മതംമാറ്റങ്ങള്‍ ചര്‍ച്ചയാക്കുന്നവര്‍ക്കറിയുമോ കേരളത്തിന്റെ പാരമ്പര്യം?

ഡോ. ഖുര്‍റതുല്‍ ഐന്‍

04 October, 2017

+ -
image

മതംമാറ്റം വലിയ വിഷയമാക്കി കേരളത്തില്‍ പലരും ഇന്ന് ചര്‍ച്ചയാക്കിക്കൊണ്ടിരിക്കയാണ്. സ്വേഷ്ടപ്രകാരം ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരെ പോലും നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിച്ച് പ്രയാസപ്പെടുത്തുന്നു. നീതി നല്‍കേണ്ട കോടതികള്‍  ഇവിടെ പക്ഷപാതപരമായ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. 

മതംമാറ്റം ഇസ്‌ലാമിലേക്കാകുമ്പോള്‍ മാത്രമേ ഈ ചര്‍ച്ചകളും സങ്കീര്‍ണതകളും വരുന്നുള്ളൂ. നേരെ മറിച്ചാകുമ്പോള്‍ പ്രോത്സാഹനവും നിയമങ്ങളുടെ പരിരക്ഷയുമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇതിനു പിന്നിലെ അജണ്ടകളും ദുഷ്ടലാക്കും അന്വേഷിക്കപ്പെടേണ്ടതും പുറത്തുവരേണ്ടതുമാണ്.

ശക്തമായ ഇസ്‌ലാംഭീതിയുടെ ഉല്‍പന്നമാണ് ഇന്നത്തെ ഈ വിദ്വേഷവും ഇരട്ടത്താപ്പുമെന്നുവേണം മനസ്സിലാക്കാന്‍. കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിനും ബഹുസ്വരതക്കും എതിരാണ് ഇത്. സാമൂതിരിയും കോഴിക്കോട്ടെ മുസ്‌ലിംകളും ഒരു കാലത്തിന്റെ പ്രതിനിധാനമാണ്. ഇസ്‌ലാമിലേക്കുള്ള മതം മാറ്റത്തെ പ്രോത്സാഹിപ്പിച്ച അദ്ദേഹം മത-ജാതി ഭിന്നതകള്‍ക്കപ്പുറം സൗഹൃദപരമായ ഒരു ജീവിതത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. മമ്പുറം തങ്ങളും കുഞ്ഞായിന്‍ മുസ്‌ലിയാരും അമുസ്‌ലിംകളെ തങ്ങളുടെ കാര്യസ്ഥരും സുഹൃത്തുക്കളുമായി കൂടെക്കൂട്ടിയതും ഇതിന്റെ ഭാഗമായിട്ടാണ്. 

നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്‌ലാമിന്റെ രീതിയേയല്ല. ഖുര്‍ആന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. പ്രവാചകരോടുപോലും ജനങ്ങള്‍ക്ക് സല്‍വഴി കാണിക്കാന്‍ മാത്രമാണ് അല്ലാഹു പറഞ്ഞത്. അവരെ നിര്‍ബന്ധിച്ച് തന്നെ അംഗീകരിപ്പിക്കാന്‍ പറഞ്ഞില്ല. കാരണം വിശ്വാസം (ഹിദായത്ത്) എന്നത് അല്ലാഹു അവന്‍ ഉദ്ദേശിച്ചവര്‍ക്ക് മാത്രം നല്‍കുന്ന ഒന്നാണ്. അത് മനംമാറ്റവുമാണ്. നിര്‍ബന്ധിച്ചതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ ആരുടെയും വിശ്വാസം ഇല്ലാതാക്കാനാകില്ല. 

പിന്നെ, ഇസ്‌ലാമിലെ സമത്വവും സാഹോദര്യവും കണ്ട് അനവധിയാളുകള്‍ അതിലേക്ക് കടന്നുവന്നിട്ടുണ്ട്. അത് ഇന്നും നടന്നുകൊണ്ടിരിക്കുന്നു. ഇത് അവര്‍ ഓരോരുത്തരും തങ്ങള്‍ ജീവിക്കുന്ന വിശ്വാസ പരിസരത്തിലെ പരിമിതികള്‍ മനസ്സിലാക്കിയതുകൊണ്ടും ഇസ്‌ലാമില്‍ അതിനുള്ള പരിഹാരം കണ്ടതുകൊണ്ടും മാത്രമാണ്. 


മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ് ഫദ്ല്‍ തങ്ങളുടെയും കാലത്ത് ദൈനംദിനമെന്നോണം അനവധി പേരാണ് തൊപ്പിയിട്ട് മാപ്പിളമാരോടൊപ്പം ചേര്‍ന്നിരുന്നത്. ചിലര്‍ ഒറ്റയായും മറ്റു ചിലര്‍ കുടുംബ സമേതവും കടന്നുവന്നു. ആര്‍ക്കും ഇതില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. മറിച്ച്, ആശ്വാസവും സമാധാനവുമായിരുന്നു. കാരണം, സവര്‍ണ ഹിന്ദു അധീശത്വത്തിനു കീഴില്‍ ജാതി പീഡനങ്ങള്‍ സഹിച്ച് നരക ജീവിതം നയിക്കുന്നതിലും ഭേതം മുസ്‌ലിമായി അന്തസ്സോടെ ജീവിക്കുന്നതാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കാരണം അവര്‍ക്ക് സമൂഹത്തില്‍ മനുഷ്യത്വ പരിഗണന പോലും ലഭിച്ചിരുന്നില്ല. എന്നാല്‍, മുസ്‌ലിമാകുന്നതോടെ അവര്‍ക്ക് തുല്യപരിഗണനയും തുല്യ നീതിയും ലഭിച്ചു. കറുത്തവനെന്നോ വെളുത്തവനെന്നോ തറവാട്ടുകാരനെന്നോ അല്ലാത്തവനെന്നോ യാതൊരു വ്യത്യാസവുമില്ലാതെ തലയുയര്‍ത്തി ജീവിക്കാന്‍ സാധിച്ചു. 

ഇന്നുമിത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ധാരാളം യുവതീയുവാക്കള്‍ ഇസ്‌ലാമിനെ പഠിച്ച് അതിലേക്ക് സ്വമേധയാ കടന്നുവരുന്നു. ഇത് അവരുടെ സ്വാതന്ത്ര്യമാണ്. ഭരണഘടന അതിന് സമ്മതം നല്‍കിയിട്ടുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുമ്പോഴും ഏറ്റവും വേഗത്തില്‍ വളരുന്ന മതമായി എന്തുകൊണ്ട് ഇസ്‌ലാം മാറുന്നുവെന്നതാണ് ബുദ്ധിയുള്ള പുതിയ തലമുറയെ ചിന്തിപ്പിക്കുന്നത്.

ഇങ്ങനെയുള്ള ഒരു കാലത്ത് സ്വേഷ്ടപ്രകാരം ആരെങ്കിലും മുസ്‌ലിമായിട്ടുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ രാജ്യത്ത് ഒരു ശക്തിക്കും അവകാശമില്ല. അത് അവന്റെ മാത്രം അഭിപ്രായവും അവകാശവുമാണ്. ഹാദിയ വിഷയം ഈയൊരു പശ്ചാതലത്തില്‍ വേണം മനസ്സിലാക്കാന്‍. മുസ്‌ലിമായതുകൊണ്ട് യാതൊരുവിധ മനുഷ്യാവകാശ നിഷേധവും ഇവിടെ നടന്നുകൂടാ. അവള്‍ക്ക് താന്‍ സ്വീകരിച്ച മതവുമായി ജീവിക്കാന്‍ അവസരമൊരുക്കേണ്ടത് ഇവിടത്തെ നിയമവും കോടതിയുമാണ്. അത് നടന്നേപറ്റൂ. നീതി നടപ്പാക്കേണ്ടവര്‍തന്നെ നീതി നിഷേധിക്കുന്നത് രാജ്യത്തിന്റെ ബഹുസ്വരതയോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.