയും നേരിടുന്നതില്‍ സംഘപരിവാരിനും സിപിഎമ്മിനും ഒരേ താല്പര്യമാണ് എന്നുള്ളത് പുതിയ അറിവല്ലല്ലോ. നിരവധി സമരമുഖങ്ങളില്‍ തെളിഞ്ഞതുമാണ്. 

സംഘപരിവാര്‍ കൊടുക്കുന്ന ഏതു കള്ളപ്പരാതിയും സ്വീകരിച്ച് ആളുകള്‍ക്കെതിരെ തുടരെ തുടരെ കേസെടുക്കുന്ന പിണറായി, ആര്‍എസ്എസ്സുകാര്‍ക്ക് മരുന്നിട്ടുകൊടുക്കാതിരിക്കാന്‍ മുസ്ലീങ്ങള്‍ അവരുടെ ഭരണഘടനാവകാശം വേണ്ടെന്നു വെക്കണം എന്ന് നിയമസഭയില്‍  തന്നെ പറഞ്ഞിട്ടുള്ളതാണ്.

 പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കാന്‍ സംഘപരിവാര്‍ നേതാക്കള്‍ ചാനലില്‍ ഹാജരാകുന്നു, ഹാദിയയുടെ വീട്ടുതടങ്കലിനും ഘര്‍വാപ്പസി പീഡന കേന്ദ്രങ്ങള്‍ക്കും പിണറായി തന്റെ പോലീസിനെ കാവല്‍ നിര്‍ത്തികൊടുക്കുന്നു. എന്നിട്ടും വടയമ്പാടിയിലെ പോലീസ് നടപടിയെക്കുറിച്ച് അത്ഭുതപ്പെടുന്നവര്‍ ഇടതുപക്ഷത്തിന്റെ അക്രമങ്ങളെ  വിമര്‍ശന നാട്യത്തില്‍ രക്ഷിച്ചെടുക്കാം എന്ന് വ്യാമോഹിക്കുന്നവര്‍ മാത്രമാണ്. വാസ്തവത്തില്‍ ഓരോ കീഴാള സമര മുഖത്തും പ്രതീക്ഷിക്കേണ്ടതാണ് ഈ സിപിഎം ആര്‍എസ്എസ് ബാന്ധവം.

ഈ ബാന്ധവത്തേക്കാള്‍ ഏറെ വടയമ്പാടിയിലെ ഇന്നലത്തെ സംഭവങ്ങള്‍ ഉറപ്പിക്കുന്ന ചിലതുണ്ട്. ജാതി അധിക്ഷേപങ്ങളും വിവേചനങ്ങളും എന്നത് കേരളത്തില്‍ ഇപ്പോള്‍ വെറുമൊരു സാമൂഹിക അവസ്ഥയല്ല. അത് സവര്‍ണ്ണ സമുദായങ്ങളും സംഘപരിവാറും ഒന്നുചേര്‍ന്ന് നടത്തുന്ന കൃത്യമായ പദ്ധതിയും ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയുമാണ്. 

വടയമ്പാടി സമരസമിതിയുടെ അഭാവത്തില്‍ സവര്‍ണ്ണ സംഘടനകളും ഭരണകൂടവും എടുത്ത തീരുമാനം അവര്‍ അംഗീകരിച്ചു മിണ്ടാതിരുന്നു കൊള്ളണം എന്ന ദാര്‍ഷ്ട്യത്തില്‍ എന്‍എസ്എസ് പണിത മതിലിനെ തന്നെയാണ് കാണാന്‍ സാധിക്കുക. ആ മതില്‍ കീഴാളര്‍ തകര്‍ത്ത് കളഞ്ഞതാണ് എന്ന് ഭരണകൂടം ഓര്‍ക്കണം.

എല്ലാ കീഴാള സമരങ്ങളെക്കുറിച്ചും മാവോയിസ്റ്റ് ജിഹാദി സാന്നിധ്യം എന്ന വാദം സിപിഎമ്മും  ആര്‍എസ്എസ്സും ഒരേ സ്വരത്തിലാണ് ഉന്നയിക്കുന്നത്.  'പുറത്തു നിന്നുള്ളവര്‍' സമരത്തില്‍ പങ്കെടുക്കുന്നത് ഒരു കുറ്റകൃത്യം പോലെ അവതരിപ്പിക്കുന്നതും ഇതേ പദ്ധതിയുടെ ഭാഗമാണ്. 

അക്രമങ്ങളെ, ആക്രമിക്കപ്പെടുന്ന ജനങ്ങള്‍ മാത്രം നേരിട്ടുകൊള്ളണം എന്നാണ് ഭരണകൂടം പറയുന്നത്. ജാതീയ അക്രമങ്ങള്‍ കീഴാളരുടെ ഐക്യദാര്‍ഢ്യത്തിലേക്ക് നയിക്കുകയും, ഈ അക്രമങ്ങള്‍ സവര്‍ണ്ണ ഭരണകൂട കൂട്ടു പദ്ധതിയാണ് എന്ന തിരിച്ചറിവില്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ശക്തിയായി കീഴാള മുന്നേറ്റങ്ങള്‍ വളരുകയും ചെയ്യുന്നതിലെ ഭരണകൂട ഭീതിയാണ് ആര്‍എസ്എസും സിപിഎമ്മും ഒരേ സ്വരത്തില്‍ പ്രകടിപ്പിക്കുന്നത്. 

'പുറത്തു നിന്നുള്ളവര്‍' എന്നത് വെറും പ്രാദേശികതയെ സൂചിപ്പിക്കുന്ന പ്രയോഗമല്ല, മറിച്ച് വംശീയവും ജാതീയവുമായാണ് പ്രയോഗിക്കപ്പെടുന്നത്.

വടയമ്പാടി അടക്കമുള്ള കീഴാള സമരങ്ങള്‍ ഒരു സാമൂഹിക അനീതിയോടു മാത്രമല്ല, കൃത്യമായ ഭരണകൂട ഒത്താശയോടെയുള്ള സവര്‍ണ്ണ ഹിന്ദുത്വ ശക്തികളുടെ പദ്ധതികള്‍ക്കെതിരെയുമുള്ള സമരങ്ങളാണ്.