പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇസ്‌ലാമിക ഇടപെടലുകളും

ഹനീഫ് റഹ്മാനി പനങ്ങാങ്ങര

05 June, 2018

+ -
image

കടലും കരയും കാടും മലയും വെയിലും മഴയും എല്ലാമെല്ലാം ഒത്തുചേര്‍ന്നൊരുക്കുന്ന പ്രകൃതിയുടെ സമൃദ്ധിയും സൗന്ദര്യവും എത്ര ആനന്ദകരമാണ്. ചെടികളും സസ്യങ്ങളും കൃഷികളും ഫലവൃക്ഷങ്ങളും മൃഗങ്ങളും പക്ഷിപ്പറവകളും വര്‍ണശബളങ്ങളായ ചിത്രശലഭങ്ങളും പൂന്തോട്ടങ്ങളും സമഞ്ജസമായി പരിസ്ഥിതിയെ അണിയിച്ചൊരുക്കുന്നു.

അല്ലാഹു പറയുന്നു: അവനാണ് ഭൂമിയെ വിശാലമാക്കിയതും അതിലുറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും സൃഷ്ടിച്ചതും. മുഴുവന്‍ പഴങ്ങളില്‍ നിന്നും രണ്ടുവീതം തരങ്ങള്‍ അവന്‍ ഉണ്ടാക്കി (അല്‍ റഅ്ദ്- 3).

‘ഏറ്റവും ഉദാത്തമായി സൃഷ്ടികര്‍മം നടത്തുന്ന അല്ലാഹു അനുഗ്രഹപൂര്‍ണനത്രെ’ (അല്‍ മുഅ്മിനൂന്‍- 14).

പ്രപഞ്ചം ഉള്‍ക്കൊള്ളുന്ന സൃഷ്ടിവകകളുടെയോ ജീവജാലങ്ങളുടെയോ എണ്ണം തിട്ടപ്പെടുത്തുക പ്രയാസകരമാണ്. അല്ലാഹുവിന്റെ ഓരോ സൃഷ്ടിപ്പിനും അതിന്റേതായ ലക്ഷ്യങ്ങളും പ്രയോജനങ്ങളുമുണ്ട്. ഒന്നും വൃഥാ പടക്കുന്നില്ല.

‘നിങ്ങള്‍ക്ക് ഗോചരീഭവിക്കുന്ന തൂണുകളൊന്നുമില്ലാതെയാണ് അവന്‍ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിലവന്‍ ഉറച്ച മലകള്‍ സ്ഥാപിച്ചു. സകലയിനം ജീവികളെയും അതില്‍ വ്യാപിപ്പിച്ചു. അന്തരീക്ഷത്തില്‍ നിന്ന് മഴ പെയ്യിക്കുകയും ഉദാത്തമായ സസ്യജോഡികള്‍ അതില്‍ മുളപ്പിക്കുകയും ചെയ്തു. ഇക്കാണുന്നതൊക്കെയും അല്ലാഹു പടച്ചതാണ്’ (ലുഖ്മാന്‍- 9, 10).

‘ഭൂമിയെ നാം പ്രവിശാലമാക്കുകയും അതില്‍ ദൃഢീകൃതമായ മലകള്‍ ഉണ്ടാക്കുകയും അനുയോജ്യമാംവിധം എല്ലാ സാധനങ്ങളും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കും നിങ്ങള്‍ ഭക്ഷണം കൊടുക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ജീവിതായോധന മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തി. ഏതൊരു വസ്തുവിന്റെയും ഖജനാവ് നമ്മുടെയടുത്ത് മാത്രമാണ്. എന്നാല്‍ നിശ്ചിതകണക്കനുസരിച്ചേ നാമത് ഇറക്കുകയുള്ളൂ’ (അല്‍ ഹിജ്‌റ്- 19-21).

മുഴുകാര്യങ്ങളും നന്നായി ദൃഢീകരിച്ച അല്ലാഹുവിന്റെ അല്ലാഹുവിന്റെ നിര്‍മാണം. നിങ്ങളനുവര്‍ത്തിക്കുന്നവയെപ്പറ്റി സൂക്ഷ്മജ്ഞനാണവന്‍ (അന്നംല്- 88).

സൂക്ഷ്മാണു മുതല്‍ ഗംഭീരഗ്രങ്ങള്‍ വരെ ഓരോ ഓരോ സൃഷ്ടിപ്പിനു പിന്നിലും അല്ലാഹുവിന്റെ വലിയ യുക്തിയും തീരുമാനവുമുണ്ട്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയുടെ സംരക്ഷണത്തിനായി നിശ്ചിത അളവിലും തോതിലുമാണ് അല്ലാഹു എല്ലാം സംവിധാനിച്ചിട്ടുള്ളത്. മനുഷ്യനെ വലയം ചെയ്തുനില്‍ക്കുന്ന ഭൂമിയും വായുവും കൃഷിയും വെള്ളവും പ്രത്യക്ഷമായോ പരോക്ഷമായോ അവനു പ്രയോജനം ചെയ്യുന്ന വിഭവങ്ങളുമുള്‍ക്കൊള്ളുന്ന ഈ വ്യവസ്ഥിതി മനുഷ്യന്റെ ജീവിതസന്ധാരണത്തിനുവേണ്ടിയാണ് അല്ലാഹു ഒരുക്കിയിട്ടുള്ളത്. അതിനാല്‍ പരിസ്ഥിതി സംരക്ഷണം മനുഷ്യജീവിതത്തിന്റെ നിലനില്‍പിനും സാമൂഹികഭദ്രതക്കും അനിവാര്യമാണ്. ചുറ്റുപാടുകള്‍ മലിനമാക്കിയോ പ്രകൃതിവിഭവങ്ങള്‍ നശിപ്പിച്ചോ ധൂര്‍ത്തടിച്ചോ നാം ഒരിക്കലും നമ്മെത്തന്നെയും അതിലപ്പുറം നമ്മുടെ തലമുറയെയും ഭാവിമക്കളെയും നാശത്തിലേക്ക് നയിക്കരുത്.

‘ഭൂമിയില്‍ അല്ലാഹു നന്മയുണ്ടാക്കിയ ശേഷം നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്’ (അല്‍ അഅ്‌റാഫ്- 56).

നിങ്ങള്‍ ഫലവൃക്ഷങ്ങള്‍ മുറിക്കരുതെന്നും അനാവശ്യമായി ജീവികളെ വേട്ടയാടലും മരങ്ങളും ചെടികളും നശിപ്പിക്കലും ഭൂമിയില്‍ നാശം വിതക്കുന്നതിന്റെ പരിധിയില്‍ വരുമെന്നും ഈ വചനം വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ‘മനുഷ്യന്റെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ നിമിത്തമാണ് കരയിലും കടലിലും വിനാശം പ്രകടമായിരിക്കുന്നത്. തങ്ങളുടെ ചില ചെയ്തികളുടെ ഫലം അവര്‍ക്കാസ്വദിപ്പിക്കാനത്രെ ഇത്. ഒരുവേള അവര്‍ മടങ്ങിയേക്കാമല്ലോ’ (അര്‍റൂം- 41).

പരിസ്ഥിതിക്ക് കോട്ടമേല്‍പ്പിക്കുന്ന ഏതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മതം നിഷ്‌കര്‍ഷിക്കുന്നു. പ്രകൃതി വിഭവങ്ങള്‍ ഒട്ടും ദുര്‍വിനിയോഗം ചെയ്തുകൂടാ. നാം ദുര്‍വ്യയം ചെയ്യുന്നത് ഒരുപക്ഷേ മറ്റൊരുത്തന്റെ വിഭവമായേക്കാം. നമ്മുടെ സമ്പാദ്യമാണെന്നു കരുതി തോന്നിയപോലെ ചെലവഴിക്കാന്‍ നമുക്ക് അധികാരമില്ല. ‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയക്കാരെ അവന്‍ ഇഷ്ടപ്പെടുകയില്ല’ (അല്‍ അഅ്‌റാഫ്- 31).

മിതത്വം എങ്ങനെ ജീവിതത്തില്‍ പാലിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു പ്രവാചകപുംഗവര്‍ (സ). എന്നാല്‍ ലോകം കണ്ട ഏറ്റവും വലിയ ധര്‍മ്മിഷ്ഠന്‍ കൂടിയായിരുന്നു തങ്ങള്‍. പിശുക്കിന്റെയും ദുര്‍വ്യയത്തിന്റെയും അരികുപറ്റാതെ മിതത്വത്തിന്റെ തനതായ ശൈലി തങ്ങള്‍ വരച്ചുകാണിച്ചു. വെള്ളം ഉപയോഗിക്കുന്നിടത്ത് സജീവശ്രദ്ധ പുലര്‍ത്താന്‍ പഠിപ്പിച്ചു. കാരണം വെള്ളമാണ് ജീവന്‍.

‘സര്‍വ ജീവവസ്തുക്കളെയും ജലത്തില്‍ നിന്ന് നാം സൃഷ്ടിച്ചു’ (അല്‍ അന്‍ബിയാഅ്- 30).

‘അല്ലാഹു അന്തരീക്ഷത്തില്‍ നിന്നു മഴ വര്‍ഷിക്കുകയും അതു മുഖേന വരണ്ടുണങ്ങിക്കിടന്ന ഭൂമിയെ ജീവസ്സുറ്റതാക്കുകയും ചെയ്യുന്നു. വസ്തുതകള്‍ ശ്രവിച്ചു മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ടെന്ന കാര്യം തീര്‍ച്ച’ (അന്നഹ്ല്‍- 65).

ജീവന്റെ തുടിപ്പാകുന്ന ജലം അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്. കുടിക്കാനും കുളിക്കാനും ശുചീകരണത്തിനും കൃഷി നനയ്ക്കാനും വാഹനങ്ങള്‍ കഴുകാനും എന്നുവേണ്ട നമ്മുടെ ദൈനംദിന ജീവിതത്തില്‍ ജലത്തിന് അഭേദ്യബന്ധമുണ്ട്. അതിനാല്‍ നാം കാരണം ഒരു തുള്ളി പാഴായിപ്പോകരുതെന്ന മനസ്സോടെ വേണം നാം വെള്ളത്തെ സമീപിക്കാന്‍. നിറഞ്ഞൊഴുകുന്ന അരുവിയില്‍ നിന്നാണ് ആരാധനക്ക് വേണ്ടി നീ അംഗസ്‌നാനം ചെയ്യുന്നതെങ്കില്‍ പോലും ദുര്‍വ്യയമരുതെന്ന മതത്തിന്റെ ശാസനയില്‍ നിന്ന് നാം പഠിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രഥമപാഠം. നാം നടുക്കടലിലാണെങ്കിലും നമുക്ക് വേണ്ട ജലമേ നാം ഉപയോഗപ്പെടുത്താവൂ. പ്രകൃതി വിഭവങ്ങളുടെ ധാരാളിത്തത്തില്‍ നാം അര്‍മാദിക്കേണ്ടതില്ല. അത് മറ്റുള്ളവന്റെ വിഹിതമാണ്. വരാനിരിക്കുന്ന തലമുറകളുടെ അവകാശമാണ്. അവയുടെ പരിപോഷണത്തിനും നിലനില്‍പ്പിനും നമുക്കാവത് നാം ചെയ്യുക.

കര്‍ഷകവൃത്തിയുടെ അഭിവൃദ്ധിക്ക് നബി(സ) പ്രചോദനം നല്‍കി. അതില്‍ അവനു പാഴായിപ്പോകുന്നവയില്‍ പോലും ദാനത്തിന്റെ പുണ്യമുണ്ടെന്ന് തങ്ങള്‍ പഠിപ്പിച്ചു. ‘ഒരു മുസ്‌ലിം തൈ നടുകയോ കൃഷി ചെയ്യുകയോ ചെയ്തിട്ട് അതിന്റെ ഫലത്തില്‍ നിന്ന് പക്ഷിയോ മനുഷ്യനോ മൃഗമോ ഭക്ഷിക്കുന്ന പക്ഷം അതവനു ദാനമായി പരിഗണിക്കുന്നതാണ്’ (ബുഖാരി, മുസ്‌ലിം).

പരിസരം വെടിപ്പിലും വൃത്തിയിലും സംരക്ഷിക്കാനും മാലിന്യമുക്തമായി കൊണ്ടുനടക്കാനും പ്രേരണ നല്‍കിക്കൊണ്ട് തങ്ങള്‍ പറഞ്ഞു: വിശ്വാസം എഴുപതില്‍ ചില്ലാനം ശാഖകളാണ്. അതില്‍ ശ്രേഷ്ഠമായത് ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു വല്ലാതെ ആരാധ്യനില്ലെ)ന്ന വചനമാണ്. അതില്‍ താഴ്ന്നശ്രേണി മാര്‍ഗതടസ്സം നീക്കലാണ്’ (മുസ്‌ലിം).

എന്റെ സമുദായത്തിന്റെ നന്മ- തിന്മകള്‍ എനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടു. വഴിയില്‍ നിന്ന് മാലിന്യം നീക്കം ചെയ്യല്‍ സുകൃതങ്ങളുടെ ഗണത്തില്‍ ഞാന്‍ കണ്ടു (മുസ്‌ലിം).

നിസ്സാരമെന്നു കരുതുന്ന കാര്യങ്ങള്‍ക്ക് പോലും മതം നല്‍കുന്ന പ്രാധാന്യം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. യാത്രകളിലും മറ്റും നാം അലസമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ കുപ്പി, പ്ലാസ്റ്റിക് കവര്‍ പോലുള്ള സാമഗ്രികളും വരുത്തിവെക്കുന്ന വിനകള്‍ ആലോചിക്കാതെ പോകുന്നു. എന്നാല്‍ അവ നിക്ഷേപിക്കാന്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ബോക്‌സുകളില്‍ എത്തിച്ച് നാം സഹകരിക്കുന്നപക്ഷം നമ്മുടെ മനസ്സിന്റെ നന്മ കൊണ്ട് വലിയ സംസ്‌കരണ പ്രക്രിയയില്‍ നാം പങ്കുകൊള്ളുകയാണ്. നാം പ്രതീക്ഷിക്കാത്ത വലിയ വിജയങ്ങളാണ് അതുവഴി നമ്മെ തേടിയെത്തുക.

നബി (സ) പറഞ്ഞു: ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി വഴിയിലേക്ക് നീണ്ടുകിടന്നിരുന്ന ഒരു വൃക്ഷശിഖിരം നീക്കം ചെയ്ത ഒരാള്‍ക്ക് അതു കാരണം സ്വര്‍ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടു (ഇബ്‌നുമാജ).

പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ പങ്കുണ്ട്. തന്റെ കാരണം മറ്റൊരാള്‍ ബുദ്ധിമുട്ടരുതെന്നും താന്‍ മറ്റൊരാളുടെ വിഭവം അന്യായമായി അനുഭവിക്കുകയില്ലെന്നും ദൃഢനിശ്ചയം ചെയ്യുകവഴി സമൂല പരിവര്‍ത്തനത്തിന് നമുക്ക് കൈകോര്‍ക്കാം. പ്രകൃതിയോട് പ്രണയപൂര്‍വം ഇടപെടുകവഴി നമുക്ക് ബാക്കിവെക്കാം, പിറക്കാനിരിക്കുന്ന തലമുറകള്‍കകായി മലിനമാക്കപ്പെടാത്ത ആകാശഭൂമികള്‍- മായക്കലര്‍പ്പില്ലാത്ത പ്രകൃതിദത്ത വിഭവങ്ങള്‍.