കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍: ജ്ഞാനസേവയിലൂടെ ഭൂമിയില്‍ സ്വര്‍ഗംതീര്‍ത്ത പ്രതിഭ

ഡോ. മോയിന്‍ മലയമ്മ

03 October, 2017

+ -
image

കര്‍മശാസ്ത്ര മേഖലയിലെ അഗാധ ജ്ഞാനിയും വിനയത്തിന്റെ പണ്ഡിത സ്തുതിയുമായിരുന്നു അന്തരിച്ച വി. ഉമര്‍ മുസ്ലിയാര്‍ കാപ്പില്‍. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന അദ്ദേഹം സഞ്ചരിച്ച വൈജ്ഞാനിക, അധ്യാപന യാത്രകള്‍ അദ്ദേഹത്തിന്റെ പാണ്ഡ്യത്തിന് അലങ്കാരം പകര്‍ന്നു. നീണ്ട ദര്‍സ്-അറബിക്കോളേജുകളിലെ അധ്യാപന ഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ അനുഗ്രഹ കാലം. നന്മ പറഞ്ഞും പഠിപ്പിച്ചും ആ ധന്യ ജീവിതം ഭൂമിയില്‍തന്നെ സ്വര്‍ഗം തീര്‍ത്തു.

1937 ല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത കാപ്പിലായിരുന്നു ജനനം.  കുഞ്ഞിമുഹമ്മദ് ഹാജി, ഫാത്തിമ എന്നിവരാണ് മാതാപിാക്കള്‍. പ്രാഥമിക പഠനം നാട്ടില്‍നിന്നുതന്നെയായിരുന്നു. ഏഴാം തരം വരെ സ്‌കൂളില്‍ പോയി. അക്കാലത്തെ ഉയര്‍ന്ന പഠനമായിരുന്നു ഇത്. 

മത മേഖലയില്‍ തല്‍പരനായിരുന്ന ഉമര്‍ മുസ്‌ലിയാര്‍ ശേഷം ഉന്നത പഠനത്തെക്കുറിച്ച് ചിന്തിച്ചു. മാതാപിതാക്കളുടെ പ്രോത്സാഹനവും പിന്തുണയും അദ്ദേഹത്തിന് കരുത്തേകി. അങ്ങനെയാണ് വിവിധ പ്രമുഖരായ ഉസ്താദുമാരുമായി ബന്ധപ്പെടുന്നതും ദര്‍സ് പഠന മേഖലയില്‍ സജീവമാകുന്നതും.

കാപ്പ്, കരുവാരക്കുണ്ട്, പയ്യനാട്, ചാലിയം എന്നിവിടങ്ങളിലായിരുന്നു ദര്‍സ് പഠനം. ഇത് അദ്ദേഹത്തെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആഴങ്ങളിലേക്ക് കൊണ്ടെത്തിച്ചു. അറിവിനോടൊപ്പം വിനയവും ജീവിത വിശുദ്ധിയും നേടി. ഇസ്‌ലാമിക ലോകത്തെ പ്രമുഖ പണ്ഡിതരുടെ കര്‍മശാസ്ത്ര, ആധ്യാത്മിക ഗ്രന്ഥങ്ങള്‍ കൂടുതല്‍ താല്‍പര്യത്തോടെ ഉസ്താദ് പഠിച്ചു. താന്റെ ഭാവിജീവിതത്തിന് മാറ്റും തെളിച്ചവും പകര്‍ന്നത് ഈ അനുഭവങ്ങളായിരുന്നു.

തന്റെ വൈജ്ഞാനിക യാത്രയില്‍ കേരളത്തിലെ പ്രമുഖരായ പണ്ഡിത മഹത്തുക്കളുടെ ശിഷ്യത്വം തന്നെ നേടിയെടുക്കാന്‍ ഉസ്താദിന് സാധിച്ചു. മഹാ പണ്ഡിതനും ഇവിടത്തെ പല ജ്ഞാനികളുടെയും ഉസ്താദുമായ ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ ഹസ്രത്ത്, കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍, കെ.എം. മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അതില്‍ ചിലരാണ്. പി. കുഞ്ഞാണി മുസ്‌ലിയാര്‍ സഹപാഠിയാണ്.

ദര്‍സ് പഠനത്തിനു ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തായിരുന്നു ഉസ്താദിന്റെ സ്വപ്നം. കേരളത്തിന്റെ വൈജ്ഞാനിക മികവില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് ചെറുതല്ല. തന്റെ അധ്യാപകരും സതീര്‍ഥ്യരും ഈ ജ്ഞാനകേന്ദ്രം തന്നെയാണ് തെരഞ്ഞെടുത്തിരുന്നതും. അറിവിന്റെ മേഖലയില്‍ പുതിയ ചക്രവാളങ്ങള്‍ താണ്ടണമെന്ന് മോഹിച്ച ഉസ്താദ് ബാഖിയാത്തിലേക്ക് പുറപ്പെട്ടു. ശൈഖ് ഹസന്‍ ഹസ്രത്തിന്റെ ശിക്ഷണത്തില്‍ അവിടെനിന്നും തഹ്‌സ്വീല്‍ നേടി.

നീണ്ട അധ്യയന ജീവിതത്തിനു ശേഷം അധ്യാപന, പ്രബോധന മേഖലയില്‍ സജീവമായി ഇടപെടുകയെന്നതായിരുന്നു ഉമര്‍ മുസ്‌ലിയാര്‍ സ്വപ്‌നം കണ്ടിരുന്നത്. അതിന് നല്ല വിദ്യാര്‍ത്ഥികളെയും ഉന്നത ദര്‍സുകളും കണ്ടെത്തണം. ഉസ്താദിന്റെ മനസ്സിലെ ആഗ്രഹം അല്ലാഹു കണ്ടു. കേരളത്തിലെ പേരുകേട്ട പല ദര്‍സുകളിലും പ്രധാനാധ്യാപകനായി ഉസ്താദിന് ക്ഷണം ലഭിച്ചു. അങ്ങനെ വൈജ്ഞാനിക ലോകത്ത് അറിവ് പകര്‍ന്നു നല്‍കിയും പുതിയ വിദ്യാര്‍ത്ഥീ തലമുറയെ വാര്‍ത്തെടുത്തും മതരംഗത്ത് സജീവമായി നിലകൊള്ളാന്‍ ഉസ്താദിന് സാധിച്ചു. 

ബാഖിയാത്തില്‍നിന്നും വന്ന ശേഷം ചെമ്പ്രശ്ശേരിയിലാണ് ആദ്യമായി ദര്‍സ് ഏറ്റെടുത്തത്. സുദീര്‍ഘമായ പതിമൂന്ന് വര്‍ഷക്കാലം അവിടെ ദര്‍സ് നടത്തി. പ്രതിഭകളായ ഒരു പണ്ഡിത നിരയെത്തന്നെ ഈ കാലയളവില്‍ അവിടെനിന്നും വാര്‍ത്തെടുത്തു. ശേഷം എ.ആര്‍ നഗറില്‍ നാലര വര്‍ഷത്തോളം സേവനം ചെയ്തു. കൊണ്ടോട്ടി കോടങ്ങാട് പള്ളിദര്‍സിലായിരുന്നു പിന്നീട് പത്തു വര്‍ഷം. ചെറിശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തന്റെ അധ്യാപന ജീവിതത്തിന്റെ തുടക്കത്തില്‍ ദീര്‍ഘ കാലം ദര്‍സ് നടത്തിയിരുന്ന സ്ഥലമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ആ പാരമ്പര്യത്തിന്റെ സുഖം അദ്ദേഹത്തിനവിടെ ഉണ്ടായിരുന്നു. 

പിന്നീട് ദേശമംഗലം ഏകദേശം നലര വര്‍ഷവും പൊടിയാട്ട് ഒരു വര്‍ഷവും ഉസ്താദ് ദര്‍സ് ജീവിതവുമായി മുന്നോട്ടുപോയി.

പൊട്ടച്ചിറ അന്‍വരിയ്യയിലൂടെയാണ് അറബിക് കോളേജ് മേഖലയിലേക്ക് അദ്ദേഹം കടന്നുവരുന്നത്. ഇത് അനവധി ശിഷ്യന്മാരെ സമ്പാദിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കി. മുദരിസായും പ്രന്‍സിപ്പളായും പിന്നീടുള്ള പതിനഞ്ചു വര്‍ഷങ്ങള്‍ അവിടെയായിരുന്നു. വാര്‍ദ്ധക്യ സഹജമായ വിഷമങ്ങളെ തുടര്‍ന്ന് അപ്പോഴേക്കും ഉസ്താദ് പരിക്ഷീണിതനായി കഴിഞ്ഞിരുന്നു. വാണിയംകുളം മാനു മുസ്‌ലിയാര്‍ ഇസ്‌ലാമിക് കോംപ്ലസിലാണ് അവസാനമായി സേവനം ചെയ്തിരുന്നത്. 

ദീര്‍ഘ കാലത്തെ ദര്‍സ്, അറബിക് കോളേജ് അധ്യാപന ജീവിതം ഉമര്‍ മുസ്‌ലിയാരെ തഴക്കം ചെന്നൊരു പണ്ഡിതനാക്കി മാറ്റുകയായിരുന്നു. പരിചയപ്പെട്ടവരാരും അദ്ദേഹത്തെ വിട്ട് പോയിരുന്നില്ല. ആ വിനയവും പാണ്ഡിത്യവും എല്ലാവരെയും അല്‍ഭുതപ്പെടുത്തിയിരുന്നു.

നീണ്ട അധ്യാപന ജീവിതത്തില്‍ അനവധി ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ ഉസ്താദിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖരും അല്ലാത്തവരുമായി വിവിധ വൈജ്ഞാനിക മേഖലയില്‍ അവരിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നീലാഞ്ചേരി കുഞ്ഞാപ്പു മുസ്‌ലിയാര്‍, റഹ്മതുല്ല ഖാസിമി മൂത്തേടം, കെ.സി. അബൂബക്കര്‍ ദാരിമി തുടങ്ങിയവര്‍ പ്രധാനികളില്‍ ചിലരാണ്. 

സമസ്തയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ഹൃദയത്തോട് ചേര്‍ത്തുവെച്ച ഉസ്താദ് അതിനെ ശക്തിപ്പെടുത്തുന്നതിനായിരുന്നു നിലകൊണ്ടിരുന്നത്. കേന്ദ്ര മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പുതന്നെ അതിന്റെ വിവിധ സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചിരുന്നു. പെരിന്തല്‍മണ്ണ താലൂക്ക് ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍, മലപ്പുറം ജില്ല മുശാവറ അംഗം, പാലക്കാട് ജില്ല മുശാവറ അംഗം തുടങ്ങി വിവിധ തലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു ഉസ്താദ്. ഇന്നലെ തിങ്കളാഴ്ച്ച വൈകിട്ട് രോഗം മൂര്‍ച്ഛിക്കുകയും ഡോക്ടര്‍ വന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. 2.10. 2017 തിങ്കള്‍ രാത്രി 9.30 ന് അദ്ദേഹം ലോകത്തോട് വിടപറയുകയായിരുന്നു. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കാപ്പിലെ സ്വന്തം വസതിയില്‍ വെച്ചതുന്നായിരുന്നു അന്ത്യം.

ഫാത്വിമയാണ് ഭാര്യ. മക്കള്‍: ഖദീജ(മണ്ണാര്‍മല), അബൂബക്കര്‍ സിദ്ധീഖ് ഫൈസി, മൈമൂന(മോളൂര്‍), മുഹമ്മദ് ഹുദവി. മരുമക്കള്‍: ഹംസ ഫൈസി(മണ്ണാര്‍മല), ഹംസ അന്‍വരി (മോളൂര്‍), നജ്മ, ആരിഫ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് കാപ്പില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 

അറിവിനെ സേവിച്ച് സുദീര്‍ഘ കാലം കേരളമുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കിയ ആ മഹാമനീഷിയോടൊപ്പം നാഥന്‍ നമ്മെയും സ്വര്‍ഗ ലോകത്ത് ഇടം നല്‍കി അനുഗ്രഹിക്കട്ടെ.