മലപ്പുറത്തെ ഉമ്മച്ചിക്കുട്ടികളും മാധ്യമങ്ങളിലെ 'സദാചാര' ഫ്‌ളാഷ് മോബും

സലീം ദേളി

06 December, 2017

+ -
image

മലപ്പുറത്ത്  ഫ്‌ളാഷ് മോബ് നടത്തിയ തട്ടമിട്ട പെണ്‍കുട്ടികള്‍ക്കു നേരെയുള്ള സൈബറാക്രമണങ്ങള്‍ മതത്തിന്റെ ലേബലിലൊട്ടിച്ച് മതത്തെ അപകീര്‍ത്തിപ്പെടുത്തുക എന്നത് മാധ്യമ പ്രൊപഗണ്ടയാണ്. സങ്കുചിത മനോഭാവങ്ങളെ പെരുപ്പിച്ച് മതത്തിനകത്ത് വലിച്ചുകയറ്റി പ്രാകൃത സമൂഹമെന്ന് ഉരിയാടാനാണ് ചില ദോഷൈകദൃക്കുകളായ ജേണലിസ്റ്റുകള്‍ എന്നും ശ്രമിച്ചിട്ടുള്ളത്.

 മതത്തിനകത്തെ ശരിയും തെറ്റും ചൂണ്ടിക്കാണിക്കുന്നത് പണ്ഡിതരുടെ അവകാശമാണ്. മതത്തിന്റെ നിയമങ്ങളാണ് അവര്‍ വിശദീകരിക്കുന്നത്. മതത്തില്‍ വിശ്വസിക്കുന്ന ഒരു വിഭാഗത്തോടുള്ള ഉണര്‍ത്തലുകള്‍ മാത്രമാണിത്. ജനാധിപത്യ രാജ്യത്ത് ജീവിക്കുന്നവര്‍ക്ക് സച്ഛേഷ്ടപ്രകാരം ആടാനും പാടാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതേ അളവില്‍ തന്നെ മതപ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യവും നിലനില്‍ക്കുന്നുണ്ട്.

മതനിയമങ്ങള്‍ സ്വീകരിക്കാത്തവരെ അപകീര്‍ത്തിപ്പെടുത്താനോ അവരെ മതനിയമങ്ങള്‍ക്കകത്ത് പിടിച്ചു കൊണ്ടുവരാനോ ആരും പറഞ്ഞിട്ടില്ല. ഇവിടെ മതപണ്ഡിതരും ഔദ്യോഗിക മതസംഘടനകളും പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന സമീപനം ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ ചാനല്‍ ചര്‍ച്ചകള്‍ നടത്തി മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ കയ്യടി നേടിയവരെ ഇരുത്തി ഇസ്ലാമില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പോക്ക്.

'സ്വാതന്ത്ര്യം' പുരോഗമന പദമല്ല. അത് പുരോഗമന ചിന്താഗതിക്കാര്‍ക്ക് മാത്രമുള്ളതുമല്ല. രാജ്യത്ത് ജീവിക്കുന്നവര്‍ക്കുള്ള ഭരണഘടനാവകാശമാണ്. തട്ടമിട്ട പെണ്ണ് തെരുവിലിറങ്ങിയാല്‍ 'സ്വാതന്ത്ര്യ' പോരാളികളായും ചട്ടക്കൂടിനകത്ത് വിപ്ലവം സൃഷ്ടിച്ചവര്‍ അധമരും പിന്തിരിപ്പിന്മാരുമായും അവതരിപ്പിക്കപ്പെടുന്നത് കെട്ടകാലത്തിലെ തലതിരിഞ്ഞ പുരോഗമന പാരമ്പര്യ ചിന്തയുടെ ഭാഗമായിട്ടു മാത്രമാണ്. അല്ലാതെ ഇതില്‍ യാതൊരു നീതിയും നൈതികതയുമില്ല.

     സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ്ഫോമിനകത്തെ വ്യക്തിവാദങ്ങള്‍ ഇസ്ലാമിനകത്തെ നിയമങ്ങളായി കാണുന്ന പുരോഗമനവാദികളുടെ ബുദ്ധിശൂന്യത നിരര്‍ത്ഥകമാണ്. മതത്തിനകത്ത് ജീവിക്കുന്നവര്‍ക്ക് ജീവിക്കാം. അല്ലാത്തവര്‍ക്ക് ഭരണഘടനാവകാശമായി ജീവിക്കാം. ഇവിടെ എവിടെയാണ് മതം ഇടപെടുന്നത്? മാധ്യമ പ്രെപഗണ്ട വഴി ഇസ്ലാമിനെ ആപല്‍കരിക്കുന്ന നിലപാടുകളാണ് സസൂക്ഷ്മമായി നിരീക്ഷിക്കപ്പെടേണ്ടതും പ്രതിരോധിക്കപ്പെടേണ്ടതും.