ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാന്‍ അമേരിക്ക ഒരുങ്ങുമ്പോള്‍

ഡോ. ശക്കീല്‍ ഫിര്‍ദൗസി

04 December, 2017

+ -
image

ഇസ്രയേലിന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കാനുള്ള ട്രംപിന്റെ നീക്കം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നു. ഇപ്പോള്‍ ടെല്‍ അവീവില്‍ സ്ഥിതിചെയ്യുന്ന അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് നീക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളാണ് ഫലസ്ഥീനികളുടെ എതിര്‍പ്പിന് അവസരമൊരുക്കിയിരിക്കുന്നത്. 

പല ഭാഗങ്ങളില്‍നിന്നും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടിയില്‍ ഇതിനെതിരെ അറബ് ലീഗും രംഗത്തുവന്നു. അമേരിക്കയുടെ അനാവശ്യമായ ഈയൊരു ശ്രമം തീവ്രവാദത്തെയും അക്രമത്തെയും ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈസ് വ്യക്തമാക്കി. 

ഇസ്രയേല്‍ ജനതയുടെ ആവശ്യത്തെ തുടര്‍ന്നാണ് ട്രംപ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് വരുന്നത്. കഴിഞ്ഞ തന്റെ തെരഞ്ഞെടുപ്പ് കാംപയിന്റെ സന്ദര്‍ഭത്തില്‍തന്നെ 'ജൂത ജനതയുടെ മുഖ്യ തലസ്ഥാനമായി' ജറൂസലമിനെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ട്രംപ് വാക്ക് നല്‍കിയിരുന്നു. ആ വാഗ്ദനം സഫലമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഒരു പടികൂടി മുന്നിലേക്ക് നീങ്ങിയിരിക്കുന്നത്. 

ഓരോ ആറു മാസത്തിലും യു.എസ് രാഷ്ട്രീയ പാര്‍ട്ടികളുടെ തലവന്മാര്‍ ഇത്തരമൊരു ശ്രമത്തെ ചെറുത്തുകൊണ്ട് ഒപ്പ് രേഖപ്പെടുത്താറുണ്ട്. യു.എസ് പ്രസിഡന്റുമാരും ഇതുവരെ ഇത് തുടര്‍ന്നുവന്നിരുന്നു. 

എന്നാല്‍, രണ്ടു ദിവസം മുമ്പാണ് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അതിനെതിരെ പുതിയൊരു നിലപാട് എടുത്തിരിക്കുന്നത്. തങ്ങള്‍ എന്നും ഇസ്രയേലിനോടൊപ്പമാണെന്നു പ്രഖ്യാപിച്ച അദ്ദേഹം ഇസ്രയേല്‍ തലസ്ഥാന നഗരിയെയെ ടെല്‍അവീല്‍നിന്നും ജറൂസലമിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും വ്യക്തമാക്കിയിരിക്കയാണ്. 

ഇസ്രയേലിന്റെ ജനനത്തിന് 70 ആണ്ട് പൂര്‍ത്തിയാകുന്ന അടുത്ത വര്‍ഷത്തത്തേക്കുള്ള വലിയൊരു സംഭവമായി ആഘോഷിക്കാനുള്ള ശ്രമമാണ് അമേരിക്ക ഇതിലൂടെ കാണുന്നതെന്ന് മനസ്സിലാക്കപ്പെടുന്നു.

ഈയിടെ ട്രംപുമായി നടത്തിയ ഒരു അഭിമുഖത്തിലും ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എംബസി മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അടുത്ത ഭാവിയില്‍ തങ്ങള്‍ അതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ പോവുകയാണ് എന്നാണ്' അദ്ദേഹം പറഞ്ഞിരുന്നത്.