താജ്മഹലിനെതിരെ അപശബ്ദമുയരുന്നിടത്ത് ബാബരിയെ ഓര്‍ക്കുമ്പോള്‍

ശാക്കിര്‍ മണിയറ

05 December, 2017

+ -
image

ഭാരത മുസല്‍മാന്റെ അഭിമാനത്തിനും അസ്തിത്വത്തിനുമേറ്റ ഉണങ്ങാത്ത മുറിപ്പാടായ ബാബരി ധ്വംസനം നടന്നിട്ട് വര്‍ഷങ്ങള്‍ ഇരുപത്തിയഞ്ച് തികയുകയാണ്. അടിച്ചമര്‍ത്തലിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ നാനാതുറങ്ങളില്‍ നിന്നും ഫണം വിടര്‍ത്തി വരുമ്പോള്‍, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഒരു നാളിനായി കാതോര്‍ത്തിരിക്കുകയാണ് 25 വര്‍ഷങ്ങള്‍ക്ക് ശേഷവും ഭാരത മുസല്‍മാന്‍. 

1992 ഡിസംബര്‍ ആറിന് അന്ന് അയോധ്യയില്‍ നടന്ന കര്‍സേവ വിളയാട്ടം 1949 മുതല്‍ തുടങ്ങി വെച്ച ദീര്‍ഘ പ്ലാനിങ്ങുകളുടെ ലക്ഷ്യപൂര്‍ത്തീകരണമായിരുന്നു. ബാബരി ധ്വംസനത്തിന്റെ അടിയൊഴുക്ക് രാജ്യത്തൊട്ടുക്കും പടര്‍ന്ന് പിടിച്ചപ്പോള്‍ ഒരു യുദ്ധസമാനാന്തരീക്ഷം സൃഷ്ടിക്കുമായിരുന്ന അണികളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ബദ്ധപ്പെട്ട സാമുദായിക നേതാക്കളെ കണ്ട് ആനന്ദനൃത്തം ചവിട്ടുകയായിരുന്നു അന്നത്തെ ഫാസിസ്റ്റ് ശക്തികള്‍. 

സാമുദായിക നേതാക്കളൊന്നടങ്കം സംഭവത്തെ ശക്തമായി അപലപിച്ചപ്പോഴും സംഭവത്തിനെതിരെ ചെറുവിരലനക്കാന്‍ പോലും തയ്യാറാകാതിരുന്ന അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു, മുസ്‌ലിം നേതാക്കള്‍ ഇവ്വിഷയകരമായ ചര്‍ച്ചക്ക് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ മുതലക്കണ്ണീരൊഴുക്കി അന്ന് കാട്ടിയ പ്രകടനവും ഹിന്ദുത്വത്തിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയായിരുന്നോ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. 

സര്‍വ്വായുധ സജ്ജരായ രണ്ട് ലക്ഷത്തോളം കര്‍സേവ പ്രവര്‍ത്തകര്‍ 1992 നവംബര്‍ 28ന് തന്നെ അയോധ്യയിലെത്തി തമ്പടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ തെളിയക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും വര്‍ഗ്ഗീയ വിഷം ചീറ്റല്‍ വിദ്വാന്‍മാരായ അശോക് സിംഗാളും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണസമിതി അധ്യക്ഷനുമായ രാമചന്ദ്ര പരമഹംസും പള്ളിപൊളിക്കാനുള്ള ആവേശം കുത്തി നിറച്ച് പാകമാക്കി വിട്ടവരായിരുന്നു ആ കാപാലികര്‍. 1949ല്‍ അയോധ്യയിലെ ബാബരി മസ്ജിദില്‍ രാമവിഗ്രഹം ഒളിച്ചു കടത്തിയതടക്കം എണ്ണമറ്റ കേസുകളിലെ പുള്ളിയായിരുന്ന രാമചന്ദ്ര പരമഹംസാണ് അധികാരികളുടെ സംരക്ഷണ വലയത്തിലൂടെ ഈ വിഷവിത്തുകള്‍ പാകാന്‍ നേതൃത്വം കൊടുത്തത്. 

അന്ന് ആ അക്രമങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിച്ച വെറുമൊരു സൈനിക കമാന്‍ഡറാണ് ഇന്ന് തീവ്രഹിന്ദുത്വത്തെ തന്റെ മലീമസമായ ഭാഷയിലൂടെ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായ വി.കെ.സിങ്. അന്ന് വി.കെ.സിങ് കാട്ടിയ ചങ്കൂറ്റത്തിന്റെ ശക്തിയാണ് ചുട്ടുകരിക്കപ്പെട്ട ഒരു ദലിത് കുടുംബത്തെ പട്ടികളോട് ഉപമിക്കാനും, ദാദ്രിയിലെ അഖ്‌ലാക്കിന്റെ കൊലയെ നിസ്സാരവല്‍ക്കരിക്കാനും ഇന്നും അദ്ദേഹത്തെ ലജ്ജാവിഹീനനാക്കുന്നത്. 

1964ലെ വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാപനത്തോടെയാണ് അയോധ്യ കേന്ദ്രമാക്കി ഹിന്ദുത്വ പ്രക്ഷോഭം വളര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തി കൈവന്നത്. 1984ല്‍ നടന്ന രാം ജാനകി യാത്രയും, 1989ലെ രാമശിലാ യാത്രകളും, 1990ലും1992ലും നടന്ന കര്‍സേവയുമൊക്കെയായിരുന്നു ബാബരി ധ്വംസനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പുകള്‍. 

ഡിസംബര്‍ 6 തന്നെ ഈയൊരു മതസ്പര്‍ധ വിളയാടിയ സംഭവത്തിന് തെരഞ്ഞെടുത്തതിന് പിന്നിലും ഒരു തീവ്രമനോഭാവം നമുക്ക് കാണാവുന്നതാണ്.  ദലിത് പിന്നോക്ക് വിഭാഗങ്ങളുടെ വിമോചകനായ ഡോ.അംബേദ്കറുടെ ചരമദിനം കൂടിയാണ് ഡിസംബര്‍ 6. ദലിത് മുന്നേറ്റത്തെക്കുറിച്ചും ന്യൂനപക്ഷങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുമുള്ള വിപ്ലവാത്മക ചിന്തകള്‍ ഈയൊരു ദിനത്തില്‍ ഇനിയൊരിക്കലും ഉയര്‍ന്ന് വരരുതെന്നും, മറിച്ച് ഈ ദിനം മുസ്‌ലിം വിദ്വേഷത്തിന്റെ പ്രതീകമായി മാറണമെന്നുമുള്ള സവര്‍ണ്ണ ഫാസിസ്റ്റ് കുബുദ്ധിയില്‍ നിന്നാവാം ഇത്തരമൊരു വീക്ഷണം ഉയര്‍ന്നു വന്നത്. 

ഏതായാലും ബാബരി സംഭവത്തിന് മുമ്പുള്ള ഭാരത മുസല്‍മാനോ, 23 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ഭാരത മുസല്‍മാനോ, ഇന്ന് ഇന്ത്യയില്‍ മുസല്‍മാനായി ജീവിക്കാന്‍ അല്‍പ്പം കൂടി ഭീതിയേറി എന്നതല്ലാതെ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വിധേയമായിട്ടില്ല. ബാബരി സംഭവം ഒരു തീരാമുറിപ്പാടായി തുടരുമ്പോഴും, പ്രതിഷേധങ്ങളെയോ എതിര്‍പ്രകടനങ്ങളെയോ ഒന്നും വകവെക്കാതെ ഭരണാധികാരികളുടെ അരമനയില്‍ വിലസുകയാണ് ഇതിനു പിന്നിലെ കറുത്ത കരങ്ങള്‍. 

സ്വാതന്ത്രാനന്തര ഇന്ത്യയുടേയും ഭാരത മുസല്‍മാന്റെയും ചരിത്ര ഏടുകളിലെ കറുത്ത ദിനമായ ഡിസംബര്‍ 6, അധികാരമോഹികളുടെയും വര്‍ഗ്ഗീയ വാദികളുടെയും കറുത്ത കരങ്ങളാല്‍ ചരിത്ര ഏടുകളില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടാലും ഭാരത മുസല്‍മാന്റെ എന്നല്ല ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഹൃദയാന്തരങ്ങളിലൂടെ ബാബരിയുടെ സ്മരണകള്‍ക്ക് വേരോട്ടമുണ്ടാവും എന്നത് തീര്‍ച്ച. താജ്മഹല്‍ തേജോമഹലായി എന്ന ശിവക്ഷേത്രമായിരുന്നു എന്ന വിചിത്രവാദവുമായി സംഘ്പ്രഭൃതികള്‍ കടന്നു വരുന്ന കാലത്താണ് യഥാര്‍ഥ ബാബരി എന്തായിരുന്നുവെന്ന വായന പ്രസക്തമാവുന്നത്.