മ്യാന്മര്‍ മരിച്ചവരുടെ പ്രേതാലയമായി മാറുന്നു?!

ശാക്കിര്‍ ഫിര്‍ദൗസി

04 February, 2018

+ -
image

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധ ഭീകരത ശക്തി പ്രാപിച്ചിരുന്ന മ്യാന്മര്‍ പരേതരായ മുസ്‌ലിംകളുടെ നാടായി മാറുകയാണോ?! പുതുതായി പുറത്തുവന്നുകൊണ്ടിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് മ്യാന്മറില്‍ അനവധി മുസ്‌ലിംകള്‍ സ്വകാര്യമായി വധിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ തെഞട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

മ്യാന്മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കുഴിമാടങ്ങള്‍ നിലനില്‍ക്കുന്നതായി പുതിയ അന്വേഷണങ്ങള്‍ പറയുന്നു. റാഖൈനിലെ ഗുദാപിന്‍ എന്ന ഗ്രാമത്തില്‍ അഞ്ചോളം കുഴിമാടങ്ങളാണ് ഇതിനകം കണ്ടെത്തിയിരിക്കുന്നത്. 

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ദൃസാക്ഷികളുടെയും വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കെതിരെ നടത്തിയ അക്രമങ്ങളുടെ മൊബൈല്‍ ദൃശ്യവും അസോസിയേറ്റ് പ്രസിനു ലഭിച്ചു. 

മ്യാന്മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഈ ആക്രമണത്തില്‍ 400 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗുദാര്‍ പിന്‍ ഗ്രാമത്തിലെ ആളുകളെ സൈന്യം ഫുട്‌ബോള്‍ കളിക്കെന്നു പറഞ്ഞ് വിളിച്ചുകൂട്ടുകയും പിന്നീട് വെടിവെച്ചുകൊല്ലുകയുമായിരുന്നുവത്രെ. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ലോകത്തെ മനുഷ്യത്വത്തെ വെല്ലുവിളിച്ച ഈ സംഭവം അരങ്ങേറിയത്. സംഭവത്തിന് ദൃസാക്ഷികളായവര്‍ അസോസിയറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരം കാര്യങ്ങള്‍ പുറത്തു പറഞ്ഞത്.

വാര്‍ത്താകണ്ണുകള്‍ക്കപ്പുറത്ത് മ്യാന്മറില്‍ നടന്നുകൊണ്ടിരിക്കുന്ന കൊടുംക്രൂരതകളാണ് അസോസിയറ്റ് പ്രസിന്റെ ഈയൊരു അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നുത്. 

മ്യാന്മര്‍ അറാഖാനില്‍ നടത്തിക്കൊണ്ടിരിക്കുന്നത് മുസ്‌ലിം വംശഹത്യയാണെന്ന് വ്യക്തമാക്കുന്ന അനവധി പഠനങ്ങള്‍ നേരത്തെത്തന്നെ പുറത്തുവന്നിട്ടുണ്ട്. അതിനെ ഒന്നുംകൂടി ശക്തിപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്ത. ഇത് കൊടും ക്രൂരവും വംശഹത്യാപരവുമാണെന്ന് മ്യാന്മറിലെ യുഎന്നിന്റെ പ്രത്യേക പ്രതിനിധി യാങ്കീ ലീ പറയുന്നു.