മ്യാന്മറില്‍നിന്നും വല്ല ശുഭവാര്‍ത്തയും വന്നുതുടങ്ങിയോ?

ശക്കീല്‍ ഫിര്‍ദൗസി

05 October, 2017

+ -
image

മ്യാന്മറിന്റെ ചരിത്രം റാഖൈന്‍ സ്‌റ്റേറ്റില്‍ അധിവസിക്കുന്ന റോഹിംഗ്യകളുടെ ചരിത്രവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ, റോഹിംഗ്യന്‍ ജനതയെ കുറിച്ച അന്വേഷണം മ്യാന്മറിനെ കുറിച്ചും അതിന്റെ മത, സാമൂഹിക, രാഷ്ട്രീയ പരിസരങ്ങളെക്കുറിച്ചുമുള്ള ഒരന്വേഷണംകൂടിയാണ്. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ നിലവിലെ ശോച്യാവസ്ഥയുടെ വേരുകള്‍ ഈ ചരിത്ര പരിസരങ്ങളില്‍നിന്നും വേണം കണ്ടെത്താന്‍. 

തെക്കുകിഴക്കന്‍ ഏഷ്യയിലെ പരമാധികാര രാഷ്ട്രങ്ങളിലൊന്നാണ് മ്യാന്‍മര്‍. ബര്‍മ എന്നായിരുന്നു മുമ്പത്തെ പേര്. ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലന്റ്, ലാവോസ്, ചൈന തുടങ്ങിയ രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ 2014 ലെ സെന്‍സസ് പ്രകാരം 51 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്നു. വിവിധ മതങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബുദ്ധമതത്തിനാണ് ആധിപത്യം. ഏറ്റവും ഒടുവിലത്തെ കാനേശുമാരി അനുസരിച്ച് ജനസംഘ്യയുടെ 87.9 ശതമാനം ബുദ്ധ മതക്കാരാണ്. തെരവാദ ബുദ്ധധാരയാണ് ഇവിടെയുള്ളത്. 6.2 ശതമാനം ക്രിസ്ത്യാനികളും 4.3 ശതമാനം മുസ്‌ലിംകളുമുണ്ട്. 0.5 ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. വിവിധ ഗോത്രമതക്കാരും മതമില്ലാത്തവരുമായി വേറെയും ധാരാളം ആളുകള്‍.

അനവധി വംശീയ വിഭാഗങ്ങളുടെ സാന്നിധ്യംകൊണ്ടാണ് മ്യാന്‍മര്‍ ഏറെ പ്രസിദ്ധം. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 135 വംശങ്ങള്‍ ഇവിടെ ജീവിക്കുന്നുവെന്നാണ് കണക്ക്. ബര്‍മന്‍, ശാന്‍, കചിന്‍, റാഖൈന്‍, ചൈനീസ്, ഇന്ത്യന്‍, മോന്‍ തുടങ്ങി വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. വിവിധ നാടുകളില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഇവരില്‍ അധികവും. ഔദ്യോഗികമായ അംഗീകാരം നല്‍കപ്പെടാത്ത വംശങ്ങളുമുണ്ട് ഇതില്‍. അതില്‍ പ്രധാനപ്പെട്ടതാണ് റോഹിംഗ്യ. പൊതുവെ, മതവിഭാഗങ്ങള്‍ സ്വാതന്ത്ര്യത്തോടെയാണ് മ്യാന്മറില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, റോഹിംഗ്യ മാത്രം ഇതില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുന്നു. പൗരത്വം നിഷേധിക്കപ്പെട്ടതിനാല്‍ അവരുടെ വിശ്വാസവും ആചാരങ്ങളും രാജ്യം അംഗീകരിക്കുന്നില്ല. 

കോളനി ഭരണത്തിനു കീഴില്‍

വളരെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രവും പാരമ്പര്യവുമുണ്ട് മ്യാന്മറിന്. വിവിധ ജനവിഭാഗങ്ങള്‍ താമസിച്ചുപോയ ഇവിടെ അന്ന് നാട്ടുരാജാക്കന്മാരാണ് ഭരണം നടത്തിയിരുന്നത്. ബ്രിട്ടീഷ് കൊളോണിയലിസം തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാലുകുത്തിയതോടെ മ്യാന്മറും കോളനി ഭരണത്തിനു കീഴില്‍ വന്നു. അതോടെ രാജ്യം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൊല്‍കത്തയില്‍നിന്നും ആസ്സാം, മണിപൂര്‍, അറാകാന്‍ വഴി മ്യാന്മറിലുമെത്തി. ഇതാദ്യമായിട്ടായിരുന്നു ഒരു യൂറോപ്യന്‍ കൊളോണിയല്‍ ശക്തി മ്യാന്മറില്‍ പ്രവേശിച്ചത്. 1885 മുതല്‍ 1948 വരെ ബ്രിട്ടീഷുകാര്‍ക്കു കീഴിലായിരുന്നു മ്യാന്മര്‍. റങ്കൂണായിരുന്നു അന്ന് തലസ്ഥാനം.

ഇന്ത്യയും ബംഗ്ലാദേശുമടങ്ങുന്ന വലിയൊരു ബ്രിട്ടീഷ് കോളനി പ്രദേശത്തിന്റെ ഭാഗമായിരുന്നു അന്ന് മ്യാന്മര്‍. 1937 ല്‍ ബ്രിട്ടീഷുകാര്‍ അതിനെ പ്രത്യേക ഭരണ സംവിധാനം നിലനില്‍ക്കുന്ന പ്രത്യേക കോളനിയാക്കി മാറ്റി. യുദ്ധ ഭൂമിയായിരുന്നതുകൊണ്ടുതന്നെ രണ്ടാം ലോക മഹായുദ്ധകാലത്ത് മ്യാന്മറിനെ അത് സാരമായി ബാധിച്ചു. 1942 ല്‍ ജപ്പാന്‍ സേന അധിക്രമിച്ചുകയറുകയും ബ്രിട്ടീഷുകാരില്‍നിന്നും റങ്കൂണ്‍ കീഴടക്കുകയും ചെയ്തു. തുടര്‍ന്ന് പലപ്പോഴായി നടന്ന ജപ്പാന്‍-ബ്രിട്ടീഷ് പോരാട്ടങ്ങള്‍ മ്യാന്മറിന് വന്‍ ആള്‍നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. 

ബ്രിട്ടീഷ് ഭരണകാലത്ത് തങ്ങളുടെ വിവിധ കോളനി പ്രദേശങ്ങളില്‍നിന്നും ധാരാളം ആളുകളെ ബ്രിട്ടീഷുകാര്‍ മ്യാന്മറില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചതായി കാണാം. ഫലഭുയ്ഷ്ഠമായ അറാകാന്‍ പ്രദേശത്തും മറ്റും കൃഷി ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഈസ്റ്റ് ഇന്ത്യ കമ്പനി അവരെ കൊണ്ടുവന്നിരുന്നത്. ബംഗാളികളായിരുന്നു അതില്‍ ധാരാളം പേര്‍. കൂടാതെ, കലാപകാരികള്‍, കുറ്റവാളികള്‍, അടിമകള്‍ തുടങ്ങി തങ്ങളുടെ ഭരണത്തിന് ഭീഷണിയാകുന്നവര്‍ നാടുകടത്തപ്പെട്ടിരുന്നതും ഈ ഭൂമിയിലേക്കായിരുന്നു. നേരത്തെത്തന്നെ വിവിധ കുടിയേറ്റങ്ങള്‍കൊണ്ട് പേരുകേട്ട നാട്ടില്‍ പുതിയ ജനവിഭാഗങ്ങള്‍കൂടി കടന്നുവരാന്‍ ഇത് കാരണമായിട്ടുണ്ട്. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബംഗാളിലെ ചിറ്റഗോംഗില്‍നിന്നും ജോലി തേടിയും ധാരാളം ആളുകള്‍ ഇവിടെയെത്തിയിട്ടുണ്ട്. 1948 ല്‍ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോഴും അനവധിയാളുകള്‍ മ്യാന്മറിലേക്ക് പലായനം ചെയ്തുവന്നു. ചിന്‍, കോമന്‍, ക്യാമി തുടങ്ങി വിവിധ വംശങ്ങളും രാജ്യത്തെ കുടിയേറ്റക്കാരാണ്. 

മ്യാന്മറിലെ ബുദ്ധന്മാര്‍

മ്യാന്മറിന്റെ ചരിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന മതവിഭാഗമാണ് ബുദ്ധന്മാര്‍. വളരെ ആഴത്തിലുള്ള ചരിത്രവും പാരമ്പര്യവും അവര്‍ക്ക് ഇവിടെയുണ്ട്. എന്നാല്‍, തെരവാദ ബുദ്ധിസം ആദ്യമായി ഇവിടെ എത്തുന്നത് പതിനൊന്നാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രം. ബാമര്‍ രാജാവ് അനവരഥ (1044-1077) ആയിരുന്നു ഇതിനുപിന്നില്‍. പിന്നീടു വന്ന പല രാജാക്കന്മാരും ബുദ്ധ ദര്‍ശനങ്ങളെ പ്രോത്സാഹിപ്പിച്ചു. പിന്നീട് കുടിയേറിപ്പാര്‍ത്ത പല വംശീയ വിഭാഗങ്ങളും വ്യത്യസ്ത ബുദ്ധ ധാരകളെ പ്രതിനിധീകരിക്കുന്നവരായിരുന്നു.

ഇന്ന് രാജ്യത്തെ 87 ശതമാനം ആളുകളും ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരാണ്. രാജ്യത്തിന്റെ ഐഡന്റിറ്റി തന്നെ ബുദ്ധമതമായി മാറിക്കഴിഞ്ഞു. കൊളോണിയല്‍ പൂര്‍വകാലത്ത് ബുദ്ധിസ്റ്റ് രാജാക്കന്മാരുടെ പ്രവര്‍ത്തനങ്ങളാണ് ഈയൊരു വ്യാപനത്തിന് നിമിത്തമായിട്ടുള്ളത്.

എന്നാല്‍, കൊളോണിയല്‍ കാലഘട്ടത്തില്‍ മ്യാന്മറില്‍ ബുദ്ധിസം ശക്തമായ തിരിച്ചടി നേരിട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റ് അവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കുകയോ സന്യാസിമാര്‍ക്ക് സുരക്ഷിതത്വം ഏര്‍പ്പെടുത്തുകയോ ചെയ്തില്ല. പകരം, പല ബുദ്ധ മഠങ്ങളും പര്‍ണശാലകളും തകര്‍ക്കുകയാണ് ചെയ്തത്. ഇത് നേരത്തെ അവര്‍ ആസ്വദിച്ചിരുന്ന പല സാമൂഹിക,  സാമ്പത്തിക നേട്ടങ്ങളെയും പ്രതികൂലമായി ബാധിച്ചു. 

സംഘര്‍ഷങ്ങളുടെ വേരുകള്‍

വിവിധ മത, വംശ വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി മ്യാന്മറില്‍ വളരെ സൗഹൃദത്തിലാണ് താമസിച്ചുപോന്നിരുന്നത്. മുസ്‌ലിംകള്‍ക്കോ ബുദ്ധന്മാര്‍ക്കോ മറ്റു മതക്കാര്‍ക്കോ ഇടയില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. കൊളോണിയലിസത്തിന്റെ ആഗമനത്തോടെ ഓരോരുത്തരും തങ്ങളല്ലാത്തവരെയെല്ലാം തങ്ങളുടെ 'ശത്രുക്കളാ'യി മനസ്സിലാക്കുകയും ഭിന്നിപ്പിനു തുടക്കം കുറിക്കുകയും ചെയ്തുവെന്നുവേണം വിശ്വസിക്കാന്‍. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ സ്വന്തം കാര്യലാഭത്തിനായി തങ്ങളുടെ വംശത്തില്‍ പെടാത്തവരെ ശത്രുക്കളായി കാണാന്‍ ബുദ്ധന്മാര്‍പോലും മുന്നോട്ടുവന്നു. ബംഗ്ലാദേശിനും മ്യാന്മറിനുമിടയില്‍ അതിരിട്ട് ഒഴുകുന്ന നാഫ് പുഴക്ക് ഇരുവശങ്ങളിലായി, കൊടുത്തും വാങ്ങിയും, കാലങ്ങളായി സൗഹൃദത്തോടെ കഴിഞ്ഞിരുന്ന ബുദ്ധന്മാരും മുസ്‌ലിംകളും ബദ്ധവൈരികളായി മാറുന്നത് ഇവിടെനിന്നാണ്. 

മ്യാന്മര്‍ ജനതക്കും അവിടത്തെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ചയും വിഭജനവും തീര്‍ക്കുന്നതായിരുന്നു ബ്രിട്ടീഷുകാരുടെ പിന്നീടുള്ള ഓരോ പദ്ധതികളും. താല്‍ക്കാലികമായി വംശീയ ഗ്രൂപ്പുകളെ സുഖിപ്പിക്കുന്നതായിരുന്നുവെങ്കിലും പിന്നീടിത് അവര്‍ തമ്മില്‍ സംഘട്ടനവും തമ്മില്‍തല്ലും നടത്തുന്നതിലേക്ക് കൊണ്ടെത്തിച്ചു. ബ്രിട്ടീഷുകാര്‍ മ്യാന്മര്‍ ജനതയെ തരിമ്പും വിശ്വാസത്തിലെടുത്തിരുന്നില്ല. വംശീയ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയാണ് അവര്‍ സൈന്യത്തെപ്പോലും സജ്ജീകരിച്ചത്. രണ്ടാം ലോക മഹായുദ്ധം എത്തിയപ്പോഴേക്കും ഈ വിഭജനം ശരിക്കും നിഴലിച്ചുകണ്ടു. മ്യാന്മര്‍ ജനത ജപ്പാനോടുകൂടെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ ബ്രിട്ടീഷുകാരോടൊപ്പവും അണിചേര്‍ന്നാണ് അന്ന് പരസ്പരം പോരാടിയിരുന്നത്. ഇത്തരം സംഭവങ്ങള്‍ ഒരുമയോടെ ജീവിച്ചുവന്ന മ്യാന്മര്‍ ജനതക്കിടയില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിച്ചു. തങ്ങളെ തമ്മില്‍ തല്ലിക്കാന്‍ കൊളോണിയലിസത്തിന്റെ കളിയാണ് ഇവിടെ നടക്കുന്നതെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചതുമില്ല. 

കൊളോണിയല്‍ കാലത്തെ ബ്രിട്ടീഷുകാരുടെ വിവേചനപരമായ നിലപാടുകള്‍ വിദേശികളോടുള്ള വെറുപ്പും വിയോജിപ്പും ശക്തമാക്കാന്‍ മ്യാന്മര്‍ ജനതയെ പരുവപ്പെടുത്തിയെന്നുവേണം മനസ്സിലാക്കാന്‍. ഇന്ത്യയില്‍നിന്നും മറ്റു സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും ബ്രിട്ടീഷുകാര്‍ മ്യാന്മറിലേക്ക് വലിയ തോതില്‍ ആളുകളെ കടത്തിക്കൊണ്ടുപോയിരുന്നതായി നാം മുമ്പ് സൂചിപ്പിച്ചിരുന്നു. ഇങ്ങനെ കൊണ്ടുവരപ്പെടുന്നവരില്‍ രാഷ്ട്രീയമായും സാമ്പത്തികമായും കൂടുതല്‍ പരിഗണനയും പ്രാധാന്യവും നല്‍കിയിരുന്നത് ഇന്ത്യയില്‍നിന്നും വരുന്നവര്‍ക്കായിരുന്നു. ബര്‍മീസ് ജനങ്ങളെ എന്നും ഒരു രണ്ടാം സ്ഥാനത്താണ് ബ്രിട്ടീഷുകാര്‍ കണ്ടിരുന്നത്. ഇത് ബ്രിട്ടീഷുകാരോടെന്നപോലെ വിദേശികളായ എല്ലാവരോടും വെറുപ്പും വിരോധവും കൂട്ടാന്‍ മ്യാന്മര്‍ ജനതയെ പ്രേരിപ്പിച്ചു. റോഹിംഗ്യകളെ മാറ്റിനിര്‍ത്താനും ഈയൊരു വികാരമാണ് അവരെ പ്രേരിപ്പിച്ചത്. റോഹിംഗ്യകള്‍ വിദേശികളും കുടിയേറിപ്പാര്‍ത്തവരുമാണെന്നായിരുന്നു അവരുടെ വിശ്വാസം. 

ബ്രിട്ടീഷുകാരില്‍നിന്നും മ്യാന്മറിനെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ 1941 ല്‍ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് ബര്‍മീസ് സ്വാതന്ത്ര്യ സേന (Burmese Independence Army). മ്യാന്മറിലെ ചില പ്രധാന വംശങ്ങളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു ഇതിന്റെ രൂപീകരണം. മറ്റു വിഭാഗങ്ങളെ ഇതില്‍ പെടുത്തിയിരുന്നില്ല. ജപ്പാന്റെ സഹായത്തോടെ ബ്രിട്ടീഷുകാരെ കടന്നാക്രമിക്കുകയെന്നതായിരുന്നു പദ്ധതി. സ്വാഭാവികമായും ബുദ്ധമതവിശ്വാസികളായിരുന്നു ഇതിന്റെ നെടുംതൂണ്‍. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തൊഴിലാളികളായി നാട്ടില്‍ വന്ന ബംഗാളി മുസ്‌ലിംകളെ അവര്‍ ഇതിന്റെ ഭാഗമായി അംഗീകരിച്ചില്ല. ബുദ്ധ മത വിശ്വാസികള്‍ക്കിടയില്‍ റോഹിംഗ്യന്‍ വിരുദ്ധ ചിന്ത വളര്‍ത്താന്‍ ഈ സേന നല്ലപോലെ പരിശ്രമിച്ചു. ബ്രിട്ടീഷുകാര്‍ വഴി ഇവിടെ എത്തുന്ന ബംഗാളികളുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നത് തങ്ങളുടെ നിലനില്‍പിന് ഭീഷണിയാണെന്ന ചിന്താഗതി വളര്‍ത്തിയെടുക്കുന്നതിലും അവര്‍ വിജയം കണ്ടു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ഉണ്ടായ ജപ്പാന്റെ മ്യാന്മര്‍ ആക്രമണത്തിലും ഈയൊരു 'വിഭാഗീയ മനസ്സ്' നല്ലപോലെ പ്രതിഫലിച്ചതായി കാണാം. ബുദ്ധമതക്കാര്‍ ധാരാളമുള്ള ജപ്പാനും തദ്ദേശീയരായ ബുദ്ധ സൈന്യവും മ്യാന്‍മറിനെ മോചിപ്പിക്കാനായി രംഗത്തിറങ്ങിയപ്പോള്‍ അറാകാന്‍ പ്രദേശത്ത് ബ്രിട്ടീഷ് സഹായത്തോടെ അതിനെതിരെ പോരാടിയിരുന്നത് റോഹിംഗ്യകളായിരുന്നു. ശക്തമായ ആക്രമണങ്ങള്‍ അന്ന് സൈന്യത്തിന്റെ ഭാഗത്തുനിന്നും റോഹിംഗ്യകള്‍ക്ക് നേരിടേണ്ടിവന്നു. പലരും രക്ഷതേടി ബംഗാളിലേക്കു തന്നെ പലായനം ചെയ്തു.

രാജ്യത്തെ ബുദ്ധമതവിശ്വാസികള്‍ക്കും റോഹിംഗ്യകള്‍ക്കുമിടയില്‍ ഇങ്ങനെ ശക്തമായ വിഭജനം തീര്‍ക്കുന്നതില്‍ കൊളോണിയലിസത്തിന്റെ പങ്ക് വളരെ വലുതാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ത്ത്, സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി, ഒരേ നാട്ടിലെ ഇരു വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് കടന്നുകളയുകയായിരുന്നു അവര്‍. പിന്നീട് ഈ വിയോജിപ്പ് കൊടിയ സ്പര്‍ദ്ധയായി പരിണമിക്കുകയും വിവിധ കൈവഴികളിലൂടെ സഞ്ചരിച്ച് സങ്കീര്‍ണമായ ഒരു വിപത്തായി രൂപപ്പെടുകയുമായിരുന്നു. 

1947 ല്‍ പാകിസ്താന്‍ സ്വതന്ത്രമായപ്പോള്‍ റോഹിംഗ്യകളില്‍നിന്നും ഒരു വിഭാഗം അവരോടൊപ്പം ചേരാന്‍ ആഗ്രഹിച്ചിരുന്നു. മറ്റൊരു വിഭാഗം അതില്‍നിന്നും മാറിനില്‍ക്കുകയും ചെയ്തു. എന്നാല്‍, ബര്‍മയുടെ പ്രാദേശീക കാര്യങ്ങളില്‍ ഇടപെടാന്‍ മടിച്ച മുഹമ്മദലി ജിന്ന അതിന് വിസമ്മതിക്കുകയാണുണ്ടായത്.  

സൈന്യവും സന്യാസിമാരും കൈകോര്‍ക്കുന്നു

1948 ല്‍ മ്യാന്‍മര്‍ ബ്രിട്ടീഷുകാരില്‍നിന്നും സ്വതന്ത്രമായതോടെ ബുദ്ധന്മാരുടെ നല്ലകാലം തിരിച്ചുവരികയായിരുന്നു. കൊളോണിയല്‍കാലത്ത് നിയന്ത്രിക്കപ്പെട്ടിരുന്ന തലങ്ങളില്‍നിന്നെല്ലാം പൂര്‍ണ മോചനം ലഭിച്ചു. ജനങ്ങളും സൈന്യവും ഒരുപോലെ തെരാവദ ബുദ്ധിസത്തിന് പിന്തുണ നല്‍കി. രാജ്യത്തെ ഭൂരിപക്ഷമാളുകളുടെയും വിശ്വാസമായതിനാല്‍ സ്റ്റെയ്റ്റ് ബുദ്ധമതത്തിന് പ്രത്യേക സ്ഥാനം കല്‍പിക്കുന്നുവെന്ന് ഭരണഘടനപോലും എടുത്തുപറഞ്ഞു. 1948 ല്‍ രൂപീകരിക്കപ്പെട്ട മന്ത്രിസഭയുടെ മതകാര്യ വകുപ്പ് രാജ്യത്ത് ബൗദ്ധസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടു. 1954 ല്‍ പ്രധാനമന്ത്രി യൂനു ബുദ്ധമതത്തെ പ്രോത്സാഹിപ്പിക്കുന്ന പല പരിപാടികളും നടപ്പിലാക്കി. സ്വാഭാവികമായും ഇതോടെല്ലാം കൂടെ റോഹിംഗ്യകളോടുള്ള വെറുപ്പും വിരോധവും രാജ്യത്ത് ശക്തിപ്പെടുകയും ചെയ്തു.

1962 ല്‍ മ്യാന്മര്‍ പട്ടാള ഭരണത്തിനു കീഴില്‍ വന്നപ്പോഴും അവസ്ഥ ഇതുതന്നെയായിരുന്നു. സിവിലിയന്‍ ഭരണകൂടത്തില്‍നിന്നും അധികാരം ജനറല്‍ ന്യൂവിന്‍ പിടിച്ചെടുക്കുകയായിരുന്നു. ഭൂരിപക്ഷം വരുന്ന ബുദ്ധ സമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നതിനു വേണ്ടി അവരെ സുഖിപ്പിക്കുന്ന നിലപാടുകളാണ് അദ്ദേഹവും സ്വീകരിച്ചത്. ബുദ്ധിസ്റ്റ് പാഠങ്ങളുടെ വെളിച്ചത്തില്‍ മ്യാനമറിനെ പുനരുജ്ജീവിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. 

സര്‍ക്കാര്‍ ചെലവില്‍ റോഹിംഗ്യന്‍ വിരുദ്ധത ശക്തമായി കത്തിനിന്ന കാലമായിരുന്നു ഇതും. 1982 ലെ സിറ്റീസന്‍ഷിപ് ആക്ട് നിലവില്‍വരുന്നത് ഈയൊരു വിദേശീവിരുദ്ധ ചന്തയുടെ ഭാഗമായാണ്. റോഹിംഗ്യകള്‍ക്ക് മ്യാന്മറില്‍ പൗരത്വം നിഷേധിച്ചുകൊണ്ടുള്ളതായിരുന്നു ഈ നിയമം. അവരെ ക്രൂരമായി മര്‍ദ്ധിക്കാനും നാടുകടത്താനും പ്രേരിപ്പിക്കുന്നതായിരുന്നു ഇത്. 

ആങ് സാന്‍ സൂകിയുടെ നേതൃത്വത്തില്‍ 2015 ലെ തെരഞ്ഞെടുപ്പോടെ ജനാധിപത്യ ഭരണകൂടം അധികാരത്തില്‍ വന്നപ്പോഴും റോഹിംഗ്യകളോടുള്ള നിലപാടില്‍ മാറ്റമൊന്നും ഉണ്ടായില്ല. കൊളോണിയലിസം ബാക്കിവെച്ച വിഭാഗീയ ചിന്ത ഉള്ളില്‍ സൂക്ഷിച്ചുകൊണ്ടാണ് ഇവരെല്ലാം അധികാരത്തില്‍ അള്ളിപ്പിടിച്ചത്. അതുകൊണ്ടുതന്നെ, റോഹിംഗ്യകള്‍ക്ക് കലികാലമായിരുന്നു ഈ ഭരണകൂടങ്ങളെല്ലാം.