പുതിയ കാലത്ത് സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും വഴി

സിദ്ധീഖ് നദ്‌വി ചേരൂര്‍

04 January, 2018

+ -
image

സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം തര്‍ക്കശാസ്ത്ര മാനദണ്ഡപ്രകാരം ഉമൂം ഖുസ്വൂസ് മിന്‍ വജ്ഹ്  ആണ്. അഥവാ എല്ലാ സമസ്തക്കാരും ലീഗുകാരല്ല. എല്ലാ ലീഗുകാരും സമസ്തക്കാരും അല്ല. അതേ സമയം സമസ്തയിലെ ചിലര്‍ ലീഗുകാരാണ്. ലീഗിലെ ഒരു വിഭാഗം സമസ്ത അനുഭാവികളും ആണ്. ഒരാള്‍ക്ക് സമസ്ത ക്കാരനാകാന്‍ ലീഗുകാരനാകേണ്ടതില്ല. ലീഗുകാരനാകാന്‍ സമസ്ത അനുഭാവിയാകണമെന്നും ഇല്ല.

സമസ്തയോടാ സുന്നീ നിലപാടുകളോടോ താല്‍പ്പര്യമില്ലാത്ത ധാരാളം പേര്‍ ലീഗില്‍ കാണും. മുസ്ലിം ലീഗിന്റെ കാഴ്ചപ്പാടുകളാട് മതിപ്പില്ലാത്ത പലരും സമസ്തയിലും ഉണ്ടാവാം.

മുസ്ലിം ലീഗിന്റെ കര്‍മ മണ്ഡലം രാഷ്ട്രീയമാണ്. ആ രാഷ്ടീയ നിലപാടിനോട് യോജിക്കുന്ന ഏത് ഇന്ത്യക്കാരനും ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗില്‍ അംഗമാകാം. അത് കൊണ്ട് മുജാഹിദ്, തബ്ലീഗ് അനുകൂലികളും പ്രവര്‍ത്തകരും ലീഗില്‍ അംഗത്വം എടുക്കുന്നുണ്ട്. പിന്നോക്ക വിഭാഗക്കാരായ അമുസ്ലിംകളും മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്നു.

എന്നാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപിതമായത് ഇസ്‌ലാമിന്റെ പരമ്പരാഗത രീതിയും വിശ്വാസാചാരങ്ങളും കാത്തു സൂക്ഷിക്കാനും അതിനു വിരുദ്ധമായി ഇസ്‌ലാമിന്റെ പാരമ്പര്യ മൂല്യങ്ങളെ തള്ളിപ്പറഞ്ഞു നവീന വാദങ്ങളുമായി രംഗത്ത് വരുന്നവരെ എതിര്‍ക്കാനുമാണ്.

സ്വാതന്ത്ര്യത്തിനു മുമ്പ് സര്‍വേന്ത്യാ മുസ്ലിം ലീഗ് എന്ന പേരില്‍ നിലനിന്നിരുന്ന സംഘടന സ്വാതന്ത്യത്തിന് ശേഷം 1948 ല്‍ ഇന്ത്യയുടെ മാറിയ സാഹചര്യത്തിനൊത്ത് പുന:സംഘടിപ്പിച്ചതോടെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് എന്ന പേര്‍ സ്വീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

കേരളം ഐക്യസംഘം എന്ന പേരില്‍ സംഘടന രൂപീകരിച്ചു ഒരു വിഭാഗം അനൈക്യത്തിന്റെ വിത്ത് പാകിയപ്പോഴാണ് കേരളീയ മുസ് ലിംകളെ പൈതൃകത്തിന്റെ പാരമ്പര്യവഴിയില്‍ പിടിച്ചു നിര്‍ത്താനായി 1925-26 കാലത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപം കൊണ്ടത്.

ലീഗുകാര്‍ രാഷ്ട്രീയമായി എന്തു ചെയ്യണമെന്നും എന്ത് നിലപാട് സ്വീകരിക്കണമെന്നും ലീഗ് നേതൃത്വം തീരുമാനിക്കും. സമസ്ത അനുഭാവികളായ സുന്നികള്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും എന്തെന്ന് സമസ്ത വ്യക്തമാക്കിക്കൊടുക്കുന്നതിലും അനൗചിത്യമില്ല.

സമസ്തക്കാര്‍ മതപരമായി എന്ത് നിലപാട് സ്വീകരിക്കണമെന്ന് ലീഗ് നിര്‍ദ്ദേശിച്ചാല്‍ അത് കടന്ന കയ്യാണ്. ലീഗുകാര്‍ രാഷ്ട്രീയമായി ഏത് വഴിക്ക് നീങ്ങണമെന്ന് അവര്‍ തന്നെയാണ് തീരുമാനിക്കുക. സമസ്തയല്ല. സമസ്തയിലുള്ളവരെല്ലാം ലീഗനുഭാവികളാകണമെന്ന് ലീഗുകാര്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ലീഗിലുള്ളവരെല്ലാം സമസ്ത വിഭാവന ചെയ്യുന്ന സുന്നീ ആശയം സ്വീകരിക്കണമെന്ന് സമസ്ത താല്‍പ്പര്യപ്പെടുന്നതിലും പന്തികേട് കാണാനാവില്ല. 

അതേ പോലെ സമസ്തയിലുള്ള ലീഗുകാരെ രാഷ്ട്രീയ നിലപാടുകളില്‍ ഉപദേശിക്കാനും ഗുണദോഷിക്കാനും താക്കീത് ചെയ്യാനും ലീഗിന് അധികാരമുണ്ട്. ലീഗിലെ സമസ്ത അനുഭാവികള്‍ക്ക് സമസ്ത നിര്‍ദേശങ്ങള്‍ നല്‍കുന്നതും നിയന്ത്രിക്കുന്നതും അത് പോലെ സ്വാഭാവികമാണ്.

ഇത്രയും പറഞ്ഞത് താര്‍ക്കികവും ന്യായാന്യായപരവുമായ വിലയിരുത്തലാണ്. ഇനി മറ്റൊരു മാനത്തിലൂടെ വിഷയത്തെ നോക്കിക്കാണാം.

കേരളത്തില്‍ പൊതുവേയും മലബാറില്‍ പ്രത്യേകിച്ചും നല്ല വേരോട്ടമുള്ള രണ്ട് മുസ്‌ലിം സംഘടനകളാണ് മുസലിം ലീഗും സമസ്തയും. ഇരു സംഘടനകളും വളര്‍ച്ചയിലും പുരോഗതിയിലും പരസ്പര പൂരകമായി വര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ഇന്ത്യയില്‍ മലബാറിലെങ്കിലും പച്ച പിടിച്ചു നില്‍ക്കാന്‍ തുണയായത് മലബാറിലെ ആത്മീയ പരിവേഷമുള്ള രണ്ട് നേതാക്കളുടെ സാന്നിധ്യമാണ്. ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും. ഈ രണ്ട് നേതാക്കളും ഒരേ സമയം സമസ്തയുടെയും മുസ്ലിം ലീഗിന്റേയും നേതാക്കളായിരുന്നുവെന്ന് മാത്രമല്ല, സമസ്തയുടെ നയവും നിലപാടുമാണ് ഇവരെ പൊതുജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സ്വീകാര്യരും സമാദരണീയരുമാക്കിയത്. ഇക്കാര്യം അന്ന് ലീഗിന്റെ തലപ്പത്തുണ്ടായിരുന്ന സീതി സാഹിബ് അടക്കമുള്ള നവീന വാദികള്‍ക്കും ബോധ്യമുണ്ടായിരുന്നു. അത് കൊണ്ടായിരികുമല്ലോ അഹ്‌ലു ബൈത്തില്‍ പെട്ട പൊതു സമൂഹത്തില്‍ വലിയ മതിപ്പും ആദരവും ഉളവരെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. അവരുടെ ആ സ്വീകാര്യതയും അംഗീകാരവുമാണ് മലബാറിലെ മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്ന് വരുമ്പോള്‍ സമസ്തയുടെ ആത്മീയതിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ കാഴ്ചപ്പാടാണ് ലീഗിന്റെ പച്ചപ്പ് ഇവിടെ നിലനില്‍ക്കാന്‍ തുണയായതെന്ന് വരുന്നു.

ഇക്കാര്യം കഴിഞ്ഞ കാല നേതാക്കള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് കൊണ്ട് ആ കടപ്പാടും ബന്ധുത്വവും ലീഗ് നേതാക്കള്‍ സമസ്തയോട് നിലനിര്‍ത്തിപ്പോന്നു. അതാണ് ബാഫഖി തങ്ങളുടെ കാലത്ത് തങ്ങള്‍ സമസ്തയെ ഒരു ഗോഡ് ഫാദറിന്റെ സ്ഥാനത്ത് കണ്ടു നിലപാടുകള്‍ സ്വീകരിക്കുമ്പോഴൊന്നും സുന്നീ വിരുദ്ധരായ ചില നേതാക്കള്‍ ലീഗ് നേതൃനിരയില്‍ ഉണ്ടായിട്ടും അവരൊന്നും അതിനെതിരെ അപസ്വരങ്ങള്‍ ഉയര്‍ത്താത്തത്. എം ഇ എസിനെതിരെ യുള്ള നിലപാട് ഉദാഹരണം.

ഇതൊന്നും പുതിയ തലമുറയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. അവര്‍ കണ്ടും കേട്ടും വളര്‍ന്ന സാഹചര്യം വ്യത്യസ്തമാണാല്ലോ. അവര്‍ താര്‍ക്കികവും ന്യായാന്യായപരവുമായ വീക്ഷണങ്ങളിലൂടെ മാത്രം കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പല മത സംഘടനകളില്‍ ഒരു സംഘടന മാത്രമാണ് സമസ്ത. പിന്നെ സമസ്തയോട് മാത്രം എന്തിന് പ്രത്യേക മമതയും ആഭിമുഖ്യവും? ഇതായിരിക്കാം ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാതല്‍.

ഇനി മതപരമായ വിഷയങ്ങളില്‍ സമസ്ത അനുഭാവികളായ ലീഗ് നേതാക്കളെ സമസ്ത ഉപദേശിക്കുന്നതും നിയന്ത്രിക്കുന്നതും സ്വാഭാവികമാണെന്ന നിലയില്‍ തന്നെ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അത്തരക്കാരില്‍ നിന്നു
ണ്ടാകുന്ന എല്ലാതരം മതവിരുദ്ധ / സുന്നീ വിരുദ്ധ നീക്കങ്ങളേയും ഒരേ നിലയില്‍ കണ്ടു എതിര്‍ക്കേണ്ടതല്ലേ, ചില വിഷയങ്ങളില്‍ മാത്രം അമിത താല്‍പ്പര്യവും അത്യാവേശവും എന്തിന് എന്ന ചോദ്യവും കടന്നു വരാം. ലീഗിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ട് സുന്നികള്‍ അടക്കമുള്ള പലരും ആദര്‍ശപരമായ പ്രതിബദ്ധതയ്ക്ക് നിരക്കാത്ത പലതും ചെയ്യുന്നുണ്ടല്ലോ. അതിലൊന്നും സമസ്ത ഒരു മത സംഘടനയെന്ന നിലയിലുള്ള കാര്‍ക്കശ്യം പുലര്‍ത്തിക്കാണുന്നില്ലല്ലോ എന്നാണ് ചിലരുടെ സന്ദേഹം. Some thing is better than nothing എന്നു ചൊല്ലി ആശ്വസിക്കാം. ചിലതില്‍ ഇടപെടാത്തത് കൊണ്ട് ഒന്നിലും ഇടപെട്ടു കൂട എന്ന് ധരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

നവ മാധ്യമങ്ങളുടെ കടന്നുവരവ് കുറേ നന്‍മകളും സൗകര്യങ്ങളും നമുക്ക് നേടിത്തന്നിട്ടുണ്ടെങ്കിലും അത്ര തന്നെ തിന്‍മയും ഫിത്‌നയും ഇത് വഴി പടര്‍ന്നു പിടിക്കുന്നുവെന്നത് ഒരനിഷേധ്യ യാഥാര്‍ത്യമാണ്. ആര്‍ക്കും എന്തും പറയാം, എന്തും എഴുതിവിടാം. പ്രഛന്നവേഷത്തില്‍ വന്നു ആളുകള്‍ക്കിടയില്‍ ഇബ്ലീസിന്റെ പണി എളുപ്പമാക്കാം. ഇതിന്റെയെല്ലാം ഭവിഷ്യത്തും പ്രത്യാഘാതങ്ങളും സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്നു.

ഈയ്യിടെയുണ്ടായ പ്രശ്‌നങ്ങള്‍ വിലയിരുത്തുമ്പോള്‍ തോന്നുന്ന ഒരു കാര്യം അണികളുടെ വികാരത്തിന്റെയും ആവേശത്തിന്റെയും തട്ടിലേക്ക് നേതാക്കള്‍ അധോഗമിക്കയല്ല, നേതാക്കളുടെ പക്വതയിലേക്കും ദൂരക്കാഴ്ചയിലേക്കും അണികളെ പിടിച്ചുയര്‍ത്തുകയാണ് ഒരു നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അത് കീഴ്‌മേല്‍ മറിയുമ്പോഴാണ് ഒരു സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് പാര്‍ട്ടി വിട്ടു പുതിയ പാര്‍ട്ടി രൂപീകരിക്കന്നതിലേക്ക് വരെ കാര്യങ്ങള്‍ ചെന്നെത്തിയത്. അത്തരമൊരു കരണം മറിച്ചില്‍ ഉണ്ടാകാതെ നോക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്.

മിതത്വവും അവധാനതയും ദീക്ഷിക്കുന്നതിലൂടെ എല്ലാവര്‍ക്കും ഗുണമേ ഭവിക്കൂ. നാക്കും നോക്കും നീക്കവും ആ വഴിക്കായാല്‍ ശേഷം ഖേദിക്കാതെ നോക്കാം.