പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ മുഖ്യാതിഥിയാകുമ്പോള്‍?!

ശംസുല്‍ ഇസ്‌ലാം

04 June, 2018

+ -
image

ആര്‍.എസ്.എസ് ദേശീയ പബ്ലിസിറ്റി ഇന്‍ചാര്‍ജ്ജ് അരുണ്‍ കുമാര്‍ പറഞ്ഞതനുസരിച്ച് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് നടത്തുന്ന ത്രിദിന പ്രോഗ്രാമിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആര്‍.എസ്.എസ്. സംഘടിപ്പിച്ച പ്രധാന കോഴ്‌സുകളിലൊന്നായ ഈ കോഴ്‌സ് ഇന്ത്യയെ ഹിന്ദുരാഷട്രമാക്കി പരിവര്‍ത്തിച്ചെടുക്കാന്‍ വേണ്ടിയാണ് പരികല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്. ആര്‍.എസ്.എസ് ആസ്ഥാനമായ റെസാം ബാഗില്‍ 2018 ജൂണ്‍ 7 നാണ് ചടങ്ങ് നടക്കുന്നത്. ക്ഷണത്തിന് പരസ്യമായി തന്നെ പ്രണബ് സന്തോഷം പ്രകടിപ്പിച്ചിരുന്നു.

രാഷ്ട്രത്തെ സംരക്ഷിക്കുമെന്ന് തന്റെ സത്യപ്രതിജ്ഞയിലൂടെ വ്യക്തമാക്കിയ മുന്‍ രാഷ്ട്രപതി പ്രണബ് ആര്‍.എസ്.എസ്സിന്റെ ആഥിത്യം സ്വീകരിക്കുന്നതിലൂടെ ജനാധിപത്യ-മതേതരത്വ ഇന്ത്യയുടെ രാഷ്ട്രീയത്തെ തകര്‍ക്കുവാനുള്ള പിന്തുണ നല്‍കുകയും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത്. നമ്മുടെ ഭരണസംവിധാനത്തിന്റെ അടയാളമായ ദേശീയ പതാകയോടുള്ള ആര്‍.എസ്.എസ് വിദ്വേഷം തന്നെ  എത്രമാത്രം ഇന്ത്യയുടെ ബഹുസ്വരതയെ അവര്‍ വെറുക്കുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നമ്മുടെ രാഷ്ട്രസ്വാതന്ത്ര്യത്തിന്റെ തലേന്നാള്‍ ആര്‍.എസ്.എസ് ഇംഗ്ലീഷ് പത്രം(ആഗസ്റ്റ് 1947,14) ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയെഴുതിയത് കാണുക:

'വിധിയിലൂടെ അധികാരത്തില്‍ വന്ന ജനങ്ങള്‍ക്ക് നമ്മുടെ കരങ്ങളാല്‍ ത്രിവര്‍ണ്ണം നല്‍കാം. പക്ഷെ അതൊരിക്കലും ഹിന്ദുക്കളെ ബഹുമാനിക്കുകയോ അവര്‍ക്ക് ഉടമസ്ഥാവകാശമോ നല്‍കുന്നില്ല. മൂന്ന് എന്ന വാക്ക് തന്നെ പിശാചാണ്. പതാക ത്രിവര്‍ണത്തിലാകുക എന്നത് രാഷ്ട്രത്തെ മുറിവേല്‍പ്പിക്കുന്നതും മനശാസ്ത്രപരമായി മോശം സ്വാധീനം സൃഷ്ടിക്കുകയും ചെയ്യും.'

ഇന്ത്യയുടെ നിയമ നിര്‍മ്മാണ സഭ 1949 നവംബര്‍ 26 ന് നമ്മുടെ ഭരണഘടനയെ അംഗീകരിച്ചപ്പോള്‍  ആര്‍.എസ്.എസ് പത്രമായ ഓര്‍ഗനൈസറില്‍  (1949 നവംബര്‍ 30 ന്) അത് ഹൈന്ദവ വിരുദ്ധമാണെന്നും മനുസ്മൃതിയെ ഭരണഘടനയായി അംഗീകരിക്കണമെന്നുമാണ് അവര്‍ ആവശ്യമുന്നയിച്ചത്. ഹിന്ദു സ്ത്രീകള്‍ക്കും ശ്രൂദ്രന്മാര്‍ക്കും പാതിമനുഷ്യന്റെ വിലകല്‍പിക്കുന്ന ബ്രാഹ്മണ ഗ്രന്ഥമാണ് മനുസ്മൃതിയെന്നോര്‍ക്കണം.

ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള വെറുപ്പും വിദ്വേഷവും തുറന്ന് പ്രഖ്യാപിച്ചവരാണ് ആര്‍.എസ്.എസും ബി.ജെ.പിയും. പ്രമുഖ ആര്‍.എസ്.എസ് സെദ്ധാന്തികനും വിദ്വേഷത്തിന്റെ ഗുരുവുമായ ഗോള്‍വാള്‍ക്കര്‍ 1940 ല്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് ആര്‍.എസ്.എസ്സിന്റെ 1350 മുതിര്‍ന്ന് സൈനിക വ്യൂഹത്തോട് ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി:

'ആര്‍.എസ്.എസ് പ്രചോദനം നല്‍കുന്നത് ഒരൊറ്റ പതാകക്കാണ്, ഒരു നേതാവ്, ഒരാശയം, അത് ഹിന്ദുത്വ തീജ്വാലയെ ഈ മഹാരാജ്യത്തിന്റെ എല്ലാ മുക്കുമൂലകളിലും പ്രകാശിപ്പിക്കും' (ഗോള്‍വാക്കര്‍, ശ്രീ ഗുരുജി സംജാര്‍ ദര്‍ശന്‍, (ഗോള്‍വാക്കറുടെ ഗ്രന്ഥങ്ങളുടെ സമാഹാരം എന്ന പുസ്തകത്തില്‍ നിന്ന്), വോള്യം1, ഭാരതീയ വിചാര്‍ സാദ്‌ന, നാഗ്പൂര്‍, പേ.11)

78 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോള്‍വാള്‍ക്കറിനെ പോലൊരാള്‍ അഭിസംബോധന ചെയ്ത അതേ വിഭാഗത്തെയാണ് പ്രണബ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നതാണ് രസകരം.

ഇന്ത്യന്‍ ജനാധിപത്യ-മതേതരത്വ ഭരണ വ്യവസ്ഥയുടെ എല്ലാവിധ ഫലങ്ങളും ആസ്വദിച്ച പ്രണബ് ഇപ്പോള്‍ ചെന്ന്‌കേറുന്നത് ഹിന്ദുത്വ വാഹനത്തിലേക്കാണ്. ആര്‍.എസ്.എസ് എങ്ങിനെയാണ് ഇന്ത്യയുടെ എല്ലാ ബഹുസ്വരതയെയും വെറുക്കുന്നതെന്ന് പഠിച്ച ബ്രാഹ്മണനെ സംബന്ധിച്ചെടുത്തോളം ഇതൊന്നും അറിയാതിരിക്കില്ല. ഹിന്ദുവും മുസ്‌ലിമും ഒരുമിച്ച് രാഷട്രം ഭരിക്കുകയെന്ന യാഥാര്‍ത്ഥ്യം ആര്‍.എസ്.എസ് ഒരിക്കലും അംഗീകരിക്കുന്നില്ല.

ആര്‍.എസ്.എസിന്റെ ഇംഗ്ലീഷ് പത്രമായ ഓര്‍ഗനൈസറില്‍ സ്വാതന്ത്ര്യത്തിന്റെ തലേന്നാള്‍ (ആഗസ്റ്റ് 14,1947) അവരുടെ രാഷ്ട്ര സങ്കല്‍പത്തെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്:

'ദേശീയതയുടെ തെറ്റായ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെടാന്‍ നമ്മെ അനുവദിക്കരുത്. ഹിന്ദുസ്ഥാന്‍ എന്നത്  ഹിന്ദുക്കള്‍ മാത്രം രാഷ്ട്രത്തെ രൂപീകരിച്ച് ദേശീയ സുരക്ഷിതത്വത്തിന്റെ അടിസ്ഥാന ഘടന നിര്‍മിക്കേണ്ട ഇടമാണ്. ഈ ലളിതമായ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോഴേ ഇന്നത്തെയും ഭാവിയിലെയും പ്രയാസങ്ങളെയും മാനസിക ആശയക്കുഴപ്പങ്ങളെയും നീക്കം ചെയ്യാന്‍ കഴിയൂ. ഹിന്ദുത്വ പാരമ്പര്യങ്ങളും സംസ്‌കാരവും ആശയങ്ങളും ആഗ്രഹങ്ങളും മുന്‍നിറുത്തിയാണ് ഹിന്ദുരാഷ്ട്രം സ്ഥാപിക്കേണ്ടത്.'

മുസ്‌ലിം വോട്ടര്‍മാര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നിന്നും ലോകസഭാംഗമായി തൈരെഞ്ഞടുക്കപ്പെട്ട ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പ്രണബ്. 1934 ലെ എ.ഐ.സി.സി പ്രമേയം അദ്ധേഹത്തിന് പരിചയമുണ്ടായിരിക്കും. ആര്‍.എസ്.എസ്, ഹിന്ദു മഹാസഭ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുന്നതിനെ അത് റദ്ദ് ചെയ്യുന്നുണ്ട്. എന്നിട്ടും അദ്ധേഹം ഹിന്ദു ദേശീയ രാഷ്ട്രീയത്തിന്റെ ബഹുമതിക്കായി പോകുന്നത് ലജ്ജാകരം തന്നെയാണ്. രാഷ്ട്രപിതാവ് ഗാന്ധിജി കൊല്ലപ്പെട്ടത് ഹിന്ദു ദേശീയവാദികളാ(ആര്‍.എസ്.എസ്)ലാണെന്ന് തിരിച്ചറിയപ്പെടാത്തവര്‍ ആരുമുണ്ടാകില്ല.

തീവ്രഹിന്ദുത്വത്തിലേക്കു പ്രണബ് കടന്നുകൊണ്ടിരിക്കുന്ന സമയം തീര്‍ത്തും നിര്‍ണായകമാണ്. ആര്‍.എസ്.എസ് ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും ശത്രുവാണെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആര്‍.എസ്.എസിനും മോദി ഗവണ്‍മെന്റിനുമെതിരെയുള്ള  പോരാട്ടം യഥാര്‍ത്ഥത്തില്‍ നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന പാവകള്‍ക്കെതിരാണെന്ന് അദ്ധേഹം കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ധാരാളം കേസുകള്‍ അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്.
 ആര്‍.എസ്.എസിനെതിരായ രാഹുലിന്റെ ആക്രമണത്തെ ചെറുക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ പ്രണബ് പോലുള്ള അനുഭാവികളെ ഉപയോഗപ്പെടുത്തുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്.

ആര്‍.എസ്.എസിന്റെ പ്രധാന ആചാര പരിപാടിയില്‍ പ്രണബിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിന്റെ പിന്നിലും നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ട്.  1975 ലെ അടിയന്തര അതിക്രമങ്ങള്‍ക്ക്  ഷാ കമ്മീഷനില്‍  പ്രണബ് കുറ്റാരോപിതാനായിരുന്നു. 1984 ലെ സിഖ് കൂട്ടക്കൊല തടയുന്നതില്‍ അദ്ദേഹത്തിന് ഒരു പങ്കുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഐ.എംഎഫിലേക്കും വേള്‍ഡ് ബാങ്കിലേക്കും കൈമാറുന്നതില്‍ അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ടായിരുന്നു. ആര്‍.എസ്.എസിനോടുള്ള നിര്‍ലജ്ജമായ കാപട്യമാണിത് വ്യക്തമാക്കുന്നത്.

റേഷം ബാഗ് ചടങ്ങിലെ മുഖ്യാതിഥിയായുള്ള പ്രണബിന്റെ സാനിധ്യം ആര്‍.എസ്.എസിന് നിയമസാധുത നല്‍കുകയാണ് ചെയ്യുന്നത്.  ജനാധിപത്യ-മതേതരത്വ ഇന്ത്യയെ പിഴുതെറിയാന്‍ കാലാകാലങ്ങളായി  പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പ്രണബ് പങ്കെടുക്കാന്‍ പോകുകയാണെങ്കില്‍, ലഷ്‌കറെ ത്വയിബയുടെയും ജെയ്‌ഷെ മുഹമ്മദിന്റെയും പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നതിന് കാലം കൂടുതല്‍ വിദൂരമല്ല. കാരണം ഈ രണ്ട് സംഘടനകളും ജനാധിപത്യ മതേതരത്വ ഇന്ത്യയെ വെറുക്കുകയും അതിന്റെ പതനം ആഗ്രഹിക്കുകയും ചെയ്യുന്നു.

വിവ. അബ്ദുല്‍ ഹഖ് മുളയങ്കാവ്
കടപ്പാട്: www.muslimmirror.com